പൂമുഖം LITERATUREലേഖനം അദ്ധ്യാപകർ യന്ത്രങ്ങളല്ല; വിദ്യാർത്ഥികളും

കോളേജ് അദ്ധ്യാപകർ ഗവേഷണം ചെയ്യേണ്ടതില്ലെന്ന കേന്ദ്രമന്ത്രി പ്രകാശ് ജാവേക്കറുടെ അഭിപ്രായപ്രകടനത്തോട് ഒരു പ്രതികരണം: അദ്ധ്യാപകർ യന്ത്രങ്ങളല്ല; വിദ്യാർത്ഥികളും

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.
ന്നത വിദ്യാഭ്യാസ അധ്യാപന രംഗത്ത്  സംഭവിക്കുന്ന ഗുണനിലവാരത്തകർച്ചയുടെ ഒരു സൂചന കേന്ദ്ര മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവേക്കര്‍ പ്രകടിപ്പിച്ച  ആശങ്കയിൽ നിന്ന് മനസിലാക്കാനാവുo. അധ്യാപകരുടെ പ്രമോഷന്  ഗവേഷണപഠനം നിർബന്ധമാക്കുമ്പോൾ ഗവേഷണം ഏതു വഴിയിലൂടെയെല്ലാം  പോകുന്നു എന്ന  ആശങ്കയാണ്   അദ്ദേഹo പങ്കുവച്ചത്.
ഒരധ്യാപകൻ കൂലിത്തൊഴിലുകാരനല്ല. അഭിരുചിക്കനുസരിച്ച് മാത്രം തിരഞ്ഞെടുക്കേണ്ട, നിലനിൽക്കേണ്ട ഒരിടമാണ്  അധ്യാപനം. ഏറെ ആസ്വദിച്ച് ചെയ്യുന്ന ഒരു കർമ്മം എന്ന നിലയിൽ അതിന്‍റെ സർഗാത്മകതയും ഉയർന്നു തന്നെ നില്ക്കേണ്ടതാണ്. പാഠശാല പാഠം മാത്രം പറഞ്ഞു കൊടുത്തു വിടുന്ന ശാലയല്ല. പാഠത്തിനപ്പുറത്തേക്ക് ബഹുസ്വരമായ ലോകത്തിലേക്ക് ഒരാളെയല്ല, ഒരു തലമുറയെ മുഴുവൻ കടത്തിവിടുന്ന സചേതന സ്ഥലമാണത്. എന്നാൽ  അതിരുകൾ ചെറുതായി നാൾക്കുനാൾ ഒരു  സങ്കുചിത സ്ഥലമായി കലാലയങ്ങൾ മാറുന്നത്  കണ്ടുകൊണ്ടേ യിരിക്കുന്നു.
അധ്യാപനത്തിൽ ഏറ്റവും കൂടുതൽ സമയം ക്രിയാത്മകമായി  ചെലവഴിക്കേണ്ടത് കുട്ടികളുടെ കൂടെയാണ്. നിർഭാഗ്യവശാൽ, നിലവിൽ കോളജുകളിലെ അധ്യാപകർ   ഗുമസ്ത പണികളിൽ അക്ഷമരും അസ്വസ്ഥരുമായി സാങ്കേതികത്വത്തിൽ കുടുങ്ങിയിരിക്കുന്നു. കലാശാലകൾ വാർഷിക സമ്പ്രദായത്തിൽ നിന്ന് സെമസ്റ്ററിലേക്ക് മാറിയത് അധ്യയനം കൂടുതൽ കാര്യക്ഷമമാക്കും എന്ന   ധാരണയിലായിരുന്നു. എന്നാൽ വ്യക്തമായ പ്ലാനിംഗില്ലാതെ വേണ്ട വിധം തയ്യാറാകാതെ നടപ്പാക്കിയ സെമസ്റ്റർ സമ്പ്രദായത്തിൽ  കുട്ടികളും അധ്യാപകരും ബലിയാടുകളായി. കൃത്യമായ മുന്നൊരുക്കമില്ലാതെ തയ്യാറാക്കിയ, വെട്ടിമുറിക്കപ്പെട്ട സിലബസുകൾ, കിട്ടാൻ നിവൃത്തിയില്ലാത്തതും റലവൻസില്ലാത്തതുമായ പാഠ്യ ഭാഗങ്ങൾ, ഇതു തന്നെ നേരാംവണ്ണം പഠിപ്പിച്ചു തീർക്കാൻ സാധിക്കാത്ത തുച്ഛമായ അധ്യയന ദിനങ്ങൾ, ഇന്‍റേണല്‍ എന്ന പേരിൽ മാസത്തിൽ മുറപോലെ നടക്കുന്ന പരീക്ഷാ മേളങ്ങൾ, കട്ട് & കോപ്പികൾ മാത്രമാകുന്ന അസൈൻമെൻറുകൾ, ഏറ്റവുമൊടുവിൽ ഒരിക്കലും സമയത്തു  നടക്കാത്ത യൂണിവേഴ്സിറ്റി പരീക്ഷകൾ – ഇവയെല്ലാം കൂടി ‘ജ്ഞാന ഉല്പാദനം’ എന്ന സവിശേഷ ദൗത്യത്തെ എന്നേ ദൂരേക്കെറിഞ്ഞിരിക്കുന്നു. അധ്യാപകരുടെ  ജോലിഭാരം കൂടിയാലും കുട്ടികളെ കുറേക്കൂടി ചേർത്തു പിടിക്കാനും അക്കാദമികമായി അവരെ പഴയതിനേക്കാൾ കേമമായി സജ്ജരാക്കാനും ആകുമെന്ന വിശ്വാസമൊക്കെ  ചിതറിത്തെറിച്ചു. നിരനിരയായി  പരീക്ഷ നടത്തൽ, ടേം പേപ്പറുകളുടെ കൊടുക്കൽ – വാങ്ങൽ, മാർക്ക് വിതരണം, മാർക്ക് കമ്പ്യൂട്ടേഷൻ ,ഗ്രേഡ് ഷീറ്റ്  തയ്യാറാക്കൽ  എന്നിങ്ങനെ ഗുമസ്തപ്പണിക്കൊരു ശമനമില്ല. കുട്ടികൾ പഠിച്ചാലുമില്ലെങ്കിലും ‘പരീക്ഷ’ ക്കു വരുന്നത് ശ്വാസം വിടാതെ പറഞ്ഞു കൊടുത്ത് ഒരു ലക്ഷ്യവുമില്ലാത്ത മത്സരത്തിലേക്ക് അവരെ തള്ളി വിടേണ്ട ഭീകരാവസ്ഥയാണ് കലാലയങ്ങളിലുള്ളത്.
സെമസ്റ്റർ സിസ്റ്റത്തിൽ A+, A കൾ നിറഞ്ഞങ്കിലും, മാർക്കിനപ്പുറത്തെ  അറിവും  ക്രിയാത്മകതയും കുട്ടികൾക്ക്  നഷ്ടപ്പെടുകയാണ്. ഓരോ സെമസ്റ്ററിലും ഓരോ അധ്യാപകർക്കും  ആഴ്ച വീതം അവർ  എഴുതുന്ന പരീക്ഷകളും  അസൈൻമെൻറുകളും സെമിനാറുകളും അവർക്കു കടത്തു കഴിക്കലാണ്.  പരീക്ഷ ചിലർക്ക് മാനസികാടിമത്തം നല്കുമ്പോൾ മറ്റു ചിലർക്ക് അതൊരു ‘never mind ‘ ഏർപ്പാടായി കഴിഞ്ഞു. കട്ട് & പേസ്റ്റിംഗ് -കോപ്പിയടി  ടേം – അസൈൻമെന്റ് പേപ്പറുകൾ എല്ലാം പതിവുശീലങ്ങളായി   അംഗീകരിക്കപ്പെട്ടു. അധ്യാപകരെയും കുട്ടികളെയും  പരസ്പര വിരുദ്ധരാക്കുന്ന രീതിയാണിന്ന്.   കുട്ടികളോട്  മിണ്ടാൻ കിട്ടുന്ന അധ്യാപകന്‍റെ സമയം സാങ്കേതിക ജോലികൾ കവർന്നെടുക്കുന്നു. പരീക്ഷയ്ക്കു വേണ്ടി മാത്രമല്ലാതെ അവരെ പഠിപ്പിക്കാനുള്ള ആവേശവും താല്പര്യവും ഇന്റേണൽ എന്ന പേരിൽ നടക്കുന്ന മാസപ്രക്രിയകളിൽ ആവിയായി പോകും. കുട്ടികളെ ക്ലാസ് മുറിക്കപ്പുറത്തെ വലിയ ലോകത്തിന്‍റെ  വിശാലതയിലേക്ക് കൊണ്ടുപോകാൻ കഴിയാതെ ആരെയൊക്കെയോ കുറ്റം പറഞ്ഞ് ‘പോയ വഴി തെളിക്കാൻ’ നിർബന്ധിതരാകുകയാണ് അധ്യാപകർ. ഏത് തൊഴിലും സർഗാത്മകത നഷ്ടമാവുമ്പോൾ നിർബന്ധിതവും അടിമത്ത സ്വഭാവമുള്ളതുമാവും. അത് രണ്ട് തരത്തിൽ ദോഷം ചെയ്യും. അധ്യാപകനെ / അധ്യാപികയെ ആന്തരികമായി അതു ജീർണിപ്പിക്കും.അതിലും വലിയ ദോഷം വരും തലമുറയോട് കാണിക്കുന്നതാണ്.
സർഗാത്മകമായി വിദ്യാർത്ഥികളോട് ഇടപെടാൻ പറ്റുന്നവർക്കേ  അവരെ എന്തെങ്കിലും തരത്തിൽ പുരോഗമനപരമായി സ്വാധീനിക്കാൻ പറ്റൂ.
തെറ്റ് / ശരി ചൂണ്ടിക്കാണിക്കാനുള്ള ദിശാ സൂചിക: അത്രയെങ്കിലും ഇന്നത്തെക്കാലത്ത് ചെയ്യാൻ പറ്റിയാൽ വലിയ കാര്യമായി. കാരണം വിവരങ്ങളുടെ തുറന്ന ലോകത്ത് ഇന്ന് വിദ്യാർത്ഥികൾ അധ്യാപകരേക്കാൾ ജീവിക്കുന്നു . അധ്യാപകൻ  ഒരു ഫാസിസ്റ്റാകാൻ പാടുള്ളതല്ല. മാസ്റ്ററും മാഡവുമാകണ്ട, മെൻററായാൽ മതി. സ്വന്തം നിലയിൽ അറിവു നിർമിക്കുന്ന നിലയിലേയ്ക്ക്‌ വിദ്യാർഥിയെ ഉയർത്തുന്നതായിരിക്കണം അധ്യാപനം.
ഇനി  അധ്യാപകരുടെ വ്യക്തിപരമായ, തൊഴിൽപരമായ  ക്രിയാത്മകതയുടെ നില എന്താണ്! മറ്റാരേക്കാളും നിരന്തരം സ്വയം നവീകരിക്കേണ്ടവരാണ്  അധ്യാപകർ. ഊർജം മുഴുവൻ ഉപയോഗിക്കപ്പെടുന്നത് ഒരു സർഗാത്മക പ്രവർത്തനത്തിനുമല്ല എന്നതാണ് സങ്കടം. പണ്ട് ക്ലാസ് മുറികൾക്കകത്തും പുറത്തും ഒരുപോലെ  ജീവിച്ച ക്രിയാത്മക ജീവിതം ഇന്നില്ല. അസാധാരണവും അസാമാന്യവുമായ പ്രതിഭകൾക്കായി കൂടുതൽ ഊർജത്തോടെ വരാനാകുന്നില്ല. വൈവിധ്യമുള്ള  ഒന്നിനായി കുട്ടികൾ അക്ഷമയോടെ   കണ്ണിലേക്കു നോക്കുമ്പോൾ   മറികടക്കേണ്ട   പാഠ്യഭാഗങ്ങൾ   മലയായി  കൺമുന്നിൽ നില്ക്കും. ഓരോ ഹർത്താലിലും  നഷ്ടപ്പെടുന്ന അധ്യയന ദിവസത്തിന്‍റെ വ്യഥകൾ  ചില്ലറയല്ല.
ഇനി  പ്രമോഷൻ ഉൾപ്പെടെയുള്ളവയ്ക്കായി, യു ജി സി നിർദ്ദേശ പെടുത്തിയ API സ്ക്കോറിനായി  നടത്തുന്ന ഓട്ടങ്ങൾ. റിസർച്ച് പബ്ലിക്കേഷനുകളും  സെമിനാറുകളും MRP കളും  അവസാന ദിവസങ്ങളിലെ ഓട്ടപ്രദക്ഷിണങ്ങളിൽ കാതലില്ലാതെ കടലാസിലെത്തുന്നു. പല പ്രബന്ധങ്ങളും പ്രൊജക്റ്റുകളും കടലാസിനപ്പുറത്തേക്ക്  കാണിക്കാൻ കൊള്ളാത്തവയാണ്. യു ജി സി സെമിനാറുകൾ നടത്തൽ പരസ്പരമുള്ള സഹകരണാത്മക വിനിമയങ്ങളായി മുറതെറ്റാതെ തുടർന്നു പോരുന്നു. അതതു വർഷങ്ങളിൽ ചെയ്ത ഓരോ പ്രവർത്തനത്തിന്റെയും രേഖാസാക്ഷ്യങ്ങൾ തയ്യാറാക്കി സ്വരുക്കൂട്ടുക, അഞ്ചോ ആറോ വർഷങ്ങൾ കൂടുമ്പോൾ  അധ്യാപനത്തെ ടാർജറ്റ് മാർക്കിലെത്തിക്കുക എന്നീ  സാഹസങ്ങൾ API വന്നതോടെ  നിർബന്ധമായി. രേഖകളിലായി കാര്യം, രീതികളിലല്ല. വിദ്യ വിതരണം ചെയ്യുന്ന ‘ അഭ്യാസ ‘ പരിപാടിയിൽ കിട്ടിയാൽ  കിട്ടി, കിട്ടിയവർ കൊണ്ടുപോയിക്കൊള്ളൂ എന്ന മട്ടിൽ കുട്ടികളോടും തന്നോട് തന്നെയും  പെരുമാറേണ്ടി വരുന്ന അതിദയനീയാവസ്ഥ ഭീകരമാണ്. സങ്കുചിതമാക്കപ്പെട്ട മാനസികാവസ്ഥയോടെയുള്ള മുന്നോട്ടു പോകൽ ക്ലേശകരമാണ്. ഫ്രെയിം ചെയ്യപ്പെട്ട ഒരു വ്യവസ്ഥയ്ക്കുള്ളിലേക്ക് ഓടിച്ചു കയറ്റി അധ്യാപകരുടെ സർഗശേഷിയെ ശൂന്യമാക്കാതിരിക്കട്ടെ. അധ്യാപകൻ / അധ്യാപിക കേവല വ്യക്തിയല്ല , വലിയൊരു സാമൂഹിക പരിസരം സൃഷ്ടിച്ചെടുക്കാൻ സജ്ജരാക്കപ്പെടേണ്ട  സാമൂഹ്യ ജീവി തന്നെയാണ്.
Comments
Print Friendly, PDF & Email

എഴുത്തുകാരി. തൃശ്ശൂർ വിമല കോളേജ് അദ്ധ്യാപിക

You may also like