അന്ന് ക്രിസ്മസ് ആയിരുന്നു. ബീച്ചാശുപത്രിയുടെ രണ്ടാം നിലയിലെ പോസ്റ്റ് സർജറി വാർഡിൽ ഇരുപത് പേരാണ് ഉണ്ടായിരുന്നത്.
ആ വാർഡിലെ രാപ്പകലുകളെ അളന്നുകൊണ്ടിരുന്നത് അവിടെ കേട്ട നിലവിളികളുടേയും ആക്രന്ദനങ്ങളുടേയും ഏറ്റക്കുറച്ചിലിലൂടെ ആയിരുന്നു !
മൂത്രതടസ്സത്തിൻ്റെ നിരവധി സർജറികൾ കഴിഞ്ഞ് അടിവയർ തുന്നിക്കെട്ടി അപ്പൻ മയങ്ങി ക്കിടക്കുകയാണ്..
കൈകാലുകൾ കട്ടിലിനോട് ചേർത്ത് ബന്ധിച്ചിട്ടുണ്ട്. ഓപ്പറേഷൻ വിജയിച്ചെങ്കിലും മൂത്രത്തിന് പകരം കട്ടച്ചോരയാണ് പുറത്തേയ്ക്ക് വരുന്നത്! അനസ്തീഷ്യയുടെ ശക്തി കുറഞ്ഞതോടെ വേദനകൾ ഒന്നൊഴിയാതെ തിരികെ വന്നു.
ആശുപത്രി എടുത്ത് മറിച്ച് വെയ്ക്കാനുള്ള കലിപ്പിൽ എന്നെപ്പോലും തിരിച്ചറിയാൻ കഴിയുന്നില്ല !
ഒരു നൈലോൺ ട്യൂബിലൂടെ സ്വർണ്ണനിറത്തിലുള്ള ദ്രാവകം കട്ടിലിൻ്റെ അടിയിൽ വെച്ച കുപ്പിയിൽ വീണു കൊണ്ടിരുന്നു. ഓപ്പറേഷൻ്റെ ഒരു ദീർഘ പരമ്പരയ്ക്കു ശേഷവും മൂത്രതടസ്സം നാഭി നാള ബന്ധം പോലെ അവിടെത്തന്നെ ഒട്ടി നിന്നു. ഇനി ഡ്രില്ലുകൾ ഉപയോഗിച്ചുള്ള ഡയലറ്റേഷനേ ബാക്കിയുള്ളു !
സർജറി മെയിൻ തീയേറ്ററിലും ഡയലറ്റേഷൻ വാർഡിൽ വെച്ചു സ്ക്രീൻ കൊണ്ട് മറച്ചുമാണ് ചെയ്യുക. കുപ്പിയിലേയ്ക്കുള്ള സ്വർണ്ണ ദ്രാവകത്തിൻ്റെ ഒഴുക്ക് ഇടയ്ക്കിടെ കട്ടച്ചുവപ്പായി മാറി ..
കൂട്ടിരിപ്പുകാരനായ ഞാൻ ഇനി നടക്കാൻ പോകുന്ന അലിവില്ലാത്ത കഠോരതയ്ക്ക് സാക്ഷിയാവാൻ എൻ്റെ പതിനഞ്ചാം വയസ്സിലെ ക്രിസ്മസ് ദിനത്തിൽ പ്രജ്ഞയറ്റ് നിൽക്കുകയാണ്. നേഴ്സ് നിശ്ശബ്ദയായി അവിടെ അരങ്ങേറാൻ പോകുന്ന പാതകത്തിൻ്റെ റിഹേഴ്സലിനായി സ്റ്റീൽ ഡ്രില്ലുകൾ കഴുകിത്തുടച്ച് വെയ്ക്കുന്നു …
മൂത്രനാളി മുതൽ ജനനേന്ദ്രിയത്തിൻ്റെ അഗ്രം വരെ തുരക്കാൻ കരുതി വെച്ച ആ ഡ്രില്ലുകളിലേയ്ക്ക് ഞാൻ നിസ്സഹായനായി നോക്കി ! ജനറൽ അനസ്തീഷ്യയോ ലോക്കൽ സെഡേഷനോ ഒന്നുമില്ലാതെ വെറും പച്ചയിറച്ചി തുരക്കുന്നതു കാണാൻ ശേഷിയില്ലാതെ എൻ്റെ കാഴ്ച മങ്ങി.
ഞാൻ ചെവികൾ കൊട്ടിയടച്ചു.
പ്രതീക്ഷിക്കാത്ത ഒരു നിമിഷത്തിൽ തിളങ്ങുന്ന ഡ്രില്ലുമായി പ്രൊഫസ്സർ രോഗിയുടെ നീലക്കുപ്പായം ഒരു മജീഷ്യൻ്റെ വേഗതയോടെ എടുത്തു മാറ്റുന്നു !
ഇനി നടക്കാൻ പോകുന്നത് എന്താണെന്ന് എനിക്കറിയാം.
ദൈവമേ!
ഞാൻ കണ്ണടച്ച് വിദൂരസ്ഥമായ ചുരത്തിൻ്റെ മുകളിലുള്ള ഞങ്ങളുടെ വീടിൻ്റെ ഓട്ടിൻ പുറത്ത് ഉണക്കാനിട്ട പച്ചയിഞ്ചിയുടെ വേവുമണം ശ്വാസകോശത്തിലേയ്ക്ക് ഭ്രാന്തമായി വലിച്ചു കേറ്റുന്നു..
ഹൃദയത്തിലേയ്ക്ക് വലിച്ചുകേറ്റുന്നു. നിലവിളി കേൾക്കാതിരിക്കാൻ വിരലുകൾ തള്ളിക്കേറ്റി ചെവിയുടെ ദ്വാരങ്ങൾ അടയ്ക്കുന്നു….
എനിക്കറിയാം ഇഞ്ചി വിറ്റുകിട്ടുന്ന പണം ഒരു വെള്ള ലക്കോട്ടിലാക്കി അമ്മ നാളെ മാത്തുച്ചേട്ടൻ്റെ കയ്യിൽ കൊടുത്തയയ്ക്കുമെന്നും ചേട്ടൻ സന്ധ്യയ്ക്കു മുമ്പെ അത് പ്രൊഫസറുടെ കയ്യിൽ എത്തിക്കുമെന്നും..
അത്ഭുതമെന്നേ പറയേണ്ടു, രണ്ടു ദിവസം കൊണ്ട് എല്ലാ ബീഭത്സതയും നിയന്ത്രണ വിധേയമായി. ആദിപാപത്തോടുള്ള പ്രതിഷേധം പോലെയാവണം ജനനേന്ദ്രിയം തുരന്നു തുരന്ന് പ്രൊഫസ്സർ ആ വൃദ്ധനെ നിശ്ശബ്ദതയുടെ തുറുങ്കിൽ കൊണ്ടു പോയടച്ചു. വ്യർത്ഥമായ ഒരു വിനോദം പോലെ എല്ലാ പ്രഭാതത്തിലും സർജന്മാർ ജന്മപാപക്രിയകളിലൂടെ സത്യം തിരഞ്ഞു.
ദിവസങ്ങൾ ഇലഞ്ഞിപ്പുഴയുടെ തരള രാഗങ്ങൾ പോലെ നിശ്ശബ്ദം കടന്നുപോയി.
നിഷ്ഫലമായ നിരവധി യൂറോളജി പരീക്ഷണങ്ങൾക്കൊടുവിൽ ഒരു പ്രഭാതത്തിൽ അപ്പൻ പ്രൊഫസറെ നോക്കി നിഷ്കളങ്കമായ ഒരു ചിരി ചിരിച്ചു. ആ ചിരിയുടെ അർത്ഥമറിയാതെ അദ്ദേഹം അല്പമൊന്ന് പരുങ്ങി.
കോഴേക്കാരൻ കുഞ്ഞു മത്തയല്ലേ,
അപ്പൻ ചോദിച്ചു, ചന്തേലോട്ടായിരിക്കും അല്ലിയോ?
പ്രൊഫസർക്ക് എന്തോ പന്തികേട് തോന്നി.
അദ്ദേഹം കെയിസ് ഷീറ്റെടുത്തു മറിച്ചു നോക്കി ഡ്യൂട്ടി ഡോക്ടറെ അരികിൽ വിളിച്ചു. അവർ തമ്മിൽ ശബ്ദം താഴ്ത്തി കുറേ നേരം സംസാരിച്ചു . പുഴയുടെ തീരങ്ങളിൽ ഇരമ്പിയടിച്ച തീക്ഷ്ണമായ ഒരു കാലപ്രവാഹം ഇതിനകം അപ്പനെ കടന്നു പിടിച്ചു !
കുഞ്ഞു മത്തേ, നമ്മടെ വെള്ളൂക്കാരൻ എന്തിയേ, അവനിപ്പം എവിടെ ?
പ്രൊഫസർ ദീർഘനേരം അപ്പനെ നോക്കി ഒരു കുറ്റവാളിയെപ്പോലെ വിമ്മിഷ്ടപ്പെട്ട് നിന്നു.
എലഞ്ഞിപ്പൊഴേടെ അക്കരയല്ലാരുന്നോ അവരുടെ വീട്?
അതെ, പ്രൊഫസർ സമ്മതിച്ചു.
കുഞ്ഞു മത്ത ഇവിടെ ഇരുന്നേ, ചോദിക്കട്ടെ, അപ്പൻ ശോഷിച്ച കൈ കൊണ്ട് അദ്ദേഹത്തെ ബെഡ്ഡിൽ പിടിച്ചിരുത്തി.
ആ കൈകളുടെ ദുർബ്ബലതയിൽ അദ്ദേഹത്തിന് കൊടിയ അസ്വാസ്ഥ്യം തോന്നി.
അവരവിടുന്ന് വിറ്റേച്ച് പോയോ?
ആലുവായിന്നാണോ വണ്ടി കേറീത് ?
ഒരു തീവണ്ടി ചൂളം വിളിച്ചു കൊണ്ട് ഹൃദയത്തിലേയ്ക്ക് നേരെ വന്നു കേറി.
അതൊരു വേനൽക്കാലമായിരുന്നു. ഉച്ചത്തിളപ്പിൽ അടങ്ങിക്കിടന്ന ഇലഞ്ഞിപ്പുഴയുടെ ഊരാളിക്കുഴിയിൽ മുങ്ങിത്തപ്പി അവർ കൂട്ടുകാർ നീർനായ്ക്കളെ പിടിക്കുകയായിരുന്നു. കൂടപ്പിറപ്പായ വെള്ളൂക്കാരൻ ഒരു കച്ചക്കുറി മുണ്ടാണ് ഉടുത്തിരുന്നത്. പാളത്തൊപ്പി വെച്ച് കോരുവലയും പിച്ചാത്തിയുമായി നിന്ന കുഞ്ഞുമത്ത നീറോ ചക്രവർത്തിയുടെ കാലത്തെ ഗ്ലാഡിയേറ്ററെ ഓർമ്മിപ്പിച്ചു.
നീണ്ട ഒരായമെടുത്ത് ഗോമേദകം മണക്കുന്ന കയത്തിൻ്റെ അടിത്തട്ടിലേയ്ക്ക് അപ്പൻ മുങ്ങാങ്കുഴിയിട്ടു. വെട്ടിച്ചു മറയുന്ന ആരൽക്കുഞ്ഞുങ്ങളേയും നീർക്കോലികളേയും തഴഞ്ഞ് തഴഞ്ഞ് ഒരു നീർനായുടെ വാലറ്റം പിടിച്ച് കയത്തിൻ്റെ മുകൾപ്പരപ്പ് വരെ എത്തി.
ഈ സമയംകൊണ്ട് വെള്ളൂക്കാരൻ വാരിക്കുന്തം കൊണ്ട് ചപ്പും ചവറും കുത്തിയിളക്കി നീർനായ്ക്കളെ തുരത്തി വിട്ടു.
ദേണ്ടെ കുഞ്ഞാങ്ങളെ, ഒരെണ്ണം പൂക്ക് പൂക്കെന്ന് അങ്ങോട്ടോടി ! കരയ്ക്ക് കേറി നിന്ന ഏല്യാമ്മ വിളിച്ചു കൂവി.
കഴുവുമ്മെക്കേറാൻ, അതെന്ത്യേടി?
അവൾ അപ്പുറത്തെ ഓടക്കാടുകളിലേയ്ക്ക് ചൂണ്ടിക്കാണിച്ചു. കുഞ്ഞിലോനൻ തീറുകയ്യോടെ അങ്ങോട്ടോടി. പിന്നാലെ കുഞ്ഞു മത്തയും !
എടാ പെലനായ്ക്കളേ ഒന്നിനേം വിട്ടേക്കരുത്,
അപ്പൻ വിളിച്ചു കൂവി.
എടാ ഒന്നു ചുറുക്കെ ഓടി വന്നേ കൂവേ, അല്ലെങ്കി മൂഞ്ചി പ്പോവും, വെള്ളൂക്കാരൻ മുന്നറിയിപ്പ് കൊടുത്തു.
അപ്പാ ഇത് നമ്മടെ ഡോക്ടറാ, ഞാൻ അപ്പനെ കേറിപ്പിടിച്ചു.
നമ്മൾ കോഴിക്കോട്ടെ ബീച്ചാസ്പത്രീലാ ..
ഡിമെൻ്റഡ് എപ്പിലെപ്റ്റിക്ക്, ഡോക്ടർ ഫയലിൽ എഴുതി രോഗിയെ സമാശ്വസിപ്പിച്ചു.
അവർ രണ്ടു പേരും പുന:സമാഗമത്തിൽ വാക്കുകൾ നഷ്ടപ്പെട്ട രണ്ടഭയാർത്ഥികളെ പ്പോലെ തോന്നിച്ചു.
ഡിസ്ചാർജ് ചെയ്ത് വീട്ടിലേയ്ക്ക് പോരുമ്പോൾ പ്രൊഫസർ എന്നെ അരികിൽ വിളിച്ച് ഇപ്രകാരം പറഞ്ഞു: വിധിയോടടുക്കുമ്പോൾ ആസ്പത്രി വാർഡുകളിൽ സംഭവിക്കുന്ന ചില ആത്മബന്ധങ്ങളുണ്ട് അനിയാ. കഴിഞ്ഞ എട്ടുവർഷമായി ചികിത്സാവിധികൾ തെറ്റിക്കാതെ ഞാൻ ഈ മനുഷ്യൻ്റെ കൂടെത്തന്നെ നിന്നു…..
എന്തേ, ഇല്ല്യാന്ന് എപ്പഴെങ്കിലും തോന്നീട്ട്ണ്ടോ?
തീരെ വയ്യാന്ന് തോന്നുമ്പോ കൊണ്ടു വന്നോളു..
കവർ: ജ്യോതിസ് പരവൂർ