ഹിരോഷിമ: ഓഗസ്റ്റ് 6, 1945
കേണൽ പോൾ ടിബറ്റ്‌സ് പൈലറ്റായ “ഇനോള ഗേ” എന്ന ബി-29 ബോംബർ വിമാനം നഗരത്തിന് മുകളിൽ പറന്നെത്തിയപ്പോൾ ഹിരോഷിമ നഗരവാസികൾ കരുതിയിരിക്കില്ല അടുത്ത നിമിഷങ്ങളിൽ തങ്ങളെ ഹിംസിക്കാൻ പോകുന്ന വിനാശത്തിന്റെ വ്യാപ്തി. പ്രാദേശിക സമയം രാവിലെ 8:15 ന്, ഹിരോഷിമയുടെ ഹൃദയഭാഗത്ത് “Little Boy” എന്ന ആണവബോംബ് , അതിൻ്റെ വിനാശകരമായ ശക്തി പരമാവധിയാക്കാൻ രൂപകൽപ്പന ചെയ്ത ഒരു അന്തരീക്ഷ സ്ഫോടനത്തിൽ, ഭൂമിയിൽ നിന്ന് 600 മീറ്റർ ഉയരത്തിൽ പൊട്ടിത്തെറിച്ചു. തൽക്ഷണം, പ്രകാശത്തിൻ്റെ ഉജ്ജ്വലമായ മിന്നലും സൂര്യൻ്റെ ഉപരിതലത്തേക്കാൾ ചൂടുള്ള ഒരു താപതരംഗവും നഗരത്തെ വിഴുങ്ങി. പ്രാരംഭ സ്ഫോടനത്തിന് ശേഷം, ഹിരോഷിമയുടെ പ്രതലത്തിൽ തീപിടിപ്പിച്ച് ഒരു കൊടുങ്കാറ്റ് നഗരത്തിലുടനീളം വ്യാപിച്ചു.ഒരു കൂൺ മേഘം ആകാശത്തേക്ക് ഉയർന്നു. ബോംബ് പുറപ്പെടുവിച്ച വലിയ ഷോക്ക് വേവ് നഗരത്തെയാകെ ഗ്രസിച്ചു. പരന്നുകിടക്കുന്ന കെട്ടിടങ്ങളേയും നഗരവാസികളെയും വിഴുങ്ങി തീ പടർന്നു. ഒന്നിനെയും അവശേഷിപ്പിക്കാത്ത അണുവിഗിരണത്തിൽ എല്ലാം കത്തി ചാമ്പലായി.
നാഗസാക്കി: ഓഗസ്റ്റ് 9, 1945
ഹിരോഷിമയിൽ നടന്ന ഭീകരതയുടെ ആഘാതത്തിൽ നിന്ന് മനുഷ്യസമൂഹം കരകയറുന്നതിന് മുമ്പ് തന്നെ രണ്ടാമത്തെ അണുബോംബ് വർഷണം നടന്നു. വെറും മൂന്നേ മൂന്ന് ദിവസത്തിന് ശേഷം, 1945 ഓഗസ്റ്റ് 9 ന്, യുഎസ് ബോംബർ വിമാനം ജപ്പാനിലെ തന്നെ നാഗസാക്കി നഗരത്തിൽ രണ്ടാമത്തെ അണുബോംബ് വർഷിച്ചു. “ഫാറ്റ് മാൻ” എന്ന കോഡ് നാമത്തിൽ അറിയപ്പെട്ട ബോംബ് ഹിരോഷിമയിൽ ഉപയോഗിച്ച ബോംബിനേക്കാൾ വലിപ്പവും സ്ഫോടനാത്മക ശക്തിയുമുള്ളതായിരുന്നു. അമേരിക്കയുടെ യഥാർത്ഥ ലക്ഷ്യം കൊകുര എന്ന നഗരമായിരുന്നു, എന്നാൽ മോശം കാലാവസ്ഥ കാരണം ബോംബർ മറ്റൊരു പ്രധാന വ്യവസായ നഗരമായ നാഗസാക്കിയിലേക്ക് തിരിച്ചുവിടുകയാണുണ്ടായത്. പ്രാദേശിക സമയം രാവിലെ 11:02 ന്,”ഫാറ്റ് മാൻ” ഒരു താഴ്‌വരയിൽ വീണ് പൊട്ടിത്തെറിച്ചു. ഇത് ഹിരോഷിമയെ അപേക്ഷിച്ച് നാശത്തിൻ്റെ വ്യാപ്തി ഒരു പരിധിവരെ പരിമിതപ്പെടുത്തി.

ഹിരോഷിമയിൽ ബോംബ് സ്ഫോടനത്തെത്തുടർന്ന് ഉണ്ടായ അഗ്നിബാധയിൽ ഉടനടി ഏതാണ്ട് 80000 പേർ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. പരിക്കുകളും റേഡിയേഷൻരോഗങ്ങളും മൂലം കൂടുതൽപേർ പിന്നീട് മരിച്ചു. 1945 അവസാനത്തോടെ മൊത്തം മരണങ്ങൾ 140,000 ആയി. അണുബോംബ് സ്‌ഫോടനത്തിൽ നിന്ന് രക്ഷപ്പെട്ടവർക്ക് ഗുരുതരമായ പൊള്ളൽ, റേഡിയേഷൻ വിഷബാധ, ക്യാൻസർസാധ്യത എന്നിവ ഉൾപ്പെടെയുള്ള ദീർഘകാലപ്രത്യാഘാതങ്ങൾ അനുഭവപ്പെട്ടു. ഏകദേശം 40,000-75,000 ഇടയിൽ ആളുകൾ നാഗസാക്കിയിലും ഉടനടി മരിച്ചുവെന്നാണ് കണക്ക്. 1945 അവസാനത്തോടെ മൊത്തം മരണങ്ങൾ ഏകദേശം 70,000-80,000 ആയി. ഇവരിൽ പലരും സാധാരണക്കാരായിരുന്നു, അതിജീവിച്ചവർ ഹിരോഷിമയിൽ പോലെ ദീർഘകാല ആരോഗ്യപ്രശ്നങ്ങൾ അഭിമുഖീകരിച്ചു.
ഹിരോഷിമയിലെയും നാഗസാക്കിയിലെയും അണുബോംബ് വർഷണത്തെ അതിജീവിച്ചവർ ജപ്പാനിൽ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. 2024 മാർച്ച് 31 വരെയുള്ള കണക്കനുസരിച്ച്, ഹിരോഷിമയിലെയും നാഗസാക്കിയിലെയും അണുബോംബ് സ്‌ഫോടനങ്ങളെ അതിജീവിച്ചവരായി അംഗീകരിക്കപ്പെട്ട 106,825 പേരാണ് ജീവിച്ചിരിക്കുന്നത്. അതിജീവിച്ചവരിൽ ചിലർ ഔദ്യോഗിക “Atomic Bomb Survivor Certificate”-ന് അപേക്ഷിച്ചിട്ടില്ലാത്തതിനാൽ അതിജീവിച്ചവരുടെ എണ്ണം കൂടാനും സാധ്യതയുണ്ട്.
ഈ പരിപ്രേക്ഷ്യത്തിൽ നിന്ന് വേണം 2024-ലെ നോബൽ സമാധാന പുരസ്കാരം നേടിയ “നിഹോൺ ഹിഡാങ്ക്യോ” എന്ന സംഘടനയെ കാണേണ്ടത്. പേരിലെ “നിഹോൺ” സൂചിപ്പിക്കുന്നതുപോലെ 1956-ൽ ജപ്പാനിൽ സ്ഥാപിതമായ സംഘടനയാണ് “നിഹോൺ ഹിഡാങ്ക്യോ”. ലോകം ആണവ ആയുധങ്ങൾ കൂടാതെ ജീവിക്കണമെന്ന ലക്ഷ്യം കൈവരിക്കാനുള്ള അവരുടെ ശ്രമങ്ങൾക്കും, ആണവ ആയുധങ്ങൾ വീണ്ടും ഒരിക്കലും ഉപയോഗിക്കരുതെന്ന് സാക്ഷിമൊഴികൾ മുൻനിർത്തി സമർത്ഥിച്ചതിനുമുള്ള അംഗീകാരമെന്ന നിലയിലാണ് നൊബേൽ പുരസ്കാരസമിതി 2024-ലെ സമാധാനത്തിനുള്ള സമ്മാനം നിഹോൺ ഹിഡാങ്ക്യോയ്ക്ക് നൽകിയത്.

“ഹിബാകുഷകൾ” എന്ന് ജാപ്പനീസ് ഭാഷയിൽ അറിയപ്പെടുന്ന ആണവവികിരണ അതിജീവിതരുടെ ആവശ്യങ്ങൾ പരിഹരിക്കാൻ നിഹോൺ ഹിഡാങ്ക്യോ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നു. അവരിൽ പലരും റേഡിയേഷനുമായുള്ള സമ്പർക്കം മൂലം ദീർഘകാല രോഗങ്ങളും വൈകല്യങ്ങളും അനുഭവിക്കുന്നവരാണ്. രണ്ടാം ലോകമഹായുദ്ധത്തെ-ത്തുടർന്ന് ഏഷ്യയിലുടനീളം നിരവധി ഹിബകുഷകൾ ചിതറി-ക്കിടന്നതിനാൽ, ജപ്പാനിലും വിദേശത്തും അതിജീവിച്ചവർക്ക് നഷ്ടപരിഹാരം, മെഡിക്കൽ പരിചരണം, സാമൂഹിക-ക്ഷേമ ആനുകൂല്യങ്ങൾ എന്നിവ നല്കാൻ ഈ സംഘടന നിരന്തരം ഇടപെടുന്നു. നിഹോൺ ഹിഡാങ്ക്യോയുടെ കേന്ദ്രദൗത്യങ്ങളിലൊന്ന് ആണവായുധങ്ങൾ പൂർണ്ണമായും നിർത്തലാക്കുന്നതിന് വേണ്ടി പ്രവർത്തിക്കുക എന്നതാണ്. ആണവായുധങ്ങളുടെ അസ്തിത്വം മനുഷ്യരാശിയുടെ നിലനിൽപ്പിന് ഭീഷണിയാണെന്ന് സംഘടന വിശ്വസിക്കുന്നു. ആണവായുധങ്ങളുടെ കൂടിവരുന്ന വികസനം, വ്യാപനം, പ്രയോഗസാധ്യത എന്നിവ തടയാൻ സംഘടന അശ്രാന്തമായി പ്രവർത്തിക്കുന്നു. ഹിരോഷിമയിലെയും നാഗസാക്കിയിലെയും ഭീകരത മറ്റാരും അനുഭവിക്കരുത് എന്ന ബോധ്യത്തോടെ ആണവായുധങ്ങളില്ലാത്ത ഒരു ലോകത്തിനായി സംഘടന മുന്നോട്ട് പോകുകയാണ്.
എന്നാൽ ഹിരോഷിമയിലും നാഗസാക്കിയിലും നടന്ന ദുരന്തസംഭവങ്ങൾ ആണവായുധശേഷി കൈവരിക്കുന്നതിൽ നിന്ന് മറ്റ് രാജ്യങ്ങളെ പിന്തിരിപ്പിച്ചില്ലെന്നതാണ് ദുഖകരമായ വസ്തുത. അമേരിക്കയെ പിന്തുടർന്ന്, അന്നത്തെ സോവിയറ്റ് യൂണിയൻ 1949-ൽ ആണവായുധം പരീക്ഷിക്കുകയും രണ്ടാമത്തെ ആണവശക്തിയായി മാറുകയും ചെയ്തു. തുടർന്ന് യുകെ (1952), ഫ്രാൻസ് (1960), ചൈന (1964), ഇന്ത്യ (1974), പാകിസ്ഥാൻ (1998) എന്നീ രാജ്യങ്ങളും അണുപരീക്ഷണം വിജയകരമായി നടത്തി ആണവശക്തികളായി. എങ്കിലും ആണവായുധങ്ങൾ കൈവശം ഉള്ളതായി ഔദ്യോഗികമായി അംഗീകരിച്ചിരിക്കുന്നത് അമേരിക്ക, ചൈന, ഫ്രാൻസ്, യുകെ, റഷ്യ, എന്നീ അഞ്ച് രാജ്യങ്ങളെയാണ്. ഈ അഞ്ച് രാജ്യങ്ങൾ ചേർന്ന് ആണവശക്തി തങ്ങളിൽ മാത്രമായി നിലനിർത്തുക എന്ന ലക്ഷ്യത്തോടെ Non-Proliferation Treaty (NPT) എന്നൊരു ഉടമ്പടി ഉണ്ടാക്കിയെങ്കിലും ഇന്ത്യയും തുടന്ന് പാകിസ്താനും അണുപരീക്ഷണം നടത്തിയതോടെ ആ ഉടമ്പടിയുടെ പ്രസക്തി ഇല്ലാതായി. പിന്നീട് ഇസ്രായേലും ഉത്തര കൊറിയയും, പ്രഖ്യാപിതമായല്ലെങ്കിലും, ആണവ ശക്തികളാവുന്ന കാഴ്ചയാണ് നാം കണ്ടത്. ഇറാൻ്റെ പക്കൽ ഇപ്പോൾ ബോംബ് ഇല്ലെങ്കിലും, ആ രാജ്യവും ഒരു സജീവ ആണവപദ്ധതി പിന്തുടരുന്നതായി കണക്കാക്കപ്പെടുന്നു.
2024 മാർച്ചിലെ കണക്കനുസരിച്ച് ലോകത്തിലെ ആണവായുധ പ്രയോഗ-വികിരണ ശേഷിയുള്ള രാജ്യങ്ങൾക്ക് മൊത്തം 12,100 ആണവായുധങ്ങൾ ഉണ്ട്. ഇതിൽത്തന്നെ 90 ശതമാനത്തിലധികം ആയുധങ്ങളും അമേരിക്കയുടെയും റഷ്യയുടെയും പക്കലാണുള്ളത്.
2017-ൽ സമാധാനിത്തുള്ള നൊബേൽ പുരസ്‌കാരം നേടിയ International Campaign to Abolish Nuclear Weapons (ICAN) എന്ന സംഘടനയുടെ കണക്കനുസരിച്ച് 5889 പോർമുനകളുമായി റഷ്യയാണ് ഒന്നാം സ്ഥാനത്ത്. 5224 പോർമുനകളുമായി അമേരിക്ക രണ്ടാം സ്ഥാനത്തുണ്ട്. ചൈനയുടെ പക്കൽ 410 പോർമുനകളാണുള്ളത്. ഫ്രാൻസ് 290, യൂകെ 225, പാക്കിസ്ഥാൻ 170, ഇന്ത്യ 164, ഇസ്രായേൽ 90, ഉത്തരകൊറിയ 30, എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളുടെ കണക്ക്. ഇതൊന്നും അതാത് രാജ്യങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ച കണക്കുകൾ അല്ലെന്ന് ഓർക്കണം.

യുദ്ധേതര ആണവ അപകടങ്ങൾ: ഒരു വശത്ത്, ആണവായുധപ്രയോഗത്തിന്റെ ഭീഷണി നിലനിൽക്കുമ്പോൾ തന്നെ, മറുവശത്ത് ആണവനിലയങ്ങളിൽ നിന്നുള്ള ആണവവ്യാപനത്തിൻ്റെ ഭീഷണിയും നിലനിൽക്കുന്നു. എന്തൊക്കെ സുരക്ഷാ സംവിധാനങ്ങൾ ഉണ്ടെങ്കിലും അതൊന്നും നൂറുശതമാനം ഉറപ്പ് നൽകുന്നവയല്ലെന്ന് താഴെ കൊടുത്തിരിക്കുന്ന അപകടങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.
ത്രീ മൈൽ ഐലൻഡ് അപകടം: പെൻസിൽവാനിയയിലെ ഹാരിസ്ബർഗിന് സമീപം, ത്രി മൈൽ ഐലൻഡ് ആണവ നിലയത്തിലെ യൂണിറ്റ് 2 റിയാക്ടറിൽ ഭാഗികമായി സംഭവിച്ച ആണവ melt-down ആണ് ത്രീ മൈൽ ആണവ അപകടം എന്ന് അറിയപ്പെടുന്നത്. 1979 മാർച്ച് 28-നു പുലർച്ചെ 4:00 മണിക്ക് ഈ അപകടം ആരംഭിക്കുകയും പരിസര പ്രദേശങ്ങളിലേക്ക് ആണവവാതകങ്ങളും ആണവഅയോഡിനും പുറത്തുവിടുകയും ചെയ്തു. ഇത് യുഎസിലെ വാണിജ്യ ആണവ നിലയങ്ങളുടെ ചരിത്രത്തിലെ ഏറ്റവും ഗുരുതരമായ അപകടമായി കണക്കാക്കപ്പെടുന്നു. International Nuclear Event Scale-ൽ Level-5 എന്നാണ് ഈ അപകടം rate ചെയ്യപ്പെട്ടിരിക്കുന്നത്.
ചെർണോബിൽ അപകടം: 1986 ഏപ്രിൽ 26-ന് ഇന്നത്തെ ഉക്രൈനിലെ (അന്നത്തെ സോവിയറ്റ് യൂണിയൻ) പ്രിപ്യാറ്റ് നഗരത്തിന് സമീപമുള്ള ചെർണോബിൽ ആണവ നിലയത്തിലെ നമ്പർ 4 റിയാക്ടറിൽ സംഭവിച്ച സ്ഫോടനത്തോടെ ആരംഭിച്ചു. കറണ്ടില്ലാത്ത സാഹചര്യം ഉണ്ടായാൽ റിയാക്ടർ തണുപ്പിക്കുന്നത് എങ്ങനെ നടക്കുമെന്ന് മനസ്സിലാക്കാനായി നടത്തിയ പരീക്ഷണമായിരുന്നു സ്‌ഫോടനത്തിന് കാരണം. റിയാക്ടറിന്റെ ശേഷി ആകസ്മികമായി കുറഞ്ഞിട്ടും, ഓപ്പറേറ്റർമാർ പരീക്ഷണം തുടരുകയും, ഡിസൈൻ പിഴവുകളുടെ കാരണത്താൽ, ആ സാഹചര്യത്തിൽ റിയാക്ടർ അടച്ചുപൂട്ടാനുള്ള ശ്രമം വലിയ ഒരു വൈദ്യുതി വർദ്ധനവിലേക്ക് നയിക്കുകയും ചെയ്തു. ഇതു മൂലം റിയാക്ടറിന്റെ ഭാഗങ്ങൾ പൊട്ടിപ്പൊളിഞ്ഞു, തണുപ്പിക്കൽ ദ്രവ്യം നഷ്ടപ്പെട്ടു, ഇതുവഴി ഉണ്ടായ വാതക സ്ഫോടനങ്ങളും വികിരണവും റിയാക്ടർ തകർന്നുപോകാൻ ഇടയാക്കി. തുടർന്ന് റിയാക്ടർ കോറിൽ ഉണ്ടായ തീപിടിത്തം സോവിയറ്റ് യൂണിയനും യൂറോപ്പും മുഴുവൻ ആണവ ദ്രവ്യങ്ങൾ വ്യാപിപ്പിച്ചു. അപകടം നടന്ന 36 മണിക്കൂറിനുശേഷം 10 കിലോമീറ്റർ ചുറ്റളവ് വികിരണ ബാധിത മേഖലയായി പ്രഖ്യാപിക്കപ്പെട്ടു. പിന്നീട് വികിരണ മേഖല 30 കിലോമീറ്റർ വരെ വ്യാപിപ്പിച്ചു. ഈ ദുരന്തത്തെ തുടർന്ന് ഏതാണ്ട് 68,000 പേർ കുടിയൊഴിപ്പിക്കപ്പെട്ടു. ഇത് ചരിത്രത്തിലെ ഏറ്റവും മോശം ആണവ ദുരന്തമായും ഏറ്റവും ചെലവേറിയ ദുരന്തമായും തുടരുന്നു. ഈ ദുരന്തത്തിന്റെ വ്യാപനം തടയാൻ ഏകദേശം 700 ബില്യൺ യുഎസ് ഡോളർ ചെലവായതായാണ് കണക്ക്. International Nuclear Event Scale-ൽ പരമാവധി ഗുരുതരാവസ്ഥ സൂചിപ്പിക്കുന്ന Scale 7-ലാണ് ഈ ദുരന്തം രേഖപ്പെടുത്തിയിരിക്കുന്നത്. ഈ scale-ൽ എത്തുന്ന) എത്തുന്ന വെറും രണ്ട് ആണവ അപകടങ്ങളിൽ ഒന്നാണ് ചെർണോബിൽ അപകടം; മറ്റൊന്ന് 2011 ലെ ഫുകുഷിമ ആണവ അപകടമാണ്.

ഹുകുഷിമ അപകടം: 2011-ലെ സുനാമിയെ തുടർന്ന് മാർച്ച് 11 ന് ജപ്പാനിലെ ഫുകുഷിമയിലെ ഓക്കുമയിൽ സ്ഥിതിചെയ്തിരുന്ന Daiichi ആണവനിലയത്തിലുണ്ടായ വലിയ അപകടമാണ് ഫുകുഷിമ ആണവ അപകടം എന്ന് അറിയപ്പെടുന്നത്. അപകടത്തിന്റെ പ്രാഥമിക കാരണം 2011ലെ തോഹോകു ഭൂകമ്പവും സുനാമിയും ആയിരുന്നു. അപകടം മൂലം വൈദ്യുതിവിതരണശൃംഖല തകരാറിലായി, നിലയത്തിലെ മിക്ക ബാക്കപ്പ് ഊർജസ്രോതസുകളും തകർന്നു. തുടർന്ന് നിലയത്തിലെ റിയാക്ടറുകൾ അടച്ചുപൂട്ടിയതിനു ശേഷം അവയെ ഉചിതമായി തണുപ്പിക്കാനായുള്ള ശേഷി കൂടി നഷ്ടപ്പെടുകയും പരിസര പ്രദേശങ്ങളിലേക്ക് ആണവദ്രവ്യങ്ങളുടെ വികിരണം സംഭവിക്കുകയും ചെയ്തു. International Nuclear Event Scale-ൽ പരമാവധി ഗുരുതരാവസ്ഥ സൂചിപ്പിക്കുന്ന Scale 7-ലാണ് ഫുകുഷിമ ദുരന്തം രേഖപ്പെടുത്തിയിരിക്കുന്നത്.
രണ്ടാം ലോകമഹായുദ്ധത്തോടനുബന്ധിച്ച് അമേരിക്ക ഹിരോഷിമയിലും നാഗസാക്കിയിലും നടത്തിയ ആണവ ബോംബാക്രമണങ്ങൾ ആധുനിക ചരിത്രത്തിലെ ഏറ്റവും നിർണായകവും വിനാശകരവുമായ സംഭവങ്ങളുടെ മുൻപന്തിയിൽ നിൽക്കുന്നവയാണ്. മുമ്പ് സങ്കൽപ്പിക്കുകയോ സ്വപ്നത്തിൽപ്പോലും കാണുകയോ ചെയ്തിട്ടില്ലാത്ത ദാരുണ ദൃശ്യങ്ങൾക്കും അനുഭവങ്ങൾക്കും നശീകരണത്തിനുമാണ് ലോകസമൂഹം ആ ദിവസങ്ങളിൽ സാക്ഷ്യം വഹിച്ചത്. 80 വർഷങ്ങൾക്ക് ശേഷം ഇപ്പോഴും മാനവസമൂഹം ആണവയുദ്ധ ഭീഷിണിയിൽ നിന്ന് മോചിതമായിട്ടില്ല എന്ന യാഥാർഥ്യം ബാക്കി നിൽക്കുന്നു. അതോടൊപ്പം ആണവനിലയങ്ങളിൽ നിന്നുള്ള അപകടഭീഷിണിയും നിലനിൽക്കുന്നു. എങ്കിലും കഴിഞ്ഞ കാൽ നൂറ്റാണ്ടിനുള്ളിൽ പ്രധാനപ്പെട്ട ആണവരാജ്യങ്ങളൊന്നും പരീക്ഷണങ്ങൾ നടത്തിയിട്ടില്ലെന്നത് ആശ്വാസം പകരുന്ന കാര്യമാണ്. ഉത്തര കൊറിയ മാത്രമാണ് ഇതിനൊരു അപവാദം.
ഈ നൊബേൽ പുരസ്‌കാരം ആണവരഹിതലോകം എന്ന ലക്ഷ്യം കൈവരിക്കുന്നതിന് കൂടുതൽ ശക്തമായി പ്രവർത്തിക്കാൻ “നിഹോൺ ഹിഡാങ്ക്യോ” എന്ന സംഘടനയ്ക്ക് കൂടുതൽ ആത്മവിശ്വാസവും പ്രചോദനവും നൽകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
കവർ: ജ്യോതിസ് പരവൂർ