കബനിനദിക്ക് വയനാടൻ അതിർത്തി കടക്കാൻ സത്യം പറഞ്ഞാൽ അരമണിക്കൂർ പോലും വേണ്ട.
പ്രയാണമാർഗ്ഗത്തിൽ അവളെ പിടിച്ചു നിർത്തുന്നതിൽ പാറക്കൂട്ടങ്ങൾക്കും വളവുകൾക്കും മുളങ്കാടുകൾക്കും നല്ല പങ്കുണ്ട് !
കരയോട് ചേർന്ന് ചിലയിടങ്ങളിൽ കടമ്പുമരങ്ങൾ പൂത്തു നിൽക്കുന്നതു കാണാം.
മല്ലിച്ചപ്പ് മണക്കുന്ന ഗ്രാമങ്ങളും ചോളവയലുകളും കണ്ടു തുടങ്ങും മുമ്പേ, കരിമണ്ണിൽ വിതറിയ മുത്താറിപ്പാടങ്ങൾ വല്ലപ്പോഴും എത്തി നോക്കിപ്പോവും .
ഋതുക്കൾ മറക്കാത്ത സൂര്യകാന്തിത്തോട്ടങ്ങളും പുഴയി റമ്പുകൾക്ക് പച്ചകുത്തുന്ന ഇഞ്ചക്കാടുകളും പിന്നിട്ട് പുഴ വീണ്ടും ഗതിവേഗ മാർജ്ജിക്കുന്നു.
കയങ്ങളിൽ ആരുടേയും കണ്ണിൽപ്പെടാതെ ഒളിച്ചു കഴിയുന്ന കൂറ്റൻ ചേറുമീനുകളുണ്ട്. ഇടയ്ക്ക് ശ്വാസമെടുക്കാൻ വേണ്ടി മാത്രം അവ മുകൾപ്പരപ്പിൽ വന്ന് വെട്ടി മറിയും!.
ഈ നിമിഷം ക്യാമറയിൽ ഒപ്പിയെടുക്കലാണ് ഡോമിനിക്കിൻ്റെ പരിപാടി ! വെറുതെയല്ല പഴയ ലയോള ടോപ്പർ ഇവിടെത്തന്നെ വീടു് വെച്ചത്.
ലയോളക്കാലത്തെ വായനയിൽ കണ്ടു മുട്ടിയ ക്ലോത്ത് ബൈൻഡുകൾ എല്ലാം വെള്ളിമീനുകളെ പെറ്റു കൂട്ടി അലമാരിയിൽ ഇരിക്കുന്നു.
ഡോ. ഷിവാഗോ , യുളിസസ്സ് ,ഡ്രീനാ നദിയിലെ പാലം , വുതറിംഗ് ഹൈറ്റ്സ്,ക്വായ് നദിയിലെ പാലം , മൊബിഡിക്ക് ……..
കാലമേറെ കഴിഞ്ഞിട്ടും ആരും മനസ്സിൽ നിന്നിറങ്ങിപ്പോയിട്ടില്ല.
മുന്നറിയിപ്പൊന്നും കൂടാതെയാണ് ആ പുതിയ വീട് കാണാൻ ഒരു ഞായറാഴ്ച ഞങ്ങൾ പോയത്.
അയാളുടെ നിക്കോൺ ഡിജിറ്റലിലെ വിഐപി മീനുകളാണ് സത്യത്തിൽ അതിൻ്റെ പിന്നിൽ !
ചില കക്ഷികൾ പതിനഞ്ചു കിലോ വരെ തൂങ്ങുമത്രെ!
പുഴയിലേയ്ക്ക് ചാടാൻ നിൽക്കുന്ന വീടിന്റെ മുൻഭാഗം മുഴുവൻ കണ്ണാടിച്ചില്ലുകളാണ്.
ഒരു ചാഞ്ഞ മുളയിൽ നീർ കാക്കകൾ നിരനിരയായി ഇരിക്കുന്നതു കണ്ടു.
തൊട്ടടുത്ത് ജണ്ട കെട്ടിയതുപോലെ പ്രാചീനമായൊരു പമ്പ് ഹൗസും !
ആരോ ഉപേക്ഷിച്ചു പോയതാവണം!
ഡോമിനിക്ക് ആദ്യം കാണിച്ചു തന്നത് കിടപ്പുമുറിയാണ്.
വാതിൽക്കൽ തന്നെ കിടക്കുന്നു ഒരു തടിയൻ കട്ടിൽ!
ഇപ്പോൾ ഈർന്നുണ്ടാക്കിയതാണെന്നേ തോന്നു
ഉരുട്ടി മിനുക്കലോ മരപ്പണിയുടെ ആർഭാടങ്ങളോ ഒന്നുമില്ല.
അധികം മൂക്കാത്ത കാള ഇറച്ചിയുടെ നിറമായിരുന്നു അതിൻ്റെ തടിക്ക് !
വെൻ്റിലേഷൻ കുറഞ്ഞ മുറിയിൽ നിന്ന് മരത്തിൻ്റെ കട്ടച്ചൂര് മുഴുവനും ഇറങ്ങിപ്പോയിട്ടില്ല .
തച്ചൻ്റെ ബലാൽക്കാരത്തിൽ തിണർത്തു കിടക്കുന്ന കുറിയ കാലുകളും അയാൾ തടവി രസിച്ച ജഘന മാംസളതയും എന്നെ അസ്വസ്ഥമാക്കാൻ തുടങ്ങി….
ഇവിടെത്തന്നെ നിന്നിരുന്ന ഒരു ചടച്ചിയാണ് ഈ കിടക്കുന്നത് ,ആതിഥേയൻ വിവരിക്കുകയായി !
നഗ്നയായി നിലത്തു ശയിക്കുന്ന ഒരു പെണ്ണിനെക്കുറിച്ചാണോ അയാൾ പറഞ്ഞു കൊണ്ടു വരുന്നത്, ഞാൻ സംശയിച്ചു .
അതൊക്കെ ശരിതന്നെ, ആ ചിന്തയിൽ നിന്ന് രക്ഷപ്പെടാനാവാതെ ഞാൻ ചോദിച്ചു,
എടോ കോടാലി കൊണ്ടാണോ താനിത് വെട്ടിയുണ്ടാക്കിയത്?
അതു കേൾക്കേണ്ട താമസം അയാളുടെ ഭാര്യ ചാടി വീണു.
ഡോമിന്റെ ഐഡിയ ചിലപ്പോഴൊക്കെ വളരെ വിചിത്രമാണ് , എനിക്കിന്നു വരെ ഈ നിൽക്കുന്ന മനുഷ്യനെ മനസ്സിലായിട്ടില്ല!
തൽക്കാലം രംഗം തണുപ്പിക്കാൻ ഞാൻ പറഞ്ഞു , ചടച്ചി നല്ലൊരു ഫർണിച്ചർ വുഡ്ഡാണെന്നു് വിശ്വകർമ്മാക്കൾ പലരും പറഞ്ഞു കേട്ടിട്ടുണ്ട് ,നല്ല ഗ്രെയിൻസും ടോണുമുള്ള മരം .
എന്നാൽ അവരുടെ മറുപടിയിൽ സംഗതി ഒന്നുകൂടി കുഴഞ്ഞു!
ഇപ്പോൾ കാണുന്നതു പോലല്ല , ഡോമിൽ ചില നേരങ്ങളിൽ ഒരു രുദ്ര ഭാവം വിരിയാനുണ്ട് , അവർ പറഞ്ഞു.
ഞാൻ അയാളെ ഒന്ന് ഒളിഞ്ഞു നോക്കി. കക്ഷി സ്റ്റൂവർട്ട് ഗ്രെയിഞ്ചറെ പ്പോലെ പല്ലിറുമ്മി ചിരിച്ചു കൊണ്ട് പറഞ്ഞു
ഇവൾക്ക് എന്നെ കുറ്റപ്പെടുത്താനേ നേരമുള്ളു. അതൊരു ശീലമായിട്ടുണ്ട്!
നമ്മളൊക്കെ ജീവിക്കാൻ തുടങ്ങിയിട്ട് എത്ര കാലമായി ! മനുഷ്യരായാൽ abstract ആയ എന്തെങ്കിലുമൊക്കെ സൃഷ്ടിക്കുകയും നശിപ്പിക്കുകയുമൊക്കെ ചെയ്യും.
അതിനെ ഒരുതരം ക്രിയേറ്റീവ് ധൂർത്തെന്ന് വേണമെങ്കിൽ പറഞ്ഞോളു , ഇഷ്ടത്തോടെ ഈ വക കാര്യങ്ങൾ ചെയ്യാൻ കഴിയാത്തത് ഇത്തരം വിവരദോഷികളുടെ ഇടപെടൽ കൊണ്ടാണ്.
വീട്ടുകാർ
നാട്ടുകാർ
അധ്യാപകർ.. പിന്നെ ആരൊക്കെ വേണം!
ഞാൻ എൻ്റെ ഇഷ്ടത്തിന് ഒരു കട്ടിലുണ്ടാക്കി, വീതുളിയും കുത്തുളിയും മാത്രം ഉപയോഗിച്ച് .
ഇറ്റ്സ് മൈ പീസ് ഓഫ് മൈൻഡ് !.
അതാണ് എനിക്ക് വലുത്, അയാൾ ക്ക്ചൂടായിതുടങ്ങി..
ഹാവു ! വളരെ മിസ്റ്റീരിയസ്സ് ആയിരിക്കുന്നല്ലോ നിൻ്റെ വിശദീകരണം, ശരിക്കും പറഞ്ഞാൽ ഞാൻ പേടിച്ചു പോയി , എന്റെ ഭാര്യ പറഞ്ഞു.
ഞാൻ മുറി ആകപ്പാടെ ഒന്നു വീക്ഷിച്ചു.
കട്ടിലിന്റെ കിടപ്പു് മുറിയുടെ സിമ്മട്രി തന്നെ തെറ്റിക്കുന്നുണ്ട്, എനിക്കു തോന്നി.
ഇത് അല്പം കൂടി നടുവിലേക്ക് ഇട്ടു കൂടെ? ഞാൻ അയാളെ പ്രകോപിപ്പിച്ചു .
ഒന്നു് ശ്രമിച്ചു നോക്ക്, അയാൾ പറഞ്ഞു.
ഞാൻ കട്ടിലിന്റെ തല ഭാഗം ഒന്ന് തള്ളി നോക്കി .
ഭയങ്കര കനം!
കട്ടിൽ അനങ്ങിയില്ല!
ഞങ്ങൾ രണ്ടു പേരും കൂടി ശ്രമിച്ചു.
എന്നിട്ടും അനങ്ങിയില്ല.
നമുക്ക് എല്ലാവർക്കും കൂടി ഒന്ന് പിടിച്ചു നോക്കിയാലോ ,
അല്പം ചമ്മലോടെ ഞാൻ പറഞ്ഞു.
ഓക്കേ, എല്ലാവരും സമ്മതിച്ചു.
ഞങ്ങൾ നാലുപേരും കൂടി ഒരു ബലപരീക്ഷണം നടത്തി .
എന്നിട്ടും കട്ടിൽ അവിടെത്തന്നെ കിടന്നു !
ഇതെന്താ കട്ടിലിന് വേരുണ്ടോ!
ഞങ്ങൾ അത്ഭുതപ്പെട്ടു!
അപ്പോഴാണ് എനിക്ക് തോന്നിത്തുടങ്ങിയത്
അടഞ്ഞ മുറിയിൽ ചടച്ചിയുടെ മത്തുപിടിച്ച മണമാണോ നുരഞ്ഞ് പൊന്തുന്നത് !
അപ്പോൾ ഞങ്ങൾ ആരും വിചാരിച്ചതു പോലല്ല കാര്യങ്ങൾ !
അല്പനേരത്തേയ്ക്ക് എൻ്റെ നാവിറങ്ങിപ്പോയി!
അദൃശ്യനായ ആരോ ഒരാൾ ആ കട്ടിലിൽ ഞങ്ങളുടെ അടുത്ത് വന്നിരിക്കുന്നതു പോലെ തോന്നി!
ഇവൻ ഒഡിസിയസ്സിന്റെ വംശത്തിൽ പിറന്നവനാണ്, ഡോമിനിക്ക് പറഞ്ഞു.
ആർക്കും കീഴടങ്ങില്ല എന്നർത്ഥം.
ഇലിയഡിൽ അങ്ങനെയൊരു കഥയുണ്ടത്രെ!
ശരിയാണ്, നമ്മളാരെങ്കിലും ഇലിയഡ്ഡും ഒഡിസ്സിയുമൊക്കെ മുഴുവനായി വായിക്കാറുണ്ടോ ?
ഞങ്ങൾ ആ കട്ടിലിൽത്തന്നെ ധൈര്യമായി ഇരുന്നു.
അയാൾ പറഞ്ഞു തുടങ്ങി
പത്തൊമ്പതു കൊല്ലത്തെ കൊടുമ്പിരിക്കൊണ്ട ട്രോജൻ യുദ്ധത്തിനു ശേഷം ഒഡിസിയസ്സ് കോലം കെട്ട് ജന്മനാട്ടിൽ തിരിച്ചെത്തി.ഭാര്യക്ക് അയാളെ മനസ്സിലായില്ല.പണ്ട് ഇത്താക്ക തീരത്തു നിന്ന് ഒരു വലിയ യുദ്ധക്കപ്പലിൽ കേറിപ്പോയ തന്റെ പ്രിയതമനാണോ ഇത്?
വിശ്വാസം വരുന്നില്ല.
അവളുടെ സംശയങ്ങൾ തീർക്കാൻ നിൽക്കാതെ അയാൾ നേരെ കുളിമുറിയിലേയ്ക്ക് കയറി.
ആ മുഖം സ്വാഭാവികമായ സാദൃശ്യങ്ങളോടെ അവൾ പല തരത്തിൽ വിന്യസിച്ചു നോക്കി.ഒരു ഫ്രെയിമിലും അദ്ദേഹം ഒതുങ്ങുന്നില്ലല്ലോ !.
രണ്ടു ദശാബ്ദങ്ങൾക്ക് ഒരു മനുഷ്യനെ എത്ര കണ്ട് മാറ്റാനാവും!
എങ്കിലും പൂർണ്ണമായി അംഗീകരിക്കാൻ മനസ്സ് സമ്മതിക്കുന്നില്ല……
വിരിഞ്ഞ ഹയാസിന്ത് പുഷ്പങ്ങളുടെ കട്ട ദളങ്ങൾക്ക് സമാനം മുടികൾ ചിന്നിച്ച് ഒഡി സിയസ്സ് കുളി കഴിഞ്ഞ് അവളുടെ മുന്നിലെ ഇരിപ്പിടത്തിൽ വന്നിരുന്നു.
എത്രയോ യുവാക്കൾ വിവാഹ വാഗ്ദാനങ്ങളുമായി എന്നെ സ്വൈരം കെടുത്തി, അവൾ സങ്കടങ്ങളുടെ കെട്ടുപൊട്ടിച്ചു.
തയ്ച്ചു കൊണ്ടിരുന്ന കച്ച പൂർത്തിയായാൽ മാത്രമേ വിവാഹത്തിന് സമ്മതിക്കു എന്ന് അവരോടൊക്കെ ഞാൻ പറഞ്ഞു.പകൽ മുഴുവൻ തുന്നുകയും രാത്രി മുഴുവൻ അതെല്ലാം അഴിച്ചുകളയുകയും ചെയ്തു കൊണ്ട് ഞാനൊരു വിധം രക്ഷപ്പെട്ടു നിന്നു.
ഒന്നും രണ്ടുമല്ല, പത്തൊമ്പത് വർഷങ്ങൾ!
ഓ വല്ലാത്തൊരു സ്ത്രീ തന്നെ നിങ്ങൾ!
ഒരു മനുഷ്യനെപ്പോലും അടുപ്പിക്കാതെ ഇത്രയും വർഷങ്ങൾ!!
അയാൾ പറഞ്ഞു.
നിന്റെ ഹൃദയത്തിൽ ഇടിച്ചു കയറാനൊന്നും ഞാനാഗ്രഹിക്കുന്നില്ല.ഞാനിന്ന് തനിച്ചു് കിടന്നുറങ്ങാൻ പോവുകയാണ്.ക്ഷീണമുണ്ട്. എനിക്ക് കിടക്കവിരിക്കാൻ പറയു ,അയാൾ പറഞ്ഞു.
അവൾ പരിചാരികയെ വിളിച്ച് കിടപ്പറയ്ക്ക് പുറത്ത് അദ്ദേഹത്തിന് കിടക്ക സജ്ജീകരിക്കാൻ നിർദ്ദേശിച്ചു.
അതൊരു തന്ത്രമായിരുന്നു !
സത്യം എന്താണെന്ന് ഇപ്പോൾ അറിയാം….
അവൾ ആകാംക്ഷയോടെ കാത്തിരുന്നു. എന്റെ കിടക്കവിരികളും തിരസ്കരണികളും നിന്റെ പരിചാരികയ്ക്ക് എളുപ്പം അഴിച്ചെടുക്കാൻ കഴിഞ്ഞേയ്ക്കും, അയാൾ പറഞ്ഞു ,
പക്ഷെ അതിന്റെ ചട്ടക്കൂട് ഉറപ്പിച്ച അടിഭാഗങ്ങൾ ഇളക്കാൻ ഈ നാട്ടിലെ ഒരു പെരുന്തച്ചനും കഴിയില്ല, ഒഡിസിയസ്സ് പറഞ്ഞു.
അവൾ ശ്വാസം പിടിച്ചിരിക്കുകയാണ്.
അവളുടെ കാൽമുട്ടുകൾ വിറച്ചു തുടങ്ങി.
പണ്ട് എന്റെ മുറ്റത്ത് പഴക്കമുള്ള ഒരു ഒലീവ് മരം നിന്നിരുന്നു.ഞാനതിനെ കൽക്കെട്ടുകൾക്കുള്ളിലാക്കി കൊമ്പുകൾ അറുത്തു മാറ്റി.പിന്നീട് എന്റെ തല്പത്തിന് ചേരും വിധം തായ്ത്തടിയും മുറിച്ചു. സ്വർണ്ണത്തിലും വെള്ളിയിലും ആനക്കൊമ്പിലും തീർത്ത ചട്ടക്കൂട് ആ ഒലീവ് മരക്കുറ്റിയിൽ ഉറപ്പിച്ചാണ് ഞാനീ ശയ്യാതല്പം പണിതീർത്തത് .
ലോകത്തിൽ ഈ രഹസ്യം അറിയുന്നത് നമ്മൾ രണ്ടു പേർ മാത്രമാണ്……
അവളുടെ ഹൃദയം നിലച്ചുപോയി.
ഹാവു!
ഇതു കേൾക്കാനാണ് അവൾ കാത്തിരുന്നത്!
കണ്ണീരിൽ കുളിച്ചു നിൽക്കുന്ന അവൾക്ക് എന്തെങ്കിലും പറയാൻ കഴിയുംമുമ്പ് ഒരു ചുംബനം കൊണ്ട് ആ ചുണ്ടുകളെ അയാൾ മുദ്രവെച്ചു കളഞ്ഞു !
വര : വർഷ മേനോൻ
കവർ : വിത്സൺ ശാരദാ ആനന്ദ്