പൂമുഖം POLITICS രാഹുൽ ഗാന്ധി കേരളത്തിലേക്ക് എത്തുന്പോൾ…

രാജ്യം നിർണ്ണായകമായ ഒരു തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന വേളയിൽ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, രാഷ്ട്രീയ നിരീക്ഷകർ, സ്വതന്ത്ര ചിന്തകർ എന്നിവരെ ഉൾപ്പെടുത്തി മലയാള നാട് തയ്യാറാക്കിയ ലേഖന പരമ്പര തുടരുന്നു. : രാഹുൽ ഗാന്ധി കേരളത്തിലേക്ക് എത്തുന്പോൾ…

 

യു.പി.യിലെ അമേതിയില്‍ നിന്ന് മത്സരിക്കുന്നതോടൊപ്പം ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റ്,രാഹുല്‍ ഗാന്ധി കേരളത്തിലെ വയനാട്ടിലും സ്ഥാനാര്‍ത്ഥിയാവുകയാണ്. എന്ന വാർത്ത കേരള രാഷ്‌ട്രീയത്തെ കീഴ്മേൽ മറിക്കുന്ന സംഭവമായി തീർന്നിരിക്കുകയാണ്. നിർഭാഗ്യകരമെന്നു പറയട്ടെ, സെക്കുലർ ഗ്രൂപ്പിന്റെ ഒരു ദേശീയ നേതാവ് കേരളത്തിൽ നിന്ന് മത്സരിക്കാൻ വരുമ്പോൾ സംഘ പരിവാര്‍‍ ചേരിയില്‍ നിന്നുള്ളതിനേക്കാള്‍ എതിർശബ്ദം കേള്‍ക്കുന്നത് ഇടതു പാളയത്തിൽ നിന്നാണ്-. ഐഡിയോളോജിക്ക് ഉപരി തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തെ മുൻപിൽ കാണുന്ന ഇടതു പാർട്ടികളെ ആണ് വർഷങ്ങളായി നാം കേരളത്തിൽ കാണുന്നത് എന്നത് കൊണ്ട് അതൊരു അത്ഭുതമല്ല.

പക്ഷെ അതല്ല ഇവിടെ വിഷയം.ഒരു ദേശീയ നേതാവ് കേരളത്തിൽ വരുമ്പോൾ സംഭവിക്കാവുന്ന ഗുണകരമായ മാറ്റങ്ങൾ എന്തൊക്കെ ആണ് എന്ന് നമുക്കന്വേഷിക്കാം. ഒന്നമതായി, ഈ സ്ഥാനാര്‍ഥിത്വം വഴി കേരളവും, വയനാട് എന്ന പ്രകൃതി രമണീയമായ സ്ഥലവും, ലോക ഭൂപടത്തിൽ സ്ഥാനം പിടിക്കുന്നു.ദേശീയ-അന്തർ ദേശീയ മാധ്യമങ്ങൾ, സർക്കാരുകൾ, മനുഷ്യർ, കേരളത്തിലേക്കും, വയനാട്ടിലേക്കും ശ്രദ്ധ തിരിക്കുന്നു – എത്തിപ്പെടുന്നു. കേരള ടൂറിസം എത്ര ശ്രമിച്ചാലും കിട്ടാത്ത രീതിയിലുള്ള ശ്രദ്ധ ഓണംകേറാമൂലകളായി മലയാളികള്‍ തന്നെ കരുതിയിരുന്ന അട്ടപ്പാടി , വയനാട് തുടങ്ങിയ സ്ഥലങ്ങള്‍ക്ക് കിട്ടിത്തുടങ്ങുന്നു.  രാഹുൽ ഗാന്ധി കേരളത്തിലേക്ക് എത്തുന്നതോടെ സ്വന്തം വികാര വിചാരങ്ങളുടെ ഭാഗമാക്കി വയനാടിന്റെ ചിതം തന്നെ മാറ്റിഎടുക്കുന്നു, അടുത്ത മൂന്നാഴ്ച കൊണ്ട്. വയനാടും അതിന്റെ പ്രകൃതി ഭംഗിയും, ലോകശ്രദ്ധ പിടിച്ചുപറ്റാന്‍ പോകുന്നു. തെരഞ്ഞെടുപ്പ് വയനാടിന്റെ മുഖഛായ തന്നെ മാറ്റും ഒന്ന് മനസ്സ് വെച്ചാൽ ദേശീയ-അന്തര്‍ദ്ദേശീയ മാദ്ധ്യമങ്ങളുടെ ഇടപെടലുകളെ ഉപയോഗപ്പെടുത്തി, വയനാടിനെ ‍ മൂന്നാർ പോലെ ഒരു വിനോദസഞ്ചാര കേന്ദ്രം ആക്കി മാറ്റിയെടുക്കാന്‍ നമുക്ക് കഴിയും.

മറ്റൊന്ന്- കേരള രാഷ്‌ട്രീയത്തിന്റെ തനതായ രീതികൾ, ഭാവങ്ങൾ ഒക്കെ ദേശീയ ശ്രദ്ധ നേടുവാനും, വിശദമായ അവലോകനങ്ങൾക്ക് വിധേയമാകുവാനും പോകുകയാണ്. നാട്ടിലെ, ‘കിണറ്റിലെ തവള’ രാഷ്‌ട്രീയത്തിന്റെ അലകും പിടിയും ഇന്ത്യയും, ലോക രാഷ്ട്രീയവും അറിയുവാൻ പോകുകയാണ്.  ബി ജെ പി തങ്ങളുടെ കമ്മ്യൂണൽ കാർഡ് പുറത്തെടുത്തു കഴിഞ്ഞു. വയനാട്ടിലെ മുസ്ലിങ്ങളെ കണ്ടു കൊണ്ടാണത്രേ രാഹുൽ ഗാന്ധി അവിടെ എത്തിയത്! അതായത്, മുസ്ലിങ്ങളുടെ വോട്ട് കൊണ്ട് ജയിക്കുന്നത് അത്ര നല്ല കാര്യമല്ല എന്ന്. കേരളത്തിന്റെ ഒരു ലോക് സഭ മണ്ഡലത്തിലേയും മുസ്ലിങ്ങളുടെ- മൈനോറിറ്റിയുടെ- വോട്ട് ബി ജെ പി ക്കു വേണ്ട എന്നല്ലേ അവർ പറയുന്നത്? അവരുടെ രാഷ്‌ട്രീയത്തിന്റെ കൂടപ്പിറപ്പായ മുസ്ലിം –മൈനോറിറ്റി വിരോധം മറനീക്കി പുറത്തു വരുന്നു സംഘപരിവാറിന്റെ രാഷ്‌ട്രീയത്തെ കുറിച്ച് മൈനോറിറ്റികൾക്കുള്ള എല്ലാ സംശയവും മാറ്റി തരുന്ന അവസരം..!

ബി ജെ പി യുടെ ഉത്തരേന്ത്യൻ രീതികളും ഇതേ തരത്തിലുള്ളവയാണ്. വലിയ ദേശ ഭക്തർ ആണെങ്കിലും, ഇന്ത്യ എന്നാൽ വടക്കെ ഇന്ത്യ എന്ന മട്ടില്‍ കണ്ടാണ് അവരുടെ ഓരോ നീക്കവും. തെക്കേ ഇന്ത്യ തറവാടിന്റെ പിന്നാമ്പുറത്ത് ഏതോ കുടിയാൻമാർ താമസിക്കുന്ന സ്ഥലം എന്ന പഴയ കാരണവരുടെ മനോഭാവം. അവിടെ ബീഫ് തിന്നുന്നവർ ഉണ്ട് എന്നത് തന്നെ വലിയ പ്രശ്നമാണ് കാരണവന്‍മാർക്ക്. നാല്‍പ്പത്തി അഞ്ചു ശതമാനം മൈനോറിറ്റി വിഭാഗം തലമുറകളായി, ഒരു പ്രശ്നവുമില്ലാതെ സഹവസിക്കുന്ന സ്ഥലം എന്ന വസ്തുത അവർക്ക് ഒരിക്കലും ഉൾക്കൊള്ളാനാവില്ല.
കേരളവും, ഗൾഫ് നാടുകളുമായി വർഷങ്ങളായി നില നിൽക്കുന്ന സാമ്പത്തികവും സാമൂഹ്യവും ആയ ബന്ധം,, ഈ കൂട്ടർക്ക് ഒരിക്കലും മനസിലാകുകയില്ല. നാട്ടിൽ ഒരു രക്ഷയും ഇല്ലാതെയാണ് മലയാളി ഗൾഫിൽ എത്തിപ്പെടുന്നത് എന്നാണ് അവരുടെ നിഗമനം. ശാഖാ ഭാഷയിൽ പറഞ്ഞാൽ അറബ് -മുസ്ലിം പൈസ കൊണ്ട് ഉപജീവനം നടത്തുന്നവർ എന്ന ഒരു തരംതാഴ്ന്ന വിലയിരുത്തലാണത് അതിന്റെ പ്രതിഫലനമാണ് 700 കോടിയുടെ ദുബായ് ഭരണാധികാരിയുടെ പ്രളയ ദുരിതാശ്വാസം നിരാകരിച്ചതിലും തെളിയുന്നത് .

രാഷ്‌ട്രീയ കാര്യങ്ങൾക്കപ്പുറം, തെക്കു-വടക്കിന്റെ ഒരു രാഷ്‌ട്രീയം എപ്പോഴും സംഘപരിവാറിനെ തെക്കേ ഇന്ത്യയിൽ നിന്ന് അകറ്റി നിറുത്തിയിരുന്നു. കോൺഗ്രസ് അല്ലാതെ ആരു ഭരിക്കുമ്പോഴും , തെക്കേ ഇന്ത്യക്കാരായ മുതിർന്ന ഓഫീസർമാര്‍ ഒരു ന്യൂനപക്ഷമാണ്.  നെഹ്‌റു തുടങ്ങി വെച്ച മാനുഷിക സമീപനം മറ്റൊന്നായിരുന്നു . രാഷ്‌ട്രീയ അധികാരം വടക്കേ ഇന്ത്യയ്ക്ക് അതിന്റെ അംഗസംഖ്യ കൊണ്ട് കിട്ടുമ്പോൾ, ആ അധികാരം നടപ്പിലാക്കുന്നത്,തെക്കേ ഇന്ത്യൻ ഓഫീസർമാരാവണം എന്നതായിരുന്നു ആ നയം.അപ്പോള്‍ അധികാരം ആർക്കും ഭാരമാകുകയില്ല എന്ന സാമാന്യബുദ്ധിപരമായ സമീപനം. ഇന്ന് ബി ജെ പി ഭരിക്കുമ്പോൾ കേന്ദ്രത്തിലെ പ്രധാന പോസ്റ്റുകൾ, മിക്കവാറും തെക്കേ ഇന്ത്യക്കാർക്ക് അല്ല എന്ന് കാണാം. അതാണ് അവരുടെ രാഷ്‌ട്രീയം. രാഹുൽ ഗാന്ധിയുടെ വയനാടൻ വരവിനെ പറ്റി പറയുമ്പോൾ ഉള്ള അവരുടെ പുച്ഛത്തിനു കാരണവും മറ്റൊന്നല്ല .

ഇതൊക്കെ ആണെങ്കിലും ഇടതു പാർട്ടികളുടെ, പ്രത്യേകിച്ച്, ദേശീയമായി കോൺഗ്രസ്സുമായി സഹകരിക്കണം എന്ന് പറയുന്ന സി പി ഐ യുടെ പ്രതികരണം പരിഹാസ്യമാണെന്ന് പറയാതെ വയ്യ . കേരള സിപി എം ന്റെ പ്രതികരണം മനസ്സിലാക്കാം.; വർഷങ്ങളായി കോൺഗ്രസ്സുമായി, ബി.ജെ പി യെ തുരത്താൻ സഹകരിക്കണം എന്ന പാർട്ടി പ്രമേയങ്ങളെ എതിർത്ത് പോരുന്ന കേരള പാർട്ടിക്കാർ, തങ്ങളുടെ ആത്യന്തിക ലക്ഷ്യം ഇന്ത്യയിൽ ഒരു ശക്തി ആകുക എന്നതല്ല , കേരളത്തിൽ എങ്ങനെയും അധികാരം പിടിച്ചു നിറുത്തുക എന്നതാണ് എന്ന് പലവട്ടം തെളിയിച്ചവരാണ് . ഏതു ഇടതു സ്ഥാനാർഥി ജയിച്ചാലും കോൺഗ്രസിന്റെ കൂടെ ലോക് സഭയിൽ കൈ ഉയർത്തേണ്ടവർ ആണ് തങ്ങളെന്ന സത്യം അവർ മറച്ചു വെയ്ക്കുന്നു. ഈ ഹിപ്പോക്രിസി ആണ് രാഹുൽ ഗാന്ധി വയനാട്ടിൽ വരുക വഴി കോൺഗ്രസ് പുറത്ത് കൊണ്ടുവന്നിരിക്കുന്നത്. അത് വഴി കോൺഗ്രസ് ഇടതു പാർട്ടികള്‍ക്ക് ഒരു ആന്തരിക ശുദ്ധീകരണത്തിന്റെ സന്ദേശവും നൽകുന്നു. നിങ്ങളുടെ രാഷ്ട്രീയ ലക്‌ഷ്യം സംഘ പരിവാറിന്റെ ഫാസിസ്റ്റു വിരുദ്ധത ആണെങ്കിൽ, അങ്ങനെ ലക്ഷ്യമുള്ള എല്ലാ ശക്തികളുടെയും ഏകോപനമാണ് ഇന്നത്തെ രാഷ്‌ട്രീയം നിങ്ങളോടു ആവശ്യപ്പെടുന്നത് എന്നതാണാ സന്ദേശം . ഈ സന്ദേശം എങ്ങനെ ഇടതു പാർട്ടികളിൽ പ്രതിഫലിക്കും എന്നത് തെരഞ്ഞെടുപ്പിലെ ജയ പരാജയങ്ങൾക്കു മാത്രമേ കാണിച്ചു തരാനാവു.

രാഹുൽ ഗാന്ധിയുടെ വരവ് വഴി കേരള രാഷ്‌ട്രീയത്തിന്റെ ‘കിണറ്റിലെ തവള’ സമീപനം ഒരു വലിയ പ്രതിസന്ധിയിൽ ആകുവാൻ പോകുകയാണ്. അത് കോൺഗ്രസിനേയും, മറ്റു പാർട്ടികളേയും ബാധിക്കും. മീൻ നാറ്റത്തിന് മൂക്കു ചുളിച്ചത് തെരഞ്ഞെടുപ്പ് വിഷയമാകുന്ന രാഷ്‌ട്രീയം, കേരളത്തിൽ അവസാനിക്കുക യാണെങ്കിൽ നല്ലതു തന്നെ. അതിന്റെ കൂടെ ശുദ്ധരിൽ ശുദ്ധർ എന്ന് സ്വയം നടിക്കുന്ന ഇടതന്മാർക്ക് തങ്ങളുടെ രാഷ്‌ട്രീയത്തെ ഒന്ന് ശുദ്ധീകരിക്കുന്നതിനുള്ള അവസരം ആയാല്‍, അതും നല്ലത്, ലോകം മനസിലാക്കുന്ന,ആദരിക്കുന്ന മലയാളിയുടെ പല മത ജാതി സഹവർത്തിത്വത്തിന്, മലയാളി അല്ലാത്ത, ഒരു ദേശീയ പാർട്ടിയുടെ അദ്ധ്യക്ഷൻ കേരളത്തിൽ നിന്ന് മത്സരിക്കുന്നു എന്നതില്‍ കവിഞ്ഞ ഒരു സർട്ടിഫിക്കറ്റ് കിട്ടുവാന്‍ പോകുന്നില്ല,  ഒരു ഡെൽഹിക്കാരൻ രാഷ്‌ട്രീയപ്രവര്ത്തകനെ തെരഞ്ഞെടുപ്പിൽ വിജയസാധ്യത കാണിച്ചു കൊടുക്കുവാൻ ഇവിടെ നിന്ന് മത്സരിപ്പിക്കുവാന്‍ തക്ക വിശാല മനസ്സുള്ളവനാണ് മലയാളി എന്നു തെളിയിക്കപ്പെടുകയാണ്. ഇന്ത്യയുടെ മറ്റുഭാഗങ്ങളില്‍ ഉള്ളവർ, മലയാളിയെ മാനുഷികമായി കുറച്ചുകൂടി ഉരുത്തിരിഞ്ഞ കൂട്ടരായി മനസ്സിലാക്കിത്തുടങ്ങും എന്നതും ഇതിന്റെ നല്ല ഫലമായി കരുതാം.

Comments

മുതിർന്ന മാധ്യമപ്രവര്‍ത്തകന്‍.ഫിനാൻഷ്യൽ എക്സ്പ്രസ്സ്, ഹിന്ദു ബിസിനസ് ലൈൻ, മാതൃഭൂമി എന്നിവയിൽ പ്രവർത്തിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ സ്ഥിരതാമസം. ഏതാനും പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

You may also like