പൂമുഖം LITERATURE വൈവാഹികം

വൈവാഹികം

ച്യുതൻ കുട്ടിക്ക് ആ ദിവസത്തിൻറെ  തുടക്കവും പതിവ് പോലെ തന്നെ ആയിരുന്നു .അലാറം ക്ലോക്കിന്റെ മുന കൂർത്ത ശബ്ദം നേർത്തു തുടങ്ങുന്നതിനു  മുൻപേ കണ്ണ് തുറക്കാതെ മേശയിൽ പരതി അതിനെ നിശ്ശബ്ദമാക്കി , ഇനി ഉറങ്ങിയാൽ നേരത്തിനു ഉണരുമോ എന്ന ചിന്തയിൽ എന്നത്തേയും പോലെ ഒരു മയക്കത്തിലേക്ക് …..

ഉണരുമ്പോൾ പുറത്തു ഒരു മഴ ചാറുന്നുണ്ടായിരുന്നു .തന്നെ കുറ്റ പ്പെടുത്തുന്ന ക്ലോക്കിനെ ഒരു നിമിഷം നോക്കി ബ്രുഷും പേസ്റ്റുമായി കുളിമുറിയിലേക്ക് നടക്കുമ്പോൾ അച്യുതൻ കുട്ടിയുടെ  ദിവസം ആരംഭിച്ചു .
കുളി കഴിഞ്ഞെത്തിയാൽ അച്യുതൻകുട്ടിക്ക് എന്നും തന്നോട് തന്നെ ദേഷ്യം വരും . അലക്കുകാരൻ എത്തിക്കാൻ മറന്ന ഷ ർടിനെക്കുറിച്ചു  …, പാതി പൊട്ടിയ ബട്ടൻസ്‌ , പിന്നെ പലപ്പോഴും കണ്ടെത്താനാവാത്ത തൂവാല…..എല്ലാം അന്നും അച്യുതൻ കുട്ടിയെ ദേഷ്യം പിടിപ്പിച്ചു
അവസാനം ടൈ ശരിയാക്കി, ഗോവണി ഇറങ്ങി, തലേന്ന് ഫ്രിഡ്ജിൽ  പൊതിഞ്ഞു വെച്ചിരുന്ന സാൻഡ്വിവി ച്ചിന്റെ പൊതി പെട്ടിയിലാക്കി തിരിഞ്ഞ നിമിഷങ്ങളിലാണ് വാതിൽ തള്ളിത്തുറന്നു അവളെത്തിയത് തലേന്ന് അടക്കാൻ മറന്ന   വാതിലിനെ കുറിച്ചുള്ള ഓർമ്മയിൽ നിന്നുണ്ടായ നടുക്കം പുതിയ അതിഥിയെ ഒരു നിമിഷം  കാഴ്ചയിൽ നിന്ന് തന്നെ മറച്ചു കളഞ്ഞു .പിന്നെ ഏതോ നിമിഷങ്ങളിലാണ് അവളെ ശ്രദ്ധിച്ചത്. മഞ്ഞയിൽ നീലപ്പൂക്കളുള്ള ചുരിദാർ അണിഞ്ഞ ഒരു സുന്ദരി . മുഖത്തും തലയിലും തങ്ങിനിൽക്കുന്ന മഴത്തുള്ളികളിൽ തീജ്വാല  സൃഷ്ടിക്കുന്ന സൂര്യൻ  .
അച്യുതൻ കുട്ടി ആദ്യം ആലോചിച്ചത്  വീട് മാറിക്കയറിയ ഏതോ പെൺകുട്ടി ആയിരിക്കുമെന്നാണ് .ഒരു പക്ഷെ ബന്ധുവിന്റെ വീട് തിരക്കി ഇറങ്ങിയതാവും. അല്ലെങ്കിൽ കൂട്ടുകാരിയുടെ …
ഒരു യാത്രയുടെ ക്ഷീണം  കാണാത്ത മുഖവും  ഒരു ബാഗുപോലുമില്ലാത്ത ഒഴിഞ്ഞ കൈകളുമാണ് പുറത്തേക്കു വരാനിരുന്ന ചോദ്യത്തെ തൊണ്ടയിലെവിടെയോ കുരുക്കിയത്
‘അച്ചേട്ടനെന്താ….. ഇങ്ങനെ… തുറിച്ചു നോക്കുന്നത് ….?ന്താ ത്   അച്ചേട്ടാ…ഞാൻ നനഞ്ഞിരിക്കുന്നു കണ്ടില്ലേ? ആ തോർത്തു ഇങ്ങട് എടുത്തു തരൂന്നേ …ല്ലെങ്കിൽ വേണ്ട …..ഞാനെടുത്തോളാം ..ഈ ചാറ്റൽ മഴ മതി. എനിക്ക് പനി  പിടിച്ചാൽ ആർക്കാ…. വ്ടെ…  വിഷമം …ല്ലേ?’
പരിഭവത്തോടെ കൺകോണുകൾ കൂർപ്പിച്ചിട്ടു അയാളെ നോക്കിയിട്ട്  അകത്തേക്ക് പോയ അവളെ തടയണമെന്ന് അച്ച്യുതൻ കുട്ടിക്കുണ്ടായിരുന്നു
ആ’ അച്ചേട്ടാ’ വിളിയുടെ സ്നിഗ്ധതയും ആ നോട്ടത്തിലെ നനവും അയാളുടെ മനസ്സി ലെവിടെയോ ഉടക്കി .
പിന്നീട് അച്യുതൻ കുട്ടി ഓർത്തത്  തന്റെ ബന്ധുക്കളെ കുറിച്ചാണ് . ഇവൾ ചിലപ്പോൾ വലിയമ്മാമയുടെ മകൾ ഹേമയായിരിക്കും .അതോ  ഭദ്ര ചിറ്റയുടെ മകൾ ശാരദയോ .. …അതുമല്ലെങ്കിൽ …
അച്യുതൻ കുട്ടിക്ക് ഒന്നുമങ്ങു  ഉറപ്പിക്കാൻ കഴിഞ്ഞില്ല .മുന്നിലേക്ക് വിടർത്തിയിട്ട  തലമുടി ഒരു  കൈ കൊണ്ട്  തോർത്തി അവളപ്പോഴേക്കും അടുത്തെത്തിയിരുന്നു .അവളോട് തന്നെ നേരിട്ട്  ചോദിക്കാൻ അച്യുതൻ കുട്ടി ചില മുരട്ടു ചോദ്യങ്ങൾ തിരഞ്ഞെടുത്തതായിരുന്നു
തലമുടി മാറിയ പിൻകഴുത്തിലെ  കുറുനിരകളിൽ തങ്ങിയ നീല നിറമാർന്ന  മഴത്തുള്ളികളും കാച്ചിയ എണ്ണയുടെ ഗന്ധം കലർന്ന അന്തരീക്ഷവും അച്യുതൻ കുട്ടിയെ വീണ്ടും  നിശ്ശബ്ദനാക്കി .
‘ഈ അച്ചേ ട്ടൻ … ഞാൻ  രണ്ട് ദിവസം ഇവിടെ  ഇല്ലെങ്കിൽ വീടാകെ കുളമാക്കും താഴത്തെ ടോയ്‌ലെറ്റിൽ സോപ്പില്ല ..ടാപ്പ് മുറുക്കി അടച്ചിട്ടില്ല  അച്ചുവേട്ടന് ഇതൊക്കെ ഒന്ന് ശ്രദ്ധി ച്ചു കൂടെ? അതെങ്ങനാ രാത്രി ആയിട്ടാവും വീടണയുന്നതു അല്ലെ ?’
അവൾ അച്യുതൻ കുട്ടിയെ ആകെ ഒന്ന് നോക്കി. ആ നോട്ടം നേരിടാനാവാതെ അയാൾ ഒന്ന് ചൂളി.
‘യ്യേ… തെന്താ.ഈ അച്ചേ ട്ടന്റെ ഒരു കോലം നോക്കിയേ ….. ഈ ഷർട് ഇട്ടോണ്ടാ ഓഫീസിൽ പോകുന്നത്..? നല്ല കഥയായി. ങ്ങു വന്നേ ‘
അവൾ കയ്യിൽ പിടിച്ചപ്പോൾ അച്യുതൻ കുട്ടി ഒരു പാവയാവുകയായിരുന്നു. പുതിയ ഷർട്  ഇട്ടു  ടൈ  ശരിയാക്കി കാറിൽ കയറുന്നതു വരെ അവൾ പിന്നാലെയെത്തി .
‘ഇന്നു നേരത്തെ ഇങ്ങു  വന്നേക്കണം അച്ചേട്ടന്റെ സ്വഭാവം നിക്ക് അറിയാവുന്നതു കൊണ്ട് പറയാ.. ചുറ്റി തിരിഞ്ഞു സമയം കളയരുത്. കുറെ സാധനങ്ങൾ വാങ്ങണം’
കണ്ണുകൾ ഒന്നു  ചിമ്മിയടച്ചു തന്റെ മുഖത്ത് ഒരു കൈ ഉരുമ്മി യാത്രയാക്കുമ്പോഴും അച്യുതൻ കുട്ടി ചിന്തയിലായിരുന്നു.
ഓഫീസിൽ  എത്തിയപ്പോഴും അസ്വസ്ഥമായ മനസ്സായിരുന്നു അയാൾക്ക് .അതുകൊണ്ടാണ് ഇന്ന് അപ്പോയ്ന്റ്മെന്റ്സ് ഒന്നും വേണ്ട എന്ന് സെക്രട്ടറി ഗ്ലോറി ഫെർണാണ്ടസിനോട് പറഞ്ഞതും അപ്പോൾ അവളുടെകണ്ണിലുണ്ടായ അത്ഭുതം കണ്ടില്ലെന്നു നടി ച്ചതും .
.ഓഫീസിലെ കറങ്ങുന്ന കസേരയിൽ ഇരുന്നു സിഗരറ്റുകൾ എത്ര പുകച്ചിട്ടും അവളെ തിരിച്ചറിയാൻ അച്യുതൻ കുട്ടിക്കായില്ല   .ഒരു നിമിഷം താൻ  ഇതുവരെ അനുഭവിച്ചതൊക്കെ ഒരു  സ്വപ്നമായിരുന്നോ  എന്ന് അച്യുതൻ കുട്ടിക്ക് തോന്നി പിന്നെയേതോ നിമിഷങ്ങളിലാണ് ടെലിഫോൺ  എടുത്തു  വീട്ടിലെ നമ്പർ കറക്കിയത് .മണിയടിക്കുന്ന ശബ്ദം രണ്ട് തവണ മുഴങ്ങിയപ്പോൾ അയാൾ ഫോൺ കട്ട് ചെയ്തു .ഈ സ്വപ്നത്തിന്റെ പരിസമാപ്തി വീട്ടിൽ വെച്ച് തന്നെയാവട്ടെ എന്ന് അയാൾ കരുതി .
വൈകുന്നേരം തിരിച്ചു  കാറോടിക്കുമ്പോൾ തന്റെ പതിവ് ക്ലബ്ബിൽ പോക്ക് മുടങ്ങിയല്ലോ എന്ന് വേവലാതി ഉണ്ടായിരുന്നു.ഒരു ഗുണ്ട് ‘റമ്മി’  കളിയും രണ്ടു ലാർജ്ജും ക്ലബ്ബിനടുത്തുള്ള റെസ്റ്റാറന്റിൽ നിന്ന് രാത്രിഭക്ഷണവും ആയാൽ  ഒരു ദിവസം കഴിയുന്നു.
വീട്ടിലെത്തുമ്പോൾ കാളിങ് ബെൽ അടിക്കണോ  അതോ താക്കോലിട്ടു വാതിൽ തുറക്കണോ  എന്നറിയാതെ അച്യുതൻ കുട്ടി കുഴങ്ങി.പിന്നെ ഒരു നിയോഗം പോലെ  ബെല്ലിലേക്കു കൈകൾ  എത്തിക്കുമ്പോൾ വാതിൽ തുറന്നു  അവൾ എത്തി
‘ അച്ചേട്ടാ… വീടെല്ലാം നാശമായി കെടക്കാ…അടുക്കി പെറുക്കി എന്റെ കൈ കഴച്ചു. ദേ .. വേഗം  ചായ കുടിച്ചിട്ടു ന്നെ ഒന്ന് സഹായിച്ചേ  ..’.
ദേഷ്യപ്പെടുമ്പോൾ അവളുടെ മൂക്ക് വിയർക്കുന്നതും അതിനു താഴെയുള്ള വിയർപ്പു തുള്ളികൾ വിറക്കുന്നതും അയാൾ കൗതുകത്തോടെ നോക്കി
ചായ കുടി  കഴിഞ്ഞപ്പോൾ പെട്ടെന്നെന്തോ ഓർ ത്ത പോലെ അവൾ അച്യുതൻ കുട്ടിയെ ഡൈനിങ്ങ്  റൂമിലേക്ക് കൊണ്ട് പോയി.അവിടെ ഒഴിഞ്ഞ ജോണി വാക്കറിന്റെ മൂന്നു കുപ്പികൾ കുറ്റം ചെയ്ത കുട്ടികളെപ്പോലെ  ടേബിളിനു മുകളിൽ സ്ഥാനം പിടിച്ചിരുന്നു  .
“അച്ചേട്ടൻ എന്ന് തുടങ്ങി ഇത് ? “
ഇത് തന്റെ പതിവാണെന്ന് പറയണമെന്നു കരുതിയ  അച്യുതൻ കുട്ടി  അവളുടെ നോട്ടത്തിന്റെ ശക്തിയിൽ  തളർന്നു.
‘നിക്കറിയാം ന്റെ അച്ചേട്ടനെ.  പക്ഷെ  ഇതൊന്നും  ഇനി വേണ്ടാ.  അച്ചേ ട്ടന്… എന്തെങ്കിലും പറ്റിയാൽ …..നിക്കാരാ ….  .പോയി കുളിച്ചു വന്നോളു. ഇനി ഞാൻ നാളെ അടുക്കിക്കൊള്ളാം’
കുളിക്കാനായി  പോവുമ്പോൾ അച്യുതൻ കുട്ടി വീടിനു വന്ന മാറ്റം കണ്ടു .താൻ ഇത്ര നാൾ ജീവിച്ചത് ഒരു സത്രത്തിൽ ആണെന്നും ഇന്നാണിത് ഒരു വീടായതെന്നും അയാൾക്ക് തോന്നി.
തനിക്കിഷ്ടപ്പെട്ട കറികൾ കൂട്ടി ഊണ് കഴിക്കുമ്പോൾ അതിന്റെ രുചിയിൽ  അയാൾ മറ്റൊന്നിനെ കുറിച്ചും ഓർത്തില്ലെങ്കിലും കൈ കഴുകുമ്പോൾ അയാൾ മറ്റൊന്ന് കൂടി കണ്ടെത്തി .തന്റെ പാതി ഒഴിഞ്ഞ പാത്രത്തിൽ നിന്ന് തന്നെയാണ് അവൾ കഴിക്കുന്നത് .
മേൽ കഴുകി അവൾതിരിച്ചെത്തുമ്പോൾ നൈറ്റ് ഗൗണിന്റെ സുതാര്യതയിൽ ആ സൗന്ദര്യം അയാൾ പേടിയോടെ നോക്കി.ഇവൾ മാറ്റി ഉടുക്കാൻ വസ്ത്രങ്ങൾ ഒന്നും കൊണ്ടുവന്നില്ലല്ലോ എന്ന കാര്യം അയാളുടെ മനസ്സിൽ ബാക്കി ആയപ്പോൾ യക്ഷി ക്കഥകളിലെന്നപോലെ ഒരു ഭീതി തന്നെ ഭരിക്കുന്നതായി  അച്യുതൻകുട്ടിക്ക് തോന്നി .അതുകൊണ്ട് തന്നെയാണ് അയാൾ കിടക്കയിൽ ഒരു ഭീരുവിനെപ്പോലെ ലൈറ്റണച്ചു  കിടന്നത് .
തലവേദനയുണ്ടോ എന്നവൾ ചോദിച്ചപ്പോൾ മയക്കത്തിലെന്ന പോലെ അയാൾ മൂളി .പിന്നെ നേർത്ത  തണുപ്പുള്ള ആ കൈ വിരലുകളുടെ  സ്പർശനത്തിൽ അച്യുതൻ കുട്ടി ഉറങ്ങി
രാവിലെ അച്യുതൻ കുട്ടിയെ അവളാണ് വിളിച്ചുണർത്തിയത് .അലാറം ക്ലോക്കിനായി പരതിയ അച്യുതൻ കുട്ടിക്ക് ഒരു കപ്പു കാ പ്പിയാണ് കിട്ടിയത് .പിന്നെയെല്ലാം തലേ ദിവസത്തെ ആവർത്തനമായിരുന്നു .അപ്പോഴെല്ലാം അവളോട്‌ ചോദിക്കണമെന്ന് കരുതിയ ചോദ്യങ്ങൾ മാത്രം ബാക്കിയായി .
അന്ന് അച്യുതൻ കുട്ടിക്ക് ഓഫീസിൽ തിരക്കിട്ട ജോലി ഉണ്ടായിരുന്നു . തലേന്നാൾ ചെയ്തു തീരാനുണ്ടായിരുന്ന പണികളും   കൂടി ആയപ്പോൾ അയാൾ തീർത്തും അവളെ മറന്നു അവസാനം പണികളൊതുക്കിയ അവസരത്തിൽ അവൾ തന്നു വിട്ട ടിഫിൻ കാരിയർ  തുറന്നു .ഇത്തവണ അച്യുതൻ കുട്ടിക്ക് അത്ഭുതമൊന്നും തോന്നിയില്ല തനിക്കീ കറികളാണ് ഇഷ്ടമെന്ന് അവളോട്‌ പറഞ്ഞതാരാണെന്നോ ഇത്ര രാവിലെ അവൾ ഇതെല്ലാം എങ്ങിനെ ഉണ്ടാക്കി എന്നോ ഉള്ള സംശയങ്ങളില്ലാതെ അയാൾ അത് മുഴുവൻ സ്വാദോടെ കഴിച്ചു .
ഇറങ്ങാറായപ്പോൾ ജോസഫ് വിളിച്ചു .
എന്താടോ തന്നെ ഇന്ന് ക്ലബ്ബിലേ ക്കൊന്നും കണ്ടില്ല. റൂമിലിരുന്ന് അടിച്ചു ഫിറ്റ് ആയോ  ഇന്നെന്തായാലും നേരത്തെ വരണം.കുറെ പുതിയ മെംബേർസ് വന്നിട്ടുണ്ട്   ..അവരെ പരിചയപ്പെടുത്താം.
അച്യുതൻകുട്ടി പിന്നെ ഒന്നുമാലോചിച്ചില്ല … വേഗം ഓഫീസിൽ നിന്നിറങ്ങി നേരെ ക്ലബ്ബിലേക്ക് കാർ വിട്ടു..ഓഫീസ്  സമയം കഴിഞ്ഞില്ലെന്നും ക്ലബ്ബിൽ താൻ വളരെ നേരത്തേയാവുമെന്നും അയാൾക്കറിയാമായിരുന്നു.പക്ഷെ കുറച്ചു നേരം കൂടി  കഴിഞ്ഞാൽ താൻ തീരുമാനം മാറ്റിയാലോ എന്നയാൾക്ക്‌ തോന്നി
ക്ലബ്ബിൽ ആളുകൾ എത്തുമ്പോഴേക്കും അച്യുതൻ കുട്ടി രണ്ടു ലാർജിന്റെ മൂഡിലായിരുന്നു.മദ്യം അകത്തു ചെന്നപ്പോൾ അയാൾക്ക് തലേ ദിവസത്തെ സംഭവങ്ങൾ മനസ്സിൽ നിറഞ്ഞു .അതോടൊപ്പം കുറെ സംശയങ്ങളും.
നേരത്തെ തുടങ്ങിയല്ലേ   എന്ന പരിഭവവുമായി ജോസഫ് എത്തി .ക്ലബ്  സജീവമായി തുടങ്ങി ..
“ജന്റിൽ മെൻ, ഇത് അച്യുതൻകുട്ടി. …..ന്റെ ചീഫ് എക്സിക്യൂട്ടീവ്.   ക്രോണിക് ബാച്‌ലർ…..  നമ്മളെപ്പോലെയല്ല … സുഖം .. ആരെയും പേടിക്കേണ്ട .ആരോടും സമാധാനവും പറയണ്ട … കണ്ടില്ലേ…മുപ്പതുകളുടെ അവസാനമായെന്നു ആരെങ്കിലും പറയുമോ?  നമ്മുടെയൊക്കെ യൗവ്വനം …..”
 അവസാന വാക്കുകൾ അയാളുടെ തന്നെ അശ്‌ളീല ചിരിയിൽ മുങ്ങിപ്പോയി.ആ ചിരി ആരൊക്കെയോ ഏറ്റു പിടിച്ചപ്പോഴും  അച്യുതൻ കുട്ടിയുടെ മനസ്സിൽ അവളോടു  ചോദിക്കേണ്ട ചോദ്യങ്ങൾ ആയിരുന്നു .
പിന്നെ ഏതോ നേരത്തു കുഴഞ്ഞ  കാലുകളുമായാണ് അയാൾ വീട്ടിലെത്തിയത് .വരാന്തയിൽ തന്നെ മുഖത്തു  നിറഞ്ഞ പരിഭവവുമായി അവൾ  ഉണ്ടായിരുന്നു .അവളെ കണ്ടപ്പോൾ മനസ്സിൽ നിറച്ച  ചോദ്യങ്ങൾ  ആകെ കൂടിക്കുഴഞ്ഞു.തുടങ്ങി
അച്യുതൻ കുട്ടി അകത്തേക്ക് കയറാൻ പോയപ്പോൾ അവൾ അടുത്ത് വന്നു .
‘അച്ചേട്ടൻ  കുടി ച്ചിട്ടുണ്ടോ?’
ശാസം മുഖത്ത് വീഴുന്നത്ര അടുത്തായിരുന്നു അവൾ
‘ന്നാലും അച്ചേട്ടൻ … ഞാൻ പറഞ്ഞിട്ടും…..’
 അവൾ വിതുമ്പലോടെ തിരിയാൻ ഭാവിച്ചപ്പോൾ അച്യുതൻകുട്ടി  കുട്ടി അവളെ തടഞ്ഞു .
“നീയാരാ?”
അവളുടെ കണ്ണുകളിൽ  അസാധാരണ മായ ഒരു ഭാവം നിറയുന്നതും പിന്നീട് അത് അവിശ്വാസത്തിൻറെയും ദുഖത്തിന്റെയും തുള്ളികളായി കൺ കോണുകളിൽ അടിഞ്ഞു കൂടുന്നതും അയാൾ അറിഞ്ഞു.
‘കുടിച്ചിട്ട് വന്നിട്ട് പിന്നെ……..’ പെട്ടെന്നാണവൾ കരഞ്ഞു കൊണ്ടോടിയത് ..എന്താണ് ചെയ്യേണ്ടതെന്നറിയാതെ ഒരു മണ്ടനെപ്പോലെ അച്യുതൻ കുട്ടി പരുങ്ങി നിന്നു .
കഴിച്ച മദ്യത്തിന്റെ കെട്ട് വിട്ട പോലെ .  കിടക്കയിൽ കിടന്നു കരയുന്ന അവളുടെ പുറകിലെത്തിയപ്പോൾ അയാൾ തളർന്നു.
വിറയ്ക്കുന്ന കൈകൾ കൊണ്ട് അവളുടെ തലയിൽ തലോടി.കരഞ്ഞു കലങ്ങിയ കണ്ണുകളോടെ അവൾ നോക്കിയ  നോട്ടത്തിൽ ഇനിയും എന്നെ വേദനിപ്പിക്കല്ലേ എന്ന ഭാവം അയാൾ കണ്ടു .
‘സോറി’ .അത്ര മാത്രമേ അയാൾക്ക് പറയാനായുള്ളു.പെട്ടെന്ന് അവൾ അയാളുടെ വായ പൊത്തി
‘വേണ്ട ….നി….ക്കറിയാം.. ന്റെ അച്ചേട്ടനെ  .. അച്ചേട്ടൻ…. ഒരു… പാവാ….ന്നാലും അച്ചേട്ടൻ  ന്നോട് ഇങ്ങനെ ഒക്കെ ചോദിച്ചല്ലോ .’.
അയാൾ  ആ കണ്ണ്നീർ കൈകൊണ്ട് തുടച്ചു .
‘അച്ചേട്ടൻ …ന്നെ പിടിച്ചു …  സത്യംചെയ്യ് ..നി  കുടിക്കില്ലെന്ന് …എന്നെ വേദനിപ്പിക്കില്ലെന്ന് …..’
അയാൾ. അവൾ നീട്ടിയ കൈകളിൽ കയ്യുകൾ വെച്ച് കൊടുത്തു …പിന്നീട് അവളെ കെട്ടി പിടിച്ചു കുറെ കരഞ്ഞു .ആ നിമിഷങ്ങളുടെ അവസാനത്തിൽ   അച്യുതൻ കുട്ടി  സ്ത്രീയെ അറിഞ്ഞു .
പിന്നീ ടുള്ള അച്യുതന്കുട്ടിയുടെ ദിന ങ്ങൾ  മറ്റാരുടേതോ  ആയിരു ന്നു .ഗ്ലോറി ഫെർ ണാണ്ടസിനു നേരെയുള്ള ശകാരത്തോടെ തുടങ്ങുന്ന ദിനങ്ങളും തള്ളി നീക്കപ്പെടുന്ന വൈകുന്നേരങ്ങളും അയാളിൽ നിന്നകന്നു പോയി    . എവിടെയും അവളായിരുന്നു. അയാളുടെ സ്വപ്‌നങ്ങൾ പോലും അവൾ പങ്കിട്ടെടുത്തു
കല്യാണ പ്രായം  കഴിഞ്ഞുവെന്ന് തോന്നിയ  നാളുകളിൽ  ലാർജുകളുടെ മയക്കത്തിൽ മറന്നു കള ഞ്ഞ തന്റെ സ്വപ്നം  തന്നെയാണവളെന്നു അയാൾക്ക് പലപ്പോഴും തോന്നി
ഓഫീസിലും അയാളുടെ മാറ്റം ചർച്ചാ വിഷയമായി .ബോസിന്റെ ശകാരംകേട്ടിരുന്ന ദിനങ്ങൾ അവർക്കു അകലെയായി .
 പേഴ്സണൽ കമ്പ്യൂട്ടറിന്റെ മുൻപിൽ സ്വപ്നം കണ്ടിരുന്ന ഗ്ലോറിയോട് ഇനി ജാക്കിനെ വിളിക്കണമെങ്കിൽ തന്റെ ഫോൺ ഉപയോഗിക്കാമെന്നു പറയുകയും, . മറ്റൊരിക്കൽ  ജാക്കിന്റെ ഫോൺ കൈമാറി ഒരു ചെറു ചിരിയോടെ  ക്യാബിൻ വിട്ടിറങ്ങി പ്പോവുകയും  ചെയ്തഅച്യുതൻ കുട്ടിയെ   കണ്ടപ്പോൾ ഗ്ലോറി ഓർത്തത് പഴയ ബോസിനെയാണ്. ഒന്ന് രണ്ട് തവണ ജാക്കിന്റെ ഫോൺ വന്നപ്പോൾ തനിക്കു തരാതെ കട്ട് ചെയ്തു  ഇത് പ്രേമ ലീലകളാടാൻ പബ്ലിക് ബൂത്ത ല്ല എന്ന് പറഞ്ഞു തന്നെ കര യിപ്പിച്ചത് …. ഈ തമാശ ജാക്കിനോട് പറഞ്ഞു ഗ്ലോറി ഒരുപാട് ചിരിച്ചു
അച്യുതൻ കുട്ടിയുടെ ദിവസങ്ങൾക്കു നിറം പകരുന്ന മറ്റൊന്ന് കൂടി സംഭവിച്ചു.ആയിടക്ക് ഒരു രാത്രിയിൽ  അവളുടെ വിയർപ്പിൽ അമർന്നു കിടന്നിരുന്ന അയാളോട് ഒരു കൊച്ചു അച്ചുവിന്റെ ആഗമനത്തെ കുറിച്ച് അവൾ പറഞ്ഞു
പിന്നീട്  പലപ്പോഴും അച്യുതൻ കുട്ടി വളരെ ലേറ്റ് ആയാണ് ഓഫീസിലെത്തിയത്  .അവളുടെ വയറിന്റെ ഓരോ വളർച്ചയിലും അവൾക്കു വേദനിക്കുന്നുണ്ടോ  എന്ന പേടി യായിരുന്നു അയാൾക്ക്
അവളെ പ്രസവത്തിനായി  ആശുപത്രിയിൽ ആക്കിയപ്പോൾ അയാൾ നീണ്ട  അവധിക്കെഴുതി. പ്രസവമുറിയുടെ മുന്നിൽ കാത്തുനിന്ന അച്യുതൻ കുട്ടിയുടെ പരിഭ്രമം കണ്ട് ‘ഇയാൾക്കാണോ പ്രസവ വേദന ‘എന്ന് പറഞ്ഞു  നഴ്‌സുമാർ ചിരിച്ചത് അയാൾ കേട്ടില്ല .അപ്പോഴെല്ലാം അയാൾ എല്ലാ ഈശ്വരൻമാരോടും  അവൾക്കു വേണ്ടി പ്രാർത്ഥി ക്കുകയായിരുന്നു.
അതൊരു സുഖ പ്രസവമായിരുന്നു. നവാഗതൻ അവൾ പറഞ്ഞത് പോലെ ഒരു കൊച്ചു അച്യുതൻ കുട്ടി ആയിരുന്നു .
അവളെപ്പോലെ സുന്ദരിയായ ഒരു മകളായിരുന്നെങ്കിൽ …എന്ന് ആനിമിഷത്തിൽ മാത്രമാണ് അയാൾ ആലോചിച്ചത് . തനിക്കു ജനിക്കാനിരുന്ന കുഞ്ഞിനെക്കുറിച്ചു താൻ സ്വപ്നങ്ങളൊന്നും കണ്ടില്ലല്ലോ എന്ന കുറ്റ  ബോധത്തോടെ അയാൾ കുഞ്ഞിനെ വാങ്ങി.
.
 ഒരുനാൾ അച്യുതൻ കുട്ടി ഓഫിസിൽ നിന്ന് തിരിച്ചെത്തുമ്പോൾ അവളെ വാതിക്കൽ കണ്ടില്ല കിടക്കയിൽ കിടന്നുറങ്ങുന്ന അവളുടെ വേഷമാണ് അയാളുടെ മനസ്സിൽ ഭീതിയുടെ ആദ്യ കിരണങ്ങൾ പടർത്തിയത് .മഞ്ഞയിൽ നീല പ്പൂക്കളുള്ള ആ പഴയ  ചുരിദാർ
അച്യുതൻ കുട്ടി കിടക്കയുടെ അരികിലിരുന്നു തൊട്ടിലിൽ കുഞ്ഞു നല്ല മയക്കത്തിലായിരുന്നു അവളുടെ നെറ്റിയിൽ കൈ വെച്ചപ്പോൾ ഒരു മയക്കത്തിന്റെ ക്ഷീണവുമായി അവൾ കണ്ണ് തുറന്നു
‘ഉച്ച മുതൽ നല്ല തലവേദന ,ബാം നോക്കിയിട്ടുകണ്ടില്ല ‘
നിനക്ക് ഒന്ന് ഫോൺ ചെയ്തു കൂടായിരുന്നോ എന്ന ചോദ്യം ‘ഞാൻ പുറത്തുപോയി ബാം  വാങ്ങിയിട്ടു വരം’ എന്ന ഉത്തരത്തിലൊതുക്കി അച്യുതൻ കുട്ടി കോണിയിറങ്ങി
ബാം വാങ്ങി തിരിച്ചെത്തി അത്  നെറ്റിയിൽ പുരട്ടുമ്പോൾ  അവളുടെ മിഴികളുമായി ഇടയാതിരിക്കാൻ അച്യുതൻ കുട്ടി ശ്രദ്ധിച്ചു .
അവർക്കിടയിൽ നിശബ്ദത നിറയുന്നതും അത് ഒരു  ഭയമായി തന്നെ പൊതിയുന്നതും അയാളറിഞ്ഞു .
ബാമിന്റെ കുളിർമ്മയിൽ അവളൊന്നു മയങ്ങി .കടൽ തീരമോ നഗരത്തിൻറെ  പൊലിമയോ ഒന്നും പങ്കു വെക്കാത്ത അവരുടെ ആദ്യത്തെ സാ യാഹ്നമായിരുന്നു അത് .
ഒരു പാതി മയക്കത്തിൽ തന്നെയാണ് അവൾ അയാൾക്ക് അത്താഴം വിളമ്പിയത് .പിന്നീടെപ്പോഴോ കിടക്കയിൽ അയാൾ അടുത്തെത്തിയപ്പോൾ അവളുടെ വസ്ത്രത്തിന്റെ മഞ്ഞപ്പ്  തന്റെ ഉള്ളിൽ ഒരുതരം വിളർച്ച സൃഷ്ടിക്കുന്നതും താൻ വിയർക്കുന്നതും അറിഞ്ഞു അയാൾ നെഞ്ചിൽ കൈ അമർത്തി ..അവൾ അയാൾക്ക് നെഞ്ചുഴിഞ്ഞു കൊടുത്തു .ആ ആശ്വാസത്തിൽ അവളെ ചുറ്റിപ്പിടിച്ചു അയാളുറങ്ങി .
രാത്രിയുടെ അവസാനങ്ങളിലെപ്പോഴോ കുഞ്ഞിന്റെ കരച്ചിൽ കേട്ട് അച്യുതൻ കുട്ടി ഉണർന്നു.കിടക്കയിൽ അവളെ കാണാഞ്ഞു അയാൾ മെല്ലെ തൊട്ടിലാട്ടി.അവളെ വിളിക്കാനാഞ്ഞ നിമിഷങ്ങളിലാണ് തനിക്കവളുട പേരറിയില്ലല്ലോ എന്ന് അച്യുതൻകുട്ടി അറിഞ്ഞത് .
ആ നടു ക്കത്തിൽ കുഞ്ഞിനെ വിട്ടു അയാൾ ഒരു ഭ്രാന്തനെപ്പോലെ താഴേക്കു ഓടി .ഓരോ മുറിയി ലും കയറി ഇറങ്ങുമ്പോൾ അയാൾ തളരുകയായിരുന്നു .അടുക്കളയിൽ, കഴുകാത്ത  തലേന്നത്തെ പാത്രങ്ങളിലേക്ക്  മുഴുവൻ അടയാത്ത ടാപ്പിൽ നിന്നും വെള്ളം വീഴുന്നുണ്ടായിരുന്നു  .
അവൾ പോയി എന്ന സത്യം അയാളെ തളർത്തി .കുറച്ചു തണുത്ത വെള്ളത്തിനായി ഫ്രിഡ്ജ് തുറന്ന അയാളുടെ കൈകൾക്കിടയിലൂടെ ഒരു സാൻഡ്‌വിച്ചിന്റെ  പൊതി ഊർന്നു വീണു.
കോണി കയറി മുകളിലെത്തിയ അയാൾ ആദ്യം കണ്ടത് തനറെ തലയിണക്കടത്തു നേർത്ത ശബ്ദത്തോടെ തന്നെ നോക്കുന്ന അലാറം ക്ലോക്കിനെയാണ് .തൊട്ടിലിൽ കരഞ്ഞു തളർന്ന കുഞ്ഞു ഉറങ്ങി കഴിഞ്ഞിരുന്നു.
ബെഡ്റൂമിലെ സോഫയിലെ നേർത്ത കുഷ്യനിൽ ചാരിയിരിക്കുമ്പോൾ അച്യുതൻ കുട്ടി ഓർത്തത് ,ഇനി ഉറങ്ങിയാൽ താൻ നേരത്തു ഉണരുമോ എന്നല്ല ,തൊട്ടിലിൽ കിടക്കുന്ന തന്റെ കുഞ്ഞും തന്റെ മുൻപിൽ നിന്ന് മറയുമോ എന്നാണ് .
ഉറങ്ങരുത് എന്ന വിചാരത്തോടെ സെറ്റിയിൽ ചാരിയിരുന്ന  അ ച്യുതൻ കുട്ടി  ഒരു മയക്കത്തിലേക്ക് വഴുതി  വീണു .അപ്പോൾ പുറത്തു മഴ ചാറുന്നുണ്ടായിരുന്നു …..
Comments
Print Friendly, PDF & Email

പ്രവാസി എഴുത്തുകാരൻ. ജിദ്ദയിൽ ജോലി ചെയ്യുന്നു

You may also like