പൂമുഖം LITERATUREകവിത അനന്തതയുടെ ഒരു തുള്ളി

അനന്തതയുടെ ഒരു തുള്ളി

നോക്കൂ
മുന്നിൽ
അലതല്ലുന്ന കടൽ
അത് ജീവിതമാണെന്ന്
നീയും ഞാനും കരുതുന്നില്ലേ.

അല്ല അത്
സങ്കടങ്ങൾ മുടിയഴിച്ചാടുകയാണെന്ന്
കരുതിയാലോ
അപ്പോൾ നീ നിൽക്കുന്ന
ഈ കടൽപ്പാലം
വേദനകളോ പ്രതീക്ഷകളോ?
നിൻ്റെ പിന്നിൽ
തോളിൽ പിടിച്ചു നിൽക്കുന്ന ഞാൻ,
നമ്മുടെ
നനവാർന്ന കണ്ണുകൾ,
എൻ്റെ മുഖത്തേക്ക്
പാറി വീഴുന്ന നിൻ്റെ മുടിയിഴകൾ….

ആകാശച്ചെരുവിൽ
തൂകിയ നിറങ്ങൾ
തുടച്ചെടുത്ത്
സൂര്യൻ മറയുമ്പോൾ
എൻ്റെ നെഞ്ചിൽ ചാരുന്ന നീയും
നിന്നെ ചുറ്റിപ്പിടിക്കുന്ന
എൻ്റെ കൈകളും
തുരുമ്പിച്ച തൂണുകളിലാടുന്ന
കടൽപ്പാലവും
പിന്നിൽ നേർത്ത ചൂടിൽ
മയങ്ങുന്ന കരയും
അതിനു നടുവിൽ
ഇരമ്പുന്ന അനേകം മനുഷ്യരും
അവരെ പൊതിയുന്ന ഇരുട്ടും
പിന്നെയും വെളിച്ചം
വന്ന് വിളിച്ചുണർത്തുമെന്ന
നിനവും.

മുന്നിലും
പിന്നിലും
ഇപ്പോൾ
ഇരമ്പലുകൾ മാത്രം

ഞാനും നീയും
അനന്തതയിലേക്ക്
ഹൃദയങ്ങളെ ചേർത്തുവച്ച്
കണ്ണടയ്ക്കുന്നു.
ഒരു ചുംബനത്തിൽ
ലയിക്കുന്നു
ഉള്ളിൻ്റെയുള്ളിൽ
ഒരു നക്ഷത്രം
കണ്ണു ചിമ്മി തുറക്കുന്നു.

കടലിപ്പോൾ
ശാന്തമാണ്

കവർ : സി പി ജോൺസൺ

Comments

You may also like

മലയാളനാട് വെബ് ജേർണൽ
മലയാളത്തിന്റെ മുഖപുസ്തകം.