പൂമുഖം CINEMA ജല്ലിക്കെട്ട് : ആള്‍ക്കൂട്ട ഹിംസയുടെ സഞ്ചാരപഥങ്ങള്‍

ജല്ലിക്കെട്ട് : ആള്‍ക്കൂട്ട ഹിംസയുടെ സഞ്ചാരപഥങ്ങള്‍

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

അടക്കിവെച്ച കാമനകളുടെ തുറന്നൊഴുക്കാണ് ആള്‍ക്കൂട്ടത്തിന്റെ ഉന്മാദം ബാധിച്ച ഓട്ടവും, ആക്രമണവും. വേട്ട എന്ന ആദിമചോദനയുടെ വറ്റാത്ത ഉറവകള്‍ പേറുന്ന മനുഷ്യസമൂഹത്തിന്റെ ആവിഷ്കാരമണ് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘ജല്ലിക്കെട്ട്’. ജല്ലിക്കെട്ട് എന്ന മൃഗയവിനോദവുമായി സാമ്യമൊന്നുമില്ലെങ്കിലും ഇവിടെ ആള്‍ക്കൂട്ടത്തിന്റെ, പുരുഷാരത്തിന്റെ ആഘോഷം തന്നെയാണ് നടക്കുന്നത്. എസ് ഹരീഷിന്റെ ‘മാവോയിസ്റ്റ്’ എന്ന ചെറുകഥയാണ് ‘ജല്ലിക്കെട്ടി’ന്റെ ആധാരം. മാവോയിസ്റ്റ് എന്ന കഥയുടെ അടിസ്ഥാനപ്രമേയം മാത്രമാണ് ചലച്ചിത്രം പിന്തുടരുന്നത്. എസ് ഹരീഷും ആര്‍ ജയകുമാറും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണവും രംഗനാഥ് രവി ശബ്ദമിശ്രണവും നിര്‍വഹിച്ചിരിക്കുന്നു. പ്രശാന്ത് പിള്ളയാണ് സംഗീതസംവിധാനം.

മലോയോരത്തിന്റെ, കുടിയേറ്റ ഭൂമിയുടെ പശ്ചാത്തലത്തിലാണ് ജല്ലിക്കെട്ട് അരങ്ങേറുന്നത്. മനുഷ്യവംശത്തിന്റെ ചരിത്രം കുടിയേറ്റങ്ങളുടെയും ചരിത്രമാണ്.’നല്ല ഭൂമി’ നേടി മനുഷ്യന്‍ നിരന്തരം ഭൂമി മാറി. ഭൂമിയുടെ സ്വഭാവികപ്രകൃതിയെ ഉടച്ച് വാര്‍ത്ത് കാര്‍ഷികയോഗ്യമാക്കി. കൂടിച്ചേര്‍ന്ന പ്രദേശത്തെ പതുക്കെ കൈകളിലേക്ക് ഒതുക്കിച്ചേര്‍ത്തു. കാനനവും കാട്ടുമൃഗങ്ങളും ‘അവന്റെ ‘ ഭോഗവസ്തുകളായി. മനുഷ്യചരിത്രത്തിന്റെ കാമനകളുടെ അധ്യായം കൂടിയാണ് ഈ കുടിയേറ്റത്തില്‍ നിന്ന് വായിച്ചെടുക്കാവുന്നു. മലയോരമേഖലയാകെ ഫലഭൂയിഷ്ടമാക്കി. കാച്ചിലും കപ്പയും വാഴയും അടക്കം ഇവിടെയുള്ളതും വന്നതുമായ കാര്‍ഷികോത്പന്നങ്ങളെല്ലാം മലയോരമേഖലയെ സമൃദ്ധമാക്കി. പരിഷ്കൃതസമൂഹത്തിന്റെ ചിഹ്നങ്ങളെല്ലാം ധരിച്ചപ്പോഴും വേട്ടയും പകയും ഹിംസയും രതിയും അതിന്റെ തീവ്രതയില്‍ തന്നെ അവരില്‍ കുടിപ്പാര്‍ത്തു. ആവശ്യസന്ദര്‍ഭങ്ങളിലെല്ലാം അത് പുറത്തേക്ക് കുതിച്ചു. പ്രാര്‍ത്ഥനാലയങ്ങളും കുടുംബവും വിദ്യാഭ്യാസസംവിധാനങ്ങളും രാഷ്ട്രീയ സാമൂഹികപ്രസ്ഥാനങ്ങളും നീതിനിയമവ്യവസ്ഥയും പരിപാലനവും ഈ ആദിമബോധത്തില്‍ നിന്ന് മനുഷ്യനെ മോചിപ്പിക്കാന്‍ സാധിച്ചില്ല. നീതിയെ സംബന്ധിച്ച ബോധ്യങ്ങള്‍ പോലും ഹിംസാത്മകമായി തുടര്‍ന്നു. പകയുടെ നിണം മണക്കുന്ന അധ്യായങ്ങള്‍ കുടിയേറ്റ ചരിത്രങ്ങളിലെല്ലാം കാണാം.

പരസ്പരബന്ധത്തെ ഊട്ടിയുറപ്പിച്ച പ്രധാന ഘടങ്ങളില്‍ ചിലത് രുചിയും കഥകളുമായിരുന്നു. ശിലായുഗത്തില്‍ നിന്ന് സിലിക്കണ്‍ യുഗത്തിലേക്കുള്ള സഞ്ചാരം കഥകളുടെ ശൃംഖലയിലൂടെയായിരുന്നെന്ന് ഹോമോഡിയുസില്‍ അഭിപ്രായപ്പെടുന്നുണ്ട്. ജല്ലിക്കെട്ടിലും കഥകളുടെ വഴി കാണാം. രണ്ട് തവണ മാത്രമുള്ള ഭൂതകാലസഞ്ചാരം രണ്ട് കഥകളായിട്ടാണ് അവതരിപ്പിക്കുന്നത്.’ഇരുകാലില്‍ ഓടുന്ന മൃഗമാണ് മനുഷ്യന്‍’ എന്ന നിരീക്ഷണം നടത്തുന്ന വൃദ്ധന്‍ കുടിയേറ്റത്തില്‍ കഥ അഴിച്ചിട്ടുന്നുണ്ട്. കഥ പറച്ചിലിന്റെ ആദിമരീതിയെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ ഇരുട്ടില്‍ തീകുണ്ഡത്തിന് നടുവില്‍ രാത്രിനദി താണ്ടാനിരിക്കുമ്പോഴാണ് കഥ പറച്ചില്‍. അധ്വാനത്തിന് ശേഷം മിച്ചം വരുന്ന സമയത്തിന്റെ വിനിയോഗം കഥ പറച്ചിലിലൂടെയാണ്. മറ്റ് ഭൂതകാല ഓര്‍മ്മകള്‍ പോത്തിന് പിറകെയുള്ള ഓട്ടത്തിനിടയിലും, വേറൊരു കഥ പോത്ത് തകര്‍ത്ത തന്റെ ചായകടയെ വൃത്തിയാക്കുന്നതിനിടയിലും പല ആളുകള്‍ പുറത്ത് വിടുന്നു. ഈ പുറത്ത് വിടലിന്റെ (liberation) ഉന്മാദം അവരില്‍ ലഹരി നിറയ്ക്കുന്നതായി കാണാം. ഇപ്രകാരം ഓര്‍മ്മയുടെ തള്ളിനാലാണ് പലരും കയര്‍ പൊടിച്ചോടുന്ന പോത്തിനെ കുരുക്കി കെട്ടാന്‍ ഒാടുന്നത്. തങ്ങളുടെ കാമനയുടെ, ഹിംസയുടെ, വഞ്ചനയുടെ, പകയുടെ മുഖം തന്നെയാണ് ഓടുന്ന ‘മഹിഷ’ത്തില്‍ ദര്‍ശിക്കുന്നത്. സാധാരണ ഒരു ദിനം പോലെ വിരസമായി ഒടുങ്ങേണ്ട നിമിഷങ്ങളാണ് പൊടുന്നനെ കയര്‍ പൊട്ടിച്ച് കുതിക്കുന്നത്. ദേശത്തിന്റെ സകലവഴികളും ആ ഓടത്തില്‍ തെളിയുന്നു. മനുഷ്യരുടെ സഞ്ചാരപഥങ്ങളെയെല്ലാം ആ ഓട്ടം ഊതിതെളിച്ചെടുക്കുന്നു.

രുചിയുടെ പലരീതിയിലുള്ള സംഭാഷണങ്ങള്‍ കാണാം.കല്യാണത്തിനുള്ള വിഭവങ്ങളെക്കുറിച്ചുള്ള ദീര്‍ഘമായ വിവരണം കാണാം.കപ്പ പുഴുങ്ങുന്ന നേരത്ത മുറുമുറുപ്പുകള്‍ കേള്‍ക്കാം.പോത്ത്കറി വെക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ കാണാം.പള്ളിയുടെ ഓരത്തുള്ള മരം നിറയെ തുക്കിയിട്ട ഇറച്ചികവറുകള്‍ കാണാം.’കഴിക്കുന്നത് കൊള്ളാം,കാശ് തരണം ‘ എന്ന ചായകടക്കാരന്റെ നിര്‍ദ്ദേശവും അടക്കം ഭക്ഷണത്തെ കേന്ദ്രസ്ഥാനത്ത് പ്ലേസ് ചെയ്യുന്ന ദൃശ്യങ്ങളുണ്ട്. പോത്തിന് പിറകെയുള്ള ഓടവും അതിനെ രുചിയുള്ള വിഭവമായി കാണാനുളള കൊതി.ഏറ്റവും രുചിയേറിയ മാംസം മനുഷ്യമാംസമാണെന്ന് ഒരിടത്ത് പറയുന്നുമുണ്ട്.

ആസക്തിയൊരു ഉന്മാദമാണെന്ന് എം എന്‍ വിജയന്‍ തന്റെ സംസ്കാരപഠന ലേഖനങ്ങളിലൊരിടത്ത് പറയുന്നു. beg Borrow and steal എന്നതാണ് ആസക്തിയുടെ മുദ്രവാക്യം. ആസക്തിയാണ് പോത്തിന് പിറകെ ഓടുന്ന മനുഷ്യരെ ഭരിക്കുന്നത്. മാംസത്തോടുള്ള ഒടുങ്ങാത്ത പ്രിയമാണ്.വ്യവസ്ഥ ആ പ്രിയത്തെ മര്‍ദ്ദനോപാധികള്‍ ഉപയോഗിച്ച് അടക്കുന്തോറും പ്രിയം വര്‍ദ്ധിക്കുന്നു.ഭരണകൂടത്തിന്റെ മര്‍ദ്ദനോപാധികളെ ലംഘിക്കാനുള്ള ശ്രമത്തിലെത്തുന്നു. ഒരു കൂട്ടം അരാഷ്ട്രീയരെയും ഉന്മാദികളെയും മര്‍ദ്ധനം സൃഷ്ടിക്കുന്നു. പോലീസ് വണ്ടിയുടെ കത്തികലും,പോത്ത് തകര്‍ക്കുന്ന ബാങ്കും മതസ്ഥാപനത്തിന്റെ സ്ഥലവും കാണാം. പൊതുനിരത്തുകള്‍ വേട്ടയാടല്‍ സംഘത്തിന്റെ കൈയ്യില്‍ അമരുന്നു.ശിഥിലമായ വ്യവസഥയാണ് കാണാന്‍ കഴിയുന്നത്.രാഷ്ട്രീയ പാര്‍ട്ടിയുടെ കൊടിമരവും പോത്ത് പിഴുതെറിയുന്നു. പരിഷ്കൃതലോകത്തിലേക്കുള്ള പടവുകളായി മനുഷ്യന്‍ നിര്‍മ്മിച്ചതൊക്കെ പോത്ത് കുത്തിമറിക്കുന്നു.

സ്ത്രീകളുടെ പ്രാതിനിധ്യം ഈ ഓട്ടത്തില്‍ കുറവാണ്.ആസക്തിയെ തുറന്ന് വിടാന്‍ സാധിക്കാത്തവരായി അവര്‍ ഒതുങ്ങുന്നു. ഭോഗവസ്തുവില്‍ കവിഞ്ഞ പ്രാധാന്യം ഈ പുരുഷകൂട്ടങ്ങളുടെ ഇടയില്‍ അവര്‍ക്കില്ല.അങ്ങനെ ഹിംസാലുക്കളായ ആള്‍ക്കൂട്ടത്തിന്റെ ചരിത്രത്തില്‍, വിശപ്പ് അടക്കാനുള്ള ഓടത്തില്‍ ഭക്ഷ്യസംസ്കരണം മാത്രമാണ് സ്ത്രീയില്‍ നിക്ഷിപ്തമായിരിക്കുന്നതെന്ന് ചിത്രം പറഞ്ഞുവെക്കുന്നു. ഒരു ചെറുവിരലനക്കം പോലും സ്ത്രീയുടെതായി സൃഷ്ടിക്കപ്പെടുന്നില്ല.അവന്റെ ചരിത്രം (His story) അവള്‍ അടങ്ങുന്നില്ല. തിന്നും കുടിച്ചും ഭോഗിച്ചും അവന്‍ സൃഷടിച്ചതാണ് ചരിത്രം എന്ന് എക്കാലവും ‘അവന്‍’ പറയുന്നു.

ചതുപ്പില്‍ ഉയരുന്ന വെറി പൂണ്ട പുരുഷപര്‍വ്വതിലാണ് ഈ മഹിഷകാണ്ഡത്തിന്റെ അന്ത്യം. നിസ്സഹായമായ രണ്ട് കണ്ണുകള്‍ കാട്ടില്‍ തെളിയുന്നുണ്ട്. ആ കണ്ണിന് അനുതാപമാണവശ്യം. പക്ഷെ ഇവിടം ഹിംസയുടെ മൊത്ത വിപണനകേന്ദ്രമാണ്. ആള്‍ക്കൂട്ടം ലിജോയുടെ പടങ്ങളിലെല്ലാം കാണാം. അത് കൂട്ടം മനുഷ്യരെയാണ് ആവിഷ്കരിക്കാന്‍ ശ്രമിക്കുന്നത്.ആള്‍ക്കൂട്ടത്തിന്റെ അബോധമാണ് താത്പര്യം. ‘ഈ മ യൗ വിന്റെ ഭദ്രപ്രകൃതി ഇവിടെ കാണാന്‍ കഴിയില്ല. ഇവിടെ ശിഥിലമാണെല്ലാം. ആള്‍ക്കൂട്ടത്തിന്റെ ചിതറലാണ് ചിത്രം. ദൃശ്യവിന്യാസത്തിലും കാണാം. ഗിരീഷ് ഗംഗാധാരന്റെ ഛായാഗ്രഹണമികവ് എടുത്ത് പറയേണ്ടതാണ്. സൂക്ഷ്മശബ്ദങ്ങള്‍ പോലും ശബ്ദമിശ്രണത്തിലൂടെ അനുഭവിപ്പിക്കുന്നു. വന്യമായ പ്രകൃതിയേയും മനുഷ്യനെയും അത് ചേര്‍ത്ത് വായിക്കുന്നു. വാലറ്റമില്ലെങ്കിലും ചിത്രം സംവേദനക്ഷമമാണ്. കാലത്തിന്റെ അവതരണവും, പശ്ചാത്തലത്തിലുള്ള ഘടികാരശബ്ദവും, തുടരുന്ന ഓട്ടവും മനുഷ്യവംശത്തിന്റെ ഇതിഹാസം സൃഷ്ടിക്കാനുള്ള അഭിലാഷത്തിന്റെ ഭാഗമാണ്. ഇരുട്ടില്‍ തിളങ്ങുന്ന കണ്ണുകളും ഉയര്‍ന്ന് പൊങ്ങുന്ന വാരികുന്തവും പന്തവും കട്ട പിടിച്ച ഇരുട്ടും ഇരമ്പുന്ന ആള്‍ക്കൂട്ടവും ചേര്‍ന്ന് സൃഷ്ടിക്കുന്ന ദൃശ്യപ്രകൃതിയാണ് ജല്ലിക്കെട്ട്. അത് പുരുഷകാമനയുടെ ആഘോഷമാണ്.

Comments

You may also like