നിന്നെ മാത്രം കാണുന്ന
കാലമുണ്ട്.
ആകാശത്തിൽ
അനേക നക്ഷത്രങ്ങൾക്കിടയിൽ
ഒന്നിൻ്റെ മാത്രം പ്രകാശം
തേടി വരും പോലെ
ഓളങ്ങളിൽ ഒരല
നീന്തിയടുത്തേക്ക് വരും പോലെ
ഹൃദയം ഇടയ്ക്കൊരു മാത്ര
നെഞ്ചിൽ കുത്തും പോലെ
നിർജീവ നാഡിയിൽ
ഒഴുകാൻ ഒരു രക്ത നദി
ചൂടുപിടിക്കും പോലെ
നീ വരാൻ കാത്തുനിന്ന സന്ധ്യകൾ
ഇരുണ്ടു പോയ കാലമെപ്പോൾ
തെളിയുമെന്ന്
പരിഭവിക്കും പോലെ
എക്കാലത്തും പൂക്കുന്ന ഒരു വസന്തം
ചില്ലയൊരുക്കും പോലെ
നാമൊന്നിച്ചൊഴുകിയിട്ടും
കലർന്നില്ലല്ലോ എന്ന്
ജലജീവികൾ ഓർമ്മിപ്പിക്കും പോലെ
നിന്നിൽ കലരാൻ
ശ്വാസം പോലെ
ജീവൻ വിചാരപ്പെടും പോലെ
നിലാവിനാൽ തിടം വച്ച
പ്രണയം
ഒരേകാന്ത വഴിയിൽ
നിഴലിനോട്
രഹസ്യം പറഞ്ഞ പേര്
നിൻ്റെയല്ലാതെ മാറ്റാരുടേത്!

