പൂമുഖം EDITORIAL ഇന്ത്യൻ രാഷ്ട്രീയത്തിന്റെ സാമൂഹ്യധാർമികത: 2019 നപ്പുറം

രാജ്യം നിർണ്ണായകമായ ഒരു തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന വേളയിൽ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, രാഷ്ട്രീയ നിരീക്ഷകർ, സ്വതന്ത്ര ചിന്തകർ എന്നിവരെ ഉൾപ്പെടുത്തി മലയാള നാട് തയ്യാറാക്കിയ ലേഖന പരമ്പര തുടരുന്നു. : ഇന്ത്യൻ രാഷ്ട്രീയത്തിന്റെ സാമൂഹ്യധാർമികത: 2019 നപ്പുറം

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

 

രു കാരണവശാലും ബി ജെ പി യുടെ നേതൃത്വത്തിലുള്ള 36 പാർട്ടി അംഗ ഭീമൻ സഖ്യത്തിന്  ജയിക്കാൻ കഴിയാത്ത ഒരു തിരഞ്ഞെടുപ്പ് അവരെക്കൊണ്ടു ജയിപ്പിച്ചേക്കാം എന്നതാണ് പ്രതിപക്ഷപാർട്ടികളുടെ ഏറ്റവും വലിയ വീഴ്ചയായി എനിക്ക് തോന്നുന്നത്.

ഇതിന് പല കാരണങ്ങൾ പറയാം: സഖ്യകക്ഷികളെ ഉണ്ടാക്കുന്നതിലും തിരഞ്ഞെടുപ്പ് തന്ത്രം മെനയുന്നതിലും കാണിച്ച അലംഭാവം, നേതാക്കളെ പോകട്ടെ- എന്തിനു വേണ്ടി, എന്തുകൊണ്ട്, എങ്ങിനെ പ്രവർത്തിക്കും എന്ന കാര്യത്തിൽ ഒരു പദ്ധതി അവതരിപ്പിക്കുന്നതിൽ ഉണ്ടായ കുറ്റകരമായ വീഴ്ച, അഴിമതിക്കാരും സ്വാർത്ഥികളുമായ നേതാക്കൾ പ്രലോഭനങ്ങൾക്കു വഴങ്ങി മറുഭാഗത്തേക്കു പോവുന്നത്, കോർപ്പറേറ്റ് മീഡിയ വാണിജ്യതാല്പര്യങ്ങൾക്കനുസരിച്ചുണ്ടാക്കുന്ന ചർച്ചകളിൽ നിന്ന് ജീവിതപ്രശ്നങ്ങളിലേക്ക് ശ്രദ്ധ കൊണ്ടുപോകുന്നതിൽ കാണിച്ച മിടുക്കില്ലായ്മ അങ്ങിനെ പലതും. ബി ജെ പി യുടെ ഭീമൻ സഖ്യത്തെ എതിർക്കുന്നതിൽ, ഒരുമിച്ചു വരുന്നതിൽ കാണിച്ച ശ്രദ്ധക്കുറവും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.

ഇവിടെ 2014 മെയിലെ രാഷ്ട്രീയ കാലാവസ്ഥ ഓർക്കുന്നത് നന്നാവും. 2004 മുതൽ 2014 വരെ കോൺഗ്രസ് തുടർന്നതുപോലെ  2014 ലെ ഭൂരിപക്ഷം നോക്കുമ്പോൾ 2019 ലും ബി ജെ പി മൃഗീയ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരും എന്നാണ് പൊതുവെ വിശ്വസിക്കപ്പെട്ടിരുന്നത്. എല്ലാ ഘടകങ്ങളും ബി ജെ പിക്കനുകൂലവുമായിരുന്നു (അന്താരാഷ്ട്ര പെട്രോൾ വിലയിൽ ഉണ്ടായ ഭീമമായ കുറവ്, ഭാഗ്യം, ബി ജെ പി യെ ദത്തെടുത്തിരിക്കുന്നു എന്ന് തോന്നിക്കുകയും ചെയ്തു). മറുഭാഗത്ത് ഇനി ബി ജെ പിയുടെ തേർവാഴ്ചയുടെയും ഹിന്ദുനാഗരികമധ്യവർഗത്തിന്റെ കുതിച്ചുചാട്ടത്തിന്റെയും അടിച്ചമർത്തലിന്റെയും ദിനങ്ങളാണെന്നും ഉള്ള ഭീതി നന്നായി വളരുകയും ചെയ്തു.

പക്ഷെ, ഇന്ന് നോക്കുമ്പോൾ,  ഏറ്റവും കോർപ്പറേറ്റ് പിന്തുണയുള്ള ബി ജെ പിയുടെ മുഖമായ  നരേന്ദ്ര മോഡിയോ ബി ജെ പി യുടെ മസ്തിഷ്‌കമായ, അമിത് ഷായോ ഇനി എന്ത് സംഭവിച്ചാലും ജയിക്കും എന്ന ആത്മവിശ്വാസം ഉള്ളവരല്ല. ആയിരുന്നെങ്കിൽ ഇത്രയധികം പാർട്ടികളെ ഒരുമിച്ചു കൊണ്ട് വന്ന്  ഒരു സഖ്യം അവർക്ക്  ആവശ്യമുണ്ടാവുമായിരുന്നില്ല.

പക്ഷെ ഈ മാറ്റത്തിൽ പ്രതിപക്ഷകക്ഷികൾക്ക് എത്ര കുറച്ചേ അവകാശപ്പെടാനുള്ളൂ എന്നതാണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം.

ഉദാഹരണത്തിന് നോട്ടുറദ്ദാക്കൽ തന്നെയെടുക്കാം. മൂന്നു ലക്ഷം കോടിയോളം രൂപയുടെ കള്ളപ്പണം മടങ്ങിവരില്ലെന്നും ഈ തുക കള്ളനോട്ടും അതുപയോഗിച്ചു നടത്തുന്ന തീവ്രവാദവും അവസാനിപ്പിക്കുമെന്നും പറഞ്ഞു തുടങ്ങിയ പരിപാടി രാഷ്ട്രീയമായി ഉപകാരപ്രദമാവാമെന്ന് തോന്നിയെങ്കിലും പ്രഖ്യാപിച്ച അന്ന് തന്നെ അധാർമികമാണെന്നും  നിയമവിരുദ്ധമാണെന്നും രാജ്യത്തിലെ സ്ഥാപനങ്ങളെ തകർക്കുന്നതാണെന്നും എല്ലാവർക്കും അറിയാമായിരുന്നു. ഇത് ജനങ്ങളിലേക്കെത്തിക്കാൻ ഒരു ബഹുജന പ്രക്ഷോഭം ഉണ്ടാക്കാൻ ഒരു പ്രതിപക്ഷ പാർട്ടിക്കും സാധിച്ചില്ല.

തിരിച്ചെത്തില്ലെന്ന് പറഞ്ഞ കള്ളപ്പണമൊക്കെ തിരിച്ചെത്തിയിട്ടും ഖജനാവിന് വലിയ നഷ്ടമുണ്ടാക്കിയ, ഒരുപാട് പേരുടെ ജോലിയും ജീവനും സാമ്പത്തിക ഭദ്രതയും കളഞ്ഞ, സമ്പദ് വ്യവസ്ഥയുടെയും ഇന്ത്യൻ നോട്ടിന്റെയും വിശ്വാസ്യത ഇല്ലാതാക്കിയ (ഇന്ത്യൻ രൂപ ക്രയവിക്രയങ്ങൾക്കു ഉപയോഗിച്ചിരുന്ന നേപ്പാൾ പുതിയ 2000, 500 നോട്ടുകൾ അംഗീകരിച്ചിട്ടേ ഇല്ലെന്നു കുറച്ചു മുമ്പ് കാട്ട്മണ്ഡുവിൽ പോയപ്പോഴാണ് മനസ്സിലായത്) ഈ തീരുമാനത്തിന്റെ കണക്കുകൾ ജനങ്ങളിലെത്തിയത് റിസർവ് ബാങ്കിന്റെ വാർഷികറിപ്പോർട്ടുകളിലൂടെയാണ്; ഒരു രാഷ്ട്രീയ ഇടപെടലിലൂടെയുമല്ല. നോട്ടുറദ്ദാക്കൽ ശരിയാണോ തെറ്റാണോ എന്ന് ചോദിച്ചാൽ ആളുകൾക്ക് വ്യക്തത കൊടുക്കാനുള്ള രാഷ്ട്രീയവിദ്യാഭ്യാസം കൊടുക്കുന്ന പണി പോലും ഇന്നും പ്രതിപക്ഷം എടുത്തിട്ടില്ല. ഒരു പ്രധാനമന്ത്രിയെ ഇമ്പീച്ചു ചെയ്യാൻ മാത്രം അബദ്ധമായ ഒരു തീരുമാനമായിരുന്നു നോട്ടുറദ്ദാക്കൽ. ഒന്നും ചെയ്യാൻ ഈ നാട്ടിലെ പ്രതിപക്ഷത്തിന് കഴിഞ്ഞില്ല. ജനങ്ങളോടുള്ള ആ കണക്ട് ഇവർക്ക് നഷ്ടപ്പെട്ടു എന്ന് സാരം.

എന്നാലും തങ്ങളോരോരുത്തരുടെയും ദൈനംദിനജീവിതം ദുസ്സഹമായ ദിവസം നവംബർ 8 ആണെന്ന് ജനങ്ങൾക്കറിയാം. പെട്രോൾ വിലയിലും ജി എസ് ടി യിലും നടന്ന കെടുകാര്യസ്ഥത, അദാനി-അംബാനി താല്പര്യസംരക്ഷണ സമിതിയായി മാറിയ സർക്കാരിന്റെ രീതികൾ, രാജ്യത്തിൻറെ സാമൂഹികാന്തരീക്ഷത്തിന് വന്ന മുറിവുകൾ അങ്ങിനെ പലതും ജീവിതയാഥാർഥ്യങ്ങളായി മുമ്പിലുണ്ട്. അവർ തിരിച്ചു കുത്തിയേക്കാം. നരേന്ദ്രമോഡിക്കു പ്രതിപക്ഷമേ ഉണ്ടായിരുന്നില്ല. സ്വന്തമായി ചെയ്ത അബദ്ധങ്ങൾ കൊണ്ട് മാത്രമാണ് മോദിയുടെ തിരിച്ചു വരവിനെപ്പറ്റി ഇപ്പോൾ ആശയക്കുഴപ്പം ബാക്കിയുള്ളത്.

ഇന്ത്യ എന്ന ആശയം എന്താണെന്നോ ഈ രാജ്യത്തിന്റെ മഹത്തായ വൈവിധ്യങ്ങളെ എങ്ങിനെ കൊണ്ടുനടക്കണമെന്നോ ഇപ്പോഴത്തെ ഭരണകക്ഷിക്കാർക്കറിയില്ല എന്നത് സമ്മതിച്ചാൽ തന്നെ പ്രതിപക്ഷത്തിന്റെ ദൗർബല്യങ്ങൾ മനസ്സിലാക്കുന്നതിൽ മോഡി-ഷാ ടീം ഏറെ മുന്നിലാണെന്നത് കാണാതെ പോവരുത്. ഇന്ത്യയിലെ രാഷ്ട്രീയാശയങ്ങളുടെ ധാർമികശക്തി അഴിമതിയും അക്രമസംഭവങ്ങളും കുടുംബവാഴ്ചയും ചേർന്ന് ചോർത്തിക്കളഞ്ഞപ്പോൾ ആ നിരാശയുടെ അന്തരീക്ഷത്തിലേക്ക് അവതരിപ്പിക്കപ്പെട്ട അമാനുഷപ്രതീതി ആയിരുന്നു 2014 ലെ നരേന്ദ്ര മോഡി- 2019 ൽ അതു പ്രതിപക്ഷത്തിന്റെയും സിവിൽ സൊസൈറ്റിയുടെയും മടിയുടെയും അലംഭാവത്തിന്റെയും ഭാവനാശൂന്യതയുടെയും ചെലവിൽ മാത്രം ഒരു എക്സ്റ്റൻഷൻ പ്രതീക്ഷിക്കുകയാണ്. അതവർക്ക് കിട്ടുകയാണെങ്കിൽ ഇന്ത്യയിലെ ജനങ്ങളെ പഴിക്കരുത്. അവരുടെ നിവൃത്തിയില്ലായ്മ അത്ര ക്രൂരമാണ് എന്ന് മാത്രം മനസ്സിലാക്കുക.

മോഡിയെ കാണിച്ച്  ഭീതി പടർത്തുന്നതിനു പകരം നീതിയിലും തുല്യതയിലും അധിഷ്ഠിതമായ ഒരു സാമൂഹികവികസന പദ്ധതി അവതരിപ്പിക്കാനും അതിനു വേണ്ടി പ്രവർത്തിക്കാനും ഇപ്പറയുന്ന മോഡി വിരുദ്ധരൊക്കെ എന്താണ് ചെയ്തത്? ഭരണഘടനയെ പ്രതിരോധിക്കാനാണത്രെ എല്ലാവരും ഇറങ്ങിപ്പുറപ്പെട്ടിട്ടുള്ളത്. ഇന്ത്യൻ ഭരണഘടന, ഇന്ത്യൻ ജനതയെക്കാൾ എത്ര മുമ്പിലുള്ള ഒരു സംഗതിയാണ്. നാം അവിടെയെത്താൻ, ഇല്ലാത്തവർക്ക്, അകറ്റി നിർത്തപ്പെടുന്നവർക്ക്, സംശയിക്കപ്പെടുന്നവർക്ക്, ചൂഷണം ചെയ്യപ്പെടുന്നവർക്ക്, ക്രൂരത അനുഭവിക്കേണ്ടി വരുന്നവർക്ക്, ഭരണഘടനയുടെ ദർശനത്തെ അനുഭവമാക്കി മാറ്റാൻ എന്തെങ്കിലും ചെയ്യണമെന്നു ആലോചിക്കുക കൂടി ചെയ്യാത്തവർ ഭരണഘടനാ സംരക്ഷകരാകുന്നതിൽ ആളുകൾക്ക് വിശ്വാസം തോന്നുന്നില്ലെങ്കിൽ അവരെ കുറ്റം പറയരുത്. ഭരണഘടനയെ പ്രതിരോധിക്കാനല്ല; സാക്ഷാത്കരിക്കാനാണ് നാം ശ്രമിക്കേണ്ടത്.

ഗോരക്ഷകരുടെ കൊലപാതകങ്ങൾ ഇന്ത്യൻ ഭരണകൂടസ്ഥാപനങ്ങളെ പരിഹാസ്യ മാക്കിയെങ്കിൽ, അവയ്ക്ക് ചുറ്റുമുണ്ടായിരുന്ന ഭീതിയുടെയും വെറുപ്പിന്റെയും അന്തരീക്ഷം തകർക്കുന്നത് നമ്മുടെ ഗ്രാമങ്ങളെയും നാമെന്ന ഒരു വിധി പങ്കിടുന്ന ജനതയെയുമാണെന്നു മനസ്സിലാക്കി, ആ കൊലപാതകത്തിന്റെ മണ്ണിൽ തന്നെ ആളുകളെ ഒരുമിപ്പിച്ച്, ഒരു മുന്നേറ്റത്തിന് നേതൃത്വം കൊടുക്കാൻ ബി ജെ പി വിരുദ്ധ രാഷ്ട്രീയക്കാർ ആലോചിച്ചതിനെങ്കിലും ഒരു തെളിവും നാം കേട്ടിട്ടില്ല. അതുണ്ടാവേണ്ടതായിരുന്നു. (ഫേസ്ബുക്കിലും നഗരഹൃദയങ്ങളിലും മാത്രമല്ല, കൊലനടക്കുന്ന സ്ഥലങ്ങളിൽ.) രാഷ്ട്രീയത്തിന്റെ സാമൂഹികാടിത്തറയെ ഇത്രയും അശ്രദ്ധമായിക്കാണാൻ ഈ ബി ജെ പി വിരുദ്ധരെ പ്രേരിപ്പിക്കുന്നത്, രാഷ്ട്രീയം, പാർട്ടിയുണ്ടാക്കി അധികാരം പിടിച്ചെടുക്കാനുള്ള എന്തോ ഏർപ്പാടാണെന്ന ധാരണയാണ്. ഒരാളെകൊണ്ടു ശരിയാവുന്നതും തെറ്റാവുന്നതുമല്ല എല്ലാം എന്ന ചരിത്രബോധം തന്നെ കാണാനില്ല. രാഷ്ട്രീയാധികാരത്തെ എല്ലാത്തിന്റെയും അടിസ്ഥാനകാരണമായിക്കാണുന്ന(exhaustive causality)തിനെ സ്റ്റാലിനിസത്തിന്റെ ഏറ്റവും വലിയ അപകടമായി മാർക്സിസ്റ്റ് ചിന്തകനായ അൽത്തൂസർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇത് ഇന്ത്യൻ രാഷ്ട്രീയരംഗത്തെ എല്ലാവരുടെയും ഒരു പൊതു പ്രശ്നമാണെന്ന് തോന്നുന്നു.

പലപ്പോഴും ബി ജെ പിയുടെ ക്യാമ്പെയ്‌നിലെ വൈരുധ്യങ്ങളെയോ കാപട്യങ്ങളെയോ തുറന്നു കാണിക്കാൻ, ഉള്ള സമയം മുഴുവൻ ചിലവാക്കി പ്രതിപക്ഷം. ഇതിൽ കുറെ ഭാഗം വായിക്കാനും കേൾക്കാനും രസമുള്ള ട്രോളുകളും ആയിരുന്നു (ഉപരിപ്ലവമായി സമാധാനം തന്നുവെങ്കിലും, ഈ തമാശകൾ തോൽവിയെ അംഗീകരിക്കുക കൂടി ആയിരുന്നില്ലേ? മറ്റൊന്നും ചെയ്യാനാവാത്തപ്പോൾ ചിരിച്ചു തള്ളുക!). എന്നാൽ ഈ നർമ്മം രണ്ട്  അപകടങ്ങൾ ചെയ്തു. ഒന്ന്, ബി ജെ പിയുടെ അജണ്ടയിൽ ചർച്ചകളെ നിലനിർത്തി. രണ്ട് , ക്യാമ്പ് തിരിഞ്ഞുള്ള ട്രോളിങ്ങിൽ ജനാധിപത്യ സംസ്കാരം, ചർച്ചകൾ, വ്യത്യസ്തതകൾ വെളിപ്പെടാൻ മാത്രമല്ല സാമാന്യതകൾ മനസ്സിലാക്കാൻ കൂടി ആണെന്നുള്ള അടിസ്ഥാനപ്രമാണം, തീർത്തും അനാഥമാക്കപ്പെട്ടു.

താൻ പ്രധാനമന്ത്രി ആയാൽ എല്ലാവരുടെ അക്കൗണ്ടിലും ഇട്ടുകൊടുക്കാമെന്ന്  മോഡി പറഞ്ഞ 15 ലക്ഷം ആർക്കും കിട്ടിയില്ല എന്ന പ്രചാരണത്തിൽ പല പ്രശ്നങ്ങളുണ്ട് : ആരും, ഒരിക്കലും  വിശ്വസിച്ചിട്ടില്ലാത്ത വർത്തമാനമാണത്. വെറുതെ അക്കൗണ്ടിൽ പണമിട്ടു തരാം എന്നാര്  പറഞ്ഞാലും അദ്ധ്വാനിക്കാത്ത പണം എനിക്ക് വേണ്ട എന്ന് പറയുകയാണ്, പറയാൻ പ്രേരിപ്പിക്കുകയാണ്, ശരിയായ രാഷ്ട്രീയ സംസ്കാരം. ജനങ്ങളെ സുഖിപ്പിക്കലും പേടിപ്പിക്കലുമല്ല രാഷ്ട്രീയ നേതൃത്വത്തിന്റെ ജോലി. അത് നരേന്ദ്രമോദി ചെയ്തെങ്കിൽ ആ തെറ്റായ അജണ്ടയെ തള്ളിക്കളയുകയായിരുന്നു വേണ്ടത്. അത്തരം ഒരു വില, ബഹുമാനം, ഉത്തരവാദിത്വബോധം ഇവിടെ ഉണ്ടായില്ല എന്നതാണ് വിഷമിപ്പിക്കേണ്ട കാര്യം. അത് ബി ജെ പി സഖ്യം തോറ്റത് കൊണ്ട് ഉണ്ടാവുകയുമില്ല.

ഫാസിസത്തിന്റെ കരാള ഹസ്തങ്ങളെക്കുറിച്ചു നിർത്താതെ പോസ്ടിട്ടുകൊണ്ടിരിക്കുന്നവ രൊക്കെ സ്വന്തം പാർട്ടിയുടെ താൽപര്യങ്ങൾക്കു പുറത്തു ആലോചിക്കാൻ പോലും കഴിയാത്തവരാണെന്നതിന്  മലയാളം ഫേസ്ബുക് നല്ല തെളിവാണ്. കേരളത്തിലേത് പോലെ ചർവിതചർവണങ്ങളുടെ ഘോഷയാത്ര നടക്കുന്ന, പൊതുമണ്ഡലത്തിൽ ശത്രുവിനെ ഉപയോഗിച്ച് സ്വന്തം താല്പര്യങ്ങളും ദൗർബല്യങ്ങളും മൂടിവെക്കുന്നവർ, ബി ജെ പിയുടെ മാതൃക ഉപയോഗിച്ച് തന്നെ പ്രവർത്തിക്കുന്നവരാണ്. തങ്ങൾ എന്തിനെതിരെ പ്രവർത്തിക്കുന്നു എന്നല്ല എന്തിനു വേണ്ടി പ്രവർത്തിക്കുന്നു എന്ന് പറയാൻ ഒരു കൃത്യമായ ധാരണയുള്ളവർ എത്ര പേരുണ്ടിവിടെ എന്ന് ഒരാത്മപരിശോധന നമുക്ക് നല്ലതാണ്. ഭാവിയെക്കുറിച്ച് ഒരു ദർശനം ഉള്ളവർക്കല്ലേ കാഴ്ചപ്പാടുണ്ടാകൂ.

സാമൂഹ്യബോധ്യമുള്ള, ധാർമ്മികതയിലൂന്നിയ ഒരു രാഷ്ട്രീയനീക്കവും ഉണ്ടായില്ല എന്ന് പറഞ്ഞാൽ അത് സിനിക്കൽ മാത്രമല്ല, വാസ്തവവിരുദ്ധവും ആയിപ്പോകും. നാല് വിഭാഗങ്ങളുടെ ഗംഭീരമായ രാഷ്ട്രീയ ഉണർച്ച നാം കണ്ടിട്ടുണ്ട്: ദളിത്, വിദ്യാർത്ഥി, കർഷക, സ്ത്രീ മുന്നേറ്റങ്ങളാണവ. രോഹിത് വെമുല, പൂനെ എഫ് ടി ഐ ഐ സമരം, ജെ എൻ യു പ്രസ്ഥാനം, കനയ്യ കുമാർ, ഡൽഹി യൂണിവേഴ്സിറ്റി പ്രതിരോധം, ജിഗ്നേഷ് മേവാനിയുടെ നേതൃത്വത്തിലെ ഉന പ്രതിഷേധം, കർഷക മുന്നേറ്റങ്ങൾ, ഇന്ത്യൻ നഗരങ്ങളിലെ സ്ത്രീ അവബോധം, തൊഴിലവസരം സൃഷ്ടിക്കാത്ത സാമ്പത്തികവികസനത്തിനെതിരെ ഹാർദിക് പട്ടേലിന്റെ നേതൃത്വത്തിൽ നടന്ന പട്ടേൽ പ്രക്ഷോഭങ്ങൾ എന്നിവ തീർച്ചയായും ജാതിയിൽ നിന്നും പുരുഷാധിപത്യത്തിൽ നിന്നും മുതലാളിത്തത്തിൽ നിന്നും അധികാരദുർവിനിയോഗത്തിന്റെ പിതൃരൂപങ്ങളിൽ നിന്നും സ്വാതന്ത്ര്യം തേടിയുള്ള ഗംഭീരകാൽവെയ്പുകളായിരുന്നു. ഡൽഹിയിലെ ആം ആദ്മി പാർട്ടിയുടെ വിജയത്തിന്റെയും രാജസ്ഥാനിലേയും ഗുജറാത്തിലേയും മധ്യപ്രദേശിലേയും  കോൺഗ്രസിന്റെ ഉണർവിനും പിന്നിൽ യുവാക്കളുടെ പങ്ക്  ശ്രദ്ധിക്കപ്പെടേണ്ടതാണ്. ഉത്തരേന്ത്യൻ നഗരങ്ങളിലെ രാഷ്ട്രീയത്തിന്റെ സാമാന്യബോധം മാറ്റുന്നതിൽ യുവസ്ത്രീകളുടെ ശ്രമങ്ങളും വളരെ ഫലപ്രദമായിട്ടുണ്ട്. അംബേദ്കറുടെ സാമൂഹ്യസ്വാതന്ത്ര്യമെന്ന ആശയവും അതിൽ പടുത്തുയർത്തേണ്ട ഭരണഘടനാ ദേശീയതയും നമ്മുടെ കാലത്തു തലകാണിച്ചത് ഇവരിലൂടെയാണ്.

ഈ യുവ-ദളിത്- സ്ത്രീ-കർഷക സാമൂഹ്യമുന്നേറ്റങ്ങളുടെ രാഷ്ട്രീയഉള്ളടക്കത്തെ സ്വംശീകരിച്ചു അവയ്ക്ക് സംഘടനാരൂപം നൽകുന്നതിന് നമ്മുടെ രാഷ്ട്രീയ പാർട്ടികൾ എത്രത്തോളം ശ്രമിച്ചില്ല എന്നതിന് ഇന്ന് നടക്കുന്ന രാഷ്ട്രീയ ചർച്ചകളുടെ പഴമ തന്നെ തെളിവാണ്. അങ്ങിനെ ഒരു പണി ബി ജെ പി സഖ്യം ജയിച്ചാലും തോറ്റാലും നമുക്ക് ബാക്കിയുണ്ട് എന്ന് നാം നമ്മെ ഓർമ്മിപ്പിക്കുക തന്നെ വേണം. ഒരടിയെങ്കിൽ ഒരടി മുന്നോട്ടു വെച്ച് ഇന്ത്യയെന്ന വാഗ്ദാനത്തിലേക്കു പോകേണ്ട ഒരു യാത്രയാണത്.

ഭരണഘടനാദേശീയതയെന്ന ആദർശം, മതപരമായ ദേശീയതക്കും ഭൂരിപക്ഷതാവാദങ്ങൾക്കും എതിരെയുള്ള സഖ്യങ്ങൾക്ക്  തിരഞ്ഞെടുപ്പ് സൗകര്യങ്ങൾക്കപ്പുറം ഒരു പ്രത്യയശാസ്ത്ര അടിത്തറ കൂടി ഉണ്ടാക്കും. ഹിന്ദി- ഹിന്ദു-ഹിന്ദുസ്ഥാൻ ആശയക്കാരുടെ സങ്കുചിതത്വങ്ങൾകൊണ്ട് ഉണർന്നെണീക്കാൻ പോവുന്ന വ്യത്യസ്ത പ്രാദേശിക ദേശീയതകളെ ഇന്ത്യൻ റിപ്പബ്ളിക്കിന്റെ ദർശനത്തിൽ നിർമാണാത്മകമായി ഒരുമിച്ചുകൊണ്ടുവരാനും ഇത്തരമൊരു ആശയം ആവശ്യമാണ്. മതഫാസിസത്തെ മാത്രമല്ല; സാമൂഹ്യഫാസിസത്തെയും ജനാധിപത്യ സ്ഥാപനങ്ങളെ നശിപ്പിക്കുന്ന അഴിമതിയെയും സ്വജനപക്ഷപാതത്തെയും കൂടി അഭിമുഖീകരിക്കാനുള്ള ശേഷി ഉണ്ട് എന്നതാണ് ഭരണഘടനാദേശീയതയുടെ ധാർമികമായ സാധ്യത. കോൺഗ്രസിന്റെ ദേശീയതാധാരയും ഇടതുപക്ഷത്തിന്റെ ആഗോളതൊഴിലാളിവർഗ്ഗത്തിൽ അധിഷ്ഠിതമായ ഭാഷയും മണ്ഡൽ രാഷ്ട്രീയ ചർച്ചയും രാഷ്ട്രീയസിദ്ധാന്തങ്ങൾ എന്ന നിലക്ക് ബാങ്ക്റപ്റ്റ് ആയിക്കഴിഞ്ഞ സ്ഥിതിക്ക് നമുക്കാവശ്യം constitutional nationalism പോലുള്ള ഒരു ഏകീകരണസിദ്ധാന്തമാണ്.

കോൺഗ്രസ്സ്‌ ഈ തിരഞ്ഞെടുപ്പിൽ 2024 ലേക്ക് സ്വന്തം സംഘടനയുടെ അടിത്തറയെ പുനരുജ്ജീവിപ്പിക്കാനാണ് കൂടുതൽ ശ്രദ്ധ കൊടുക്കുന്നത് എന്നൊരു വിമർശനം ചില രാഷ്ട്രീയനിരീക്ഷകരും പത്രക്കാരും ഉന്നയിച്ചു കണ്ടു. സാമൂഹ്യബോധത്തോടെയുള്ള ഒരു പുനഃസംഘാടനമാണ് ഉദ്ദേശിക്കുന്നതെങ്കിൽ അതൊരു മോശം കാര്യമേ അല്ല എന്നാണ് എന്റെ പക്ഷം. ഈ സംഘടനാതല പ്രവർത്തനം തിരഞ്ഞെടുപ്പിനപ്പുറം രാഷ്ട്രീയമുണ്ടെന്ന അടിസ്ഥാനസംഗതി ജനമനസ്സിലേക്കു കൊണ്ടുവരും. അതിനു ഇക്കുറി ബി ജെ പി സഖ്യം ജയിച്ചാൽ ഇനി തിരഞ്ഞെടുപ്പേ ഉണ്ടാവില്ല എന്ന് പറയുന്ന ചില ബി ജെ പിക്കാരും ബി ജെ പി വിരുദ്ധരും തിരഞ്ഞെടുപ്പിൽ ജനാധിപത്യം തുടങ്ങുകയും അവസാനിക്കുകയും ചെയ്യും എന്ന് വിശ്വാസമുള്ളവരാണ്. ഗ്രൗണ്ടിൽ ആളുകളോട് സംസാരിച്ചാൽ അറിയാം അവർ അതിനൊന്നും സമ്മതിക്കാൻ പോവുന്നില്ലെന്ന്. മോഡി ഹിറ്റ്ലറുടെ പാതയിൽ നടക്കാൻ ഇഷ്ടമുള്ള ആളാണെന്ന്  അരവിന്ദ് കെജ്‌രിവാൾ പറയുന്നതിൽ ശരിയുണ്ടാവാമെങ്കിലും 1930 കളിലെ ജർമനിയിലേത്  പോലെ സാമ്പത്തികമായോ ഭാഷാപരമായോ വിശ്വാസപരമായോ യാതൊരു ഏകതയുമില്ലാത്ത ഇന്ത്യയിൽ അതൊന്നും എളുപ്പവുമല്ല. സ്റ്റേറ്റിന്റെ കൈകൾ ശക്തമാക്കിയല്ല; തീർത്തും ദുർബലമാക്കിയാണ് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഭൂരിപക്ഷതാവാദം പ്രവർത്തിക്കുന്നത്. അതിനെതിരായ പ്രതിരോധം സാമൂഹ്യമായേ തീരൂ. അത്തരം ബഹുജനമുന്നേറ്റങ്ങൾ വിജയിക്കുകയും ചെയ്യും.

തികച്ചും പ്രായോഗികമായിപറഞ്ഞാൽ ബി ജെ പി ക്ക്  170 ഉം കോൺഗ്രസിന് 120 ഉം സീറ്റുകളാണ് ഇപ്പോഴത്തെ അവസ്ഥ അനുസരിച്ചു കിട്ടാവുന്നത് (ഇത് പ്രാദേശികസഖ്യങ്ങളുടെ കൂടി പിന്തുണ കൊണ്ട് കിട്ടുന്നതാണ് എന്നും ഓർക്കണം). സീറ്റായിത്തന്നെ 40 ശതമാനത്തോളം ബാക്കി കിടക്കുന്നു. ബി ജെ പിയുടെ ഏകശിലാപരമായ ഹിന്ദുത്വപദ്ധതി പല നിലക്കും ഇപ്പറയുന്ന അവരുടെ സഖ്യകക്ഷികൾക്ക് തന്നെ ജോലിയാവാൻ മാത്രം വൈരുധ്യങ്ങൾ ഇവിടെയുണ്ട് (ആസാമിൽ ബംഗ്ലാദേശി ഹിന്ദുക്കൾക്ക് മാത്രം പൗരത്വം കൊടുക്കുന്ന സിറ്റിസൺ അമെൻഡ്മെന്റ് ബിൽ എങ്ങിനെ എതിർത്ത് തോൽപ്പിക്കപ്പെട്ടു എന്ന് ഓർക്കുക). 2004 ലും 2009 ലും കൊടുത്തപോലെ പ്രാദേശികതക്കും ജാതി അധിഷ്ഠിത പാർട്ടികൾക്കും നേതൃത്വം കൊടുക്കാൻ കോൺഗ്രസ് ദേശീയതയ്ക്ക് ശേഷി ഇല്ല; അവർക്കു വേണ്ടിവന്നാൽ പിന്തുണ കൊടുക്കാമെന്നു മാത്രം. രണ്ടു സ്ഥിതിയിലും ബിജെപി മാധ്യമങ്ങൾ കഷ്ടപ്പെട്ടുണ്ടാക്കിയ,  കോൺഗ്രസ്സുകാർ പോയി വീണുകൊടുത്ത മോഡി vs രാഹുൽ കഥ, ഒരു കഥ മാത്രമാണെന്ന് ചുരുക്കം. ഇനി ഇവിടെ ഉണ്ടാകാവുന്ന ഏക സർപ്രൈസ് എസ് പി -ബി എസ് പി സഖ്യം ഉത്തർ പ്രദേശിലും ലാലുവിന്റെ പുതിയ ബഹുജൻ-ദളിത്-മുസ്ലിം സഖ്യം ബീഹാറിലും   ഫലപ്രദമായില്ലെങ്കിലാണ്. അപ്പോൾപ്പിന്നെ നേരത്തെ പറഞ്ഞ രാഷ്ട്രീയ സംസ്കാര സൃഷ്ടി കൂടുതൽ ജോലി ഉള്ളതാവും.

ഇതൊന്നും, 2019 ൽ ബി ജെ പി സഖ്യം അധികാരത്തിൽ വന്നാലും ഒരു പ്രശ്നവുമില്ല എന്നു പറയാൻ പറഞ്ഞതല്ല. ഉണ്ട്. അഞ്ചുവർഷം കൊണ്ട് തന്നെ ഒരു മുഴുവൻ പുനർനിർമ്മിതി ആവശ്യപ്പെടുന്ന അളവിൽ ഒരു രാജ്യത്തിനെ തകർച്ചയിലേക്ക് നയിച്ച, ദശലക്ഷക്കണക്കിന്  മനുഷ്യരെ മതത്തിന്റെയും പ്രദേശത്തിന്റെയും പേരിൽ ശത്രുക്കളായി എണ്ണുന്ന, (കേരളപ്രളയനാളുകളിലെ ചർച്ച) inferiority complex ന്റെ കയ്യിൽ ഇനിയും രാഷ്ട്രീയാധികാരം ഉണ്ടായാൽ അവരെ നിയന്ത്രിക്കലും പ്രതിരോധിക്കലും കൂടി ഒരു അധികപ്പണിയാകും. പക്ഷെ 2019 ലെ തിരഞ്ഞെടുപ്പിൽ മാത്രം ശ്രദ്ധവെക്കുന്നത്, ഇത് വരെ ഉള്ള മടിപ്പണിയുടെ തുടർച്ച ആയെ കാണാനാവൂ.

ബഷീറിന്റെ വിശ്വവിഖ്യാതമായ മൂക്കിൽ മൂക്ക്  ശരിക്കുള്ളതാണോ റബർ കൊണ്ടുള്ളതാണോ  എന്ന ചോദ്യത്തിൽ ഒരു രാജ്യത്തെ എത്തിച്ചത് പട്ടിണിയായിരുന്ന മൂക്കനെ, പിരിച്ചുവിടപ്പെട്ട മൂക്കനെ, തിരിഞ്ഞു നോക്കാൻ ആരുമില്ലാത്തതായിരുന്നു. കൗതുകങ്ങൾക്ക്  ചുറ്റും നെഞ്ചളവും ചങ്കെണ്ണവും പറഞ്ഞു തർക്കിച്ചു കൊണ്ട് നിൽക്കുന്നത് രാഷ്ട്രീയത്തിന്റെ ചിഹ്‌നവൽക്കരണത്തിന്റെ ഏറ്റവും വലിയ ലക്ഷണമാണ്. അവിടെ എന്ത് ഉണ്ടെന്ന്  തെളിയിച്ചിട്ടും ഇല്ലെന്ന് തെളിയിച്ചിട്ടും നമ്മൾ എവിടെയുമെത്താൻ പോവുന്നില്ല എന്ന ചരിത്രബോധമാവണം നമ്മുടെ ആരംഭബിന്ദു. ആ സാമൂഹിക കാഴ്ചപ്പാടിൽ നാം എത്തേണ്ടിയിരിക്കുന്നു. ഇന്ത്യ എന്ന യാഥാർഥ്യം ഉണ്ടായത് സന്നദ്ധ പ്രവർത്തനത്തിന്റെ ഉജ്ജ്വലമായ അധ്യായങ്ങളിൽ നിന്നാണ്. സ്വയം പുനർവിതരണം നടത്തിക്കൊണ്ട്  മാത്രമേ, ഇന്ന്, രാഷ്ട്രീയമെന്ന കെട്ടുകാഴചയിൽ നിന്ന്, വിനോദോപാധിയിൽ നിന്ന്, ദുരന്തനാടകത്തിന്റെ കാണികളെന്ന നിലയിൽ നിന്ന്, ജാഗ്രതയുള്ള പൗരന്മാരുടെ പങ്കാളിത്തത്തിൽ, ജനതയുടെ അജണ്ടയും വിധിയും നിർണയിക്കുന്ന പ്രക്രിയയാണ് രാഷ്ട്രീയം എന്ന കാഴ്ചയിലേക്ക് നമുക്കെത്താനാവൂ.

Comments
Print Friendly, PDF & Email

കോഴിക്കോട് സ്വദേശി. ദേശീയ മാധ്യമങ്ങളിൽ എഴുതാറുണ്ട്. ദൽഹി സെന്റ് സ്റ്റീഫൻസ് കൊളേജിൽ അധ്യാപകൻ

You may also like