പൂമുഖം LITERATUREകഥ രാത്രിവണ്ടിയിലെ യാത്രക്കാർ

രാത്രിവണ്ടിയിലെ യാത്രക്കാർ

സീറ്റില്‍ ഇരുന്നുകഴിഞ്ഞ്, ബാക്പാക്ക് അടിയിലേയ്ക്ക് നീക്കിവെച്ചു. നേരത്തേ ഇടം പിടിച്ചുകഴിഞ്ഞിരുന്ന നാലുപേര്‍ക്കിടയിലെ സംസാരം പൊടുന്നനെ നിലച്ചു. വൃദ്ധന്‍റെ വരണ്ടുണങ്ങിയ നോട്ടം ചോദ്യഭാവത്തില്‍ എന്‍റെ മുഖത്ത് പറ്റിപ്പിടിച്ചു. പെണ്‍കുട്ടിയുടേയും മദ്ധ്യവയസ്കന്‍റേയും സ്ത്രീയുടേയും മുഖങ്ങളില്‍ സ്വാഗതം ചെയ്തുകൊണ്ടുള്ള പുഞ്ചിരി തെളിഞ്ഞു.
സത്യത്തില്‍ അത്രയൊക്കെയേ വേണ്ടൂ.
പക്ഷേ ആരും അവിടം കൊണ്ട് നിര്‍ത്തില്ല.

ആ മൂന്നുപേര്‍ പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും മുത്തച്ഛനും ആയിരിക്കുമെന്ന് ഞാന്‍ ഊഹിച്ചു. മുത്തച്ഛന്‍ അമ്മയുടെ അച്ഛനാവണം. ഒരു ഇരട്ടത്താടിയുടെ സൂചന സ്ത്രീയുടെ വലിയ മുഖത്തിനും ഉണ്ട്.
പേര്, ജോലി, ഇറങ്ങുന്ന സ്ഥലം, കുടുംബവിശേഷങ്ങള്‍ തുടങ്ങി അവരുടെ അന്വേഷണങ്ങള്‍ക്ക് ചിരിച്ച് ചുരുങ്ങിയ വാക്കുകളില്‍ മറുപടി പറഞ്ഞു. അപ്പോഴപ്പോള്‍ കൈയിലെ പുസ്തകത്തിലേയ്ക്ക് കണ്ണുകള്‍ മാറ്റി അവരെ നിരുത്സാഹപ്പെടുത്തുന്നുണ്ടായിരുന്നു. അവര്‍ സ്വയം പരിചയപ്പെടുത്തിക്കൊണ്ട് പറഞ്ഞത് മുഴുവന്‍ പതിവ് പോലെ ശ്രദ്ധകൊടുക്കാതെ തലയാട്ടിയും മൂളിയും കേട്ടു. ഇടക്കിടയ്ക്ക് നോട്ടവും ശ്രദ്ധയും മറ്റ് യാത്രക്കാരിലേയ്ക്കും പുറത്ത് സ്റ്റേഷനിലേയ്ക്കും തിരിക്കുക എന്നതാണ് ഈ ചുറ്റുപാടില്‍ അതിനുള്ള ഫലപ്രദമായ ഒരു വഴി.

ഏതാനും മണിക്കൂര്‍ നേരം ഒരുമിച്ച് യാത്ര ചെയ്യുന്നതിന് അതില്‍ കൂടുതല്‍ ചെയ്യുന്നതെന്തും പാഴ്ച്ചെലവാണ്.

നാലിലൊരാളുടേതാവണം സൈഡ് ബെര്‍ത്തുകളില്‍ ഒന്ന്. ബാക്കിവന്ന ബെര്‍ത്തിലേയ്ക്കുള്ളയാള്‍ കൂടി ആ കുടുംബത്തില്‍ നിന്നായിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു.പരിചയപ്പെടലും കുശലപ്രശ്നങ്ങളും ഒറ്റയടിക്ക് തീർന്നേനേ.

തോളത്ത് ലാപ്ടോപ്പ് ബാഗുമായി അപ്പോഴാണ് ചെറുപ്പക്കാരന്‍ തിരക്കിലൂടെ ധൃതിയില്‍ നടന്നുവന്നത്. പേര് പറഞ്ഞും ചോദിച്ചും ആദ്യം പരിചയപ്പെട്ടത് എന്നെയായിരുന്നു. വിശദമായ സ്വയം പരിചയപ്പെടുത്തലിനുശേഷം അയാള്‍ ചോദ്യങ്ങളിലേയ്ക്ക് കടന്നു.

‘എവിടെ എന്തിലാണ് ജോലി ? കൂടെ ആരൊക്കെയുണ്ട് ? ലീവില്‍ നാട്ടില്‍ പോകുകയാണോ ? കുട്ടികള്‍ പഠിക്കുകയാണോ ? ഏതൊക്കെ ക്ലാസുകളില്‍? ’

അലോസരപ്പെടുത്തിയ ചിരിയും കൈകുലുക്കലും ആവശ്യത്തിലധികം നീണ്ടു. തുടര്‍ന്നുള്ള കോലാഹലങ്ങളില്‍ ഭാഗഭാക്കാവാതിരിക്കാന്‍ സീറ്റില്‍ നിന്നെഴുന്നേറ്റ് വാതിലിന് നേരെ നടന്നു. അല്‍പസമയത്തേയ്ക്ക് പ്ലാറ്റ്ഫോമില്‍ ഇറങ്ങിനിന്നു. ഞങ്ങള്‍ അഞ്ചുപേരുടെയും ജീവചരിത്രത്തില്‍ കുറഞ്ഞ ഒന്നുകൊണ്ടും അയാള്‍ തൃപ്തിപ്പെടില്ലെന്ന് വ്യക്തമായിരുന്നു’
മടങ്ങിവന്ന് സീറ്റിലിരുന്നതോടെ അഭിമുഖം പെയ്തുതോര്‍ന്നു.
ഒരു നിമിഷം പാഴാക്കാതെ, ദൂരെയിരുന്ന് ജനലിലൂടെ പുറംകാഴ്ചകള്‍ കാണാന്‍ പാടുപെട്ടിരുന്ന പെണ്‍കുട്ടിയെ പേരെടുത്ത് വിളിച്ച്, ചെറുപ്പക്കാരന്‍ ക്ഷണിച്ചു :

“ ഗായത്രി ഇവിടെ വന്നിരുന്നോളൂ. നിങ്ങളുടെ സീറ്റ് തന്നെയല്ലേ ? “

വിളിക്കാന്‍ കാത്തിരുന്നതുപോലെ ഗായത്രി എന്ന പെണ്‍കുട്ടി എഴുന്നേറ്റു.

ചെറുപ്പക്കാരന് മുന്നില്‍ ഒഴിഞ്ഞുകിടന്നിരുന്ന സീറ്റില്‍ ചെന്നിരുന്നു.

സന്ധ്യ മയങ്ങിത്തുടങ്ങിരിക്കുന്നു. എ സി കോച്ചല്ലേ – ഇരുട്ടായാല്‍ പുറംകാഴ്ചകള്‍ കാണൽ അവസാനിക്കും.
ഞാൻ ആശ്വസിച്ചു.

അയാള്‍ക്ക്, അയാളെ പോലുള്ളവർക്ക്, അങ്ങനെയൊരു നിര്‍ദ്ദേശം വെയ്ക്കാന്‍ ധൈര്യം വരുന്നതെങ്ങനെ എന്ന് – പത്തൊമ്പതോ ഇരുപതോ വയസ്സുള്ള സുന്ദരിയായ ഗായത്രിക്ക്, ഗായത്രിയെ പോലുള്ളവർക്ക്, ആ ക്ഷണം തള്ളിക്കളയണമെന്ന് തോന്നാതിരിക്കുന്നത് എന്തുകൊണ്ടെന്ന് – മകളെ, പേരമകളെ വിലക്കണമെന്ന് മറ്റ് മൂന്നുപേരിലാരും, അവരെപ്പോലുള്ളവരാരും, ഒരു നിമിഷം ആലോചിക്കാതിരിക്കുന്നതെന്തു
കൊണ്ടെന്ന് – ബുദ്ധി ഉറച്ച കാലം തൊട്ട് അത്ഭുതപ്പെട്ടിട്ടുണ്ട്. അതിലെന്തെങ്കിലും സദാചാരഭ്രംശം കണ്ടിട്ടല്ല. ഒരു വശത്ത്, മുന്‍കൈ എടുക്കാനുള്ള ആളുകളുടെ ധൈര്യവും മറുവശത്ത്, അതിന് വഴങ്ങാനുള്ള മറ്റുള്ളവരുടെ സന്നദ്ധതയും മുഷിപ്പില്ലായ്മയും അതിശയിപ്പിക്കൂന്നു.

ചെറുപ്പക്കാരന്‍ ഉമിനീരിറക്കാതെ സംസാരിച്ചുകൊണ്ടിരിക്കുകയാണ്. ചിരിച്ചും സംശയനിവൃത്തി വരുത്തിയും പെണ്‍കുട്ടി അതില്‍ മുഴുവനായും പങ്കുചേരുന്നുണ്ട്.
എന്തൊരു വൃഥാവ്യായാമം !
എനിക്ക് വ്യക്തിപരമായി അത് പ്രശ്നമൊന്നും ഉണ്ടാക്കുന്നില്ല. ആള്‍ക്കാരുടെ നടുവിലിരുന്നും സ്വയം ‘സ്വിച്ച് ഓഫ്’ ചെയ്യാന്‍ കഴിയുന്ന ഒരപൂര്‍വ്വസിദ്ധി പ്രകൃതിദത്തമായി എന്നിലുണ്ട്. ഉദാഹരണത്തിന് സ്വയം പരിചയപ്പെടുത്തിക്കൊണ്ട് ഇവരൊക്കെ ഇക്കഴിഞ്ഞ നിമിഷം വിസ്തരിച്ചതിൽ ഒരു വാക്കും ഇപ്പോള്‍ ഏന്‍റെ ഓർമ്മയിലില്ല.

അയാളുടെ ഭാര്യയുടെ പേരും ഗായത്രി എന്നാണ് പോലും ! അത് പറഞ്ഞ് രണ്ടുപേരും നിര്‍ത്താതെ ചിരിക്കുന്നു. ചിരിയില്‍ പങ്കുചേരാന്‍ പെണ്‍കുട്ടി, കഥ അച്ഛനമ്മമാരുമായി പങ്കുവെയ്ക്കുന്നു. അവരും ചിരിക്കുന്നു. സന്ദര്‍ഭത്തിന്‍റെ നിസ്സാരതയോർത്ത് എനിക്കും ചിരി വരുന്നു.

ഒമ്പത് മണിയോടെ കോച്ചില്‍ അപ്പുറവുമിപ്പുറവും വിളക്കുകള്‍ അണഞ്ഞുതുടങ്ങി. സംസാരം പതിഞ്ഞ ശബ്ദത്തിലായി. പതുക്കെപ്പതുക്കെ അതതിന്‍റെ സ്വാഭാവിക അവസാനത്തിലേയ്ക്ക് നീങ്ങുകയാണെന്ന് ഞാനറിഞ്ഞു.

ശുഭരാത്രി ആശംസിച്ച് പെണ്‍കുട്ടി അകത്തെ നടുബെര്‍ത്തില്‍ കയറിപ്പറ്റി. കാഴ്ചക്കാരനും ഒന്നിരിക്കട്ടെ എന്ന മട്ടില്‍ പെണ്‍കുട്ടി എനിക്കും ശുഭരാത്രി നേര്‍ന്നു.

വൃദ്ധന്‍ താഴത്തെ സൈഡ് ബെര്‍ത്തില്‍ ഷീറ്റ് വിരിച്ച് ലൈറ്റിന് നേരെ നോട്ടമയച്ചു – ചെറുപ്പക്കാരനെ നോക്കി. ചെറുപ്പക്കാരന്‍ വിളക്കുകള്‍ അണച്ചു. സ്വന്തം ബെര്‍ത്തില്‍ കയറി കിടക്കാന്‍ വട്ടംകൂട്ടി.

ആശ്വാസത്തോടെ താഴത്തെ ബെര്‍ത്തില്‍ ഞാനും കിടന്നു. കോച്ചിനകത്തെ ഊഷ്മാവ് വല്ലാതെ താഴ്ത്തി വെച്ചിരിക്കുന്നു എന്ന് ആരൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു. തണുപ്പ് കൂടുതല്‍ തന്നെയായിരുന്നു. പക്ഷേ അങ്ങനെയുള്ള കാര്യങ്ങളിലൊന്നും ഇടപെട്ട് പരിഹാരം തേടുന്ന സ്വഭാവമല്ല എന്‍റേത്. മറ്റാരെങ്കിലും ചെയ്യുമല്ലോ എന്ന് കരുതും. രാത്രിയല്ലേ – കമ്പിളിപ്പുതപ്പ് കൊണ്ട് തലവഴി മൂടി സുഖമായി കിടന്നുറങ്ങിയാല്‍ പോരേ എന്നും ചിന്തിക്കും.

പെണ്‍കുട്ടി കര്‍ട്ടന്‍ മാറ്റി ചെറുപ്പക്കാരനെ നോക്കി.

“രാജൂ, ഒരു സഹായം – ടെംപറേച്ചര്‍ അല്പമൊന്ന് കൂട്ടാന്‍ ആരോടെങ്കിലും പറയാന്‍ പറ്റുമോ? ”

അയാള്‍ രാജുവല്ല രാജകൃഷ്ണന്‍ ആണെന്ന് ഞാനോര്‍ത്തു. ഏന്‍റെ ബാല്യകാലസുഹൃത്തിന്‍റെ പേരായതുകൊണ്ടാണ് അത് മനസ്സില്‍ പതിഞ്ഞത്.

ഒരു നിമിഷം ആലോചിക്കാന്‍ എടുക്കാതെ ചെറുപ്പക്കാരന്‍ ചാടി താഴെയിറങ്ങി. വഴിയിലെ മങ്ങിയ നീലവെളിച്ചത്തില്‍ നടന്നുമറഞ്ഞു.
ട്രെയ്നിന്‍റെ താളത്തില്‍ പെട്ടെന്ന് ഉറക്കത്തിലേയ്ക്ക് വീഴുന്നയാളാണ് ഞാന്‍. താപനില കുറയ്ക്കാന്‍ ആരെങ്കിലും ഇടപെട്ടോ എന്നറിഞ്ഞില്ല.

കാലിലാരോ സ്പര്‍ശിച്ചു എന്ന് തോന്നി ഞാനുണര്‍ന്നപ്പോള്‍ സമയം രാത്രി ഒന്നര മണി കഴിഞ്ഞിരുന്നു. വണ്ടി ഏതോ തമിഴ്നാട് സ്റ്റേഷനില്‍ നിര്‍ത്തിയിരിക്കുകയാണ്.
വൃദ്ധനാണ് –
കൈ അബദ്ധത്തില്‍ ദേഹത്ത് തട്ടിയതാണെന്നാണ് വിചാരിച്ചത്.

“ആ വാതിലൊന്ന് തുറന്നുതരാമോ ? “

പിന്നിലേയ്ക്ക് കൈ ചൂണ്ടി അയാള്‍ സ്വകാര്യമായി ചോദിച്ചു.
ഞാന്‍ പുതപ്പ് മാറ്റി എഴുന്നേറ്റു. അയാളോടൊപ്പം നടന്നു. കൂടെയുള്ളവരേയും വായാടിയായ ചെറുപ്പക്കാരനേയും ഒഴിവാക്കിയാണ് എന്നെ വിളിച്ചത്. സ്വന്തക്കാർ സുഖമായി ഉറങ്ങിക്കോട്ടെ എന്ന് വിചാരിച്ചുകാണും. കാരണവര്‍ക്ക് എന്തൊരു കരുതൽ !
ടോയ്ലെറ്റിന്‍റെ വാതിലിനെ കുറിച്ചാണ് പറയുന്നതെന്ന് ധരിച്ച് അങ്ങോട്ട് തിരിയാന്‍ ശ്രമിച്ചപ്പോള്‍ വൃദ്ധന്‍ വീണ്ടും തോളില്‍ സ്പര്‍ശിച്ചു.
കോച്ചില്‍ നിന്ന് പുറത്തേയ്ക്കുള്ള വാതില്‍ ആണ് അയാള്‍ക്ക് തുറന്നുകിട്ടേണ്ടിയിരുന്നത്. പഴയ വാതിലിന്‍റെ പിടി ചലിപ്പിക്കാന്‍ കാര്യമായ അദ്ധ്വാനം വേണ്ടിവന്നു.

നന്ദി പറഞ്ഞ് അയാള്‍ പ്ലാറ്റ്ഫോമിലേക്കിറങ്ങി. ഭക്ഷണശാലയ്ക്ക് മുന്നിലെത്തി. കോഫി വാങ്ങി ഗ്ലാസ്സിൽ നിന്ന് ഡവറയില്‍ ഒഴിച്ച് ചൂടാറിച്ച് കുടിക്കുന്നത് നോക്കി ഞാൻ വാതിൽക്കൽ തന്നെ നിന്നു.

അയാള്‍ കോച്ചില്‍ തിരിച്ചുകയറിക്കഴിഞ്ഞ്, വാതിൽ അടച്ചു ഭദ്രമാക്കിയേ മടങ്ങിപോകാൻ പറ്റൂ.
വൃദ്ധൻ കോഫി കുടിച്ചുതീർത്ത് ഗ്ലാസ് തട്ടില്‍ വെച്ചു – പൈസ കൊടുത്തു – എന്‍റെ നേരെ ചൂണ്ടുവിരല്‍ ഉയര്‍ത്തിക്കാണിച്ച് എതിർവശത്തേയ്ക്ക് നടന്നുമറഞ്ഞു. കാത്തിരിപ്പ് മുറിയിലെ ടോയ്ലെറ്റ് ഉപയോഗിക്കാനായിരിക്കും. ഉയർത്തിയ ചൂണ്ടുവിരലിന് അങ്ങനെയും അര്‍ത്ഥമുണ്ടല്ലോ. പക്ഷേ വഴിക്കുള്ള സ്റ്റേഷനില്‍ ഇറങ്ങി അതിന് മുതിരുന്നത് അയാളുടെ പ്രായത്തില്‍ ഒരു സാഹസികതയല്ലേ? ട്രെയ്‌ൻ പുറപ്പെടുന്നതിന് മുൻപേ എത്തിപ്പെടണേ എന്ന പ്രാർത്ഥനയുമായി ഞാൻ നിന്നു.

വര : പ്രസാദ് കാനാത്തുങ്കൽ

എന്തോ കാരണം കൊണ്ട് പതിവിലുമധികം നേരം ട്രെയ്‌ൻ സ്റ്റേഷനില്‍ കിടന്നു. വൃദ്ധന്‍ മറഞ്ഞയിടത്തേയ്ക്ക് കണ്ണയച്ച് അസ്വസ്ഥതയോടെ ഞാന്‍ നിന്നു.
വണ്ടി ഇളകിത്തുടങ്ങിയിട്ടും വൃദ്ധനെ കാണാതിരുന്നപ്പോൾ ഉള്ളിൽ ഒരാളൽ ഉയര്‍ന്നു.
ദൈവമേ !

സ്റ്റേഷൻ വിടുന്നതിന് മുന്‍പേ വണ്ടിക്ക് വേഗം കൂടി.ചങ്ങല വലിച്ച് വണ്ടി നിർത്തണോ ? വണ്ടിയില്‍ നിന്ന് ഇറങ്ങിപ്പോയയാള്‍ തിരിച്ചുവരാന്‍ വൈകിയെന്നത് ചങ്ങല വലിച്ച് വണ്ടി നിര്‍ത്താന്‍ മതിയായ കാരണമാവുമോ? അല്ലെങ്കിലും ഞാൻ ഒറ്റയ്ക്ക് അത് തീരുമാനിച്ച് നടപ്പിലാക്കുമായിരുന്നില്ല. അതല്ല എന്റെ പ്രകൃതം. ബസ്സായിരുന്നെങ്കിൽ ആരെയെങ്കിലും ഉണർത്തിയോ ഡ്രൈവറെ നേരില്‍ കണ്ട് അപേക്ഷിച്ചോ വണ്ടി നിര്‍ത്താമായിരുന്നു. അതും അങ്ങനെയൊരു ഘട്ടം വന്നാല്‍ ഞാന്‍ ചെയ്യുമോ എന്ന് സംശയമാണ്.

വണ്ടി നല്ല വേഗം കൈവരിച്ചു കഴിഞ്ഞിരിക്കുന്നു. ഇനി കാത്തുനില്‍ക്കുന്നതില്‍ കാര്യമില്ല. വാതിലടച്ച് സാക്ഷയിട്ട് ഞാന്‍ മടങ്ങി.
വൃദ്ധന്‍ കടകളുടെ അറ്റം വരെ നടന്ന് കോച്ചിന്‍റെ മറ്റേ വാതില്‍ വഴി അകത്ത് കയറിയിട്ടുണ്ടാവുമോ ? അഥവാ, മാറി അടുത്തേതെങ്കിലും കോച്ചില്‍ കയറിക്കാണുമോ ? പ്ലാറ്റ്ഫോം ഏറെക്കുറെ വിജനമായിരുന്നതുകൊണ്ട് അങ്ങനെയെന്തെങ്കിലും നടന്നിരുന്നെങ്കില്‍ എന്‍റെ കണ്ണില്‍ പെടാതെ പോകാനുള്ള സാദ്ധ്യത കുറവാണ്. അതുമല്ല, അകത്തുനിന്ന് ആരെങ്കിലും തുറന്നുകൊടുക്കാതെ രാത്രി ഈ സമയത്ത് അങ്ങനെയൊരാള്‍ക്ക് റിസര്‍വേഷന്‍ കോച്ചില്‍ കയറിപ്പറ്റാനുമാവില്ല.

വൃദ്ധന്‍ കിടന്നിരുന്ന ബെര്‍ത്തില്‍ വെള്ള വിരികളും കമ്പിളിപ്പുതപ്പും തലയിണയും അനാഥമായി ചുരുണ്ടുകൂടിക്കിടക്കുന്നുണ്ടായിരുന്നു. ലൈറ്റ് തെളിയിക്കാതെ, ശബ്ദമുണ്ടാക്കാതെ ഞാനെന്‍റെ ബെര്‍ത്തില്‍ കയറിക്കിടന്നു. ഒരു ഐസ് ബോക്സിനകത്തെന്ന പോലെ കോച്ചിനകം മരവിച്ചിരിക്കുന്നു. പെണ്‍കുട്ടിയെ സഹായിക്കാന്‍ തുനിഞ്ഞിറങ്ങിയ ചെറുപ്പക്കാരന് ഒന്നും ചെയ്യാനായിട്ടില്ലെന്നർത്ഥം.
ഭയാശങ്കകള്‍ മൂലം എനിക്ക് കൂടുതല്‍ തണുപ്പ് അനുഭവപ്പെടുന്നതുമാവാം.

ഉറക്കം വരുന്നില്ല. ഇന്ന് രാത്രി ഇനി ഉറങ്ങാന്‍ കഴിയുമെന്ന് തോന്നുന്നില്ല. മനസ്സ് അസ്വസ്ഥമാണ്. ഓരോ നിമിഷവും വണ്ടി സ്റ്റേഷനിൽ നിന്ന് അധികമധികം ദൂരത്തേയ്ക്ക് പൊയ്ക്കൊണ്ടിരിക്കുകയാണ്. ആ നാലുപേരിലാരെയെങ്കിലും വിളിച്ചുണര്‍ത്തണോ എന്ന് തീര്‍ച്ചപ്പെടുത്താനാവാതെ ഞാൻ കണ്ണടച്ച് കിടന്നു. ഭവിഷ്യത്തുകള്‍ എന്താവുമെന്ന സംശയമാണ് എന്തെങ്കിലും ചെയ്യുന്നതില്‍ നിന്ന് വിലക്കുന്നത്.
കഴിഞ്ഞ അഞ്ചോ പത്തോ മിനുട്ടില്‍ ഈ കോച്ചിനകത്ത് നടന്നതിന് ഞാനും വൃദ്ധനും മാത്രമാണ് സാക്ഷികള്‍. തത്ക്കാലം അതങ്ങനെത്തന്നെ നില്‍ക്കട്ടെ.

ഇടയ്ക്കെപ്പോഴോ അവിടവിടെ ഫോണുകളില്‍ വെളിച്ചം മിന്നി. സമയം നോക്കി യാത്രികര്‍ സമാധാനമായി ഉറക്കത്തിലേയ്ക്ക് തിരിച്ചുപോയി –

  • കൂടെ വന്നയാള്‍ വഴിയില്‍ ഇറങ്ങിപ്പോയതറിയാതെ –
  • ഉറങ്ങാതെ കിടക്കുന്നവന്‍റെ വേദനയും വേവലാതികളും മനസിലാക്കാതെ.

അഞ്ച് മണിക്ക് മുൻപ് വണ്ടി പാലക്കാടെത്തി. ചെറുപ്പക്കാരനടക്കം എല്ലാവരും തലവഴി കമ്പിളി പുതച്ചുറങ്ങുകയായിരുന്നു. ബാഗെടുത്ത് ഒച്ചയുണ്ടാക്കാതെ ഞാൻ പുറത്തിറങ്ങി. മോഷ്ടിച്ച മുതലുമായി പുറത്തിറങ്ങുന്ന കള്ളന്‍റെ മാനസികാവസ്ഥയായിരുന്നു എനിക്ക്.

പുറത്തെത്തി പതിവ് ചായയും സിഗററ്റും ഒഴിവാക്കി ഓട്ടോറിക്ഷയില്‍ കയറി. വീടെത്തി. ദേഹത്ത് ഇദയം നല്ലെണ്ണയും തൊണ്ണൂറ്റെട്ട് ശതമാനം ശുദ്ധഗ്ലിസറിൻ ചേർത്ത പിയേഴ്സ് സോപ്പും തേച്ച് കുളിച്ചു. വണ്ടിയിൽ നിന്ന് ദേഹത്തും മനസ്സിലും കയറിക്കൂടിയ പുറംലോകത്തിന്റെ പൊട്ടും പൊടികളും അപ്പാടെ കഴുകിക്കളഞ്ഞു. പാൽ കുറച്ച്, മധുരമിടാതെ, കടുപ്പത്തില്‍ ഒരു കോഫി ഉണ്ടാക്കി. രണ്ട് പാര്‍ലെ ജി ബിസ്ക്കറ്റുമായി സ്വീകരണമുറിയില്‍ സോഫയില്‍ വന്നിരുന്നു.

നേരം പുലര്‍ന്നതേയുള്ളൂ. രാത്രി ട്രെയ്നില്‍ അനുഭവപ്പെട്ട പേടി മനസ്സില്‍ നിന്ന് ഒഴിഞ്ഞുപോയിരിക്കുന്നു. ആ സംഭവങ്ങളിൽ നിന്ന് ഞാൻ മുക്തി നേടിയിരിക്കുന്നു. ഇപ്പോഴുള്ളത് ജിജ്ഞാസ മാത്രം.
ബെങ്ഗളൂരുവില്‍ നിന്ന് കേരളത്തിലേയ്ക്കുള്ള യാത്രക്കിടെ രാത്രി ഒന്നര മണിക്കും ഒന്നേമുക്കാല്‍ മണിക്കും ഇടയില്‍ ആ റിസര്‍വേഷന്‍ കോച്ചില്‍ നടന്നതെന്ത് ?

സ്വസ്ഥമായിരുന്ന് ആലോചിക്കുമ്പോള്‍ മൂന്ന് വ്യത്യസ്ത കഥാവഴികള്‍ മനസ്സില്‍ വന്നു.

ഒന്ന് : വൃദ്ധന്‍ മറവിരോഗത്തിന്‍റെ ഏതോ ഘട്ടത്തില്‍ ഉള്ളയാളാവാം. പണവും ഭാഷയും കൈവശമില്ലാതെ ഒറ്റയ്ക്ക് തമിഴ് നാട് വഴികളില്‍ ഇപ്പോള്‍ ചുറ്റിത്തിരിയുന്നുണ്ടാവും. വരുംമണിക്കൂറുകളില്‍ എപ്പോഴെങ്കിലും സംശയം തോന്നി നല്ലവരായ നാട്ടുകാര്‍ അടുത്ത പോലീസ് സ്റ്റേഷനില്‍ എത്തിച്ച് പരസ്യങ്ങളില്‍ കൂടി ബന്ധുക്കളെ കണ്ടെത്താന്‍ ശ്രമിക്കുമായിരിക്കും. വീട്ടുകാര്‍ കോച്ചിലെ ടിക്കറ്റ് പരിശോധകനോ സഹയാത്രികര്‍ക്കോ ഒരു സൂചന മുന്‍കൂര്‍ കൊടുത്തിരുന്നെങ്കില്‍ ഇത് സംഭവിക്കുമായിരുന്നില്ല.

രണ്ട് : അഭിപ്രായവ്യത്യാസങ്ങള്‍ കാരണം മകനും മരുമകളുമൊരുമിച്ച് അഥവാ മകളും മരുമകനുമൊരുമിച്ച് ഒത്തുപോകാന്‍ ആവാത്ത ചുറ്റുപാടില്‍ അവരുടെ പദ്ധതികളിൽ പെടാതെ, ഭാഷയറിയാത്ത അപരിചിതദേശത്ത്, ഒരു സ്വതന്ത്രജീവിതം സ്വപ്നം കണ്ട് വൃദ്ധന്‍ ഇരുട്ടിലേയ്ക്ക് മറഞ്ഞതാവാം. താരതമ്യപ്പെടുത്തി ആളെ അടയാളപ്പെടുത്താന്‍ ആ വാക്കുപയോഗിച്ചെന്നേയുള്ളൂ – വൃദ്ധന്‍ അത്ര വൃദ്ധനൊന്നുമായിരുന്നില്ല. ഒറ്റത്തടിയായി ഒരു ജീവിതം കൊണ്ടുനടത്താനുള്ള വകയൊക്കെ മൂപ്പരുടെ കൈവശം ഇപ്പോഴും ഉണ്ട്. വഴിയോരചായക്കടയില്‍ ചായ നുണഞ്ഞ്, ആരും അന്വേഷിച്ചു വരാന്‍ സാദ്ധ്യതയില്ലാത്ത ഏതോ തമിഴന്‍ ഗ്രാമത്തിലേയ്ക്കുള്ള വഴി തിരയുകയാവും ഇപ്പോള്‍.

ഈ രണ്ട് കഥാവസാനങ്ങളിലും തടയാന്‍ ശ്രമിക്കാതെ കഥയ്ക്കൊപ്പം നടന്നു എന്ന പരാതി എനിക്കു തന്നെ എന്നെപ്പറ്റിയുണ്ടാവും.

പൂര്‍ണമായും എന്നെ കുറ്റവിമുക്തനാക്കുന്ന മൂന്നാം അവസാനത്തിലാണ് എന്‍റെ കണ്ണും മനസ്സും.

മൂന്ന്: വൃദ്ധന്‍ ഒരു ടിക്കറ്റെടുത്ത് ഒറ്റയ്ക്ക് യാത്ര ചെയ്യുന്നയാളായിരുന്നു. അയാളുടെ സീറ്റ് ആ കോച്ചില്‍ ആയിപ്പോയെന്നേയുള്ളൂ. തലേന്ന് രാത്രി പരിചയപ്പെടുത്തിയപ്പോള്‍ അവരാരെങ്കിലും അയാളെ കുറിച്ച് എന്തെങ്കിലും പറഞ്ഞോ എന്ന് ഓര്‍ത്തെടുക്കാനാവുന്നില്ല. അവരുടെ സംസാരങ്ങളിലോ അത്താഴത്തിലോ അയാള്‍ പങ്ക് ചേര്‍ന്നിരുന്നോ എന്നും ഓര്‍മ്മയില്ല.

അയാള്‍ ഇറങ്ങിയത് അയാള്‍ക്ക് ഇറങ്ങേണ്ട സ്റ്റേഷനില്‍ തന്നെയാവും. അവിടത്തെ കറുത്ത മണ്ണില്‍ ചോളവും കരിമ്പും വിളയിച്ച് ആടുമാടുകളെ വളര്‍ത്തി കഴിയുന്ന ഭാര്യയും മക്കളുമടങ്ങുന്ന കുടുംബം അയാളെ കാത്തിരുന്നിട്ടുണ്ടാവും.
മനസ്സ് ഇപ്പോള്‍ ശാന്തമാണ്. തണുപ്പില്‍ ലോകത്തെ കുറിച്ച് ചിന്തിക്കാതെ ഞാന്‍ ഒന്നോ രണ്ടോ മണിക്കൂര്‍ കൂടി ഉറങ്ങാന്‍ നോക്കട്ടെ.

Comments

You may also like