പൂമുഖം INTERVIEW ഒറ്റയാൾ പട്ടാളവും ഒപ്പം നിന്നയാളും

ഒറ്റയാൾ പട്ടാളവും ഒപ്പം നിന്നയാളും

രണ്ടാം ഭാഗം

ചോ : ഈയിടെ വിഎസിന്റെ നൂറാം ജന്മ വാർഷിക ആഘോഷത്തിന് പാലക്കാട്ടെ സഖാക്കൾ താങ്കളെ ക്ഷണിക്കുകയും പിന്നീട് ചില നേതാക്കളുടെ അതൃപ്തി കാരണം താങ്കളോട് പങ്കെടുക്കരുത് എന്ന് അവർക്ക് തന്നെ പറയേണ്ടി വരികയും ചെയ്ത ഒരു സംഭവം ഉണ്ടായിരുന്നല്ലൊ. എന്തായിരുന്നു അത്?

വിഎസിനെ സ്നേഹിക്കുന്നവരുടെ ഒരു ചെറിയ കൂട്ടായ്മ സംഘടിപ്പിച്ച ഒരു പരിപാടിയായിരുന്നു അത്. അവർ ആദ്യം ക്ഷണിച്ചപ്പോൾ തന്നെ ഞാൻ വരുന്നില്ല എന്ന് പറഞ്ഞതാണ്. അല്ല സഖാവ് ഇതിൽ പങ്കെടുക്കേണ്ട ആളാണെന്നും പാർട്ടി അറിഞ്ഞുകൊണ്ട് തന്നെയാണ് ക്ഷണിക്കുന്നതെന്നും പറഞ്ഞപ്പോൾ എനിക്ക് വലിയ സന്തോഷമായി. രണ്ട് ദിവസം കഴിഞ്ഞപ്പോൾ അവർ എന്നെ വിളിച്ചുപറഞ്ഞു ചില നേതാക്കൾക്ക് സഖാവ് വരുന്നതിനോട് അതൃപ്തിയുണ്ട് എന്ന്. അവർക്ക് അത് എന്നോട് പറയാൻ വലിയ വിഷമം ഉണ്ടായിരുന്നു. ഒരു ഒരു പൊതു പ്രവർത്തകൻ ഇതുപോലുള്ള അപമാനങ്ങൾ ഒന്നും വലിയ കാര്യമായി എടുക്കേണ്ടതല്ല എന്ന് പറഞ്ഞു ഞാൻ അവരെ ആശ്വസിപ്പിക്കുകയായിരുന്നു. ഞാൻ ചെയ്ത തെറ്റ് എന്താണെന്ന് ഇപ്പോഴും എനിക്ക് മനസ്സിലാവാത്ത ഒരു കാര്യമാണ്. പാർട്ടിക്ക് അത് എന്നെ ബോധ്യപ്പെടുത്താനും പറ്റിയിട്ടില്ല. പാർട്ടി വിരുദ്ധമായി എന്നിൽ നിന്ന് ഇതുവരെ ഒരു വാക്കോ, പ്രവൃത്തിയോ, എഴുത്തോ ഉണ്ടായിട്ടില്ല. ഞാൻ എന്നോട് തന്നെ ചോദിച്ചു കൊണ്ടിരിക്കുകയാണ് ലീഗിനേപ്പോലും പാർട്ടിയിലേക്ക് ക്ഷണിക്കുന്ന കാലത്ത് എന്തുകൊണ്ടാണ് എന്നെ മാത്രം പുറത്തുനിർത്തുന്നതെന്ന്…

ചോ: വി എസ് ഓരോ മേഖലയിലും ഇടപെട്ട് പ്രവർത്തിക്കുമ്പോൾ അദ്ദേഹത്തിൻറെ രീതികൾ എങ്ങനെയായിരുന്നു ?

എല്ലായിടത്തും നേരിട്ടെത്തി അടിത്തട്ടിൽ പോയി കാര്യങ്ങൾ പഠിച്ച് അതിന് പ്രസക്തിയുണ്ടെന്ന് തോന്നിയാൽ അത് ഏറ്റെടുത്ത് പ്രശ്ന പരിഹാരം കാണുന്നതായിരുന്നു അദ്ദേഹത്തിൻറെ രീതി. മതികെട്ടാൻ, മൂന്നാർ ,ശബരിമല , പ്ലാച്ചിമട എല്ലായിടത്തും പ്രായത്തെ അവഗണിച്ച് നേരിട്ട് എത്തിയാണ് കാര്യങ്ങൾ പഠിച്ചിരുന്നത്. ലോട്ടറി മാഫിയയെ ഇല്ലാതാക്കുക എന്നത് എടുത്ത്
പറയേണ്ട അദ്ദേഹത്തിൻറെ ഒരു ശക്തമായ തീരുമാനമായിരുന്നു. 84ാം വയസ്സിൽ വൈദ്യസഹായം പോലും വേണ്ടെന്നു വച്ച് ശബരിമല കയറി കാര്യങ്ങൾ പഠിച്ച ആദ്യത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാണ് അദ്ദേഹം! ചെയ്യാനുള്ള കാര്യങ്ങൾ നേരിട്ട് എത്തി നേതൃത്വം കൊടുത്തു കൃത്യമായി നടപ്പിലാക്കുകയായിരുന്നു അദ്ദേഹത്തിൻ്റെ രീതി. പ്രസംഗിക്കാനുള്ളതൊക്കെ നേരത്തേ തന്നെ തനിയേ എഴുതി തയ്യാറാക്കി വയ്ക്കുകയാണ് പതിവ്. നല്ല കയ്യക്ഷരവും ഭാഷയുമാണ്. ഏഴാം ക്ലാസ്സ് വിദ്യാഭ്യാസമേ ഉള്ളൂവെങ്കിലും ഇംഗ്ലീഷ് കേട്ടാൽ മനസ്സിലാകുകയും അല്പസ്വല്പം പറയാനും കഴിയുമായിരുന്നു. എല്ലാ കാര്യങ്ങളിലും തികഞ്ഞ ആത്മാർത്ഥതയും കൃത്യനിഷ്ഠയും പുലർത്തിയിരുന്നു. ശരിക്കും അദ്ദേഹം ഒരു പാഠപുസ്തകമാണ്.

ചോ : മൂന്നാർ ദൗത്യം അദ്ദേഹം എങ്ങനെയാണ് പ്ലാൻ ചെയ്തിരുന്നത്?

മൂന്നാർ ദൗത്യം വളരെ കൃത്യതയോടെ പ്ലാൻ ചെയ്ത ഒന്നായിരുന്നു. അതിനുവേണ്ടി അദ്ദേഹം ആദ്യമായി ചെയ്തത് അത് ശരിയായി നടപ്പിലാക്കാൻ പറ്റിയ ഉദ്യോഗസ്ഥരെ കണ്ടുപിടിക്കുക എന്നുള്ളതായിരുന്നു. അങ്ങനെയാണ് സംഘത്തലവനായി ശ്രീ സുരേഷ് കുമാർ ഐ എ എസിനെയും, കൂടെ ഋഷിരാജ് സിംഗിനെയും, രാജു നാരായണ സ്വാമിയേയും ദൗത്യം ഏൽപ്പിക്കുന്നത്. പ്രതികൂല കാലാവസ്ഥയിലും
എല്ലാം വിലയിരുത്തിയും നേരിട്ട് കണ്ടും ഇച്ഛാ ശക്തിയോടെ കാര്യങ്ങൾ നടത്താൻ
ആ ദിവസങ്ങളിൽ മുഴുവൻ സമയവും അദ്ദേഹം അവിടെ തന്നെയുണ്ടായിരുന്നു. അവസാനം
സി പി ഐ യുടെ സമ്മർദ്ദം കാരണം പാർട്ടിക്ക് ആ ദൗത്യം പൂർത്തിയാക്കാതെ വി എസിനെ അതിൽ നിന്നും പിന്തിരിപ്പിക്കേണ്ടി വന്നു. കേരള ചരിത്രത്തിലെ പ്രധാനപ്പെട്ട ഒരു കയ്യേറ്റം ഒഴിപ്പിക്കൽ ദൗത്യം തന്നെയായിരുന്നു അത്. പരിസ്ഥിതി സൗഹൃദമായ ഒരു കേരളം കെട്ടിപ്പടുക്കണമെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു. കൂടംകുളം, പ്ലാച്ചിമട, പറമ്പിക്കുളം ആളിയാർ , മതികെട്ടാൻ എന്നിവയൊക്കെ അതേ ഉദ്ദേശ ലക്ഷ്യത്തോടെ അദ്ദേഹം ഏറ്റെടുത്തതാണ്… കൂടംകുളം പദ്ധതി പാർട്ടി ഏറ്റെടുക്കാതിരുന്നിട്ടും അദ്ദേഹം സ്വയം ഏറ്റെടുക്കുകയായിരുന്നു.

ചോ: വിഎസിന്റെ ഒരുപാട് പ്രയോഗങ്ങൾ രാഷ്ട്രീയ എതിരാളികൾക്ക് കുറിക്കു കൊള്ളുന്നതായിരുന്നു.
ടി കെ ഹംസ, കുഞ്ഞാലിക്കുട്ടി, പ്രായത്തെക്കുറിച്ച് പറഞ്ഞതിന് രാഹുൽ ഗാന്ധിക്കുള്ള മറുപടി എന്നിവയൊക്കെ അതിൽ ചിലതാണ്. “അമൂൽ പുത്രൻ ” എന്ന പ്രയോഗം താങ്കൾ പറഞ്ഞു കൊടുത്തതാണ് എന്ന് കേട്ടിട്ടുണ്ട്. അതൊന്ന് പറയാമോ?

രാഷ്ട്രീയ ആരോപണങ്ങൾക്ക് മറുപടി പറയണമെന്ന് വി എസ് തീരുമാനിച്ചാൽ അത് വളരെ മൂർച്ചയുള്ളതും കുറിക്കു കൊള്ളുന്നതുമായിരിക്കും. അതിൽ അദ്ദേഹം യാതൊരു ദാക്ഷിണ്യവും കാണിക്കാറില്ല. ഒരു ഇലക്ഷൻ സമയത്ത് രാഹുൽ ഗാന്ധി വി എസിൻ്റെ പ്രായം പറഞ്ഞ് പരിഹസിച്ചു. അതിന് മറുപടി കൊടുക്കണമെന്ന് ഞാനും പറഞ്ഞു. അതിന് വേണ്ടി എഴുതിയ തയ്യാറാക്കിയ പ്രസംഗത്തിൽ അദ്ദേഹം ടി. എസ്. തിരുമുമ്പിൻ്റെ കവിത കൂടി ഉൾപ്പെടുത്തി.
(“തലനരയ്ക്കുവതല്ലെൻ്റെ വൃദ്ധത്വം “…..)
അതിൽ ‘അമൂൽ ബേബി’ എന്ന് പറയാൻ അദ്ദേഹത്തിന് എന്തോ വിമുഖത തോന്നി. അപ്പോൾ അതിനെ പുത്രൻ എന്നാക്കി ഞാൻ പറഞ്ഞു കൊടുക്കുകയായിരുന്നു.(ചിരിക്കുന്നു). അത് നാഷണൽ മീഡിയകളിലൊക്കെ വാർത്തയാവുകയും വളരെയധികം പ്രചാരണം നേടുകയുമുണ്ടായി.
അമൂൽ കമ്പനിയുടെ പരസ്യത്തിൽ വരെ വി. എസി ൻ്റെ പടം അടിച്ചു വരികയും ചെയ്തു! അതോടെ രാഹുൽ ഗാന്ധി അപ്രസക്തനാവുകയും വി.എസ് തരംഗം ആഞ്ഞടിക്കുകയും ചെയ്തു.

ചോ: സ്വന്തം അച്ഛൻ സ്ട്രോക്കു വന്ന് ആശുപത്രിയിൽ കിടന്നപ്പോഴും, ഭാര്യ പ്രസവിച്ചു കിടക്കുമ്പോഴും താങ്കൾ വി എസിന് ഒപ്പമായിരുന്നു. വ്യക്തിപരമായ അടുപ്പത്തിനപ്പുറം ഒരു രാഷ്ട്രീയ പ്രതിബദ്ധത കൂടിയായിരുന്നില്ലെ അത്?

തീർച്ചയായും, എനിക്ക് വേണമെങ്കിൽ ഈ കാരണങ്ങൾ പറഞ്ഞു വിട്ടു നിൽക്കാമായിരുന്നു.
വി എസിൻ്റെ വ്യക്തിപരമായ കാര്യങ്ങൾക്കൊപ്പം നിൽക്കുന്നതിനേക്കാൾ മറ്റാരുമായി പങ്കിടാൻ പാടില്ലാത്ത അദ്ദേഹത്തിൻ്റെ രാഷ്ട്രീയ കാര്യങ്ങളുടെ സൂക്ഷിപ്പുകാരൻ കൂടിയായിരുന്നു ഞാൻ. അത്തരമൊരു അവസ്ഥയിൽ അദ്ദേഹത്തെ തനിച്ചാക്കി പോകാൻ ആത്മാർത്ഥതയും, സാമൂഹിക പ്രതിബദ്ധതയുമുള്ള ഒരു വ്യക്തി എന്ന നിലയ്ക്ക് എനിക്ക് കഴിയില്ലായിരുന്നു… തിരിഞ്ഞു നോക്കുമ്പോൾ വേണ്ടായിരുന്നു എന്ന് ഒരിക്കലും തോന്നിയിട്ടില്ല. അതെൻ്റെ കടമയായിട്ടാണ് ഞാൻ കണ്ടിട്ടുള്ളത്. വ്യക്തിപരമായ കാര്യങ്ങളേക്കാൾ ജനകീയ പ്രശ്നങ്ങളിലിടപെടുന്ന ഒരു നേതാവിനോടൊപ്പം നിന്നു എന്നത് ഒരു ഉറച്ച ഇടതുപക്ഷ രാഷ്ട്രീക്കാരൻ എന്ന നിലയിൽ ഓർക്കുമ്പോൾ അഭിമാനമാണുള്ളത്. ഞാൻ അദ്ദേഹത്തോടൊപ്പം ആണ് അച്ഛനെ കാണാൻ ആശുപത്രിയിൽ എത്തിയത്. അപ്പോൾ തന്നെ തിരിയ്ക്കുകയും ചെയ്തു.

ചോ : വി എസി ൻ്റെ വൈകിയുള്ള വിവാഹം, കുടുംബ ജീവിതം, കുട്ടികൾ, സുഹൃത്തുക്കൾ ?

രോഗക്കിടക്കയിൽ കിടക്കുന്ന അവിവാഹിതനായ ഒരു സുഹൃത്തിനെ കാണാൻ പോയപ്പോൾ സഹായിക്കാൻ ആളില്ലാതെ അദ്ദേഹം ബുദ്ധിമുട്ടുന്നത് കണ്ട് മററു സഖാക്കളുടെ പ്രേരണയാലാണ് വൈകിയാണെങ്കിലും വി എസ് വിവാഹം കഴിക്കാൻ തയ്യാറാവുന്നത്. അദ്ദേഹത്തിൻ്റെ ഭാര്യ വസുമതി (ഞാൻ ചിറ്റ എന്നാണ് വിളിക്കുന്നത്) അവർ നഴ്‌സായിരുന്നു. അദ്ദേഹത്തിൻ്റെ കാര്യങ്ങളും കുടുംബവും വളരെ ഭംഗിയായി അവർ മുമ്പോട്ട് കൊണ്ടു പോയി. അവരുടെ വരുമാനം കൊണ്ടാണ് കുട്ടികളെ പഠിപ്പിക്കുകയും മറ്റും ചെയ്തിരുന്നത്.
മക്കളോടൊന്നും അമിതമായി വാത്സല്ല്യം കാണിക്കുന്ന പ്രകൃതമല്ല അദ്ദേഹത്തിന്. മൂഡ് നോക്കിയേ മക്കൾക്ക് പോലും അദ്ദേഹത്തോട് സംസാരിക്കാൻ കഴിയുമായിരുന്നുള്ളൂ.

വിപുലമായ സൗഹൃദത്തിൻ്റെ ആൾക്കൂട്ടമൊന്നും
അദ്ദേഹത്തിനില്ലായിരുന്നു. സുഗതൻ, ചക്രപാണി എന്നീ സുഹൃത്തുക്കളൊക്കെ ആലപ്പുഴയിൽ പോകുമ്പോൾ കാണാൻ വരികയും സംസാരിച്ചിരിക്കുകയും ചെയ്യുമായിരുന്നു.
സഹോദരിയും കാണാൻ വരുമായിരുന്നു.

ചോ : സീതാറാം യെച്ചൂരിയുമായുള്ള അദ്ദേഹത്തിൻ്റെ ബന്ധം?

സീതാറാം യെച്ചൂരിക്ക് ഒരു പിതൃസ്നേഹവും
ബഹുമാനവുമാണ് അദ്ദേഹത്തോടുള്ളത്. ഇടയ്ക്കൊക്കെ കാണാൻ വരികയും ഫോണിൽ വിളിച്ച് ആരോഗ്യ വിവരങ്ങൾ അന്വേഷിക്കുകയും ചെയ്യുന്നുണ്ട്.

ചോ :അദ്ദേഹത്തിന് പ്രത്യേകമായി വസ്ത്രത്തിലോ അങ്ങിനെയുള്ള എന്തിലെങ്കിലും കമ്പം ഉണ്ടായിരുന്നൊ? പ്രായത്തിൻ്റേതായ കുറുമ്പുകളും…

വസ്ത്രം വൃത്തിയുള്ളതായിരിക്കണം എന്നു മാത്രമേ ഉണ്ടായിരുന്നുള്ളൂ. ചെരിപ്പുകൾ അദ്ദേഹത്തിന് വലിയ ഇഷ്ടമായിരുന്നു. എവിടെയെങ്കിലും പോയാൽ ചിലപ്പോഴൊക്കെ ചെരുപ്പ് വാങ്ങാൻ പോകാമെന്ന് പറഞ്ഞ് ഇറങ്ങും. അത് അദ്ദേഹത്തിന് തന്നെ തിരഞ്ഞെടുക്കണം. അതിനുള്ള പണവും അദ്ദേഹത്തിന് കയ്യിൽ നിന്നുതന്നെ കൊടുക്കണം എന്ന് നിർബന്ധമാണ്. സാധാരണ അദ്ദേഹം പണം കൈകാര്യം ചെയ്യാറില്ല. പക്ഷേ ചെരുപ്പിനു കൊടുക്കാൻ ജൂബ്ബയുടെ പോക്കറ്റിൽ പ്ലാസ്റ്റിക് കവറിൽ ചുരുട്ടി വെച്ചിട്ടുള്ള നോട്ടുകൾ കെട്ടഴിച്ച് എടുക്കുന്നത് ചിരി വരുത്തുന്ന കാര്യമാണ്. വീട്ടിൽ വരുമ്പോൾ ചിറ്റ എന്നോട് ചോദിക്കും എന്തിനാണ് വീണ്ടും വീണ്ടും ചെരിപ്പ് വാങ്ങിയതെന്ന്…
കുറുമ്പെന്ന് പറയാൻ…. ഗുളികകൾ ഞാൻ കാണാതെ ചിലപ്പോഴൊക്കെ തുപ്പിക്കളയുമായിരുന്നു!..

ചോ :ഭരണപരിഷ്കാര കമ്മീഷൻ എന്ന ഒരു പദവി അവസാനം അദ്ദേഹത്തിന് വിമർശനം കേൾപ്പിച്ച ഒന്നായിരുന്നല്ലോ. എന്താണ് അതെക്കുറിച്ചുള്ള അഭിപ്രായം? ഭരണത്തിനു വേണ്ടി എന്തെങ്കിലും സംഭാവന ചെയ്യാൻ കഴിയുമെന്ന് അദ്ദേഹം കരുതിയിട്ടുണ്ടായിരിക്കുമോ?

അതറിയില്ല. അത് ഏറ്റെടുക്കരുതായിരുന്നു എന്ന് തന്നെയാണ് എൻ്റെ വ്യക്തിപരമായ അഭിപ്രായം.

ചോ : ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ
വി എസിനെപ്പോലുള്ള ഒരു നേതാവിൻ്റെ അഭാവം കേരളത്തിൻ്റെ നഷ്ടമല്ലെ?

അഴിമതി, സ്ത്രീ പീഡനം, പരിസ്ഥിതി വിഷയങ്ങളിൽ വി.എസ്. എന്ന നേതാവിൻ്റെ അഭാവം കേരളത്തിന് നഷ്ടം തന്നെയാണ്…

അവസാനിച്ചു

കവർ : ജ്യോതിസ് പരവൂർ

Comments
Print Friendly, PDF & Email

You may also like