പൂമുഖം LITERATUREകവിത തെരുവിൽ, ശൂന്യതയിൽ

തെരുവിൽ, ശൂന്യതയിൽ

നഗരത്തിൽ
പാതയോരത്ത്
വിറയാർന്ന് നിൽക്കുന്ന
മരച്ചുവട്ടിൽ
ഇന്ന് പകൽ മുഴുവൻ
ഞാൻ നിന്നെ കാത്തുനിന്നു.
പുഴപോലെ പായുന്ന
മനുഷ്യരിലൊരാൾ
നീയായിരുന്നിരിക്കാം
എനിക്ക് നിന്നെ കാണാനാവുന്നില്ല
നീയെന്നെ നോക്കുന്നുമുണ്ടാവില്ല
എത്രയെങ്കിലും തവണ
എൻ്റെ മുന്നിലൂടെ നീ
അങ്ങട്ടുമിങ്ങട്ടും പോയിരിക്കാം.
നമ്മുടെ കണ്ണുകൾ
അറിയാതെയെങ്കിലും
ഇടഞ്ഞിരിക്കാം

ഞാൻ കാത്തിരിക്കുന്നതും
നീ തേടിയലയുന്നതും
നിന്നെയുമെന്നെയുമെന്ന്
എങ്ങനെ തിരിച്ചറിയും

എങ്കിലും ശിരസ്സിൽ വീണ
ഓരോ ഇലയും
നിൻ്റെ നോട്ടങ്ങളാണെന്ന്
വെറുതെ കരുതാനാണിഷ്ടം

സന്ധ്യയാകുന്നു
നീ വീടണഞ്ഞിരിക്കാം
വ്യഥകൾ മറച്ചു പിടിച്ച ഉടലുമായി
വീട് തുടച്ചു വയ്ക്കുകയാവാം

ഞാൻ
നീ കൊഴിച്ചിട്ട ഇലകൾക്ക് മേൽ
ചായട്ടെ.
നാളെ പുലർച്ചെ
ഞാനുണരാം,
നീ കടന്നു പോകാം,
മരത്തിൽ
ഇലകൾ വിടരാം
കൊഴിയാം.

എന്നെങ്കിലുമൊരിക്കൽ
തെരുവ് ശൂന്യമാകുന്ന
യാമത്തിൽ
ഞാനും നീയും
നിൻ്റെയും എൻ്റെയും
പേരു ചൊല്ലി വിളിക്കുന്നത്
പൊടുന്നനെ
നാം കേൾക്കുന്നുണ്ടാവാം.

പ്രിയപ്പെട്ടവളെ
എന്നാണീ
തെരുവൊന്ന്
ശൂന്യമാവുക
വിജനമാവുക
നിശബ്ദമാവുക………

കവർ ഡിസൈൻ : ജ്യോത്സ്ന വിത്സൺ

Comments
Print Friendly, PDF & Email

You may also like