രസച്ചരട്
അറ്റുപോയിടാം
മൂക്കുകുത്തി വീണിടാം ….
ചെറ്റുദൂരം
പറന്ന് പതുക്കനെ
കാറ്റിനൊപ്പം
നിൻ നിശ്വാസഗദ്ഗദം
പരസ്യ വിസ്താരം
തൊങ്ങൽ, പൊടിപ്പുകൾ
കര വിട്ട് നീറും
തുമ്പുകൾ, വാലുകൾ
കരവിരുതിൻ
രസച്ചരട് പൊട്ടും വരെ
പരഗതിയില്ലാ –
തുഴന്ന് കാഴ്ചയായ് …
വെറുതെയേതോ
വിതാനം, പ്രാണനും
വിറയടങ്ങാത്ത
വേവും വിളർച്ചപ്പകപ്പും
ഒരു ഞൊടി,
കാറ്റെടുത്തോരലച്ചിലിൻ
വരുതിയിൽ കഥ,
നൂൽബന്ധമറ്റു ഞാൻ..!
മാനം വരച്ച ചിത്രങ്ങൾ
നീറ്റിൽ മുങ്ങി
മറയുന്നതിൻ മുൻപ്
കൊച്ചനുജനായ്
ചേച്ചി നീട്ടിയ
താമരത്തണ്ട് മാതിരി
മാനത്ത് പട്ടം,
പായൽ വിഷാദമേഘങ്ങൾ …
കാലേ തെളിച്ച
വഴിവിട്ടകലും
കാറ്റല, കടലാസ്, കാലം …
ടി.കെ പത്മിനി വരച്ച ചിത്രത്തിൽ …
ഒരട്ടി മണ്ണിൽ നിന്നുമുയിർക്കും
ക്യാൻവാസ് മാനം, പാനൂസ് വെട്ടം ….
കടപ്പാട് : ഇടശ്ശേരിക്കവിതയും പൊന്നാനിയും
Comments