പൂമുഖം LITERATUREവായന എഴുത്താളിന്റെ വായന

എഴുത്താളിന്റെ വായന

പ്രശസ്ത നിരൂപകൻ ഇ പി രാജഗോപാലന്റെ ‘ വായനക്കാരൻ എം ടി എന്ന പുസ്തകം, ഇന്ത്യയിൽ തന്നെ ഒരെഴുത്തുകാരന്റെ വിശാലമായ വായനയെക്കുറിച്ചുള്ള ആദ്യത്തെ പുസ്തകമായിരിക്കാം. നവതിയിലെത്തിയ ബഹുമുഖ പ്രതിഭയായ എം ടി വാസുദേവൻ നായർ എന്ന എഴുത്തുകാരന്റെ വായനയെ എം ടി പറഞ്ഞതും എഴുതിയതുമായ സൂചകങ്ങളിലൂടെ പരിശോധിക്കുകയാണ് ഇ പി. പുസ്തകത്തെ മൂന്നു ഭാഗങ്ങളായി തരം തിരിച്ചിട്ടുണ്ട്.
എം ടിയുടെ വായനയിലേക്ക് വെളിച്ചം വീശുന്ന ലേഖനങ്ങൾ ഉൾപ്പെടുന്ന ആദ്യ ഭാഗം. ലേഖകൻ എം ടിയുമായി നടത്തിയ അഭിമുഖമാണ് രണ്ടാം ഭാഗത്തിൽ. എം എൻ കാരശ്ശേരി തയ്യാറാക്കിയ എം ടി യുടെ ജീവിത രേഖയാണ് മൂന്നാം ഭാഗത്തിലുള്ളത്.

ആമുഖത്തിൽ ഇ പി എഴുതുന്നുണ്ട് – വായന ഒരു രഹസ്യമാണ്,ഒരാൾ ഒറ്റയ്ക്ക് ചെയ്യുന്ന പ്രവൃത്തിയാണ്. സ്വന്തം അറിവും ലോകബോധവും വെച്ചാണ് ഒരാൾ വായിക്കുക. അയാൾ വായിക്കുന്ന സാമഗ്രി തന്നെ വേറൊരാൾ വായിക്കുമ്പോൾ കിട്ടുന്ന അർത്ഥവും അനുഭൂതിയും വേറെയായിരിക്കും.

ഈ രഹസ്യ സ്വഭാവം തന്നെയാണ് വായനയുടെ മൗലികതയെന്ന് ഇ പി എഴുതുന്നു.വായനയുടെ ഭൂപടം എന്ന അദ്ധ്യായത്തിൽ എം ടിയുടെ വായനയുടെ വിവിധ ഘട്ടങ്ങളെക്കുറിച്ച് പറയുന്നുണ്ട്. കുട്ടിക്കാലത്ത് പുസ്തകങ്ങൾ തേടി അക്കിത്തത്തിന്റെ വീട്ടിൽ പോകുന്നതും, തുടർന്നുള്ള ഘട്ടത്തിൽ ബഷീർ, തകഴി, പൊറ്റക്കാട്ട് എന്നിവരെ വായിക്കുന്നതിലൂടെ ഒരു കാഥികൻ ആകാനുള്ള പ്രേരണയുണ്ടാകുന്നതും.”1952 മുതൽക്ക് തുടർച്ചയായി വായിച്ചു തുടങ്ങി. ആരാധ്യരായിരുന്ന ചേക്കോവിനും മൊപ്പസാങ്ങിനുമിപ്പുറത്തും കഥകൾ ഉണ്ടായിട്ടുണ്ട് എന്ന് മനസ്സിലായി. ആധുനിക കാലത്തെ മികച്ച സാഹിത്യ രചനകൾ ഹൃദയത്തിലേക്ക് കടന്നപ്പോൾ എന്റെ അല്പത്വം എനിക്ക് മനസ്സിലായി. എനിക്ക് എന്നെ അളക്കാൻ ഒരു സ്റ്റാൻഡേർഡ് ഉണ്ടായി. ആത്മനിന്ദ കൂടാതെ എനിക്ക് എന്നോട് നീതി പുലർത്തണമെങ്കിൽ ഞാൻ ആ മുഴക്കോലിന്റെ അടുത്തെത്തണം “
ഈ സത്യസന്ധമായ പ്രസ്താവനയോട് എം ടിയുടെ പിൽക്കാലരചനകൾ പൂർണ്ണമായും നീതി പുലർത്തിയിട്ടുണ്ട് എന്ന് കരുതാം. ഇംഗ്ലീഷ് എഴുത്തുകാർക്ക് പുറമെ, ഫ്രഞ്ച്, അമേരിക്കൻ റഷ്യൻ എഴുത്തുകാരുടെ രചനകളും എം. ടി വായനയിൽ ഉൾപ്പെടുത്തുന്നു.ദേശാനുഭവങ്ങളുടെയും ഭാഷാനുഭവങ്ങളുടെയും വൈവിദ്ധ്യമറിഞ്ഞ് മനുഷ്യാവസ്ഥയുടെ മാനങ്ങൾ മനസ്സിലാക്കി ഉണർന്ന് നിൽക്കുക – ഇതാണ് വായനയുടെ തത്വം. ഈ അധ്യായത്തിൽ എഴുത്തുകാരനെ / എഴുത്തുകാരിയെ സംബോധന ചെയ്യുന്നതിന് ‘ എഴുത്താൾ ‘ എന്ന് പ്രയോഗിക്കുന്നത് ശ്രദ്ധേയമായി തോന്നി. വായനക്കാർ ഉപാധികൾ ഇല്ലാതെ പെരുമാറാൻ, നിന്ദാ സ്തുതികളുടെ അനുഷ്ഠാനങ്ങളിൽ നിന്ന് വിട്ടു നിൽക്കാൻ സ്വയം ശീലിക്കേണ്ടതുണ്ട് എന്നൊരു ജാഗ്രത ഇവിടെ ധ്വനിച്ചു കിട്ടുന്നുണ്ട്. വായനയിലൂടെ ലോകത്തെയും, ഭാവനാലോകത്തെയും അറിഞ്ഞ എം ടി സ്വന്തം കൃതികളെ കുറിച്ച് വിനയം പ്രകടിപ്പിക്കുന്നുണ്ട്.

വിഖ്യാത കൃതിയായ ഗബ്രിയേൽ ഗാർസിയ മാർക്കേസിന്റെ ‘ഏകാന്തതയുടെ നൂറു വർഷങ്ങൾ ‘ സ്പാനിഷിൽ 1967 ലാണ്‌ പുറത്ത് വന്നത്. ഗ്രിഗരി റബാസ യുടെ ഇംഗ്ലീഷ് വിവർത്തനം 1970 ൽ പുറത്ത് വന്നു.1970 ലെ ആദ്യത്തെ അമേരിക്കൻ യാത്രയ്ക്കിടയിൽ സാഹിത്യ പ്രണയിയായ സുഹൃത്ത് അതിന്റെ ഇംഗ്ലീഷ് കോപ്പി സമ്മാനിച്ച് ‘ ഇതാ നാം വളരെക്കാലമായി കാത്തിരുന്ന ഒരു മഹത്തായ കൃതി ‘ എന്ന് അഭിപ്രായപ്പെട്ടു. അത്‌ വായിച്ച് എം ടി ‘ നൂറു വർഷത്തെ ഏകാന്തത ‘ എന്ന പേരിൽ കുറിപ്പ് എഴുതുകയുണ്ടായി. ഇന്ത്യയിൽ തന്നെ മാർക്കേസിനെക്കുറിച്ച് ആദ്യമായി എഴുതിയത് എം ടി ആയിരിക്കാം. മാർക്കേസ് മലയാളികൾക്ക് എത്രമാത്രം പ്രിയപ്പെട്ട എഴുത്തുകാരൻ ആയി മാറി എന്നത് ചരിത്രം. മാർക്കേസ് ഒരിക്കലും മടുപ്പിക്കുന്നില്ല എന്ന് എം ടി അഭിപ്രായപ്പെട്ടു. ലാറ്റിൻ അമേരിക്കൻ സാഹിത്യത്തെപ്പറ്റി എം ടി പറയുന്ന അഭിപ്രായം ഇങ്ങനെയാണ്, “ലാറ്റിൻ അമേരിക്കൻ കൃതികളിൽ ചരിത്രവും ഫിക്ഷനും തമ്മിലുള്ള ഒരു മത്സരമാണ് ( ഉള്ളത് ) എന്ന് തോന്നുന്നു. ചരിത്രം ഫിക്ഷന് അടുത്തെത്താൻ പാടുപെടുന്നു.”
കാഫ്ക, കമ്യു, ബോർഹെസ്, സാമൂവൽ ബക്കറ്റ് എന്നിവരുടെ കൃതികളും എം ടി കാര്യമായി ശ്രദ്ധിച്ചിട്ടുണ്ട്. ആധുനിക വാദത്തിന്റെ ഭാഗമായുള്ള അസ്തിത്വ ചർച്ചയെ പറ്റി എം ടി പറഞ്ഞത് ഇങ്ങനെയാണ്, ” അസ്തിത്വത്തിന്റെ ആവശ്യം തോന്നാതെയും മനുഷ്യനാകാം. മനുഷ്യനാവാത്ത അവസ്ഥയിലും അസ്തിത്വമുണ്ട്. ശരീരവും മനസ്സുമുള്ളത് കൊണ്ട് മാത്രം മനുഷ്യനാകണമെന്നില്ല”മലയാള ചെറുകഥകളിൽ അക്കാലത്ത് അസ്തിത്വ വാദങ്ങൾ പ്രകടമായി കണ്ടിരുന്നു. എം ടിയുടെ രചനകളിൽ അത്തരം വിഷയങ്ങൾ നേരിട്ട് വരാത്തത് ഈയൊരു സമഗ്ര ചിന്തയുള്ളത് കൊണ്ട് തന്നെയായിരിക്കും.

നോവൽ വായനയെപ്പറ്റിയും നോവലുണ്ട് എന്ന അഭിപ്രായം എം ടി രേഖപ്പെടുത്തുന്നത് 1979 ൽ പുറത്ത് വന്ന ഇറ്റാലോ കാൽവിനോയുടെ ‘ഇഫ് ഓൺ എ വിന്റേഴ്‌സ് നൈറ്റ് എ ട്രാവലർ ‘ എന്ന നോവൽ വായിച്ച ശേഷമാണ് .ഉത്തരാധുനികമായ ആഖ്യാനം. ഒരു നോവൽ വായിക്കാൻ ശ്രമിക്കുന്ന ആളെക്കുറിച്ചാണ് ഇറ്റാലിയൻ ഭാഷയിൽ പുറത്ത് വന്ന ഈ നോവൽ. നോവലിന്റെയും വായനയുടെയും തീർച്ചയായും ജീവിതത്തിന്റെയും വിഷയങ്ങൾ ഇതിലുണ്ട് “

ജാഗ്രതയുള്ള വായനക്കാരനാണ് എം ടി. “വായിച്ചറിയുക എന്നതാണ് വായനക്കാരുടെ ദർശനം. എന്ന് വിശ്വസിക്കുന്നു. മറ്റുള്ളവരുടെ അഭിപ്രായം കേൾക്കാം, പക്ഷെ തന്നെ നയിക്കാൻ അവയെ അനുവദിക്കരുത്.” വായനയെ സംബന്ധിച്ചിത്തോളം പരസ്യങ്ങളിൽ വീഴാതെ വായിച്ചറിയുക എന്ന വിലപ്പെട്ട അഭിപ്രായമാണിത്.

ബഷീർ കഥയെഴുതുകയല്ല, പറയുകയാണ് എന്നാണ് എം ടിയുടെ കണ്ടെത്തൽ. കഥാ സാഹിത്യത്തിന്റെ അടിസ്ഥാനം എഴുത്തല്ല, പറച്ചിലാണ് എന്ന കാര്യം എം. ടിയുടെ സർഗ്ഗ ദർശനത്തിന്റെ ഒരു അടിപ്പടവുതന്നെയാണ് എന്ന് ഇ പി നിരീക്ഷിക്കുന്നു.
എം ടി ഒരെഴുത്തുകാരനെക്കുറിച്ചു മാത്രമാണ് പുസ്തകം എഴുതിയിട്ടുള്ളത്. അത്‌ ഏണസ്റ്റ് ഹെമിംഗ് വെയേ കുറിച്ചാണ്, “ഹെമിംഗ് വെ ഒരു മുഖവുര “.എം ടിയും ഹെമിംഗ്‌ വെയും സ്വഭാവത്തിന്റെ കാര്യത്തിലുള്ള സാമ്യം ഇ പി സൂചിപ്പിക്കുന്നുണ്ട്. ഹെമിംഗ് വെയുടെ ജീവിതവും കൃതികളും പരസ്പരം പൂരകങ്ങളായിട്ടാണ് ഈ കൃതിയിലൂടെ എം ടി കാണുന്നത്.ചങ്ങമ്പുഴയെക്കുറിച്ചുള്ള ലേഖനത്തിൽ ചങ്ങമ്പുഴ – വൈരുധ്യങ്ങളുടെ കൂടാരമാണ് എന്ന് എം. ടി അഭിപ്രായപ്പെടുന്നുണ്ട്.

അദ്ദേഹം രണ്ടാമൂഴത്തിന്റെ
പിറവിയെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ് “പിതാവായ ഭീമനെ ആപത്തിൽ രക്ഷിക്കാൻ വേണ്ടി വന്നെത്തുകയാണ് ഘടോൽക്കചൻ. പോത്തു വണ്ടികളും കാട്ടു ജാതിക്കാരു മെല്ലാമടങ്ങുന്ന പടയുമായി. പരാക്രമിയായ ആ പുത്രൻ ധീരധീരം പോരാടി മരിച്ചു. ധർമ്മപുത്രരടക്കം എല്ലാവരും കരയുന്ന സന്ദർഭത്തിലേക്കാണ് ശ്രീകൃഷ്ണൻ വന്നെത്തുന്നത്.വിലാപത്തെ നിസ്സാരവൽക്കരിച്ചു കൊണ്ട് ശ്രീകൃഷ്ണൻ ചോദിക്കുകയാണ്,” നന്നായില്ലേ അവനെ കൊന്നത്, രക്ഷസനല്ലേ, യാഗം മുടക്കുന്നവനല്ലേ, ഇപ്പോൾ കൊന്നില്ലെങ്കിൽ നാളെ നമുക്ക് തന്നെ കൊല്ലേണ്ടി വരുമായിരുന്നു. ” ഈ വാക്കുകൾ കേട്ട് ഞാൻ ഞെട്ടി. ആ ഞെട്ടലിൽ നിന്നാണ് എന്റെ രണ്ടാമൂഴം ഉരുവം കൊണ്ടത്
രണ്ടാമൂഴം എഴുതാനുള്ള വായനയുടെ വലിയ തയ്യാറെടുപ്പിനെ കുറിച്ച് ഇതിൽ വിസ്‌തരിച്ചു പറയുന്നുണ്ട്.
അത്‌ പോലെ എം. ടി യുടെ മറ്റ് നോവലുകളുടെ തയ്യാറെടുപ്പിനെ കുറിച്ചും അറിയാൻ ആഗ്രഹമുണ്ട്. പ്രത്യേകിച്ച് കേരളീയ സാഹചര്യത്തിൽ എഴുതിയ കാലം, നാല്കെട്ട്, അസുരവിത്ത് എന്നീ നോവലുകളിൽ നിന്ന് വ്യത്യസ്തമായി പൂർണ്ണമായുംഡെഹ്റാഡൂൺ കേന്ദ്രമാക്കിയെഴുതിയ ” മഞ്ഞിന്റെ ” തയ്യാറെടുപ്പിനെ കുറിച്ച്.

വായനയും കാഴ്ചയും എന്ന അധ്യായത്തിൽ എം ടിയുടെ തിരക്കഥകളെകുറിച്ച് പ്രതിപാദിക്കുന്നു. ഒരു വടക്കൻ വീരഗാഥ, ദയ, വൈശാലി, പരിണയം, കേരള വർമ്മ പഴശ്ശി രാജ എന്നീ തിരക്കഥകളിൽ വ്യത്യസ്തമായ തലത്തിലാണ് എം ടിയുടെ വായനാപരിചയം പ്രവർത്തിക്കുന്നത്.
പ്രസംഗത്തെ ഔപചാരികമായ പ്രകടനമായി കാണാത്ത എം ടി യുടെ പ്രഭാഷണങ്ങളുടെ സവിശേഷതയെക്കുറിച്ചും ഒരു അധ്യായമുണ്ട്. ഷാർജ ബുക്ക് ഫെയറിൽ കേട്ട ഒരു പ്രസംഗം എന്റെ ഓർമ്മയിലുണ്ട്. ആഴത്തിലും പരപ്പിലുമുള്ള വായനയുടെ സ്ഫുരണങ്ങൾ ആ പ്രഭാഷണത്തിൽ സ്വാഭാവികമായും വന്നു ചേരാറുണ്ട്.
പുസ്തക വായന ലോക വായനയ്ക്കുള്ള തുണയാണെന്ന് എം ടി ഉറച്ചു വിശ്വസിക്കുന്നു.

ഒരു പുസ്തകം നന്നായി വായിക്കാൻ ഒരാൾ അത്‌ എഴുതുന്ന പോലെ വായിക്കണം എന്ന് വേർജിനിയ വൂൾഫ് പറഞ്ഞിട്ടുണ്ടല്ലോ. എം ടി യുടെ വായനയെക്കുറിച്ചുള്ള ഇ.പിയുടെ ഈ പുസ്തകം ഇത്തരത്തിലുള്ള പുസ്തകങ്ങൾക്ക് ഒരു മാതൃകയാണ്. ഇനിയും മലയാളത്തിലെ എഴുത്തുകാരുടെ വായനയെ കുറിച്ച് ഇത്തരം പുസ്തകങ്ങൾ വന്നേക്കാം. മാഗസിനുകളിൽ ലേഖനം വരുമ്പോൾ അനുബന്ധ പുസ്തകങ്ങളുടെ പുറം ചട്ടകളുടെ ചിത്രങ്ങൾ വരുന്നത് പോലെ, ഈ പുസ്തകത്തിലും അത്തരം ചിത്രങ്ങൾ ചേർത്തത് സൗകര്യപ്രദമായി.വായനാജാലകത്തിലൂടെയുള്ള വിശ്വ ദർശനം ഒരു സർഗ്ഗ പ്രക്രിയ തന്നെയാണെന്ന കാര്യത്തിൽ സംശയമില്ല.

കവർ : ജ്യോതിസ് പരവൂർ

Comments
Print Friendly, PDF & Email

You may also like