“ഞാൻ ലോകത്തിന്റെ അറ്റത്തുനിന്ന് വന്നവൻ…” ഇങ്ങനെയാണ് Pope Francis A man of his word” എന്ന ഡോക്യുമെന്ററിയുടെ തുടക്കം. ലോകത്തിന്റെ അറ്റത്ത് നിന്ന് വത്തിക്കാൻ വരെയുള്ള ഈ യാത്ര, കത്തോലിക്കാ സഭയുടെ ചരിത്രത്തിലെ ഏറ്റവും മനുഷ്യസ്നേഹസംബന്ധിയായ അധ്യായങ്ങളിലൊന്നാണ്.

2018-ൽ പുറത്തിറങ്ങിയ Wim Wenders സംവിധാനം ചെയ്ത ‘Pope Francis – A Man of His Word ‘എന്ന ഡോക്യുമെന്ററിയെ ഉപജീവിച്ചാണ് ഈ ലേഖനം. അതിൽ പോപ്പിന്റെ തന്നെ ശബ്ദത്തിൽ, അദ്ദേഹത്തിന്റെ ദർശനങ്ങളും, സന്ദേശങ്ങളും കേൾക്കാം. ഒപ്പം അദ്ദേഹത്തിന്റെ യാത്രകൾ, മനം കവരുന്ന ലളിതമായ ചടങ്ങുകൾ എന്നിവയുടെ ആഴത്തിലുള്ള കാഴ്ചയാണ് പ്രേക്ഷകർക്ക് നൽകുന്നത്. റോഡ് യാത്രകളിൽ, പോപ്പ് ദരിദ്ര പ്രദേശങ്ങൾ, അഭയാർഥി ക്യാമ്പുകൾ, തടവുശാലകൾ, കൊടുങ്കാറ്റു താണ്ഡവമാടിയ ഫിലിപ്പൈൻസ്, യാഡ് വാസെം ഹോളോകോസ്റ്റ് മ്യൂസിയം, യെരുശലേമിലെ ഡോം ഓഫ് ദ റോക്ക് പോലെ ചരിത്രപരമായും ആത്മീയമായും പ്രധാനപ്പെട്ട കേന്ദ്രങ്ങൾ എന്നിവ സന്ദർശിക്കുന്നത് കാണാം.

വിശ്വാസം, പരിസ്ഥിതി, സമത്വം, ദാരിദ്ര്യം, നന്മ, ഭക്ഷണം, തൊഴിൽ, സ്നേഹം, യുദ്ധം, അന്തസ്സുറ്റ ജീവിതം, കുടിയേറ്റം, കൺസ്യൂമറിസം , സാമൂഹ്യ നീതി, വൈദീകർ നടത്തിയ ലൈംഗിക അതിക്രമങ്ങൾ, സ്ത്രീപുരുഷ സമത്വം എന്നിവയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ സന്ദേശങ്ങൾ ഈ സിനിമയിലൂടെ ലോകം മുഴുവനുമുള്ളവരെ സ്പർശിച്ചു.അവസാന ദൃശ്യങ്ങളിൽ, ലോകമെമ്പാടുമുള്ള മതനേതാക്കൾ ചേർന്ന് മതസൗഹൃദം പ്രകടിപ്പിക്കുന്ന മെഴുകുതിരി തെളിയിക്കൽ ചടങ്ങിൽ പോപ്പ് പങ്കെടുക്കുന്നുണ്ട്. എല്ലായിടത്തും പോപ്പ് പാവപ്പെട്ടവർക്കും തടവുകാർക്കും രോഗികൾക്കും നൽകിയ കൈത്താങ്ങും പ്രോത്സാഹനവും ഈ ഡോക്യൂമെന്ററിയിൽ കാണാം സഭയിലെ ഒരു വിപ്ലവനക്ഷത്രമായിരുന്നു പോപ്പ് ഫ്രാൻസീസ് എന്ന് നിസ്സംശയം പറയാം. ഡോക്യൂമെന്ററിയിലെ അഭിമുഖങ്ങളിൽ പോപ്പ് ഫ്രാൻസിസ് 13-ആം നൂറ്റാണ്ടിലെ സഭാ പരിഷ്കർത്താവും വിപ്ലവകാരിയുമായ അസിസിയിലെ ഫ്രാൻസിസിനോടുള്ള ആഴത്തിലുള്ള സ്നേഹവും ആരാധനയും വ്യക്തമാക്കുന്നു.
1) ഭൂമിയോടുള്ള പ്രതിബദ്ധത:
Laudato Si’ എന്ന പരിസ്ഥിതി ലേഖനം വഴി പോപ്പ് പറഞ്ഞത് ഭൂമി, ഒന്നാണ്, ഭൂമി നമ്മുടെ ഒറ്റവീടാണ്. കാലാവസ്ഥാമാറ്റം, പ്രകൃതിദുരന്തങ്ങൾ, ജലക്ഷാമം എന്നിവയെ നമ്മൾ നേരത്തേ കാണണം. ഭൗതികസമൃദ്ധിക്ക് വേണ്ടി പ്രകൃതിയെ ത്യജിക്കുന്ന സമീപനം അപകടകരമാണ്. യുണൈറ്റഡ് നേഷൻസിന്റെ പരിസ്ഥിതി യോഗത്തിൽ കൃത്യമായി അദ്ദേഹം ഭൂമിയെ നിർവചിക്കുന്നുണ്ട്. ഏറ്റവും ദരിദ്രനായ ദരിദ്രൻ നമ്മുടെ ഭൂമി ആണെന്ന്” പോപ്പ് പറയുന്നു. ഭൂമിയെ നാം കൊള്ളയടിച്ചു, ദുരുപയോഗം ചെയ്തു. ഡോക്യുമെന്ററിയിൽ ഈ സന്ദേശം ശക്തമായി പ്രതിഫലിക്കുന്നുണ്ട്. പ്രകൃതിയോടും സൃഷ്ടിയോടുമുള്ള ആദരവുമാത്രമാണ് മനുഷ്യൻ നിലനിൽക്കാനുള്ള മാർഗം. പരിസ്ഥിതി സംരക്ഷണം മതവിഷയം മാത്രമല്ല, അത് രാഷ്ട്രീയവും നൈതികവുമായ കടമയാണെന്നും അദ്ദേഹം തുറന്നുപറയുന്നു.
2) ദാരിദ്ര്യത്തിനു എതിരെ പോരാടുക:
“ദാരിദ്ര്യം ഒരു ദുരന്തമല്ല, അത് മനുഷ്യനിർമ്മിതമായ സാമൂഹിക അക്രമമാണ്.” ഡോക്യുമെന്ററിയിൽ അദ്ദേഹം അനുസ്മരിക്കുന്ന നിരവധി സന്ദർശനങ്ങൾ- ബ്രസീലിലെ ഫവേലാസിൽ നിന്ന് ജെറുസലേമിലെ മതമന്ദിരങ്ങളിലേക്കും, ആഫ്രിക്കയിലെ രോഗബാധിതരായ വിദ്യാർത്ഥികളിൽ നിന്ന് ലാമ്പഡസയിലെ അഭയാർത്ഥികളിലേക്കും ജോലിയില്ലാത്ത യുവജനങ്ങളിലേക്കും — ദാരിദ്ര്യത്തെ നേരിൽ കണ്ട് എതിര്ത്തിരുന്ന അദ്ദേഹത്തിന്റെ ജീവിത സാക്ഷ്യങ്ങളാണ്. “നാം ജീവിക്കാൻ ആവശ്യമായതിൽ കൂടുതൽ കൈവശം വെക്കുന്നത് പാപമാണ്,” അദ്ദേഹം ആത്മവേദനയോടെ പറയുന്നു.
3) യുദ്ധത്തിനെതിരെ:
“യുദ്ധം മനുഷ്യന്റെ പരാജയമാണ്.” പോപ്പിന്റെ ഈ വാക്കുകൾ അഫ്ഗാനിസ്ഥാ നിലും ഗാസയിലും യുക്രൈനിലുമുള്ള യുദ്ധങ്ങളെ മാത്രമല്ല, യുദ്ധങ്ങളിലെ മനുഷ്യത്വവിരുദ്ധതയെ തന്നെ ചോദ്യം ചെയ്യുന്നു. അദ്ദേഹം രാജ്യാധ്യക്ഷന്മാരോടും ഐക്യരാഷ്ട്ര സഭയോടും പറയുന്നത് ഒന്ന് തന്നെയാണ് — കരുണയുള്ള ഭരണമാണ് നമുക്ക് വേണ്ടത്. അമേരിക്കൻ കോൺഗ്രസിനെ അഭിസംബോധന ചെയ്തു കൊണ്ട് അദ്ദേഹം ആയുധക്കച്ചവടത്തിന് എതിരെ ശക്തമായ ഭാഷയിൽ സംസാരിക്കുന്നതും ഡോക്യൂമെന്ററിയിൽ കാണാം. ആയുധങ്ങൾ വിൽക്കുന്നത് അവസാനിപ്പിക്കണം; അത് “രക്തം പുരണ്ട പണമാണ്.”
4) ജയിലുകളിൽ അവഗണിക്കപ്പെട്ടവർക്കായി:
പോപ്പ് ഫ്രാൻസിസ് പലകുറിയും ജയിൽ സന്ദർശിക്കുകയും, തടവുകാരുടെ കാൽ കഴുകുകയും ചെയ്തിട്ടുണ്ട്. “ദൈവത്തിന്റെ കൃപ പാപത്തെ മറികടക്കും” എന്നാണ് അദ്ദേഹം വിവക്ഷിക്കുന്നത്. മനുഷ്യന്റെ ഏറ്റവും ഭീമമായ തെറ്റുകൾക്കും മറ്റൊരു അവസരം അവശ്യമാണ് എന്ന വിശ്വാസത്തിലാണ് അദ്ദേഹം. “ജയിലുകൾ ശിക്ഷയുടെയും മാറ്റത്തിന്റെയും ഇടങ്ങളായിരിക്കണം, ഉപേക്ഷയുടേതല്ല.” എന്നാണ് അദ്ദേഹം ആവർത്തിക്കുന്നത്.
5) ഇക്വാലിറ്റി-സമത്വം -എന്നത് വിശ്വാസത്തിന്റെ ഹൃദയം:
പോപ്പ് ഫ്രാൻസിസ് വിശ്വസിക്കുന്നത്, എല്ലാ മനുഷ്യരും ദൈവത്തിന്റെ സൃഷ്ടിയാണ് . ഇതിൽ ലിംഗം, ജാതി, മതം, ഭൗതിക അവസ്ഥ തുടങ്ങിയവയ്ക്ക് അധിനിവേശിക്കാനാവില്ല “ദൈവം ആരെയും ഭിന്നമായി സ്നേഹിക്കുന്നില്ല” എന്നത് അദ്ദേഹത്തിന്റെ ആധികാരികമായ ശബ്ദമാണ്. അതുകൊണ്ടാണ് അഭയാർത്ഥികളെയും എൽ.ജീ.ബി.ടി. ആളുകളെയും സഭയുടെ സ്നേഹത്തിൽ ഉൾപ്പെടുത്തി പരിഗണിക്കണമെന്ന് അദ്ദേഹം നിർദ്ദേശിക്കുന്നത്.
6) സ്ത്രീകൾക്ക് സഭയിലും സമൂഹത്തിലും കൂടുതൽ സ്ഥാനം:
“സ്ത്രീകളില്ലാതെ സഭ നിലനില്ക്കില്ല.” — ഇതൊരു ആഡംബരപ്രസ്താവനയല്ല, പോപ്പ് ഫ്രാൻസിസ് സ്വന്തം ഭരണനടപ്പുകളിൽ തന്നെ ഇതിനുദാഹരണം കാട്ടിയിട്ടുണ്ട്. ഏറ്റവും പ്രധാനപ്പെട്ട വത്തിക്കാന്റെ ചുമതലകളിലേക്ക് അദ്ദേഹം സ്ത്രീകളെ നിയമിച്ചു. അദ്ദേഹം തുറന്നുപറയുന്നു: സ്ത്രീകളെ, മാനസികവും ആത്മീയവുമായ ബുദ്ധിയോടെയും, വിശ്വാസത്തോടെയും അംഗീകരിക്കണം. സ്ത്രികളുടെ ദർശനശേഷി പുരുഷന്മാരേക്കാൾ വ്യത്യസ്തവും സമൃദ്ധവുമാണെന്ന് അദ്ദേഹം അംഗീകരിക്കുന്നു.
7) കുടിയേറ്റക്കാർക്ക് വേണ്ടി:
ഡോക്യുമെന്ററിയിൽ കുടിയേറ്റ പ്രശ്നങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയിട്ടുണ്ട്. അഭയാർഥിപ്രശ്നത്തേയും കുടിയേറ്റങ്ങളെയും വ്യക്തികളുടെ തലത്തിൽ കാണണമെന്നും, അവരുടെ കഥകൾ കേൾക്കണമെന്നും പോപ്പ് ആഹ്വാനം ചെയ്യുന്നു. “നാം സുരക്ഷ തേടുമ്പോൾ, മറ്റുള്ളവർക്ക് കൂടി സുരക്ഷ നൽകണം” കുടിയേറ്റക്കാരെ ഭയക്കേണ്ടതില്ല. പകരം, അവരുടെ ജീവിതത്തിൽ പങ്കാളികളാകണമെന്ന് അദ്ദേഹം ഉപദേശിക്കുന്നു
8) വിവാഹമോചനവും പുനർവിവാഹവും:
പറമ്പരാഗത കാർക്കശ്യത്തിന്റെ മാർഗ്ഗത്തിൽ നിന്ന് വ്യത്യസ്തമായി, വിവാഹമോചനപ്പെട്ടവരെയും വീണ്ടും വിവാഹം കഴിച്ചവരെയും സഭയിൽ ഉൾപ്പെടുത്തണം എന്നതാണ് അദ്ദേഹത്തിന്റെ നിലപാട്. “സമ്മർദ്ദം നൽകുക അല്ല, അവരെ കൈവിടാതിരിക്കുക എന്നതാണ് സഭയുടെ പണി,” എന്നാണ് അദ്ദേഹം പറയുന്നത്. കുടുംബ ബന്ധങ്ങളിൽ ഊഷ്മളത ഉണ്ടാകേണ്ടതിനെ കുറിച്ചും, മാതാപിതാക്കൾ കുഞ്ഞുങ്ങളോടൊപ്പം സമയം ചില വഴിക്കേണ്ടതിനെ കുറിച്ചും വളരെ സരസമായി അദ്ദേഹം പറയുന്നു. ഈ ഹൃദയതാളത്തിലാണ് Amoris Laetitia എന്ന ലേഖനവും എഴുതിയത് — കുടുംബ ജീവിതത്തിൽ കാരുണ്യത്തെ മുൻനിർത്തിയുള്ള കാഴ്ചപ്പാട്.
9) എല്ലാവരെയും ഉൾക്കൊള്ളുക:
എല്ലാ മനുഷ്യരും ദൈവത്തിന്റെ മക്കൾ ആണ്. അതിനാൽ ജാതി, മത, ദേശ ഭാഷകൾക്ക് അതീതമായി എല്ലാവരെയും കേൾക്കുവാനും ചേർത്തു പിടിക്കുവാനും പോപ്പ് ഫ്രാൻസീസ് ആഹ്വനം ചെയുന്നു. “നാം എല്ലാവരും അബ്രാഹാമിന്റെ മക്കളാണ്,” പോപ്പ് മുസ്ലിം സഹോദരങ്ങൾക്ക് വേണ്ടിയും സംസാരിക്കുന്നുണ്ട്.
10) ലളിതമായ ജീവിതം:
ലോകത്തിലെ സമ്പത്തിന്റെ 80% ഇന്ന് 20% ജനങ്ങളുടെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സമ്പത്തിൽ പ്രതീക്ഷ വയ്ക്കരുത് എന്നും ദൈവത്തെയും പണത്തെയും ഒരേസമയം സേവിക്കാൻ കഴിയില്ലെന്നും ആണ് അദ്ദേഹത്തിന്റെ മതം.പണം മിച്ചമാകുമ്പോൾ സഭയിൽ യേശു ഇല്ലെന്നാണ് പോപ്പിന്റെ അഭിപ്രായം. നമ്മുടെ ഭക്ഷണം ഇല്ലാത്തവനും ആയി പങ്കു വയ്ക്കണം എന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു.
11) ആധുനിക ലോകത്തേക്ക് വിശ്വാസത്തിന്റെ പുതുവഴി:
ആധുനികതയും മതവിശ്വാസവും തമ്മിലുള്ള വിഭിന്നതയെ ഒഴുക്കിൽ ലയിപ്പിക്കാൻ ശ്രമിക്കുന്ന പോപ്പ് ഫ്രാൻസിസ്, ഡോക്യുമെന്ററിയിലൂടെ നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നത് ഒരു പ്രവാചകശബ്ദം മാത്രമല്ല — അത് പുതിയ തലമുറയുടെ ആത്മീയ മാര്ഗ്ഗമാണ് എന്ന് കൂടിയാണ്.മതം മനുഷ്യന്റെ ജീവിതത്തിൽ എവിടെ ഇരിക്കണമെന്ന് ആലോചിപ്പിക്കുന്ന സന്ദേശമാണ് ഈ ഡോക്യൂമെന്ററി നൽകുന്നത്.
ദൈവത്തിനോടുള്ള പ്രതിബദ്ധത, എല്ലാ ജീവികളോടുള്ള കരുണ, പ്രകൃതിസ്നേഹം, മറ്റു മതങ്ങളോടുള്ള ആദരവ്, ജീവിതത്തിലെ ആനന്ദം എന്നിവയിലൂടെയാണ് അസിസിയിലെ ഫ്രാൻസിസ് തിളങ്ങുന്നത്. അസീസിയിലെ ഫ്രാൻസീസ് തെളിച്ച അതെ പാതയിലൂടെയാണ് പോപ്പ് ഫ്രാൻസിസും നടന്നത് എന്ന് ഈ ഡോക്യൂമെന്ററി വ്യക്തമാക്കുന്നു. പോപ്പ് ഫ്രാൻസിസ് സംസാരിക്കുന്നത് സ്നേഹത്തിന്റെയും നീതിയുടെയും ഭാഷയാണ്. അദ്ദേഹത്തിന്റെ വാക്കുകൾ വ്യാഖ്യാനമല്ല, ആഹ്വാനങ്ങളാണ് — പാവപ്പെട്ടവരുടെ അടുത്തേക്ക് പോവുക..ഭൂമിയെ സംരക്ഷിക്കുക. യുദ്ധം അവസാനിപ്പിക്കുക, സ്നേഹിക്കുക…