ആഫ്രിക്കയിലെ സിംഗപ്പൂർ എന്നും ലോകത്തിലെ ഏറ്റവും വൃത്തിയുള്ള രാജ്യം എന്നും അറിയപ്പെടുന്ന റുവാണ്ടയെക്കുറിച്ച് അനവധി വാർത്തകൾ ആണ് നാം കേട്ടുകൊണ്ടിരിക്കുന്നത്. സന്തോഷ് ജോർജ് കുളങ്ങര റുവാണ്ടയിൽ പോയി അവിടുത്തെ വൃത്തിയെയും ഭരണപാടവത്തെയും കുറിച്ച് നമ്മോടു പറയുകയുണ്ടായി. എന്റെ മകളും അടുത്തിടെ റുവാണ്ടയിൽ പോകുകയും, തിരികെവന്നു, നമ്മുടെ നാട്ടിലെ സ്ഥലമൊക്കെ വിറ്റു റുവാണ്ടയിൽ പോയി താമസിക്കാം എന്ന് തമാശയായെങ്കിലും പറയുകയുമുണ്ടായി.എന്നാൽ പത്രപ്രവർത്തകനും എഴുത്തുകാരനുമായ അഞ്ജൻ സുന്ദരത്തിന്റെ “ബാഡ് ന്യൂസ്” എന്ന പുസ്തകം വായിച്ചപ്പോൾ റുവാണ്ടയുടെ വ്യത്യസ്തമായ ഒരു ചിത്രം ആണ് ലഭിച്ചത്. അത് പങ്കുവെക്കുകയാണ് ഈ ലേഖനത്തിന്റെ ഉദ്ദേശം
1994 ൽ 800,000 ടുട്സികളെ ഹുട്ടു ഗോത്രവിഭാഗത്തിലെ സഹപ്രവർത്തകരും അയൽക്കാരും ഉൾപ്പെടെയുള്ള അക്രമികൾ ചേർന്ന് വംശ ഹത്യയ്ക്കു ഇരയാക്കിയതിനു ശേഷം 20 വർഷങ്ങൾകൊണ്ട് റുവാണ്ട ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളിലൊന്നായി രൂപാന്തരപ്പെട്ടു.
അവിടെ തെരുവുകൾ കളങ്കരഹിതമാണ്, പ്ലാസ്റ്റിക് ബാഗുകൾ നിയമവിരുദ്ധമാണ്, ഏകദേശം12ദശലക്ഷത്തോളം ജനങ്ങൾ പ്രതിമാസ കമ്മ്യൂണിറ്റിസേവനസെഷനുകളിൽ പങ്കെടുക്കുന്നു. ആർക്കും ഭയമില്ലാതെ രാത്രിയിൽ ഒറ്റയ്ക്ക് തെരുവിലൂടെ നടക്കാൻ കഴിയുന്ന ആഫ്രിക്കയിലെ ഏകരാജ്യം ആണ് റുവാണ്ട.
ആഫ്രിക്കയിലെ ഏറ്റവും ജനസാന്ദ്രതയുള്ള രാജ്യങ്ങളിലൊന്നാണിത്. എന്നിട്ടും അവിടുത്തെ പ്രധാനവീഥികൾ പലപ്പോഴും ശൂന്യമാണ്. പ്രദേശവാസികൾ വളരെ സംയമനത്തോടെയും ഭയത്തോടെയും ആണ് ഈ രാജ്യത്ത് സംസാരിക്കുന്നതു പോലും.എവിടെയും പോൾ കഗാമെ എന്ന പ്രസിഡന്റിനെ കുറിച്ചുള്ള വാഴ്ത്തുപാട്ടുകൾ ആണ്. അദ്ദേഹത്തിനെതിരെ ഒരു ശബ്ദം അടക്കത്തിൽ പറയുവാൻ പോലും മടിക്കുന്ന ജനങ്ങൾ. പൗരന്മാർ സെൻസർ ചെയ്യപ്പെടുകയും സ്വയം സെൻസർ ചെയ്യുകയും ചെയ്യുന്ന രാജ്യം.
യൂറോപ്യൻ യൂണിയന്റെ ധനസഹായത്തോടെ ഒരു ചെറിയ കൂട്ടം തദ്ദേശവാസികൾക്കായി ഒരു പത്രപ്രവർത്തനപരിശീലനപരിപാടി നടത്താൻ സുന്ദരം ചെലവഴിച്ച വർഷങ്ങളെ സൂക്ഷ്മവും ഉദ്വേഗജനകവുമായ എഴുത്തിലൂടെ പങ്കുവയ്ക്കുകയാണ് Bad News എന്ന പുസ്തകത്തിൽ.
സ്വേച്ഛാധിപത്യത്തിനു കീഴിലെ അവസാനപത്രപ്രവർത്തകർ ഗ്രനേഡ് ആക്രമണം അടുത്തിടെ നടന്നതോ അല്ലാത്തതോ ആയ ഒരു രംഗത്തേക്ക് വായനക്കാരനെ കൊണ്ടുവരുന്നു, അക്രമം നടന്ന സ്ഥലത്തുണ്ടായിരുന്ന പോലീസുകാരൻ സ്ഫോടനം നടന്ന സ്ഥലം പെട്ടെന്ന് വൃത്തിയാക്കുകയും അങ്ങനെയൊരു സംഭവം നടന്നിട്ടില്ല എന്നുറപ്പിക്കുകയും ചെയ്യുന്നു. പത്രക്കാരനൊപ്പം വായനക്കാരനും സ്തബ്ധരാകുന്നു, പോലീസുകാർ ഒന്നുമറിഞ്ഞില്ല എന്ന നാട്യത്തിലും, അതാണ് ഇപ്പോൾ റുവാണ്ട.
ഗ്രന്ഥകർത്താവ് കഥാപാത്രങ്ങളായി തന്റെ വിദ്യാർത്ഥികളെത്തന്നെയാണ് അവതരിപ്പിക്കുന്നത്.വിദ്യാർത്ഥികൾ കൂടുതലും പുരുഷന്മാരും സ്ഥിരമായി ഭയപ്പെടുന്നവരുമാണ്. വംശഹത്യയെ അതിജീവിച്ച മോസസ് , ‘നടക്കുന്ന മരിച്ചവരിൽ’ഒരാളായി സ്വയം വിശേഷിപ്പിക്കുകയും റുവാണ്ടയുടെ പ്രസിഡന്റ് പോൾ കഗാമെയുടെ കുറ്റകൃത്യത്തെക്കുറിച്ച് തുറന്ന് എഴുതാൻ ആഗ്രഹിക്കുന്നുവെന്ന് പറയുകയും ചെയ്യുന്നു. ഗവൺമെന്റ് വംശഹത്യയെ പരിഹസിക്കുന്നു എന്നും ലോകത്തിൽ നിന്ന് കനിവ് ലഭിക്കാൻ അത് ഉപയോഗിക്കുകയാണെന്നും മോസസ് ആരോപിക്കുന്നു. “ആളുകളെ നിയന്ത്രിക്കാൻ നിങ്ങൾ വളരെയധികം ഭയം സൃഷ്ടിക്കേണ്ടതുണ്ട്” എന്ന് അയാൾ സുന്ദരത്തോട് പറയുന്നുണ്ട്.ആഗ്നസ് എന്ന വിദ്യാർത്ഥിനി ക്ലാസിൽ ചേരുന്നതിനു മുൻപ് ഒരു വർഷത്തിലധികം ജയിലിൽ കഴിഞ്ഞിട്ടുണ്ട്. നേര് വിളിച്ചുപറഞ്ഞതുകൊണ്ട് മാത്രം അവൾ മാനനഷ്ടക്കേസിൽ ശിക്ഷിക്കപ്പെട്ട് നാല് വർഷങ്ങൾ കൂടി അകത്ത് ചെലവഴിച്ചു.
ഒന്നിലധികം വിദ്യാർത്ഥികൾ തങ്ങളുടെ ജീവൻ അപകടത്തിലാണെന്ന് പറഞ്ഞ് നാടുവിടുന്നു. മുമ്പ് ജോലിയുടെ പേരിൽ ആക്രമിക്കപ്പെട്ട ജീൻ ബോസ്കോയും ഇവരിൽ ഉൾപ്പെടുന്നു. കാറ്റോ എന്ന വിദ്യാർത്ഥി സുന്ദരം പഠിപ്പിക്കുന്ന ധാർമ്മികത ഉപേക്ഷിച്ച് പ്രസിഡന്റിനോട് ചേർന്നുനിൽക്കുന്ന വിശ്വസ്തരായ ഒരു കൂട്ടം പത്രപ്രവർത്തകരുടെ കൂടെ സർക്കാരിന്റെ ജിഹ്വയിൽ ചേരുന്നു.
ശേഷിക്കുന്ന വിദ്യാർഥികളായ പത്രപ്രവർത്തകർ റുവാണ്ടൻ പോലീസിൻ്റെയും രഹസ്യസേനയുടെയും ഉപദ്രവത്തെയും ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിനെയും ചെറുക്കുന്നു. സുന്ദരത്തിന്റെ ക്ലാസ് മുറിക്കുള്ളിൽ രാഷ്ട്രീയം ഒരു മൈക്രോ സ്കെയിലിൽ കളിക്കുന്നു, അവിടെ വിദ്യാർത്ഥികൾ കൂറു മാറുകയും പരസ്പരം ഒറ്റിക്കൊടുക്കുകയും ചെയ്യുന്നു. ഒടുവിൽ ഒരാൾ കൊല്ലപ്പെടുന്നു.
രാജ്യത്തിന്റെ അക്രമാസക്തമായ ഭൂതകാലത്തിന്റെ സൂക്ഷ്മമായ ഓർമ്മപ്പെടുത്തലുകൾ പുസ്തകത്തിലുടനീളം പ്രതിധ്വനിക്കുന്നു. വംശഹത്യയുടെ സ്മാരകങ്ങളിൽ പ്ലേ ചെയ്യുന്ന സംഗീതത്തിൽ “ജെനോസൈഡ്” എന്ന വാക്കിന്റെ വേട്ടയാടുന്ന ആവർത്തനം ഉൾപ്പെടുന്നു. ജെനോസൈഡ് എന്ന വാക്ക് സർക്കാരിന്റെ എല്ലാ പരിപാടികളിൽ മാത്രമല്ല, സ്കൂളുകളിൽ പോലും എന്നും ആവർത്തിക്കുന്നു. അത് ഒരു നടുക്കുന്ന ഓർമ്മയായി, പുനർജനിച്ചു കൊണ്ടിരിക്കുന്നു. അത് അനേകരെ ഡിപ്രഷനിലേക്കു തള്ളി വിടുന്നു. സകലരെയും ഭയപ്പെടുത്തുന്നു.
നാടകീയമായ പൊതു പുനർനിർമ്മാണങ്ങൾ ചരിത്രത്തിന്റെ ഒരു ലളിതവൽക്കരണം വാഗ്ദാനം ചെയ്യുന്നു. പ്രസിഡണ്ട് പോൾ കഗാമെയുടെ സേനയെ എല്ലായ്പ്പോഴും രക്ഷകരായി വാഴ്ത്തുന്നത് ഇതിന്റെ ഭാഗമാണ്.
സുന്ദരം, റുവാണ്ടയിൽ പുതിയതായി വരുന്ന പലരെയും പോലെ, തുടക്കത്തിൽ അനുസ്മരണത്തിന്റെയും അനുരഞ്ജനത്തിന്റെയും കഥകൾ തേടുന്നു, ഒരു വിദ്യാർത്ഥി പതിവുവിവരണത്തെ അപലപിക്കുന്നതുവരെ. അക്രമത്തെ ഓർക്കാൻ പ്രായമാകാത്ത ഒരു സമൂഹത്തിൽ, സ്മാരകങ്ങൾ ആഘാതം വർദ്ധിപ്പിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളാണ് എന്ന് അയാൾ ഓർമപ്പെടുത്തുന്നു.
ഈ പുസ്തകം സമയോചിതമാണ്. ബിബിസി ഡോക്യുമെൻ്ററി ‘റുവാണ്ടയുടെ അൺടോൾഡ് സ്റ്റോറി’ സംപ്രേഷണം ചെയ്ത് ഒരു വർഷത്തിന് ശേഷമാണ് ഈ പുസ്തകം റിലീസ് ചെയ്യുന്നത്. വംശഹത്യയ്ക്ക് തുടക്കമിട്ട സംഭവത്തിൽ തന്റെ മുൻഗാമിയുടെ വിമാനം വെടിവച്ചിടുന്നതിൽ കഗാമെക്ക് പങ്കുണ്ടെന്ന് ബിബിസി ആരോപിച്ചിരുന്നു.
പോൾ കഗാമേ
അതിനിടെ, 2034 വരെ കഗാമെയെ അധികാരത്തിൽ തുടരാൻ അനുവദിക്കുന്ന പുതിയ നിയമവുമായി റുവാണ്ട മുന്നോട്ട് നീങ്ങി. മുൻസൈനികനേതാവ് ആയ കഗാമെ കടുത്ത, വിട്ടുവീഴ്ചയില്ലാത്ത, അസ്ഥികൂടരൂപമുള്ള ആളാണ്. ഉഗാണ്ടയിൽ അഭയാർത്ഥിയായി വളർന്ന ഒരു ടുട്സി, 2010 ലെ അവസാനതിരഞ്ഞെടുപ്പിൽ 93 ശതമാനം വോട്ട് നേടി, 2017 ൽ മൂന്നാം തവണയും മത്സരിക്കില്ലെന്ന് പ്രതിജ്ഞയെടുത്തു.എങ്കിലും നാലാം തവണ 2024 ലെ തെരഞ്ഞെടുപ്പിൽ അദ്ദേഹം മത്സരിക്കുകയും 99.18 ശതമാനം വോട്ടുകൾ നേടി വിജയിക്കുകയും ചെയ്തതു വിരോധാഭാസമാണ്.
സുന്ദരത്തിന്റെ പുസ്തകത്തിൽ എല്ലാവരെയും കാണുന്ന സാന്നിധ്യമാണ് കഗാമെ . അദ്ദേഹത്തിന്റെ ഛായാചിത്രം സർവ്വവ്യാപിയാണ്. “ഒരു വലിയ ഫോട്ടോ നിങ്ങളുടെ പാപങ്ങൾക്ക് പ്രതിഫലം നൽകുന്നു,” ഒരു റുവാണ്ടൻ പൗരൻ പരിഹാസത്തോടെ അഭിപ്രായപ്പെടുന്നു.
“സ്വേച്ഛാധിപതികൾ എങ്ങനെയാണ് രാജ്യങ്ങളെ നശിപ്പിച്ചത്? അധികാരം നേടാനായി,സ്വതന്ത്രമായ സംസാരശേഷിയും പിന്നീട് സ്വതന്ത്ര സ്ഥാപനങ്ങളും,ആത്യന്തികമായി സ്വതന്ത്രമായ ചിന്തയും അവർ നശിപ്പിച്ചു” എന്ന് പുസ്തകത്തിൻ്റെ തുടക്കത്തിൽ സുന്ദരം പറയുന്നുണ്ട്.
സ്വതന്ത്ര പത്രപ്രവർത്തനം നടത്താൻ ആഗ്രഹിച്ച ജിബ്സന് രണ്ടാമതും രാജ്യം വിടേണ്ടി വരുന്നു. ആഗ്നസ്, ജോണ് ബോസ്കോ, ജീൻ ലിയോണാർഡ് , മോസസ് എന്നിവരെ ഓർത്ത് ദുഃഖിക്കുന്ന, ജിബ്സനു സാമ്പത്തീക സഹായം നൽകുന്ന സുന്ദരത്തെ ഈ പുസ്തകത്തിൽ കാണാം. ജിബ്സന്റെ കൂടെ നടന്നു, അവന്റെ പത്രത്തെ അപഹരിച്ച റോജർ, സർക്കാരിന്റെ പ്രവൃത്തികളെക്കുറിച്ചു സുന്ദരത്തോട് എതിർത്തു പറഞ്ഞയാൾ, പിന്നീട് സർക്കാരിനൊപ്പമാണെന്ന് അറിയുമ്പോൾ ഉണ്ടാകുന്ന മാനസികാഘാതവും വിഷയമാവുന്നുണ്ട്. മലമുകളിൽ താമസിക്കുന്ന മനുഷ്യർ കൂരകൾ നഷ്ടപ്പെട്ടു, മലേറിയ വന്നു മരിക്കുമ്പോഴും പോൾ കഗാമെ ചെയ്യുന്നത് മാത്രമാണ് ശരിയെന്നു പറയുന്ന ഒരു ജനതയെ വാർത്തെടുത്ത കഗാമെയുടെ ചരിത്രം കൂടിയാണ് “ബാഡ് ന്യൂസ്.”
റുവാണ്ടയിലെ മീഡിയ ലാൻഡ്സ്കേപ്പ് മനസ്സിലാക്കുന്നത് രാജ്യത്തെ മനസ്സിലാക്കാൻ അത്യാവശ്യമാണ്. വംശഹത്യയുടെ സമയത്ത്, “മാധ്യമങ്ങളാണ് തീ ആളിക്കത്തിച്ചത്” എന്ന് കിഗാലി ജയിൽ സന്ദർശിച്ച ഒരു മുൻ കൊലയാളി പറയുകയുണ്ടായി.
സുന്ദരം തീവ്രമായ നിരാശയോടെ,റുവാണ്ടയിൽ സംസാര സ്വാതന്ത്ര്യം മരിച്ചതായി പ്രഖ്യാപിക്കുന്നുണ്ട്. എന്നാൽ തന്റെ വിദ്യാർത്ഥികളെ മാറ്റിയെടുത്ത രീതിയിൽ പുതിയ വിമർശകർ ഉയർന്നുവരുന്നത് തുടരുമെന്ന് പ്രതീക്ഷിക്കുന്നുമുണ്ട്.
കഗാമെ , ലോകത്തിനു മുന്നിൽ റുവാണ്ടയെ മാർക്കറ്റ് ചെയുന്നു, ജെനോസൈഡ് അതിനു വേണ്ടി അയാൾ ഉപയോഗിക്കുന്നു. അനേകം വിദേശ നിക്ഷേപം, ഇപ്പോൾ അവിടേക്കു ഒഴുകുന്നു. പുറമെ നിന്ന് നോക്കുന്നവർക്ക് റുവാണ്ട ആഫ്രിക്കയിലെ സിംഗപ്പൂർ ആണ്. പത്ര സ്വാതന്ത്ര്യമില്ലാത്ത സിംഗപ്പൂർ.
അഞ്ജൻ സുന്ദരം
ഇന്ത്യൻ എഴുത്തുകാരൻ, പത്രപ്രവർത്തകൻ, അക്കാദമിക്, ടെലിവിഷൻ അവതാരകൻ എന്നീ നിലകളിൽ വളരെ പ്രസിദ്ധനാണ്. സ്ട്രിംഗർ, ബാഡ് ന്യൂസ്, ബ്രേക്ക്അപ്പ് എന്നിവയുടെ രചയിതാവാണ്. ഇന്ത്യയിലെ റാഞ്ചിയിൽ ജനിച്ചു. വളർന്നത് ദുബായിലാണ്. മദ്രാസിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് പ്രോഗ്രാമിൽ ചേർന്ന ശേഷം അദ്ദേഹം അമേരിക്കയിലേക്ക് മാറുകയും യേൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ഗണിത ശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടുകയും ചെയ്തു.തുടർന്ന് അദ്ദേഹം ഗസാക്സിലെ ഗണിതശാസ്ത്രജ്ഞൻ എന്ന ജോലി നിരസിക്കുകയും ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, റുവാണ്ട എന്നിവിടങ്ങളിൽ നിന്നും ന്യൂയോർക്ക് ടൈംസിനും അസോസിയേറ്റഡ് പ്രസ്സിനും വേണ്ടി ഒരു സ്ട്രിംഗറായി റിപ്പോർട്ട് ചെയ്തുകൊണ്ട് പത്ര പ്രവർത്തകനാവുകയും ചെയ്തു. തുടർന്ന് ഈസ്റ്റ് ആംഗ്ലിയ സർവകലാശാലയിൽ നിന്ന് ജേണലിസത്തിൽ പിഎച്ച്ഡി നേടി.സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിലെ യുദ്ധത്തിന്റെ കവറേജിനുള്ള ഫ്രണ്ട്ലൈൻ ക്ലബ്ബിൻ്റെ അവാർഡ് ജേതാവ് കൂടിയാണ് അഞ്ജൻ സുന്ദരം.
കവർ : ജ്യോതിസ് പരവൂർ