പൂമുഖം LITERATUREകവിത ഉപഹാരം

ഞാനല്ലേ ആദ്യമായറിയേണ്ടതെന്ന
നിന്റെ പരിഭവം.

കൈയനങ്ങിയാൽ
കൺതടം നനഞ്ഞാൽ
ചെവി ചൂളം വിളിച്ചാൽ…
മൂക്കു വിയർത്തുവെന്നാൽ…
വഴിവക്കിലൊരിടത്തിരിക്കാൻ പരസ്പരം
ഒരു കൈത്താങ്ങ്.

ആരിലായാലെന്ത്…
നെറ്റിമേൽ നനഞ്ഞ തുണി ചുറ്റിവെക്കാൻ..
നെഞ്ചൊന്നുഴിഞ്ഞു കിട്ടാൻ..
ഒന്നു പുളിച്ചു തികട്ടിയതാണെന്നു കരുതി
സമാധാനിക്കാൻ
ഒരാൾ സാന്നിധ്യമെങ്കിലും മതി..

പരിഭവിക്കേണ്ട..
തർക്കമില്ല..
പൊരുത്ത ദോഷങ്ങളില്ല..
അതിനായൊരു കരാറു വേണ്ട..
അതിനായൊരു ചരടിലൊരുപാധി ലോഹവും
വേണ്ട.

ഇനിയാത്ര തുടരാം..
ചുറ്റിത്തിരിഞ്ഞു കണ്ടുമുട്ടിയാൽ..
കൺതടം തുടിക്കുവാൻ ഓർമ്മകൾ
നിറച്ചുണ്ട് .
പറഞ്ഞാൽ മതിയെന്ന വാക്കേ ധാരാളം..

ഇതു നിനക്കുള്ള പ്രേമോപഹാരം.

കവർ : ജ്യോതിസ് പരവൂർ

Comments

You may also like