BOOK REVIEW LITERATURE

മറക്കപ്പെട്ട പുസ്തകം


ബഷീര്‍ എന്ന എഴുത്തുകാരന്റെ അധികമാരും അറിയാതെ പോയ ശബ്ദങ്ങള്‍ എന്ന നോവലിനെ കുറിച്ച് ഒ.വി.വിജയന്‍. ഒരു കോളേജ് പ്രസിദ്ധീകരണത്തിലെഴുതിയ ഈ കുറിപ്പ് മലയാളനാട് വായനാദിനത്തില്‍ പുനഃപ്രസിദ്ധീകരിക്കുന്നു.

്വാതന്ത്ര്യസമരത്തില്‍ പങ്കാളി, തെരുവിലെ ജാലവിദ്യക്കാരന്‍, യാത്രാദാഹി, ജിജ്ഞാസു ഇതെല്ലാമായ ഒരു മനുഷ്യന്‍ ഇടം വലം നോക്കാതെ മലയാളസാഹിത്യത്തിലേക്ക് കടന്നുവന്നു. ഈ അനുഭവങ്ങളുടെ തന്നെ രൂപങ്ങളില്‍ രചന നടത്താന്‍ തുടങ്ങിയപ്പോള്‍ നാം അമ്പരന്നു. പ്രക്ഷുബ്ധമായ ആയിരത്തിത്തൊള്ളായിരത്തി നാല്പത്തൊമ്പത്. രണദിവെ ഭാഷ്യത്തിന്റെ ദാരുണസാഹസം. യശ:ശരീരനായ സഖാവ് കെ ദാമോദരന്‍ ശബ്ദങ്ങളെ പറ്റി അന്ന് പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു. “ഈ പുസ്തകം ബഷീറിന്റെ സാംസ്കാരിക പാപ്പരത്തം കുറിക്കുന്നു.” (വാക്കുകള്‍ ഓര്‍മ്മയില്‍ നിന്ന്)

സഖാവ് ദാമോദരന്റെ ഈ വിലയിരുത്തലായിരുന്നു വിലക്കപ്പെട്ട ആ പുസ്തകത്തിലേക്ക് എന്നെ നയിച്ചത്. ഒരു ചെറുപുസ്തകം. അതിന്റെ താളുകളില്‍ നിറയെ ഭക്തിയും നന്മയും പ്രത്യാശയുമറ്റ, നിലനില്പിന്റെ ഓരങ്ങളില്‍ നിഷ്കാസിതനായിക്കഴിഞ്ഞ എന്നേക്കും കീടങ്ങളായിത്തീരുന്ന മനുഷ്യന്‍. കഥ ഹീനമോ, ഉദാത്തമോ ആയിത്തീരുന്നത് വായനക്കാരന്റെ കാഴ്ചയ്ക്കനുസരിച്ച്. കാരണം, പുസ്തകത്തിന്റെ ഇതിവൃത്തം ഒരായിരം കൊല്ലം, ഒരുപക്ഷേ നിരവധി ആയിരം, പഴക്കമുള്ള പാപത്തിന്റെ കഥയാണ്., അനിവാര്യതയുടെയും.

ശബ്ദങ്ങള്‍ എന്നെ നയിച്ചത് ഇതിലേക്ക്.

നാഗരികതയുടെ പ്രത്യയശാസ്ത്രങ്ങളെ യെല്ലാം ശിഥിലമാക്കുന്ന ജീവിതാവസ്ഥകളാണ് ശബ്ദങ്ങളില്‍ മുഴങ്ങുന്നത്. നമ്മുടെ സംസ്‌കാരം ഒരു സ്‌ഫോടനം കൊണ്ട് തകര്‍ക്കുവാന്‍ പോന്ന കരുത്ത് അതിലെ രംഗങ്ങള്‍ക്കുണ്ട്. ആത്മഹത്യയില്‍ ക്കൂടിപ്പോലും രക്ഷ നേടുവാന്‍ കഴിയാതെ ജീവിതം അനുഭവിച്ചുതീര്‍ക്കുവാന്‍ വിധിക്കപ്പെട്ട ഒരനാഥനില്‍ നമ്മുടെ മൂല്യവ്യവസ്ഥകളെല്ലാം ചോദ്യം ചെയ്യപ്പെടുന്നു. നാം ശബ്ദങ്ങളെ ഭയപ്പെടുന്നത് അത് നമ്മുടെ തന്നെ തകരുന്ന ശബ്ദങ്ങളായത് കൊണ്ടാണ്  -എം.എന്‍.വിജയന്‍

ആകാശത്തിനടിയില്‍ പുണ്ണുകളെപ്പോലെ അങ്ങിങ്ങ് കെട്ടടങ്ങിയും എരിഞ്ഞും കിടന്ന അടുപ്പുകള്‍, യാചകന്റെ പശ്ചാത്തലം. ആ ഇരുട്ടിലും കനലിലും നിന്ന് ഉയിര്‍ത്തെണീക്കുന്ന പെണ്ണ്. അവളുടെ കുഞ്ഞിനെ സമീപത്ത് കിടന്ന അജ്ഞാതനായ അഗതിയുടെ കൈവശം ഏല്‍പ്പിക്കുന്നു. പെണ്ണ് കുട്ടിയോട് പറയുന്നു: “കുട്ടി ഇവിടെ കിടന്നോളൂ. അമ്മയുടെ അടുത്ത് ഒരാള് വരുന്നുണ്ട്?” നഗരത്തില്‍ നിന്ന് വന്ന ഉപഭോക്താവിനെ അവര്‍ പരിഹസിക്കുന്നു.

കര്‍മ്മാനന്തരം അവര്‍ തന്റെ കുട്ടിയുടെ സമീപത്തേക്ക് ചെല്ലുന്നു. പിച്ചക്കാരന്‍ ഉറക്കമാണ്. കുട്ടിയുടെ ഉടലിനെ ഉറുമ്പുകള്‍ പൊതിയുന്നു.

ദൈവമേ, ഞാന്‍ ഓര്‍ത്തു. ഭീഷണമായ ഈ മഹാചിത്രം ആരുടെ സാംസ്കാരിക പാപ്പരത്തമാണ്? പ്രപഞ്ചത്തിന്റെ വിലാപമായാണ് എനിക്കത് അനുഭവപ്പെട്ടത്. വര്‍ഷങ്ങളായി ഞാനും എന്തൊക്കെയോ എഴുതി. എന്നാല്‍ ആ പുസ്തകത്തിന്റെ നിറങ്ങളും തലങ്ങളും എന്നെ ഇന്നും അലട്ടുന്നു. ഓര്‍ത്തുനോക്കുമ്പോള്‍ വീണ്ടും വീണ്ടും ഓര്‍ത്തുനോക്കുമ്പോള്‍ ശബ്ദങ്ങളുടെ പൊരുള്‍ മനസ്സിലാവുന്നു. പ്രപഞ്ചത്തിന്റെ പ്രാര്‍ത്ഥനയത്; പാപം അതിന്റെ ഭാഷയും. അഗതിയായ തെണ്ടിയെപ്പോലെ കിടന്നുറങ്ങുന്ന ദൈവത്തെ അത് തട്ടിവിളിക്കുന്നു.

ശബ്ദങ്ങളില്‍ നിന്ന് വായനക്കാര്‍ തെന്നി വീണു. അതെ, ആഘാതമേറ്റിട്ടെന്ന് പോലെ ഗ്രന്ഥകര്‍ത്താവും ആ പുസ്തകത്തില്‍ നിന്ന് അകലാന്‍ ശ്രമിച്ചു.

അദ്ദേഹം തന്നെ സ്വന്തം വിലയിരുത്തലുകളില്‍ ബാല്യകാലസഖിക്കും, പ്രേമലേഖനത്തിനും മുന്‍തൂക്കം കല്പിച്ചു. ആനവാരിയും പൊന്‍കുരിശും പോലുള്ള സുന്ദരങ്ങളായ കഥകള്‍ എഴുതി കേരളീയരുടെ മുന്നില്‍ പുനരവതരിച്ചു. നാം പരസ്പരം ചോദിച്ചു. ആരാണ് വൈക്കം മുഹമ്മദ് ബഷീര്‍? എന്താണ് വൈക്കം മുഹമ്മദ് ബഷീര്‍?

നിശ്ചയമില്ല. ബഷീറിന്റെ ബാഹ്യരൂപം ഫലിതപ്രധാനമായിരുന്നു. ആവരണം ഭേദിച്ച് ബഷീറിന്റെ ആത്മകഥയിലേക്ക് കടക്കാന്‍ നാം ഭയന്നു. അതുകൊണ്ട് ആ ബാഹ്യരൂപത്തെ നാം പരിചിതമായ ഒരു കള്ളിയിലൊതുക്കി. ഫലിതസാഹിത്യകാരന്‍. ഫലിതമെന്ന് പറയുമ്പോള്‍ ആ വികാരത്തിന്റെ കര്‍മ്മമുഖങ്ങള്‍ക്ക്, പ്രയോഗരൂപങ്ങള്‍ക്ക് വന്നിട്ടുള്ള വളര്‍ച്ചയും ഊര്‍ജ്ജഭേദകവും നാം കണക്കിലെടുക്കണം. ശുദ്ധഫലിതത്തിന്റെ ഒരു പാരമ്പര്യം നമുക്കുണ്ട്. കുഞ്ചന്‍ നമ്പ്യാര്‍ തൊട്ട് ഇന്നുവരെ നമ്മുടെ കാലഘട്ടത്തില്‍ ഫലിതത്തിന്റെ മേഖലയില്‍ രണ്ട് അതികായന്മാര്‍ നില്‍ക്കുന്നു. സഞ്ജയനും വി.കെ.എന്നും. സഞ്ജയന്റെ ഫലിതം അദ്ദേഹത്തിന്റെ പാണ്ഡിത്യത്തില്‍ നിന്ന് പോഷകങ്ങള്‍ വലിച്ചെടുത്ത് തളിര്‍ക്കുകയും പൂക്കുകയും ചെയ്തു. വി.കെ.എന്‍ ആവട്ടെ ഭാഷയെ കയ്യിലെടുത്ത് അടക്കിപ്പിടിച്ചും പഠിപ്പിച്ചും നമ്മെ ചിരിയുടെ മഹാമണ്ഡലങ്ങളിലേക്ക് ഉയര്‍ത്തുന്നു. നാമത്രയും ചിരിയുടെ അസംസ്കൃത പദാര്‍ത്ഥമായിത്തീരുന്നു.

എന്നാല്‍, സഞ്ജയനാവട്ടെ, വീക്കെയെന്നാവട്ടെ ഫലിതത്തില്‍ ഗണ്യമായ ഒരു മേമ്പൊടി ചേര്‍ക്കാന്‍ വിട്ടുപോയോ എന്തോ! സ്നേഹം. ബഷീറിന്റെ ചിരി വളരെ വലുതല്ല. എന്നാല്‍ അതിലൊരു പാതി സ്നേഹമാണ്. സ്നേഹം സൗമ്യവും. മറ്റേ പാതിയാവട്ടെ ഹൃദ്യമായ അസംബന്ധവും.

ഈ ചേരുവ നമുക്ക് മനസ്സിലാവാതെ പോയത്, അതിന് അംഗീകാരം ലഭിക്കാഞ്ഞത് എന്തെങ്കിലും വിവേചനത്തിന്റെ ഫലമായിരുന്നില്ല. ബഷീറിനെ ഒരു മുസ്ലീം സാഹിത്യകാരനായി തരംതിരിച്ചില്ല എന്നതില്‍ കേരളീയര്‍ക്ക് അഭിമാനം കൊള്ളാം. ബഷീര്‍ എന്നും മാലയാളത്തിന്റേതായിരുന്നു. ബഷീറിന്റെ ഇസ്ലാമും മലയാളത്തിന്റേതായിരുന്നു.


Comments
Print Friendly, PDF & Email