ഭൂതകാലത്തെപ്പൊഴോ
ആരോ വരച്ചു വെച്ച
രൂപകല്പനയെ മുറിച്ചു കടന്നുപോകുന്നു
ഒരു വെള്ളിനാട.
എല്ലാം തികഞ്ഞ, കൃത്യതയാർന്ന ഒരൊറ്റ വര.
മനസ്സിനെ മൂടുന്ന ഇരുട്ടിൻ്റെ
ക്യാൻവാസിൽ,
നമ്മുടെ വഴികൾ നമ്മൾ തിരയുന്നു.
വഴികാട്ടാൻ
നിൽക്കുന്ന അകലത്തെ
വിളക്കുമാടത്തിന്റെ
തലയിൽ വെളിച്ചമില്ല,
അലക്ഷ്യമായലയുന്ന
മിന്നാമിന്നി നക്ഷത്രവുമില്ല.
അവിടെയുണ്ടായിരുന്നെന്നു നാം വിശ്വസിച്ചത്
ഇന്നൊരു തമോഗർത്തം.
നമ്മുടെ സ്വന്തം പ്രഭയാണ്
ഈ വളഞ്ഞുപുളഞ്ഞ പാതയിൽ നാം കാണുന്ന തിളക്കം.
ദുഃഖങ്ങൾക്കും യാതനകൾക്കും നടുവിലും നമ്മൾ കൂടെക്കരുതുന്നത്.
രാത്രിയിലൂടെ നടക്കുമ്പോൾ നമ്മൾ വീഴ്ത്തുന്ന നിഴലുകൾ, വെളിച്ചത്തിലാണ് നമ്മൾ
എന്നതിന്റെ മാത്രം തെളിവല്ല.
യാത്രയിലെ ഓരോ ചുവടും ഓരോ തിരിവും,
പ്രതിസന്ധികളെ അതിജീവിച്ചു നിൽക്കുന്ന നമ്മുടെ ആത്മവീര്യത്തിന്റെ അഗ്നിസ്ഫുലിംഗങ്ങൾ പതിഞ്ഞത്.
അതുകൊണ്ട്, ഈ അനന്തമായ ആകാശത്തിന്റെ ഭാരത്തിൻ കീഴിൽ,
നിന്റെ കുടയുമുയർത്തിപ്പിടിച്ച് ഇരുട്ടിലൂടെ നമുക്ക് നടന്നുകൊണ്ടേയിരിക്കാം.
കവർ : സുധീർ MA
വീട് തിരുവേഗപ്പുറ ചെമ്പ്രയിൽ. 1975 ൽ ഖലീൽ ജിബ്രാൻ്റെ my countrymen എന്ന കവിതയുടെ വിവർത്തനത്തോടെയാണ് തുടക്കം. ആൻ്റൺ ചെഖോവിൻ്റെ വാങ്ക (കുട്ടികളുടെ മാസികയായ തത്തമ്മ), പഷ്ടൂൺ കവിതകളുടെ വിവർത്തനം (മലയാളനാട് ഓൺലൈൻ മാസിക) റഷ്യൻ കവിതകളുടെ വിവർത്തനം (നവമലയാളി ഓൺലൈൻ മാസിക) എന്നിവ പ്രസിദ്ധീകരിച്ചു. 2019 march ൽ the current international poets meet at kodungalloor ലും, 2021 ഡിസംബറിൽ rhyming nature ഇൻ്റർനാഷനൽ പോയട്രി മീറ്റിലും പങ്കെടുത്തു.

















