തമിഴ്നാടിന്റെ രാഷ്ട്രീയ പാരമ്പര്യത്തെ സവിശേഷമായി നിർവചിക്കുന്നത് ദ്രാവിഡ പ്രസ്ഥാനമാണ്. ജാതിവിരുദ്ധസാമൂഹിക പരിഷ്കരണത്തെയും ജനാധിപത്യപരമായ ജനകീയ മുന്നേറ്റത്തെയും സംയോജിപ്പിച്ചുകൊണ്ട് 20 ആം നൂറ്റാണ്ടിന്റെ ആരംഭം മുതൽ വളർന്നു, അതുവരെ പാരമ്പര്യമായി കൈമാറിവന്ന അധികാര-അവകാശ വ്യവസ്ഥകളെ തകർക്കാനും സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും പ്രാതിനിധ്യം ഉറപ്പാക്കാനും ശ്രമിച്ചുകൊണ്ട് വളർന്നുവന്ന പ്രസ്ഥാനം.

ജനാധിപത്യത്തെ കേവലം തിരഞ്ഞെടുപ്പ് സംവിധാനമായി മാത്രം കാണുന്നതിനു പകരം, ജാതിവ്യവസ്ഥയുടെ ആധിപത്യത്തിൽനിന്നുള്ള മോചനത്തിനും സാമൂഹികനീതിക്കും വേണ്ടിയുള്ള നേരിട്ടുള്ള ഉപാധിയായി ഭരണകൂടത്തിന്റെ അധികാരത്തെ ഉപയോഗിച്ചതാണ് തമിഴ്നാടിന്റെ രാഷ്ട്രീയ ചരിത്രം. അതിന്റെ പൈതൃകം പേറുന്ന പാർട്ടിയായ DMK യുടെ നേതാവാണ് താനെന്നത് സ്റ്റാലിൻ മറക്കരുത്.

ദ്രാവിഡ രാഷ്ട്രീയത്തിന് ഒരു ദാർശനിക അടിത്തറയുണ്ട്‌.ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിൽ ഭരണനിർവഹണം, വിദ്യാഭ്യാസം, സാമൂഹികജീവിതം തുടങ്ങിയ മേഖലകളിൽ ഉയർന്ന ജാതികൾക്കുണ്ടായിരുന്ന ആനുപാതികമല്ലാത്ത ആധിപത്യത്തിനെതിരായ ചെറുത്തുനിൽപ്പിലൂടെയാണ് ഈ രാഷ്ട്രീയ പാരമ്പര്യത്തിന്റെ അടിത്തറ രൂപപ്പെട്ടത്. ഒരു ബ്രാഹ്മണേതര പ്രസ്ഥാനത്തിന്റെ ബീജാ വാപത്തിലൂടെ. 1916-ൽ രൂപീകരിക്കപ്പെട്ട ജസ്റ്റിസ് പാർട്ടി ആ മഹത്തായ ആശയത്തിന് സംഘടിതരൂപം നൽകി. ബ്രാഹ്‌മ ണാധിപത്യമുള്ള ഭാരതീയസമൂഹത്തിലും തുടർന്ന് കൊളോണിയൽ ഭരണസംവിധാനത്തിലും പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങൾക്ക് ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ഉറപ്പാക്കുകയായിരുന്നു ആദ്യകാല പ്രവർത്തകരുടെ ലക്ഷ്യം.

Credit: The Indian Express

1925-ൽ ഇ.വി. രാമസ്വാമി (പെരിയാർ) ആത്മാഭിമാന പ്രസ്ഥാനത്തിന് തുടക്കം കുറിച്ചു. ജാതിപീഡനത്തിൽനിന്നും മതയാഥാസ്ഥിതികതയിൽനിന്നും മോചനം നേടാതെ ബ്രിട്ടീഷ് ഭരണത്തിൽനിന്നുള്ള രാഷ്ട്രീയ സ്വാതന്ത്ര്യത്തിന് അർത്ഥമില്ലെന്ന് അദ്ദേഹം വാദിച്ചു. ഇന്നും വടക്കെ ഇന്ത്യക്കു ഇല്ലാതാക്കാൻ കഴിയാത്ത, ബിജെപി രാഷ്ട്രീയത്തിന്റെ മുന്നേറ്റത്തോടെ കേരളം പോലുള്ള വികസിതസമൂഹങ്ങൾ പോലും അപൂർവമായെങ്കിലും തിരിച്ചു നടന്നു പ്രാപിക്കാൻ വ്യാമോഹിക്കുന്ന ജാതിശ്രേണീ ബദ്ധമായ യാഥാസ്ഥിതികതയെ തൂത്തെറിയാനും യുക്തിചിന്ത, സ്ത്രീമോചനം, ജാതികൾക്കിടയിലെ ആത്മാഭിമാന വിവാഹങ്ങൾ, ജാതിപ്പേരുകൾ ഉപേക്ഷിക്കൽ എന്നിവയെ പ്രചരിപ്പിക്കാനും പ്രോത്സാഹിപ്പിച്ച സാമൂഹ്യ പരിഷ്കർത്താവാണ് പെരിയാർ.

അദ്ദേഹത്തിന്റെ ശിഷ്യനും അനുയായിയുമായ സി.എൻ. അണ്ണാദുരൈ സാമൂഹിക പരിഷ്കരണ ആശയങ്ങളെ നിയമങ്ങളാക്കി മാറ്റാൻ ജനാധിപത്യപരമായ അധികാരം ആവശ്യമാണെന്ന് കണ്ടു അതിനായി സ്ഥാപിച്ച പാർട്ടിയാണ് ഡിഎംകെ. 1949-ൽ ദ്രാവിഡ മുന്നേറ്റ കഴകം (DMK) സ്ഥാപിച്ച അണ്ണാദുരൈ സാമൂഹികനീതിയോടൊപ്പം തമിഴ് ഭാഷാഭിമാനവും ഫെഡറലിസവും മുന്നോട്ടുവച്ചു. 1967-ൽ ഡി.എം.കെ. സംസ്ഥാനത്ത് ദേശീയ രാഷ്ട്രീയ പാർട്ടികളുടെ ഭരണത്തിന് അന്ത്യം കുറിച്ചു. തുടർന്ന് പ്രാദേശിക പാർട്ടിയായ ഡി.എം.കെ. ക്ഷേമപദ്ധതികൾക്കും ബ്രാഹ്മണേതര വിഭാഗങ്ങളുടെ ശാക്തീകരണത്തിനും പ്രാധാന്യം നൽകിക്കൊണ്ട് സംസ്ഥാന രാഷ്ട്രീയത്തിന്റെ നേതൃസ്ഥാനത്തെത്തി. പിന്നീട് പാർട്ടിയിൽ നിന്ന് പിണങ്ങി പുറത്താക്കപ്പെട്ട് പുതിയ പാർട്ടി രൂപീകരിച്ച എം ജി ആറിന്റെയും പിൻഗാമിയായ ജയലളിതയുടെയും കാലത്തും ഈ അടിസ്ഥാന സമീപനങ്ങളിൽ നിന്ന് കാര്യമായ വ്യതിചലനം ഉണ്ടായില്ല.അവരും കരുണാനിധിയും അടങ്ങുന്ന നേതാക്കൾ ഉച്ചഭക്ഷണ പദ്ധതി, സൗജന്യ വിദ്യാഭ്യാസം തുടങ്ങിയ വിപുലമായ ക്ഷേമപദ്ധതികളിലൂടെ ഈ ആശയധാരയെ സ്ഥാപനവൽക്കരിച്ചു. കോൺഗ്രസിനോട് ചാർച്ച പുലർത്തിയ എ ഐ ഡി എം കെ കാലത്തും തമിഴ്നാട് കേന്ദ്രാധികാരത്തിനു മുൻപിൽ മുതുകു വളച്ചു നിൽക്കാതെ, ഫെഡറൽ അവകാശങ്ങൾക്കുവേണ്ടി ശക്തമായി നിലകൊണ്ടു.

എന്തിനിപ്പോൾ ഇതൊക്കെ ആവർത്തിക്കുന്നു എന്ന ചോദ്യമുണ്ടാവാം. അടിയന്തരമായി വിളിച്ചുകൂട്ടിയ പാർലമെന്റ് സമ്മേളനത്തിൽ ജനപ്രാതിനിധ്യ ബില്ല് അവതരിപ്പിക്കുമ്പോൾ സ്റ്റാലിന്റെ ഭാഗത്തുനിന്ന് നിലപാട് മാറ്റം ഉണ്ടാവാം എന്ന് സൂചനകൾ കണ്ടപ്പോൾ ഓർമ്മിപ്പിക്കണമെന്ന് തോന്നി.

കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങുന്നതുവരെ സ്റ്റാലിൻ ഭൂരിപക്ഷവർഗീയ രാഷ്ട്രീയത്തിന് തമിഴ്നാട്ടിൽ വേരൂന്നുവാൻ അവസരം നൽകാതെ, കേന്ദ്രത്തിന്റെ അധികാര ദുർവിനിയോഗനീക്കങ്ങളെ കഴിയാവുന്നത്ര എതിർത്തു. പ്രതിപക്ഷസംസ്ഥാനങ്ങളുടെ ആ ദിശയിലുള്ള സമരങ്ങൾക്ക് ഒപ്പം നിന്നു.

ഒരു തിരഞ്ഞെടുപ്പ് പരാജയം ഈ രാഷ്ട്രീയ ധാരയുടെ അന്തസ്സത്തയിൽ വിള്ളൽ വീഴ്ത്തരുത്. വർത്തമാന ഇന്ത്യയിൽ ജനാധിപത്യവും ഭരണഘടനയും അട്ടിമറിക്കാൻ ആസൂത്രിതമായ നീക്കങ്ങൾ നടക്കുന്ന നിർണായകപ്രതിസന്ധിയിൽ അതിനെ പ്രതിരോധിക്കുക എന്നതിൽ കവിഞ്ഞ് മറ്റൊന്നും ഡിഎംകെ യുടെ ലക്ഷ്യമാവരുത്. ജനപ്രാധിനിധ്യാനുപാതത്തിൽ വരുത്താൻ ഉദ്ദേശിക്കുന്നു മാറ്റം ഇന്ത്യൻ ജനാധിപത്യത്തിന്റെ അലകും പിടിയും മാറും. ഭരണ ഘടന തിരുത്തപ്പെടുവാനുള്ള സാധ്യത ഉണ്ട്. ദക്ഷിണേന്ത്യ ഇതുവരെ കൈവരിച്ച മാനവികപുരോഗതി അവയ്ക്ക് വിനയാകുന്ന അവസ്ഥ വരും. അത് സംഭവിക്കരുത്. അതിന് ഡിഎംകെയുടെ പിന്തുണ ഒരു ഉപാധികൾക്കു മേലും നൽകരുത്. അതിലും വലുതല്ല സ്റ്റാലിൻ എന്ന നേതാവിന്റെ രാഷ്ട്രീയ നിലനിൽപ്പും ഭാവിയും. ഇവിടെ മമത ബാനർജിയുടെ നിലപാട് മാതൃകാപരമാണ് എന്ന് കൂടി പറഞ്ഞുകൊള്ളട്ടെ.

കവർ: വിൽസൺ ശാരദ ആനന്ദ്

+ posts

പാലക്കാട് സ്വദേശി. മലയാളനാട് വെബ് ജേണൽ ചീഫ് എഡിറ്റർ