ടോക്കൺ നമ്പർ 67 എത്തുമ്പോൾ ഉച്ചതിരിഞ്ഞ് രണ്ടു മണിയായിരുന്നു. ആ ദിവസത്തെ അവസാന ടോക്കണായിരുന്നു അത്.
ഡോക്ടർ ഷൈൻ എന്ന പീഡിയാട്രീഷൻ രഞ്ജിത്തിന്റെ ‘മിഴിരണ്ടിലും’സിനിമയിലെ ഇന്ദ്രജിത്തിനെ ഓർമ്മിപ്പിച്ചു. സൗമ്യൻ, മൃദുഭാഷി. പുഞ്ചിരിക്ക് പാൽമണമുണ്ടെന്നു കൂടി തോന്നി.
ക്ഷമയോടെ മോളുടെ നെഞ്ചിനുള്ളിലെ കുറുകൽ മുഴുവൻ കേട്ടതിനു ശേഷം ഡോക്ടർ സ്റ്റെതസ്‌കോപ്പഴിച്ചു.
“ആന്റി ബയോട്ടിക് വേണ്ടി വരും. “
മോന്റെ പനി ഏറ്റെടുത്ത് രക്തസാക്ഷിയായതാണവൾ. അവൻ പക്ഷേ ആന്റിബയോട്ടിക്കിന് പിടി കൊടുക്കാതെ രക്ഷപ്പെട്ടു.
“വെയ്റ്റ് ഇത്തിരി കൂടുതലാണല്ലോ “, വെയിങ്ങ് മെഷീന്റെ ഡിസ്പ്ലേയിൽ നിന്നു കണ്ണെടുത്ത് മരുന്നെഴുതാൻ തുടങ്ങുമ്പോൾ ഡോക്ടർ പറഞ്ഞു, “പെൺകുട്ടിയാണ്. “
ഞാൻ ഭാര്യയുടെ കണ്ണിലേക്കു നോക്കി. മോൾക്ക് ഭാരമുണ്ടെന്നു തന്നെ ഞങ്ങൾക്ക് ഇതുവരെ തോന്നിയിരുന്നില്ല.
ബാലാരിഷ്ടതകളിൽ അച്ഛൻ എന്നെ കൊണ്ടുവന്നിരുന്ന അതേ ആശുപത്രിയാണ്.
അതേ പീഡിയാട്രിക് ഒ.പി.
അന്ന് മംഗോളിയൻ മുഖമുള്ള ഡോക്ടർ മജീദ് ആയിരുന്നു പീഡിയാട്രീഷൻ.
സ്ഥിരം തൊണ്ടവേദന സ്ട്രെപ്റ്റോ കോക്കസ് ഇൻഫെക്ഷനാണെന്ന സംശയത്തിൽ ആഴ്ചകളോളം പെൻസിലിൻ ഇൻജക്ഷനു വിധേയനാക്കി അഞ്ചു വയസ്സുകാരന്റെ ശത്രുക്കളിൽ ഒന്നാമനാകാൻ ശ്രമിച്ച ആളായിരുന്നു ആ ഡോക്ടർ.
ആ സംശയം എത്ര ശരിയായിരുന്നുവെന്ന് വർഷങ്ങൾക്കു ശേഷം ഒരു രക്ത പരിശോധന വേണ്ടി വന്നപ്പോൾ ബോധ്യപ്പെട്ടതാണ്!
ഡോക്ടർ മജീദ് ഇപ്പോൾ എവിടെയെന്നറിയില്ല.
ഡോക്‌ടർമാർ നൽകിയ ഉറപ്പു മാത്രം പോരാഞ്ഞ് വെറും മകൻ മാത്രമായ എന്റെ ഉറപ്പും കൂടി നേടി ഒരു ഓപ്പറേഷൻ ടേബിളിൽ കയറി കിടക്കാൻ പോയ അച്ഛന്റെ ഓർമ്മയ്ക്ക് ഒരു വയസ്സാകുന്നു.
മരുന്നു വാങ്ങാൻ ഫാർമസിയിലേക്കു നടക്കുമ്പോൾ മോളുടെ പനിവിരലുകൾ എന്റെ ചൂണ്ടുവിരലിൽ മുറുകെപ്പിടിച്ചിരുന്നു.മോളും ഭാര്യയും കാണാതെ എനിക്കു മുമ്പേ എന്റെ ചൂണ്ടുവിരൽ കവർന്നെടുത്ത് അച്ഛനും.
ഒരു വർഷത്തിനു ശേഷം വീണ്ടും മകളുമായി അതേ ആശുപത്രിയിൽ.
അച്ഛൻ്റെ ഓർമ്മ ദിനത്തിൽ തന്നെ മകൾക്കു വീണ്ടും പനി.
ആശുപത്രി ഇപ്പോൾ പഴയ ആശുപത്രിയല്ല.
പുതിയ ബഹുനില കെട്ടിടങ്ങളും സൂപ്പർ സ്പെഷ്യാലിറ്റിയുമൊക്കെയായി വമ്പൻ സംവിധാനം. പുതിയ കെട്ടിടത്തിലെ പീഡിയാട്രിക് ഒ.പി.യിൽ ഡോക്ടറും പുതിയ ആളായിരുന്നു. കല്ലിച്ചു പോയ കണ്ണുകളുള്ള ഒരു മധ്യവയസ്കൻ. ആ ഡോക്ടറെ കണ്ടിറങ്ങിയിട്ട് പനിക്കാരിക്ക് തൃപ്തിയായില്ല. അവൾക്ക് ആ പഴയ ഒ.പി.യിൽ തന്നെ പോകണം.
പൊള്ളുന്ന പനിയുടെ ശാഠ്യമാണ്. ഒ.പി. ഇപ്പോൾ ഇവിടെയാണ് എന്നു പറഞ്ഞിട്ടൊന്നും വിലപ്പോവുന്നില്ല.
തൊട്ടു പിറകിൽ തന്നെയാണ് ഓടിട്ട മേൽക്കൂരയും വലിയ ജനവാതിലുകളുമുള്ള പഴയ ആശുപത്രി കെട്ടിടം.
ഞാൻ മകളെയും എടുത്ത് അവിടേയ്ക്കു നടന്നു.
പഴയ പീഡിയാട്രിക് ബ്ലോക്ക് ഇപ്പോൾ പാലിയേറ്റീവ് കെയർ യൂണിറ്റാണ്.
ആളനക്കമില്ലാത്ത വരാന്ത.
ഉള്ളിൽ രോഗികൾ ഉണ്ടെന്നു തന്നെ പറയില്ല.
നിശ്ശബ്ദത ഖര രൂപം പ്രാപിച്ചതു പോലെയുണ്ടായിരുന്നു അവിടം.
അവിടെ എത്തിയതും മകൾ പനിച്ചൂട് അടർത്തിമാറ്റി തോളിൽ നിന്നിറങ്ങി.
പഴയ ഒ.പി.ലക്ഷ്യം വച്ച് സ്വച്ഛമായ വരാന്തയിലൂടെ അവൾ തനിയെ മുന്നോട്ടു നടക്കാൻ തുടങ്ങി.
നീണ്ട വരാന്ത ഇടത്തോട്ടു തിരിയുന്നിടത്ത് ഇടതു വശത്തായിട്ടായിരുന്നു പഴയ പീഡിയാട്രിക് ഒ.പി.
ഒരു കുട്ടിക്കു മുന്നിൽ തോറ്റു കൊടുക്കാൻ തയ്യാറായി കാലം വരാന്തയുടെ ആ തിരിവിനപ്പുറം നിൽക്കുന്നുണ്ട് എന്നു തന്നെ ഞാൻ വിശ്വസിച്ചു.