രണ്ടായിരത്തി നാലു മുതൽ രണ്ടായിരത്തി പതിനാലുവരെയുള്ള പത്തു വർഷങ്ങളിൽ ഡൽഹിയിലെ യോജന ഭവനിലെ നൂറ്റി പതിനഞ്ചാമത്തെ മുറിയിൽ എന്നും രാത്രി ഏറെ വൈകിയാണ് ലൈറ്റുകൾ അണഞ്ഞിരുന്നത്. പാർലിമെന്റ് മന്ദിരത്തിൽ നിന്നും ഒരു വിളിപ്പാടകലെ നിൽക്കുന്ന ആ കെട്ടിടത്തിലായിരുന്നു പ്ലാനിങ് കമ്മിഷൻ. അന്ന് പഞ്ചവത്സര പദ്ധതികളും വാർഷിക പദ്ധതികളും രൂപം കൊണ്ടിരുന്നത് അവിടെയായിരുന്നു.
വൈകുന്നേരം അഞ്ചര മണിവരെയാണ് ഓഫീസുകൾ പ്രവർത്തിക്കുന്നത്. എങ്കിലും ഏഴു മണിവരെ ആളനക്കമുണ്ടാവും. രാത്രി എട്ട് മണി കഴിയുമ്പോൾ എല്ലാ മുറികളും അടച്ചു പൂട്ടും. വിളക്കുകൾ കെട്ട് വരാന്തകൾ വിജനമാവും. അപ്പോഴും റൂം നമ്പർ നൂറ്റി പതിനഞ്ചിൽ ഒരാൾ മാത്രം രാവേറെ ചെല്ലുവോളം തന്റെ കമ്പ്യൂട്ടർ സ്‌ക്രീനിൽ കണ്ണും നട്ട് അനക്കമില്ലാതെ ഇരിക്കുന്നുണ്ടാവും.
സമയ കാല ബോധമില്ലാതെയുള്ള ആ ഇരിപ്പിൽ ഭക്ഷണം പോലും മറന്നുപോയിട്ടുണ്ട്. വാച്ചിലേക്ക് നോക്കാൻ മറന്നു പോവുന്നതിനാൽ ആ ഇരിപ്പ് രാത്രി പന്ത്രണ്ടു മണിവരെയും നീണ്ടു പോയിട്ടുണ്ട്. ആ കെട്ടിടത്തിൽ നിന്നും എന്നും അവസാനമായി പുറത്തിറങ്ങുന്ന ഒരേയൊരാൾ അദ്ദേഹമായിരുന്നു. അതായിരുന്നു പ്രൊഫസർ അഭിജിത് സെൻ. ഇന്ത്യയിലെ അറിയപ്പെടുന്ന അഗ്രികൾച്ചർ ഇക്കണോമിസ്റ്റ്, ഇന്ത്യൻ റൂറൽ ഇക്കണോമിയുടെ അകവും പുറവും തിരിച്ചറിഞ്ഞ ഒരാൾ.
ഉണർന്നിരിക്കുമ്പോഴൊക്കെ ഇക്കണോമിക്സ് അല്ലാതെ മറ്റൊന്നും ചിന്തിക്കാൻ കഴിയാതിരുന്ന ഒരാളായിരുന്നു അഭിജിത് സെൻ. പുസ്തകങ്ങളും റിപ്പോർട്ടുകളും സ്കാൻ ചെയ്യുന്ന വേഗതയിലാണ് വായിച്ചു തീർത്തിരുന്നത്. ഒറ്റയ്ക്കിരിക്കുമ്പോഴും തനിച്ചു നടക്കുമ്പോഴും തന്നോട് തന്നെ സംസാരിക്കുകയും തനിയെ ചിരിക്കുകയും ചെയ്തിരുന്ന ഒരാൾ. അണയാൻ തുടങ്ങുന്ന ഒരു സിഗററ്റിൽ നിന്നും മറ്റൊന്നിന് തീ കൊടുത്ത് ദിവസവും പത്ത് പാക്കറ്റ് സിഗരറ്റ് പുകച്ചു തള്ളിയ ഒരാൾ. അതായിരുന്നു പ്രൊഫസർ അഭിജിത് സെൻ.
ഇന്ത്യൻ രാഷ്ട്രീയത്തിലെ പ്രമുഖരായ നേതാക്കന്മാർക്കും വ്യാവസായിക പ്രമുഖർക്കും വിവിധ സംസ്ഥാനങ്ങളിൽ നിന്നും തൊഴിൽ മേഖലയിലെ പല പ്രശ്നങ്ങളുമായി തലസ്ഥാനത്ത് എത്തിയിരുന്ന കർഷകർക്കും കർഷക സംഘടനാ പ്രതിനിധികൾക്കും, റിസർച്ച് വിദ്യാർഥികൾക്കും, പത്ര പ്രവർത്തകർക്കും തന്റെ ഓഫീസ് വാതിലുകൾ എപ്പോഴും തുറന്നിട്ടിരുന്നു. സാമ്പത്തിക ശാസ്ത്രത്തിൽ താൽപ്പരരായവരും ഗവേഷണ വിദ്യാർത്ഥികളും അറിയപ്പെടുന്ന പത്രപ്രവർത്തകരുമെല്ലാം അഭിജിത് സെന്നിന്റെ അടുത്ത സുഹൃത്തുക്കളായിരുന്നു. ലോകത്തിന്റെ പല ഭാഗത്തു നിന്നും അവർ അദ്ദേഹവുമായി നിരന്തരം സമ്പർക്കം പുലർത്തിയിരുന്നു.
വിദഗ്ധനായ ഒരു പോളിസി മേക്കർ ആയിരുന്നു അദ്ദേഹം. ജീവിത കാലം മുഴുവനും പാവപ്പെട്ട കർഷകരുടെ ജീവിത നിലവാരം ഉയർത്താനും അവരുടെ ഉൽപ്പന്നങ്ങൾക്ക് വരുമാനം ഉയർത്താനും അവരെ കോർപ്പറേറ്റ് ലോബിയുടെ ചതിക്കുഴികളെ ബോധ്യപ്പെടുത്താനും ശ്രമിച്ച ഒരാളായിരുന്നു അഭിജിത് സെൻ.
J.N.U വിൽ അദ്ധ്യാപകൻ ആവുന്നതിന് മുൻപ് അദ്ദേഹം Cambridge University, Oxford University, University of Essex എന്നിവിടങ്ങളിൽ അദ്ധ്യാപകൻ ആയിരുന്നു. രണ്ടായിരത്തി നാലിലാണ് മൻമോഹൻ സിങ് സർക്കാർ പ്ലാനിങ് കമ്മിഷൻ മെമ്പറായി മിനിസ്റ്റർ ഓഫ് സ്റ്റേറ്റ് റാങ്കിൽ അദ്ദേഹത്തെ നിയമിക്കുന്നത്. രണ്ടായിരത്തി ഒമ്പതിൽ വന്ന സർക്കാരും അദ്ദേഹത്തെ ആ സ്ഥാനത്ത് നിലനിർത്തി.
ഏത് വിഷയത്തെക്കുറിച്ചും അതാതു സന്ദർഭങ്ങളിൽ മണിക്കൂറുകളോളം സംസാരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
പ്ലാനിങ് കമ്മിഷനിൽ ഉണ്ടായിരുന്ന പത്തു വർഷങ്ങളിൽ ഇന്ത്യയിലും വിദേശ രാജ്യങ്ങളിലെ പല ഇൻസ്റ്റിറ്റ്യൂട്ടുകളിലും നടത്തിയ നൂറ് കണക്കിന് പ്രഭാഷണങ്ങൾ ഒന്ന് പോലും മുൻകൂട്ടി തയ്യാറാക്കിയതായിരുന്നില്ല.
അദ്ദേഹം ആരെയും ഭയന്നിരുന്നില്ല. ആരുടെയും ‘ഡെഡ് ലൈനുകൾ’ വക വച്ചിരുന്നില്ല. ആർക്കും അദ്ദേഹത്തെ സ്വാധീനിക്കാനും കഴിഞ്ഞിരുന്നില്ല. സ്വന്തം അഭിപ്രായം എവിടേയും എഴുതാനും പറയാനുമുള്ള ചങ്കുറപ്പുള്ള ആളായിരുന്നു പ്രൊഫസർ സെൻ. സഹപ്രവർത്തകരോടും പേർസണൽ സ്റ്റാഫിനോടും അദ്ദേഹത്തിന് ഉണ്ടായിരുന്നത് അധ്യാപക- വിദ്യാർത്ഥി ബന്ധമായിരുന്നു. ആരോടും ദേഷ്യപ്പെട്ട് പെരുമാറുന്നത് കണ്ടിട്ടില്ല. ഏത് സന്ദർഭത്തിലും, സ്വയം വരുത്തിവച്ച അബദ്ധങ്ങളിൽ പ്പോലും ഉറക്കെ ചിരിക്കുന്നതാണ് പതിവ്. പാസ്സ്പോർട്ട് എടുക്കാൻ മറന്ന് യാത്ര മുടങ്ങി എയർപോർട്ടിൽ നിന്നും മടങ്ങേണ്ടി വന്നപ്പോഴും, എയർപ്പോർട്ടിൽ സമയത്ത് എത്തിച്ചേരാൻ കഴിയാതെ യാത്രകൾ മുടങ്ങിയപ്പോഴും അതൊക്ക ഒരു തമാശപോലെ ചിരിച്ചു കളഞ്ഞിട്ടുണ്ട്. അമ്പത് വർഷങ്ങൾ പഴക്കമുള്ള ആസൂത്രണ കമ്മിഷൻ ഒരിക്കൽ ഇല്ലാതായി തീരുമെന്നും അത് പുതിയൊരു രൂപത്തിൽ വരുമെന്നും ആദ്യമായി പ്രവചിച്ചത് അഭിജിത് സെന്നാണ്.
ഏത് മരണവും സൃഷ്ടിക്കുന്നത് അളക്കാൻ കഴിയാത്ത ശൂന്യതയാണ്, unfathomable depths. മരണം ഒന്നിനെയും ബാക്കിവയ്ക്കുന്നില്ല. പഠിച്ചതും അറിഞ്ഞതുമായ എല്ലാ അറിവുകളും, അനുഭവങ്ങളും മരണം കൊണ്ടുപോകുന്നു. പിന്നെ മരിച്ചവർ പോലുമില്ല. മരണം മാത്രമേയുള്ളു, ‘Death is the great leveller’.
നേരിൽ കണ്ടിട്ടില്ലാത്ത, ഇൻബോക്സിലൂടെ മാത്രം പരിചയപ്പെട്ട രവിവർമ്മ എന്ന സുഹൃത്ത് രണ്ടു നാളുകൾക്കു മുമ്പാണ് വിട പറഞ്ഞത്. ആ മരണം അറിഞ്ഞതിനു ശേഷം അദ്ദേഹത്തിന്റെ ഫെയിസ് ബുക്ക് പേജിൽ ചെന്ന് അവസാനത്തെ പോസ്റ്റ് വായിച്ചു. ഒരു മരണ വീട്ടിൽ ചെന്നു നിൽക്കുന്ന തോന്നൽ ആയിരുന്നു അപ്പോൾ. വരാനിരുന്ന മരണത്തിന്റെ യാതൊരു സൂചനയും ദിവസങ്ങൾ മാത്രം മുമ്പുള്ള ആ പോസ്റ്റിൽ നിന്നും വായിച്ചെടുക്കാൻ കഴിഞ്ഞില്ല.
മരിക്കുന്നതിന് മൂന്നാഴ്ച്ച മുൻപ് പ്രൊഫസർ അഭിജിത് സെന്നിനെയും ചെന്നു കണ്ടിരുന്നു. ഒക്സിജൻ ട്യൂബുകൾ മൂക്കിലേക്ക് ഘടിപ്പിച്ച അവസ്ഥയിൽ അദ്ദേഹം മുറിയിൽ നിന്നും പുറത്തിറങ്ങി വന്നു. ആ അവസ്ഥയിൽ രണ്ടു മിനിറ്റിൽ കൂടുതൽ തുടർച്ചയായി അദ്ദേഹത്തിന് സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല. എങ്കിലും ആ രണ്ടു മിനിട്ടും അദ്ദേഹം ചിലവഴിച്ചത് പ്ലാനിങ് കമ്മിഷന്റെ പുനർജന്മമായ നീതി ആയോഗിന്റെ പുതിയ സാരഥികളെക്കുറിച്ച് അറിയാനായിരുന്നു.
അന്ന് പിരിയാൻ നേരം അദ്ദേഹത്തെ ഞാൻ ചുമലിൽ കൈചുറ്റി ചേർത്തു പിടിച്ചു. പ്ലാനിങ് കമ്മിഷനിലെ പത്തു വർഷക്കാലം അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു ഞാൻ. പത്തു വർഷങ്ങളിൽ അദ്ദേഹത്തോടൊപ്പം ചിലവഴിച്ച അനുഭവങ്ങളിൽ ആ വ്യക്തിത്വത്തെ വളരെ അടുത്തറിയാൻ കഴിഞ്ഞിരുന്നു. എന്നിട്ടും മൂന്നാഴ്ചകൾക്ക് ശേഷം വരാനിരുന്ന മരണത്തിന്റെ ഒരു ലാഞ്ഛനയും അപ്പോൾ എനിക്കറിയാൻ കഴിഞ്ഞില്ല.
നേരിൽ അടുത്തറിഞ്ഞവരും ഒരിക്കലും തമ്മിൽ കാണാത്തവരും മരണത്തിൽ ഒരുപോലെയാണ്. രണ്ടും സൃഷ്ടിക്കുന്നത് ഒരേ ശൂന്യതയാണ്. ആ നിമിഷം വരെ അറിഞ്ഞതും അറിയാതെ പോയതും, അറിയാനിരുന്നതും മരണത്തോടെ അവസാനിക്കുന്നു. പ്രകാശത്തെപ്പോലും പുറത്തേക്ക് വിടാതെ വിഴുങ്ങുന്ന തമോ ഗർത്തങ്ങളിൽ മറഞ്ഞു പോവുന്നവർ.
ഓരോ മരണവും ഒരു മനുഷ്യനിൽ സ്വന്തം മരണത്തെ ഓർമ്മപ്പെടുത്തുന്നുണ്ട്, the fear of the unknown. അതാവാം ഓരോ മരണവാർത്തയും അറിയുമ്പോൾ അൽപ്പനേരത്തേക്കെങ്കിലും ഒരു തത്വ ചിന്തകനാവാൻ ഓരോ മനുഷ്യനും വൃഥാ ശ്രമിക്കുന്നത്.
Any man’s death diminishes me
because I am involved in Mankind –
(John Donne)
കവർ : വിത്സൺ ശാരദാ ആനന്ദ്