സുഹൃത്തായ മഹാശൈലന്റെ ഫേസ്ബുക്കിൽ മഹാരാജ എന്ന സിനിമയുടെ റിവ്യൂ വായിച്ചപ്പോൾ ആ സിനിമ കാണണം എന്നൊരു മോഹം. അങ്ങനെയിരിക്കുമ്പോൾ നെറ്റ് ഫ്ലിക്സിൽ മഹാരാജ് എന്നൊരു പുതിയ സിനിമ റിലീസ്. തീയേറ്ററിൽ ഹൌസ് ഫുൾ ആയി ഓടുന്ന സിനിമ എങ്ങനെ നെറ്ഫ്ലിക്സിൽ എന്ന് വർണ്യത്തിൽ ആശങ്ക. എന്തായാലും ഇന്നലെ സിനിമ കണ്ടപ്പോൾ ആണ് ഈ രണ്ടു സിനിമകളും രണ്ടാണ് എന്ന് മനസിലായത്.
ആമിർ ഖാൻ്റെ മകൻ ജുനൈദ് ഖാൻ ‘മഹാരാജ്’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുന്നു എന്നതാണ് ഈ സിനിമയുടെ മറ്റൊരു ആകർഷണീയത. സ്വാതന്ത്ര്യത്തിന് മുമ്പുള്ള കർസൻദാസ് മുൽജി എന്ന പത്രപ്രവർത്തകൻ്റെ വേഷമാണ് ജുനൈദ് ഖാൻ അവതരിപ്പിക്കുന്നത്.
1862ലെ മഹാരാജ് ലിബൽ കേസിനെ അടിസ്ഥാനമാക്കിയുള്ളതാണ് മഹാരാജ് എന്ന സിനിമ. സൗരഭ് ഷായുടെ അതേ പേരിലുള്ള പുസ്തകമാണ് ഈ സിനിമയുടെ അവലംബം.
ജൂൺ 14 ന് ചിത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നുവെങ്കിലും മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് കൃഷ്ണഭക്തർക്കും പുഷ്ടിമാർഗ് വിഭാഗത്തിലെ വല്ലഭാചാര്യരുടെ അനുയായികൾക്കും വേണ്ടി സമർപ്പിച്ച ഹർജിയിൽ സ്റ്റേ ഉത്തരവ് ഉണ്ടായത് കാരണം റിലീസ് വൈകുകയായിരുന്നു. ചിത്രം പൊതുക്രമസമാധാനത്തെ ബാധിക്കുമെന്നും ഹിന്ദുമതവിഭാഗത്തിനെതിരെ അക്രമത്തിന് പ്രേരകമാകുമെന്നും ഹർജിയിൽ ആരോപിച്ചിരുന്നു.
സിനിമക്ക് വിഷയമായ കേസിന്റെ ചരിത്രം നോക്കാം.1860 ഒക്ടോബർ 21 ന് ബോംബെ ആസ്ഥാനമായുള്ള സത്യപ്രകാശ് എന്ന ഗുജറാത്തി പത്രം ‘ഹിന്ദുക്കളുടെ യഥാർത്ഥ മതവും ഇന്നത്തെ കപട അഭിപ്രായങ്ങളും’ എന്ന തലക്കെട്ടിൽ ഒരു ലേഖനം പ്രസിദ്ധീകരിക്കുന്നു. കർസാൻദാസ് മുൽജി എന്ന ധീരനും സാമൂഹ്യ പരിഷ്കർത്താവും ആയ പത്രപവർത്തകന്റെ ഉദയമായിരുന്നു അത്. പുഷ്ടിമാർഗിലെ വൈഷ്ണവ വിഭാഗത്തിലെ പ്രമുഖ മതനേതാവ് ജദുനാഥ്ജി ബ്രിജ്രതൻജി (ജെജെ ) ആചാരങ്ങളുടെ ഭാഗമായി സ്ത്രീ അനുയായികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നുവെന്നും പുരുഷന്മാർ തങ്ങളുടെ ഭാര്യമാരെ ഭക്തിയുടെ അടയാളമായി തനിക്ക് അർപ്പിക്കുന്നത് ആചാരവും മോക്ഷമാർഗവുമാണെന്ന് അദ്ദേഹം സമൂഹത്തെ വിശ്വസിപ്പിച്ചിരുന്നു എന്നും ഉള്ള സങ്കടകരമായ യാഥാർത്ഥ്യം അനാവരണം ചെയ്യുമ്പോൾ, ശക്തരായ നേതാക്കൾക്കെതിരെ മാത്രമല്ല, ചുറ്റുമുള്ള ആളുകളുടെ അന്ധമായ ഭക്തിക്കെതിരെയും കർസൻ പോരാടുകയായിരുന്നു. പലർക്കും ഇത് യാഥാർത്ഥ്യമല്ലെന്ന് തോന്നിയേക്കാം. എന്നാൽ ദുർബലമനസ്സുള്ളവരെ ചിലർ എങ്ങനെ വഞ്ചനക്ക് വിധേയരാക്കുന്നു എന്നാണ് ഇത് കാണിക്കുന്നത്. സ്വാതന്ത്ര്യത്തിന് ഒരു നൂറ്റാണ്ട് മുൻപ് അത്തരം മതഅന്ധ വിശ്വാസങ്ങളെ എതിർക്കാൻ കർസൻ ദാസ് കാണിച്ച ധൈര്യത്തെ അഭിനന്ദിക്കാതിരിക്കാനാവില്ല.
ആരോപണത്തെ തുടർന്ന് മുൽജിക്കും പ്രസാധകനുമെതിരെ മഹാരാജ് മാനനഷ്ടക്കേസ് ഫയൽ ചെയ്തു. കേസ്, ബോംബെയിൽ വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കും കാരണമായി, ഇന്ത്യൻ ജുഡീഷ്യറിയുടെ ചരിത്രത്തിലെ ഒരു സുപ്രധാന കേസായി മാറി. ഈ കേസിനെ ആസ്പദമാക്കിയാണ് സിനിമ രൂപപ്പെടുന്നത്.
യാഷ് രാജ് ഫിലിംസ് (വൈആർഎഫ്) നിർമ്മിച്ച നെറ്റ്ഫ്ലിക്സ്ചിത്രത്തിൽ ജുനൈദ് ഖാൻ ആണ് നായകൻ. ചിത്രത്തിൽ ജയ്ദീപ് അഹ്ലാവത്ത് മതനേതാവായി എത്തുമ്പോൾ ജുനൈദ് ഖാൻ മുൽജിയായി വേഷമിടുന്നു.
സിനിമ യുടെ റിലീസ് സ്റ്റേ ചെയ്തപ്പോൾ കേസ് വീണ്ടും മാധ്യമങ്ങളിൽ ചർച്ചയായി.
ഇന്ത്യൻ നിയമ ചരിത്രത്തിൽ അപകീർത്തിക്കേസിൻ്റെ പ്രാധാന്യവും കർസന്‌ദാസ് മുൽജിയുടെ ജീവിതവും എല്ലാത്തിനുമുപരിയായി , പത്രസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചിന്തകളും ചർച്ചയിൽ ഇടം നേടി.
കൊളോണിയൽ ബോംബെയിലെ പ്രമുഖ സാമൂഹിക പരിഷ്കർത്താവായിരുന്ന കർസൻദാസ് മുൽജിയുടെ ഉപദേശകൻ ദാദാഭായ് നവറോജിയാണ്. ‘സത്യപ്രകാശ്’ ആരംഭിക്കുന്നതിന് മുമ്പ്, മുൽജി, ദാദാഭായ് നവറോജിയുടെ ആംഗ്ലോ-ഗുജറാത്തി പത്രമായ റാസ്റ്റ് ഗോഫ്താറിന് സംഭാവന നൽകിയിരുന്നു. സ്ത്രീകളുടെയും മറ്റു അടിച്ചമർത്തപ്പെട്ടവരുടെയും അവകാശങ്ങൾക്കും വിധവകളുടെ പുനർവിവാഹം ഉൾപ്പെടെയുള്ള സാമൂഹ്യപരിഷ്‌കരണങ്ങൾക്കുമായി അദ്ദേഹം പ്രവർത്തിച്ചു.ഇതിനായി 1855 ലാണ് സത്യപ്രകാശ് പത്രം ആരംഭിച്ചത്.
എന്താണ്മ ഹാരാജ് ലിബൽ കേസ്?
മഹാരാജ് ജെ. ജെ, മുൽജി 1860-ൽ സത്യപ്രകാശിലെഴുതിയ ലേഖനത്തിന്റെ പേരിൽ മുൽജിക്കും പ്രസാധകനായ നാനാഭായ് റുസ്തോംജി റനീനയ്‌ക്കുമെതിരെ മാനനഷ്ടക്കേസ് നൽകി. മുൽജിയുടെ ആരോപണങ്ങൾ വ്യാജവും അപകീർത്തികരവുമാണെന്ന് മഹാരാജ് അവകാശപ്പെട്ടു, എന്നാൽ 50,000 രൂപയുടെ (ഇപ്പോഴത്തെ മൂല്യം ഏകദേശം 82 ലക്ഷം രൂപ) മാനനഷ്ടക്കേസിൽ മുൽജി തൻ്റെ നിലപാടിൽ ഉറച്ചുനിന്നു.ലേഖനം യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും പതിനാറാം നൂറ്റാണ്ടിലെ അഞ്ച് പുരുഷ മേധാവികളിൽ ഒരാളായ മഹാരാജയുടെ ധാർമ്മിക അഴിമതി തുറന്നുകാട്ടാൻ ലക്ഷ്യമിട്ടുള്ളതാണെന്നും അദ്ദേഹം വാദിച്ചു. എന്നാൽ മഹാരാജ, കർസൻദാസ് ഉൾപ്പെടുന്ന പുഷ്ടിമാർഗ വൈഷ്ണവ വിഭാഗത്തിലെ വ്യാപാരികളെ സംഘടിപ്പിച്ചു കേസ് നടത്തുവാൻ ആഹ്വാനം ചെയ്തു. ഗുജറാത്തിൽ നിന്ന് വളരെ ദൂരെയുള്ള ബോംബെയിൽ സമ്പന്നരായ അനുയായികളുള്ള ഈ വിഭാഗം, സിഗ്നേച്ചർ കാമ്പെയ്ൻ ഉപയോഗിച്ച് മുൽജിയുടെ വാദങ്ങൾക്കെതിരെ എതിർപ്പ് സമാഹരിച്ചു, അതിനെ മുൽജി “അടിമത്ത ബോണ്ട്” എന്നാണ് വിളിച്ചത്. മഹാരാജ് ബോംബെയിലെ തൻ്റെ അനുയായികളെ മുഴുവൻ വിളിച്ചു കൂട്ടുകയും തനിക്കെതിരെ മൊഴി നൽകുന്നവരെ ജാതിയിൽ നിന്നും സമൂഹത്തിൽ നിന്നും പുറത്താക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.
കോടതിയിൽ നിറഞ്ഞുനിന്ന ഈ കേസ് ഒടുവിൽ ബോംബെ കോടതിയിലെ ബ്രിട്ടീഷ് ജഡ്ജിമാർ തള്ളിക്കളഞ്ഞു.അതേസമയം മുൽജി തൻ്റെ വാദങ്ങളെ പിന്തുണയ്ക്കുന്നതിന് മതിയായ തെളിവുകൾ നൽകിയിട്ടുണ്ടെന്ന് വിധിന്യായത്തിൽ പറഞ്ഞു. കൂടാതെ കേസിൽ 14,000 രൂപ ചെലവഴിച്ച കർസന്ദാസ് മുൽജിക്ക് മഹാരാജാവ് 11,500 രൂപ നൽകാൻ ഉത്തരവിട്ടു.
ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യത്തിൻ്റെ ചരിത്രത്തിലെ നാഴികക്കല്ലായിരുന്നു ഈ കേസ്. ഇത് മതപരവും സാമൂഹികവുമായ ദുരാചാരങ്ങളെക്കുറിച്ചുള്ള സൂക്ഷ്മപരിശോധനയ്ക്കും വിമർശനത്തിനും പ്രോത്സാഹനം നൽകി, നിയമത്തിനുമുമ്പിൽ തുല്യത എന്ന തത്വവും ഈ കേസ് സ്ഥാപിച്ചു.
“ഒരു പബ്ലിക് ജേണലിസ്റ്റ് ഒരു പൊതു അദ്ധ്യാപകനാണ്: മാധ്യമങ്ങളുടെ ശരിയായ പ്രവർത്തനം സമൂഹത്തെ പഠിപ്പിക്കുകയും ഉയർത്തുകയും പ്രബുദ്ധരാക്കുകയും ചെയ്യുക എന്നതാണ്.അത് ആധുനിക ലോകത്തെ മഹത്തായ ശക്തികളിൽ ഒന്നായി ശരിയായ രീതിയിൽ വളർന്നിരിക്കുന്നു.” ജഡ്ജി ജോസഫ് അർനോൾഡിന്റെ വാക്കുകൾ.
ജുനൈദിൻ്റെ പ്രകടനം സ്ഥിരതയുള്ളതായി തോന്നി.ആദ്യമായി അഭിനയിക്കുന്ന ആളെന്ന നിലയിൽ, സ്‌ക്രീനിൽ ആത്മവിശ്വാസത്തോടെയും അനായാസതയോടെയും കാണപ്പെട്ടു. വികാരങ്ങളെ നിയന്ത്രിക്കാനും ക്യാമറയിൽ ആവശ്യമുള്ള കൃത്യമായ മുഖം നൽകാനുമുള്ള കല അദ്ദേഹം സ്വായത്തമാക്കിയിരിക്കുന്നു തൻ്റെ ക്രാഫ്റ്റിൻ്റെ സൂക്ഷ്മമായ വിശദാംശങ്ങൾ പഠിച്ച ഒരു നടന്റെ പക്കൽ ‘മഹാരാജ്’,സ്വാതന്ത്ര്യത്തിൻ്റെ വക്കിൽ രാഷ്ട്രത്തിൻ്റെ മാറുന്ന ഘടനയ്ക്ക് സംഭാവന നൽകിയ ഒരു വ്യക്തിയെക്കുറിച്ചുള്ള, മികച്ച പടമായി മാറി. പ്രതീക്ഷിച്ചതുപോലെ, ജയ്ദീപ് അഹ്ലാവത് വീണ്ടും ഗംഭീരമായ പ്രകടനം നൽകുന്നു. അദ്ദേഹം ജെ.ജെ.യായി എത്ര അനായാസമായാണ്, നിയന്ത്രിത പ്രകടനത്തിലൂടെയും സ്ഥിരവും അസ്വസ്ഥതയുളവാക്കുന്നതുമായ പുഞ്ചിരിയിലൂടെയും തന്റെ കഥാപാത്രത്തെ വെറുപ്പിക്കാൻ കാണികളെ പ്രേരിപ്പിക്കുന്നത്! ശാലിനി പാണ്ഡെ, ഹ്രസ്വമായ വേഷത്തിൽ, നന്നായി.
വിരോധാഭാസമെന്നു പറയട്ടെ, കോടതി സീക്വൻസുകൾ, ഒരു യഥാർത്ഥ കേസിനെ അടിസ്ഥാനമാക്കിയുള്ളതാണെങ്കിലും, സിനിമയുടെ ഏറ്റവും ദുർബലമായ ഭാഗങ്ങളായി ഉയർന്നുവരുന്നു. ജുനൈദിൻ്റെ പ്രകടനം അവിടെ അൽപ്പം നാടകീയമായി. സാക്ഷിക്കൂടിലെ മോണോലോഗ് പ്രസംഗപരമാണ്. അത്തരം കോടതിമുറി രംഗങ്ങളിൽ പ്രതീക്ഷിക്കുന്ന ത്രില്ലും നാടകീയതയും നിലനിർത്തുന്നതിൽ എഴുത്തുകാരൻ-സംവിധായക സംഘം പരാജയപ്പെട്ടു.
1800-കളെ വിജയകരമായി പുനർനിർമ്മിച്ചു എന്ന് പറയുമ്പോൾ തന്നെ, കഥാപാത്രങ്ങൾ ചിലപ്പോൾ ആ കാലഘട്ടത്തിൽ പ്രതീക്ഷിക്കാവുന്നതിലും കൂടുതൽ ആത്മവിശ്വാസം ഉള്ളവരായി കാണപ്പെട്ടു , പ്രത്യേകിച്ച് പ്രണയബന്ധത്തിലും സ്നേഹം പ്രകടിപ്പിക്കുന്നതിലും. ഇതുപോലൊരു സെൻസിറ്റീവ് സിനിമ കൈകാര്യം ചെയ്തതിന് സംവിധായകൻ സിദ്ധാർത്ഥ് പി മൽഹോത്രയ്ക്ക് മുഴുവൻ പോയിന്റുകളും നൽകാം.
ഒടുക്കം :-
ജദുനാഥ്ജി ബ്രിജ്രതൻജി മഹാരാജ് വെറുമൊരു ദർശകനായിരുന്നില്ല, അദ്ദേഹം ഏറ്റവും പ്രമുഖനും ശക്തനുമായ മതനേതാക്കളിൽ ഒരാളായിരുന്നു, വൻതോതിൽ അനുയായികളും ഉണ്ടായിരുന്നു. കർസിദാസിനെ ഒതുക്കുവാൻ ജെജെ മതത്തെയും അനുയായികളെയും ഉപയോഗപ്പെടുത്തുകയായിരുന്നു. ആധുനിക കാലഘട്ടത്തിലും മത നേതാക്കളും പൊള്ളയായ രാഷ്ട്രീയ നേതാക്കളും മതത്തെയാണല്ലോ തങ്ങളുടെ അധികാരത്തിനും ദുർവിനിയോഗത്തിനും ഉപയോഗിക്കുന്നത്.
ഇത് പോലുള്ള ആചാരങ്ങൾ ഇല്ലാതാക്കുന്നതിൽ ഒരു സമൂഹമെന്ന നിലയിൽ നമ്മൾ എങ്ങനെ പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു എന്നതിൻ്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ സിനിമ. അവസാനഭാഗത്ത് , കർസൻ്റെ പോരാട്ടം ഈ ചൂഷണത്തിന് അറുതി വരുത്തിയതെങ്ങനെയെന്ന് ആഖ്യാതാവ് പരാമർശിക്കുന്നുണ്ട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തതിന് ശിക്ഷിക്കപ്പെട്ട ആശാറാം ബാപ്പുവിനെ പോലെയുള്ള സ്വയം പ്രഖ്യാപിത ആൾദൈവങ്ങളെ ആളുകൾ ഇപ്പോഴും എങ്ങനെ സംരക്ഷിക്കുന്നുവെന്ന് ഓർക്കുമ്പോൾ ആർക്കും കണ്ണുതുറക്കാതിരിക്കാൻ കഴിയില്ല.
കവർ : സി പി ജോൺസൻ
Images : Google Images