1
അതിരാവിലെ തന്നെ കമ്പൻ ഉണർന്നു
കിടക്കയിൽ നിന്നെഴുന്നേറ്റ് അമ്പരപ്പോടെ ചുറ്റും നോക്കി. അവർ ഹിഡിംബിയുടെ കുടിലിലാണ്. മൂന്നുദിവസമായി ഹിഡിംബനും വിശ്രമിക്കുകയായിരുന്നു. തന്നോടൊപ്പം പുറപ്പെട്ടവരിൽ മിക്കവാറും പേരും എത്തിക്കഴിഞ്ഞു. ഊരിൽ മരിച്ചവരുടെ അവശേഷിപ്പുകൾ ശേഖരിക്കാൻ അവിടെ നിന്ന പത്രകനും രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ എത്തിച്ചേർന്നേക്കും. ഇവിടെ ഇതുവരെ കുഴപ്പങ്ങളൊന്നുമില്ല. തന്നോടൊപ്പം വന്നവരെ ഇവിടെത്തന്നെ നിർത്തുകയാണോ, അതോ സാഹചര്യങ്ങൾ മെച്ചപ്പെടുന്നതിനനുസരിച്ച് തന്റെ വഴി സ്വയം നോക്കണോ? അതുവരെ താനെന്തുചെയ്യണം! ഇനിയെന്താണു ചെയ്യേണ്ടത്? ആലോചിച്ചുകൊണ്ട് അയാൾ പുറത്തേയ്ക്ക് നടന്നു. നിഷാദർ കാലകൃത്യങ്ങൾക്കായി പോകാറുള്ള വഴിയിലൂടെ നടന്ന് അയാൾ കക്കരയിലെത്തി.

ഇത്രയ്ക്കു മനോഹരമായ ഉദയസൂര്യനെ എതിരേൽക്കാനെന്നപോലെ പലജാതിപ്പക്ഷികളുടെ ശബ്ദങ്ങളാൽ കാട് മൂരിനിവരുന്നതായിത്തോന്നി. ഓരോ നിമിഷത്തിലും ഓരോ നിറം മാറിമാറിയുടുക്കുന്നു പ്രകൃതി. എവിടെയോ ആലസ്യത്തോടെയെന്നപോലൊരു പുലിയുടെ മുരൾച്ച. പരക്കം പായുന്ന ചെറുജീവികൾ, ദൂരെ മലനിരകളിൽ നിന്നു വീഴുന്ന ജലപാതത്തിന്റെ ഹുങ്കാരം, തടാകത്തിൽ മീൻ പിടിക്കുന്ന നീർക്കിളികളുടെ ചിറകടിയൊച്ചകൾ……. അങ്ങനെ കാടിനെ കേട്ടുനിൽക്കേ അയാളുടെ ഉള്ളിൽ ഏതോ അറിയാത്തൊരാനന്ദം പീലിവിരുത്തി.

ഇത്ര മനോഹരമായ കാടിനെപ്പോലും മരണം പിന്തുടരുന്നുണ്ട്. നാളെയൊരു പക്ഷേ നാഗരികർ അവരുടെ ആവശ്യങ്ങൾക്കായോ ആനന്ദത്തിനായോ ഈ വനപ്രദേശത്തെ ആക്രമിച്ചേക്കാം. ഈ മലകളെയും മരങ്ങളെയും ഇല്ലാതാക്കിയേക്കും. ഈ സുന്ദര തടാകവും താമരകളും തുമ്പികളുമൊക്കെ ഓർമ്മകൾ മാത്രമായേക്കാം! ഇവിടെ നീന്തുന്ന പക്ഷികൾ മറ്റെവിടേയ്ക്കോ പോയേക്കാം! ഈ കാട് രാജവീഥികളും മണിമന്ദിരങ്ങളും രഥങ്ങൾ നിറഞ്ഞോടുന്ന തിരക്കേറിയ തെരുവുകളുമായി മാറിയേക്കാം. ചെമ്മൺപൊടിയിവിടെയാകെ കാവി പൂശിയേക്കാം. ഈ മഹാവൃക്ഷങ്ങൾ വെട്ടി പാഴ്മരങ്ങൾ നട്ടേക്കാം. അവയെ ഉദ്യാനവനങ്ങൾ എന്നോമനിച്ച് അവർ പുളകം കൊള്ളും. സ്വതന്ത്രരായി ഇവിടെ ജീവിക്കുന്ന മൃഗങ്ങളെ തുരത്തി മൂന്നോ നാലോ ഇനം മൃഗങ്ങളെ കൂട്ടമായി വളർത്തി ആവശ്യത്തിലേറെ പാലും ഇറച്ചിയും ഉൽപ്പാദിപ്പിച്ചേക്കാം. അവയെ കുളിപ്പിച്ചും കളിപ്പിച്ചും ഒരു പിടി തീറ്റയിട്ടു കൊടുത്തിട്ട് ഞങ്ങൾ മഹാമൃഗസ്നേഹികളല്ലോ എന്നഭിമാനിച്ചേക്കാം. ഭൂതദയ പാടുന്ന കഥകളെഴുതിയേക്കാം. വിശപ്പിനു മാത്രം വേട്ടയാടുന്ന കാട്ടുവാസികളെ പ്രാകൃതരെന്നും അനാഗരികരെന്നും വിളിക്കും….. രാക്ഷസരെന്നപമാനിക്കും.

“ഈ നാഗരികരെക്കാൾ ഭയങ്കരന്മാരായ മനുഷ്യരുണ്ടോ?” കമ്പൻ അദ്ഭുതപ്പെട്ടു.

അങ്ങനെ ആലോചിച്ചുകൊണ്ടയാൾ പിൻതിരിഞ്ഞു. കാവലൊഴിഞ്ഞു വരുന്ന നിഷാദന്മാരെക്കണ്ടു. ഏകദേശം തന്റെ സമപ്രായക്കാർ തന്നെ. എന്നാൽ ഇവർ ഭീലുകളെപ്പോലെ ദീർഘശരീരികളല്ല. അഞ്ചരയോ ആറോ അടി ഉയരമുണ്ടാവും. ഇരുൾ നിറമുള്ള ചർമ്മം. ഇവരുടെ സൂക്ഷ്മബുദ്ധിയും സാമർത്ഥ്യവും തന്നെ ഇവരുടെ ബലം. ഭാഷ വ്യത്യസ്തമാണെന്നാലും സംസാരിക്കുമ്പോഴത്ര പ്രയാസമില്ല.

“എങ്ങനെയുണ്ടിവിടം? പുതിയ സ്ഥലമല്ലേ, ബുദ്ധിമുട്ടുണ്ടോ?” എതിരെ വന്ന യുവാവ് അന്വേഷിച്ചു.

“അങ്ങനെയൊന്നുമില്ല. എനിക്ക് ഇഷ്ടമായി നിങ്ങളുടെ കാട്. പക്ഷേ ഇവിടെ ഞാൻ ചെയ്യാൻ എന്തെങ്കിലുമുണ്ടോ? മനസ്സിലാകുന്നില്ല ചങ്ങാതി. ശരീരം തളരും പോലെയുണ്ട്.” എന്നു പറഞ്ഞുകൊണ്ട് വഴിയരികിൽ നിന്നൊരു പുല്ലിന്റെ പൂങ്കുല പൊട്ടിച്ചയാൾ വായിലിട്ടു ചവച്ചുതുടങ്ങി.

“ആഹാ… നീ കുനിഞ്ഞാൽ പിന്നെ നിവരാനാവാത്തത്ര പണികളുണ്ടിവിടെ. ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ഹിഡിംബൻ തന്നെ നിന്നോട് സംസാരിക്കും.”

2
ആദരവേതുമില്ലാതെ സ്വന്തം നേതാവിനെ സാധാരണക്കാരനെപ്പോലെ സംബോധന ചെയ്യുന്നത് കണ്ട കമ്പൻ അമ്പരക്കാതിരുന്നില്ല. കഴിഞ്ഞ ദിവസങ്ങളിലും അയാൾക്കതു തോന്നാതിരുന്നില്ല. നായകനോടുള്ള മര്യാദ വിടാതെ തന്നെ ഓരോരുത്തർ സ്വന്തം അഭിപ്രായം ഭയമേതുമില്ലാതെ പറയുന്നു! ഹിഡിംബനെയും പേരുതന്നെ വിളിക്കുന്നു. അത്യാദരമോ അതിവിനയമോ ഇല്ല. വിചിത്രമായി തോന്നിയെങ്കിലും കൊള്ളാമെന്നു തോന്നി.

“പറഞ്ഞതുപോലെ ഇന്നല്ലേ ദൈവമുഖൻ വരുന്നത്!” പെട്ടെന്നോർത്തതുപോലെ ആദ്യത്തെ യുവാവ് ആരോടെന്നില്ലാതെ ചോദിച്ചു.

“അതെ, കഴിഞ്ഞ അമാവാസിക്കും അയാൾ എത്തിയിരുന്നില്ല. ഇന്ന് തീർച്ചയായും എത്തുമെന്നു കരുതാം.” എന്നുപറഞ്ഞുകൊണ്ട് കമ്പന്റെ കയ്യിലെ പുൽക്കതിരിനു കൈ നീട്ടി വേറൊരാൾ.

“ദൈവമുഖനോ? ആരാണത്? പേരു കേട്ടിട്ട് നമ്മുടേതുപോലെ ഇല്ലല്ലോ…” കമ്പൻ പല്ലുതേയ്ക്കുന്നത് നിർത്താതെ തന്നെ ചോദിച്ചു.

“ഹിഡിംബന്റെ വിശ്വാസം നേടിയ ഒരേയൊരു നാഗരികൻ. പണ്ട് പാഞ്ചാലത്തിലെ ഗ്രാമത്തലവന്റെ വൈദ്യനായിരുന്നു.

“പിന്നെ എന്തു സംഭവിച്ചെന്നറിയില്ല. കാട്ടിൽത്തന്നെ താമസം തുടങ്ങി. ഹിഡിംബന്റെ പിതാവിനോടു സൗഹൃദമുണ്ടായിരുന്നു. ഔഷധങ്ങൾ തേടി ഉൾക്കാട്ടിലേക്ക് വന്നിരുന്നു. പതിനാറു വർഷക്കാലങ്ങൾക്കു മുൻപ് അയാളെത്തേടി വന്ന ഗ്രാമത്തലവന്റെ ഭടന്മാർ നിഷാദരെ വേട്ടയാടി. ആ പോരാട്ടത്തിലാണ് ഹിഡിംബന്റെ മാതാപിതാക്കൾ മരണപ്പെട്ടത്. ആ ആപത്തിന്റെ ഉത്തരവാദി താനാണെന്നു കരുതിയ ദൈവമുഖൻ ഗ്രാമം ഉപേക്ഷിച്ചു. ആ യുദ്ധത്തിൽ എന്റെയും അച്ഛൻ മരിച്ചു. അന്നത്തെ പോരാട്ടത്തിനു ശേഷം ഞങ്ങൾ കൂടുതൽ ഉൾക്കാട്ടിലേക്ക് വലിഞ്ഞു.”

സംസാരിച്ചുകൊണ്ടവർ ഊരിലേക്കു കടന്നു.

“അതായത് ഞങ്ങളേക്കാൾ മുൻപേ നാഗരിക ആക്രമണം നേരിട്ടത് നിങ്ങൾക്കാണ്!” അമ്പരന്നുപോയി കമ്പൻ.

“ഉം. ഭീൽ കുമാരാ. ആദ്യമവർ ഞങ്ങളെയാണ് വേട്ടയാടിയത്. അതിനു ശേഷമാണ് കുരുക്കളുടെ നാടുവഴി വന്നത്. കുരുനാടിന്റെ ഉത്തരദിക്കിലുള്ള വാരണാവതം വരെ ഗ്രാമങ്ങൾ ഉണ്ടാക്കണമെന്നാണ് ഹസ്തിനപാലകരുടെ ആഗ്രഹം.

ആ പണികൾ പാഞ്ചാലത്തിലാണ് തുടങ്ങിയത്. ഏകചക്രപുരത്തു നിന്നുള്ള ഈ ആക്രമണങ്ങൾ എന്റെ മുത്തച്ഛന്റെ കാലം മുതൽ തന്നെ തുടങ്ങിയതാണ്. നിങ്ങൾ പൂർണമായും കാട്ടിനുള്ളിൽ തന്നെയായിരുന്നല്ലോ? ഞങ്ങൾ ഈ പട്ടണക്കാരെ നന്നായറിഞ്ഞു.”

സന്ധ്യയാകുമ്പോഴേക്കും അന്തരീക്ഷം തണുത്തു തുടങ്ങി. പതിയെ പടിഞ്ഞാറോട്ടു മറയുന്ന സൂര്യനെ പോകാൻ നിർബന്ധിക്കുന്നതുപോലെ മഞ്ഞുതിരശ്ശീല വീണുതുടങ്ങി. ഊരിൽ കാവൽ മാറേണ്ട സമയമായി. കാവൽമാടങ്ങളിൽ നിന്നിരുന്ന ആളുകൾ താഴേക്കിറങ്ങിയപ്പോൾ ഊരിൽ നിന്ന് എത്തിയവർ മാടങ്ങളിലേക്ക് കയറിത്തുടങ്ങി. ഇറങ്ങിയവർ ആയുധങ്ങൾ കൈമാറിയപ്പോൾ വന്നവർ മദ്യം കൈമാറി. കാവലിലുള്ളവർക്ക് മദ്യപാനം പാടില്ല.

താഴെ വന്നവർ ഒരിടത്തിരുന്ന് കുടിക്കാൻ തുടങ്ങി. അപ്പോഴേക്കും രാത്രിയുടെ ആദ്യയാമം കഴിഞ്ഞിരുന്നു. അപ്പോൾ മാത്രമേ കാവൽക്കാർക്ക് അതിർത്തിയിൽ നിന്ന് ഊരിലേക്ക് വരാൻ പാടുള്ളൂ. കാവൽക്കാർ ജോലിയിൽ മുഴുകി എന്ന് ഉറപ്പുവരുത്തിയതിന് ശേഷം അവർ ഊരിലേക്കു നടന്നു. എന്നാൽ അന്നു രാത്രി കാവലിലുള്ള ഒരുത്തൻ മാത്രം അയാൾ രഹസ്യമായി കൊണ്ടുവന്ന മദ്യം കുടിച്ചുതുടങ്ങിയത് ആരും ശ്രദ്ധിച്ചില്ല. രണ്ടാം യാമം തുടങ്ങിയ നേരം ഊരിനു ചുറ്റും പന്തങ്ങൾ തെളിഞ്ഞതും ആരും കണ്ടില്ല…

കവർ: സി പി ജോൺസൺ

+ posts

Emmanuel Mettles was born at Kannur in Kerala. She is a Post Graduate in English, Sanskrit and Psychology (social and health). Presently she is working in Telangana State, India, as a psychologist. She is a multilingual poet who writes in many periodicals. She has received many accolades including Kavya Koumudi award of Telangana Sahitya Akademy and Kala Ratna 2025 from GSM TV-9 Telangana for her literary works in different languages. She is a co-author in as many as 59 English poetry anthologies published in India and abroad and published 5 books on her own. Moreover she is a visual artist and translator  too.