നേരം സന്ധ്യയോട് അടുക്കുന്നു.
പയസ്വിനി നദി അപ്പോഴും ശാന്തമായി ഒഴുകിക്കൊണ്ടിരിക്കുകയായിരുന്നു.
കാസർഗോഡ് ജില്ലയിൽ അറബിക്കടലിനടുത്തായിട്ട്, പയസ്വിനി നദിയുടെ ഇരുവശത്തായും പരന്നു കിടക്കുന്ന ഒരു കൊച്ചു ഗ്രാമപ്രദേശം. ഒതേനീശ്വരം. നാട്ടുകാർ ഒതേനീശ്വരം എന്ന് വിളിച്ചിരുന്നെങ്കിലും ഗവണ്മെന്റ് കടലാസുകളിൽ ആ ഗ്രാമത്തിന്റെ പേര് ബോഡഡുക്കയെന്നായിരുന്നു.
മലബാറിനെയും തുളുനാടിനെയും വേർതിരിച്ചൊഴുകുന്ന ചന്ദ്രഗിരി പുഴയുടെ ഒരു കൈവഴിയാണ് പയസ്വിനി. പക്ഷേ പയസ്വിനിയെന്ന പേര് എങ്ങനെ വന്നു എന്നത് ചരിത്രകാരന്മാർ എവിടെയും പറഞ്ഞുവെച്ചിട്ടില്ലെന്ന് തോന്നുന്നു.
പണ്ട് തച്ചോളി ഒതേനൻ തുളുനാട്ടിലേക്ക് പോകാൻ വേണ്ടി എപ്പോഴും ചന്ദ്രഗിരിപ്പുഴ മുറിച്ചു കടന്നത് ഇവിടെവെച്ചാണ് എന്നാണ് നാട്ടുകാരുടെ വിശ്വാസം.അവിടെവെച്ചു ഒരുപ്രാവശ്യം അടുത്തുള്ള കാവിലെ സന്ധ്യാപൂജയും കഴിഞ്ഞു മടങ്ങുന്ന ഒരു സുന്ദരിയെ കണ്ടു അദ്ദേഹം ഭ്രമിച്ചു പോയത്രേ. പുഴയിലൂടെ കടന്നു പോകുന്ന ഒരു കെട്ടുവഞ്ചിയിൽ തനിക്കുചുറ്റും തോഴികളുമായി ഇരിക്കുന്ന ആ തരുണിയെ സ്വന്തമാക്കാൻ അദ്ദേഹം ആഗ്രഹിച്ചത്രേ.
തടസ്സങ്ങൾ പലവിധവും പലരൂപത്തിലും വരുമെന്നും, അപ്പോഴൊക്കെ മനസ്സിനെ ഏകാഗ്രമാക്കി ലോകനാർ കാവിലമ്മയെ നിനച്ചു മുന്നോട്ട് തന്നെ പോകണമെന്ന് തന്നോട് ഉപദേശം നൽകിയ പ്രിയ ഗുരുവിന്റെ മുഖം ചിത്തത്തിൽ കണ്ടതു കൊണ്ട്, ദുഃഖങ്ങളെല്ലാം ഒരു വശത്തേക്ക് ഒതുക്കി വെച്ച്, ആ പോരാളി അവിടെ കുറച്ചു നേരം ആ സുന്ദരിയെയും നിനച്ച് ഇരുന്ന കഥ പാണന്മാർ പാടിയിരുന്നു.
അതുകൊണ്ട് തന്നെ ഒതേനീശ്വരം, വിരിയാൻ വെമ്പിയ ഒരു പ്രേമത്തിന്റെ അകാലമരണത്തിൽ, അതിന്റെ ഓർമ്മയ്ക്കായി, ബലികുടീരമായി ഇപ്പോഴും അവിടെയുള്ള ജനമനസ്സുകളിൽ നിറഞ്ഞു നിൽക്കുന്നു.
വീരന്മാരായ ചേകവന്മാർ തുളുനാട്ടിലേക്ക് പോയിവന്നതും പാണന്മാർ ചില സമയങ്ങളിൽ പാടി നടന്നതും ഈ ഗ്രാമത്തിന്റെ നെഞ്ചിൽ കൂടിയാണ് എന്നാണ് പഴമൊഴി.
സംസ്ഥാനത്തിന്റെ അറ്റത്ത് ആയതിനാലും പല ഭാഗങ്ങളിലും ഭാഷ സങ്കരമായിപ്പോയത് കൊണ്ടും, സാംസ്‌കാരികവും വികസനപരവുമായ അവഗണന നേരിട്ട പ്രദേശം. സാമൂഹികപുറന്തള്ളൽ കേരളപ്പിറവിക്കു ശേഷവും തുടർന്നുവെന്ന ആക്ഷേപം നിലനിൽക്കുന്നു.
ഭാഷ ഒതേനീശ്വരത്തിലും ആ ജില്ലയിൽ മുഴുവനും എന്നും ഒരു പ്രധാന വിഷയമായി നിലകൊണ്ടിരുന്നു.മലബാറിന്റെയും തുളുനാടിന്റെയും ഇടയിൽ പണ്ട് കച്ചവടം നടന്നിരുന്നത് പ്രധാനമായും ഒതേനീശ്വരം വഴിയായിരുന്നു. ഉപജീവനം പ്രധാനമായും കച്ചവടമായത് കൊണ്ടും ഒരു മുഖ്യ കച്ചവട വഴിത്താരയായതുകൊണ്ടും അവിടുത്തെ ആളുകൾ സംസാരപ്രിയരായിരുന്നു.
പക്ഷേ ഒരു കുഴപ്പം – അവർ നല്ല കേൾവിക്കാരായിരുന്നില്ല.
അതു അവർക്ക് ഇതുവരെയും നികത്താനാകാത്ത ഒരു കുറവ് തന്നെയായിരുന്നു വെന്ന് പലർക്കും പലപ്പോഴും തോന്നിയിട്ടുണ്ട്.
അതു കൊണ്ട് തന്നെ പല പ്രശ്നങ്ങളും അവർക്ക് കാലാകാലങ്ങളായി അവിടെ സംഭവിച്ചു കൊണ്ടേയിരുന്നിരുന്നു.
ധർമ്മം പുനസ്ഥാപിക്കാൻ അവതാരങ്ങളും പ്രവാചകന്മാരും പലപ്പോഴായി വന്നുവെങ്കിലും എന്തു കൊണ്ടോ എപ്പോഴും ഒതേനീശ്വരത്തെ ആ പട്ടികയിൽ നിന്നും ഒഴിച്ചു നിറുത്തിയിരുന്നു.
മറ്റുള്ളവർ പറയുന്നത് മുഴുവൻ കേട്ട് പിന്നെ മനസ്സിലാക്കി അതിനുത്തരം പറയാനുള്ള ക്ഷമ പണ്ടേ അവർക്കുണ്ടായിരുന്നില്ല.
അതു ശരിയാക്കാൻ സമയമായി എന്ന് ഒരു ഭ്രാന്തൻ ഒതേനീശ്വരത്തെ പ്രസിദ്ധമായ അമ്പലമുക്കിലിരുന്നു വിളിച്ചു പറഞ്ഞതായി നാട്ടുകാർ അടക്കം പറഞ്ഞിരുന്നു.
സന്ധ്യ പണ്ടേ അവിടെ സൗമ്യയാണ്. നാട്ടുകാർ പറയുന്നത് അടുത്തുള്ള അമ്പലത്തിലെ നരസിംഹമൂർത്തിയുടെ വരപ്രസാദമുള്ളത് കൊണ്ടാണ് അത് എന്നാണ്. പ്രഹ്ലാദനുവേണ്ടി, അയാളുടെ സ്വന്തം അച്ഛനായ ഹിരണ്യകശിപുവിനെ കൊല്ലാൻ ജന്മമെടുത്ത വൈഷ്ണാവതാരം.ദേവനോ അസുരനോ, രാവിലെയോ രാത്രിയോ, അകത്തോ പുറത്തോ, മണ്ണിലോ വിണ്ണിലോ വെച്ച്, ആയുധം ഉപയോഗിച്ച് ഹിരണ്യകശിപുവിനെ കൊല്ലാൻ കഴിയുമായിരുന്നില്ല.
അതു കൊണ്ട് തൃസന്ധ്യയിൽ വാതിൽ പടിയിന്മേൽ തന്റെ തുടയിൽ ഇരുത്തി നഖങ്ങളും പല്ലുകളും കൊണ്ട് അസുരനെ കൊല്ലാൻ പകുതി മനുഷ്യനും പകുതി സിംഹവുമായി രൂപം പ്രാപിക്കേണ്ടിവന്നു മഹാവിഷ്ണുവിന്.
സന്ധ്യാദീപം അവിടവിടെ വീടുകളിൽ തെളിഞ്ഞു വരുന്നു. ദിവാകരനാശാരിയുടെ വീട്ടിൽ നിന്നും കുട്ടികൾ ഉറക്കെ ചൊല്ലിക്കൊണ്ടിരിക്കുന്നു.
“നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ…”
ആകാശത്തിൽ ചില പ്രത്യേക വെളിച്ചമുള്ള കുറച്ചു വലിയ നക്ഷത്രങ്ങൾ ഒത്തുകൂടി പിന്നെ അവർ നിരനിരയായി വന്ന് ഒരേയൊരു കോരന്റെ പ്രസിദ്ധമായ കള്ളുഷാപ്പിന്റെ മുകളിലെത്തി അവിടെ നിശ്ചലരായി നിന്നു.അവരുടെ വെളിച്ചം ചന്ദ്രന്റെ വെളിച്ചത്തെ കടത്തിവെട്ടിയിരുന്നു.
ഇരട്ട നിലാവിന്റെ വെളിച്ചം അപ്പോൾ അവിടെയാകെ പരന്നിരുന്നു. ഒരു അവതാരത്തിനായി അരങ്ങ് എല്ലാം തയ്യാറായി കഴിഞ്ഞിരുന്നു.രാവിലെയും അല്ല രാത്രിയും അല്ല.
അവിടുത്തെ കുടിയന്മാർ മണ്ണിലും അല്ല വിണ്ണിലും അല്ല.പകുതി മറച്ച കള്ളു ഷാപ്പ് ഒന്നിന്റെയും അകത്തുമല്ല പുറത്തുമല്ല.
അവതാരത്തിനു ഇനിയും വരാതെ പിടിച്ചു നിൽക്കുവാൻ സാധ്യമായിരുന്നില്ല.
അവതരിക്കേണ്ടത് സംഭവിച്ചേ തീരൂമായിരുന്നുള്ളൂ.
പുഴയുടെ അടുത്തുള്ള കോരന്റെ കള്ളുഷാപ്പിലായിരുന്നു ആ തിരുപ്പിറവി നടക്കേണ്ടിയിരുന്നത്.
സംഭവാമി യുഗേ യുഗേ!
സംഭവിക്കേണ്ടത് സംഭവിച്ചേ പറ്റൂ!
അപ്പോഴാണ് കോരന്റെ കള്ള് ഷാപ്പിലേക്ക് കള്ള് ചെത്തുകാരൻ സുധാകരനും അവന്റെ ഭാര്യ സൗദാമിനിയും ഒരു കൊടുങ്കാറ്റായി കയറി വന്നത്.
“ആ കണ്വൻ… നാ…മോൻ എവിടെ? എന്റെ ചെത്തു കത്തിയുടെ മൂർച്ച അവൻ കാണാൻ ഇരിക്കുന്നതേയുള്ളൂ. കോരാ, എവിടെ കണ്വൻ?
സുധാകരന്റെ അലറൽ കേട്ട് പൊതുവെ ശാന്തസ്വഭാവികളായ കള്ളു കുടിയന്മാരുടെ കള്ള്, അവരുടെ തലയിൽ നിന്നും ചടപടാന്ന് ഇറങ്ങി.
വിയർപ്പിനു തെങ്ങിന്റെ മണമുള്ള, ഉരുക്ക് ശരീരമുള്ള സുധാകരൻ. എപ്പോഴും നീലക്കള്ളി ലുങ്കിയിൽ അർദ്ധ നഗ്നവേഷം. കറുപ്പിൽ വെള്ളക്കുത്തുകളെപ്പോലെ തന്റെ ബലിഷ്ഠമായ തുടകളിൽ വെള്ള ചുണങ്ങുകളുള്ള സുധാകരൻ.
ഉരച്ചുരച്ചു ബ്ലേഡ് പോലെയാക്കിയ ചെത്തു കത്തിയും, കള്ളു ശേഖരിക്കാനുള്ള പാനിയും, കള്ള് നല്ലവണ്ണം ചുരത്താൻ തെങ്ങിന്റെ കൂമ്പിൽ പുരട്ടാൻ ഒരു പ്രത്യേക ലേപമടങ്ങുന്ന ചിരട്ട പോലെ തോന്നിക്കുന്ന ഒരു പാത്രവും അരയിൽ എപ്പോഴും കൊണ്ട് നടക്കുന്ന സുധാകരൻ.
ചാരനിറമുള്ള, രണ്ടു പെറ്റതെങ്കിലും വടിവൊത്ത വയറിൽ രണ്ട് മൂന്നു സൗന്ദര്യ മടക്കുകളുള്ള, കറുപ്പിൽ വെള്ള പൂക്കളെപ്പോലെ സുധാകരന്റെ അതെ ചുണങ്ങുകളുള്ള, എപ്പോഴും ബ്ലൗസും ഫോറിൻ സിൽക്ക് ലുങ്കി പോലെയുള്ള പാവാടയും ധരിക്കുന്ന, “സൗദം” എന്ന് ചെല്ലപ്പേരുള്ള സൗദാമിനി.
പിന്നാലെ ഓടി വന്ന ദിവാകരൻ ആശാരിയും സരസമ്മയും പോക്കറും ലിസി ടീച്ചറുമാണ് കാട്ടുതീപ്പോലെയുള്ള ആ വാർത്ത അവിടേക്ക് പകർന്നത്. മൂലക്കടവിൽ നിന്നും ജോലി കഴിഞ്ഞു വരുന്ന സൗദാമിനിയോട് ടൈയ്ലർ കണ്വൻ അന്ന് വൈകുന്നേരം അസഭ്യം പറഞ്ഞിരിക്കുന്നു.
അപ്പോഴേക്കും നാട്ടിലെ ഒട്ടുമിക്കവരും കോരന്റെ കള്ളു ഷാപ്പിനുള്ളിൽ കണ്വനെ സുധാകരൻ ചെത്തു കത്തികൊണ്ട് വരയുന്നത് കാണാൻ ഒത്തുക്കൂടി. ദിവാകരൻ ആശാരി മുൻകൈയെടുത്തു.കണ്വന്റെ അടുത്ത കൂട്ടുകാരനാണ്. ഒരേ നാളാണ്.
അവർ തമ്മിൽ എന്തോ ഒരു രഹസ്യ ബന്ധമുണ്ടോയെന്ന് നാട്ടുകാർക്ക് നിലവിൽ സംശയവുമുണ്ട്.
എങ്കിലും മൂല്യങ്ങളും മാന്യതയും ജനസഞ്ചയത്തിന് മുൻപിൽ അവതരിപ്പിക്കുക എന്നത് ദിവകാരന്റെ ഒരു ബലഹീനതയാണ്.
“എന്റെ സൗദം, ശരിക്കും എന്താണ് സംഭവിച്ചത്?”
ദിവകാരന്റെ ശബ്ദം അപ്പോൾ കലത്തപ്പം പോലെ മർദ്ദവമുള്ളതും മധുരമുള്ളതുമായിരുന്നു.
അപ്പോഴേക്കും സന്ധ്യ അലിഞ്ഞു അവിടെ ഇരുട്ട് വീണിരുന്നു.
തൊട്ടടുത്തുള്ള ഇടവഴിയിൽ നിന്നും നരികുറുക്കന്മാർ ഓരിയിടാൻ തുടങ്ങിയിരുന്നു.
“ദിവാകരേട്ടാ, കണ്വൻ ചേട്ടൻ ഇത്തരക്കാരനാണ് എന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല.”
സൗദാമിനിയുടെ വലിയ കണ്ണുകൾ അപ്പോഴേക്കും ഒരു ജലാശയമായി മാറിക്കഴിഞ്ഞിരുന്നു.
അവളുടെ വലിയ കണ്ണുകൾക്ക് ചുറ്റും കണ്മഷി പടർന്നു സൗദം ഒരു ശില്പസുന്ദരിയേപ്പോലെ തോന്നിപ്പിച്ചിരുന്നു.
“സൗദം, നീ ഒന്ന് തെളിയിച്ചു പറയൂ.”
വിഭാര്യനായ ദിവാകരന് അതു കണ്ടു നിൽക്കാൻ കഴിയുമായിരുന്നില്ല.
അകത്തെ മുറിയിൽ നിന്ന് കണ്വൻ പേടിച്ചു വിറച്ചു പരസഹായത്തോടെ പോക്കറുടെ സംരക്ഷണയിൽ അവരുടെ മുന്നിലേക്ക് വന്നു.
കഷണ്ടി കുറച്ചു കയറിയിരിക്കുന്നു. തുണി തയ്ക്കാൻ വരുന്നവരോട് എപ്പോഴും സംസാരിക്കുന്ന സ്വഭാവമുള്ളത് കൊണ്ടായിരിക്കണം മുന്നിലത്തെ രണ്ടു പല്ലുകൾ നഷ്ടമായിരിക്കുന്നു. പൊതുവെ ശാന്തനാണെങ്കിലും സംസാരപ്രിയനായതു കൊണ്ട് അറിയാതെ എന്തെങ്കിലും അബദ്ധം പറഞ്ഞു പോയേക്കാം എന്ന സംശയം അവിടെ കൂടി നിന്നവർക്കുണ്ടായിരുന്നു.
സുധാകരന്റെ ക്ഷമ അപ്പോഴേക്കും അറ്റുപോയിരുന്നു.സുധാകരൻ കത്തി വലിച്ചൂരി കണ്വന്റെ അടുത്തേക്ക് ചെന്നു.
ദിവാകരനും അമ്പലം പ്രസിഡന്റ് മാധവൻ നായരും അപ്പോഴേക്കും സുധാകരന്റെ കൈയിൽ കയറി പിടിച്ചിരുന്നു.
“സൗദം, നീ പറ.”
ദിവാകരൻ അവളോട് ചേർന്നു നിന്ന് പിന്നെയും മുൻകൈ എടുത്തു.
“ഞാൻ കണ്വൻ ചേട്ടന്റെ വീടിനു മുൻപിലുള്ള ഇടവഴിയിലൂടെ മൂലക്കടയിലെ പണി കഴിഞ്ഞു സന്ധ്യക്ക് എപ്പോഴത്തെയും പോലെ മടങ്ങി വരുകയായിരുന്നു. അപ്പോൾ കണ്വൻ ചേട്ടൻ വീട്ടിൽ നിന്നും ഇറങ്ങി വന്നു എന്നോട് അത് പറഞ്ഞു. അത് ഓർക്കുമ്പോൾ എന്റെ തൊലിയുരിയുന്നു. ഞാൻ അത് പിന്നെയും എല്ലാവരുടെയും മുൻപിൽ പറയില്ല.”
സൗദാമിനി അപ്പോഴേകക്കും പല പല വികാരങ്ങൾക്ക് അടിമപ്പെട്ടുപ്പോയിരുന്നു.
സുധാകരൻ മുണ്ട് മാടിക്കുത്തി കണ്വന്റെ ഷർട്ടിന്റെ കോളർ കുത്തിപ്പിടിച്ച് കഴുത്തിൽ വരയാൻ വേണ്ടി ചെത്തു കത്തി ചേർത്തു വെച്ചിരുന്നു.
“കണ്ണ്വാ.. നാ…മോനെ കളിക്കല്ലേ.. നീ എന്താ പറഞ്ഞത്.”
കണ്വൻ സുധാകരന്റെ പിടി വിടുവിച്ച് മുരട് ഒന്നനക്കി.
“മാത്വസം കിലച്ചുടിക ബഹസ്റ ഫേർട്ടി മഖോലു.”
അത് പറയുമ്പോഴും കണ്വൻ ശാന്തനായിരുന്നു.
സുധാകരനും ദിവാകരനും നാട്ടുകാരും അയാളെ വളഞ്ഞു.
“നീ കിടന്നുരുളുന്നോ? തെളിയിച്ചു പറ. അല്ലെങ്കിൽ ഞങ്ങൾ കേറി അങ്ങ് മേയും… മോനെ.”
ദിവാകാരന്റെ ക്ഷമ അപ്പോഴേക്കും അറ്റുപോയിരുന്നു.
“മാത്വസം കിലച്ചുടിക ബഹസ്റ ഫേർട്ടി മഖോലു.”
കണ്വൻ അപ്പോഴും ശാന്തനായിരുന്നു.
“ഇതു തന്നെയാണ് പറഞ്ഞത്. എനിക്ക് ഒരു സംശയവുമില്ല.” സൗദാമിനി പ്രഖ്യാപിച്ചു.
“മാത്വസം കിലച്ചുടിക ബഹസ്റ ഫേർട്ടി മഖോലു.”
കണ്വൻ കുലുങ്ങിയില്ല. അയാൾ ശാന്തമായി അവിടെ നടമാടുന്ന ബഹളത്തിനിടയിലും ഒരു പാറപോലെ നിലകൊണ്ടു. സ്തബ്ധരായ നാട്ടുകാർക്ക് കുറച്ചു സമയം വേണ്ടി വന്നു കാര്യങ്ങൾ മനസ്സിലാവാൻ. കണ്വൻ പുതിയ ഏതോ ഒരു ഭാഷ സംസാരിക്കുന്നു.
കണ്വന് അങ്ങോട്ട് പറഞ്ഞാൽ മനസ്സിലാകും. പക്ഷേ തിരിച്ചു പറയുന്നത് ബാക്കിയുള്ളവർക്ക് മനസ്സിലാകുന്നില്ല.
“കണ്വന് ഭ്രാന്തായിരിക്കുന്നു. കഴിഞ്ഞ പ്രാവശ്യം മുടി മുറിക്കാൻ വന്നപ്പോഴേ എനിക്ക് സംശയമുണ്ടായിരുന്നു.” ബാർബർ പവി വിധിയെഴുതി.
“ഇനി വല്ല തലച്ചോറിലേ നാഡി പൊട്ടിയത് മറ്റുമാണോ?”
സംശയം അമ്പലം പ്രസിഡന്റ് മാധവൻ നായർക്കായിരുന്നു.
“ആരെങ്കിലും ഒരു ബുക്കും പേനയും കൊണ്ട് വരൂ. നമ്മുക്ക് കണ്വനെക്കൊണ്ട് ഈ പുതിയ ഭാഷ ഒന്നെഴുതിച്ചു നോക്കാം.”
ആശയം ബാലവാടി ടീച്ചർ ലിസിയുടെതായിരുന്നു.
ബുക്കും പേനയും വന്നു. പക്ഷേ പുതിയ ഭാഷയിലുള്ള ഉത്തരം നിറയെ കുത്തും കോമയും കുരിശും വാലും ഒക്കെയുള്ളതായിരുന്നു.
ബോഡഡുക്ക തോറ്റു.
ദിവ്യൻ ജനിച്ചിരിക്കുന്നു…
മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമായി കാണപ്പെടുന്നത് എന്താണോ, അതിന് എപ്പോഴും എന്തോ ഒരു ദിവ്യത്വമുണ്ട് എന്നൊരു ഭാഷ്യം.കണ്വന് നരസിംഹമൂർത്തിയുടെ വരം കിട്ടിയതാണ് എന്ന് ഒരു പക്ഷം.
ഡോക്ടറെ കാണിക്കാം എന്ന് മറ്റൊരു പക്ഷം.
പക്ഷങ്ങൾ ബലാബലം.
ഒടുവിൽ ബോഡഡുക്കയിലെ പ്രൈമറി ഹെൽത്ത് സെന്ററിലെ ഡോക്ടർ പ്രദീപ് അവിടേക്കു പറന്നെത്തി.
“കണ്വാൻ ഈസ് ഓൾ റൈറ്റ്. ഒരു കുഴപ്പവുമില്ല. ബിപിയും ഹാർട്ട് റേറ്റും താപവും എല്ലാം ഓക്കേ. മനസ്സിലാകുന്നില്ല, ഇനി വല്ല ദിവ്യത്വവും മറ്റുമാണോ?”
ഡോക്ടറുടെ സംശയം കാട്ടുതീ പോലെ ബോഡഡുക്കയിൽ മുഴുവൻ പടർന്നു.
ഒരു ദിവസം കൗസല്യയുടെ ചെനപിടിക്കാത്ത വലിയ കുത്തുകാരി പുള്ളിപ്പശു ആർച്ച, കയറു പൊട്ടിച്ചു ബോഡഡുക്കയുടെ ജീവനാഡിയായ അമ്പലമുക്കിലേക്ക് ഓടി വന്നു.
അവിടെയുണ്ടായിരുന്ന കണ്വൻ ആർച്ചയുടെ കണ്ണിലേക്ക് നോക്കി മന്ത്രിച്ചു.
“കഗുളു മാലോലി വാഗമ മഹർ മഹർ.”
സ്വിച്ചിട്ടതുപ്പോലെ ആർച്ച നിന്നു.
അന്നു വൈകുന്നേരം ലോട്ടറിക്കാരൻ പാക്കരന്റെ കൈയിൽ നിന്നും ഒരു ടിക്കറ്റ് എടുത്ത് സദാശിവന്റെ കൈയിൽ വെച്ച്, എന്നിട്ട് അവന്റെ ചെവിയിലും കണ്വൻ മന്ത്രിച്ചു.
“ബാലുസ് ബാലുസ് ഫാലെ ബഖറ ഫാലെ.”
അടുത്താഴ്ചത്തെ നറുക്കെടുപ്പിൽ സദാശിവന് പതിനായിരം രൂപയുടെ സമ്മാനമടിച്ചു.
അതു കഴിഞ്ഞു പിന്നെയൊരു നാളിൽ ചെത്തുകാരൻ സുധാകരൻ സൗദാമിനിയുടെ കൈ ബലമായി പിടിച്ച് കൊണ്ട് ഒരു സന്ധ്യയിൽ കണ്വന്റെ വീട്ടിലേക്ക് കയറി വന്നു അവളെ തള്ളി അയാളുടെ മുന്നിലേക്ക് നിർത്തി.
“കണ്ണ്വസ്വാമീ, ഞാൻ ഇവളെക്കൊണ്ട് തോറ്റു. ഞാൻ ജോലിക്ക് പോകാതെ ഇവളെയും നോക്കി ഇരുപ്പാണ്. ഇവൾക്ക് ജോലിക്ക് പോകുന്നിടത്തു ദുർനടപ്പുണ്ടോ എന്ന് എനിക്ക് സംശയമുണ്ട്. ഞാൻ എന്തു ചെയ്യണം സ്വാമീ.”
“ഗോരു ലാസ ഹെന്ന ഹരേലി ബാലർ ലാസഫ് ബാരോ.”

വര : പ്രസാദ് കാനാത്തുങ്കൽ
കണ്വൻ ഇതു പറഞ്ഞു കൊണ്ട് സുധാകരന്റെ ചെത്തു കത്തിയിലേക്ക് നോക്കി.
സുധാകരൻ കണ്വൻ പറഞ്ഞതു ശ്രദ്ധയോടെ കേട്ട് പിന്നെ മനസ്സിലാക്കി അതിനുത്തരം പറഞ്ഞു.
“സ്വാമീ, അത്ഭുതം! ഇതു ഞാൻ കുറച്ചു ദിവസമായി വിചാരിക്കുന്നതാണ്. ഇനി അവൾ വീട്ടിൽ ഇരിക്കട്ടെ, ഞാൻ മാത്രം ജോലിക്ക് പോകാം. സ്വാമീ, അങ്ങ് ദിവ്യനാണ്.”
ആ നാട്ടിലെ മരിക്കാൻ കിടക്കുന്നവരും പിന്നെ പെട്ടെന്ന് ബന്ധുക്കളെ തെക്കോട്ടു എടുക്കണമെന്ന് ചിന്തിക്കുന്നവരും, ആത്മാവിന്റെ സുഗമമായ വിട്ടു പോവലിനു കണ്വസൂക്തം വേണമെന്ന് ആവശ്യപ്പെടാൻ തുടങ്ങിക്കഴിഞ്ഞിരുന്നു.
അത് ഒരു പകർച്ചവ്യാധിപ്പോലെ ബോഡഡുക്കയിലുള്ള സർവ്വരെയും അപ്പോഴേക്കും ഏതാണ്ട് മുഴുവനായും ഗ്രസിച്ചിരുന്നു. കണ്വസ്വാമിയുടെ വീട് ഒരു അഭയകേന്ദ്രമായി മാറി.
പറയുന്നത് ശ്രദ്ധയോടെ കേൾക്കാൻ നാട്ടുകാർ പഠിച്ചിരിക്കുന്നു. കാര്യങ്ങൾ ശ്രദ്ധയോടെ കേട്ട് പിന്നെ ആലോചിച്ചുത്തരം നൽകാൻ നാട്ടുകാർ പഠിച്ചിരിക്കുന്നു.
കണ്വൻ ബോഡഡുക്ക ഗ്രാമത്തെ മെല്ലെ മാറ്റാൻ തുടങ്ങിയിരിക്കുന്നു.അദ്ദേഹം ബോഡഡുക്കയുടെ ചാലകശക്തിയായി മാറിക്കഴിഞ്ഞിരുന്നു.
കള്ളന്മാരും പോലീസുകാരും സ്വർണ്ണത്തിന്റെയും പണത്തിന്റെയും ലഭ്യതയ്ക്കായും പല പ്രമാദമായ കേസുകളുടെ തുമ്പിനായും കണ്വാlന്റെ വീട്ടിൽ കേറിയിറങ്ങി കൊണ്ടിരുന്നു.
ഒരു ദിവസം രാത്രി മംഗലാപുരത്തിൽ നിന്നു വന്ന ഒരു ജീപ്പിൽ കുറച്ചാളുകൾ കണ്വനെ നാട്ടുകാരറിയാതെ തട്ടിക്കൊണ്ടുപ്പോയി.
അവർ കൊള്ളക്കാരോ അധോലോകത്തിൽ നിന്നുള്ളവരോ ആകാമെന്ന് നാട്ടുകാർ അടക്കം പറഞ്ഞു. മൂന്നാം പക്കം നേത്രാവതിപ്പുഴ അറബിക്കടലിൽ ചേരുന്ന അഴിമുഖത്ത് കണ്വന്റെ ശവം പൊങ്ങി.
പോസ്റ്റ്‌മോർട്ടം കഴിഞ്ഞു ബോഡി കിട്ടിയപ്പോൾ വൈകുന്നേരമായിരുന്നു. എല്ലാം കഴിഞ്ഞു സന്ധ്യക്ക് മടങ്ങുമ്പോൾ മിക്ക നാട്ടുകാരുടെയും കണ്ണിൽ നനവുണ്ടായിരുന്നു.
അപ്പോൾ ബാലവാടിയിലെ ലിസി ടീച്ചർ ദിവാകരൻ ആശാരിയോട് ചോദിച്ചു.
“ദിവാകരേട്ടാ, എന്തിനായിരിക്കും മംഗലാപുരത്തിൽ നിന്നും വന്നവർ കണ്വൻ ചേട്ടനെ കൊന്നിട്ടുണ്ടാവുക?”
“കറും മുറും ബബി ടുരി മസ്‌ബ മസൂത് ബാഗൊ ബുർമി.”
ലിസി ടീച്ചർ ഒരു ഷോക്കെറ്റതുപ്പോലെ സ്തബ്ധയായി. അപ്പോൾ ദിവകാരന്റെ മുഖത്ത് ശാന്തത കളിയാടുന്നുണ്ടായിരുന്നു.
“കറും മുറും ബബി ടുരി മസ്‌ബ മസൂത് ബാഗൊ ബുർമി.”
അപ്പോഴും ദിവാകരൻ പ്രശാന്തനായിരുന്നു.
ബോഡഡുക്കയിൽ അപ്പോൾ സന്ധ്യ അലിഞ്ഞു രാത്രിയലേക്കു നീങ്ങാൻ തുടങ്ങിയിരുന്നു.
പയസ്വിനിനദി അപ്പോഴും ശാന്തമായി ഒഴുകി.
ബോഡഡുക്കയിൽ നടന്ന അവതാരത്തിന്റെ ലക്ഷ്യം അപ്പോഴും ബാക്കിയായിരുന്നു.
സംഭവിച്ചതെല്ലാം നല്ലതിന്!
സംഭവിക്കുന്നതെല്ലാം നല്ലതിന്!
ഇനി സംഭവിക്കാനിരിക്കുന്നതും നല്ലതിന്!
കവർ : ജ്യോതിസ് പരവൂർ
വര : പ്രസാദ് കാനാത്തുങ്കൽ
രാജേഷ്, തെക്കന്മാർ വീട്
തൂലികാനാമം: തെക്കന്മാർ
സ്വദേശം കണ്ണൂർ
കാനഡയിൽ ടോരൊന്റോവിൽ താമസം
പ്രസിദ്ധീകരിച്ച കഥാ സമാഹാരം: 'പാപം ചെയ്യാത്തവർ കല്ലെറിയട്ടെ'.

















