പൂമുഖം LITERATUREകവിത ചുവപ്പ് ശേഷിപ്പിക്കുന്നത്……

ചുവപ്പ് ശേഷിപ്പിക്കുന്നത്……

 

നാമെന്ന ഒറ്റയാകാശത്ത് നിന്നും
വസന്തമിറങ്ങിപ്പോയി
ബാക്കിയായ
രണ്ട് അകലങ്ങളാണ്
മുറിവ്.

വിട്ടു പോയ കൈവിരലുകളെ
തിരഞ്ഞലയുന്ന
ദിശതെറ്റിയ പട്ടം,
കാഴ്ചയുടെ മുറിവാണ്.

ഒരേ മഴയെ
നമ്മുക്കിടയിൽ പകുത്ത്
രണ്ടായി മാറ്റിയ
ജനാലകൾ,
ഓർമ്മയുടെ മുറിവാണ്.

വഴികളിലെ
നീയില്ലായ്മകളുടെ ശൂന്യത,

ശബ്ദമില്ലാതെയും –
നാം പറഞ്ഞു തീരാത്ത വിശേഷങ്ങൾ,

രണ്ട് കടലകലങ്ങളിൽ തൂവി വീഴുന്ന-
ഒറ്റനിലാവ്,

ആൾക്കൂട്ടങ്ങളിൽ-
അറിയാതെ,
ഒരു കൈത്തലം തിരയുന്ന നോവ്,

എത്ര മുറിവുകളിൽ
ജീവിതം കൊണ്ടൂതിത്തണുപ്പിച്ചാലാണ്
നമ്മുക്കിനിയൊന്നുറങ്ങാനാവുക…!!

Comments

You may also like