സീതായനം

രാമൻ വിഗ്രഹമായി
പുനരവതരിച്ചപ്പോൾ
‘കുബേര’വേഷമുടുത്ത്, രാവണൻ
ധാരണാപത്രവുമായി
കാത്തുനിൽപുണ്ടായിരുന്നു

രാജ്യം അളന്നുമുറിക്കപ്പെട്ടപ്പോൾ
ആറടിമണ്ണില്ലാത്ത സീത
മറയാനൊരിടമില്ലാതുഴറി

ചാരംകൊണ്ടുപോലും
മരണപത്രമെഴുതാനാവാതെ
ഖനികളുടെ തീച്ചൂളകളിൽ
കണ്ണടഞ്ഞമർന്ന വനങ്ങൾ

നാവുകൾ അറുത്തുമാറ്റപ്പെട്ടപ്പോൾ
സഭാവഴികളിലെത്താതെ
പ്രാർത്ഥനനിലച്ചലയുന്ന
ശംബൂകതപസ്സുകൾ

യുഗങ്ങളുടെ ആഴങ്ങളിലമരാത്ത
പാർസയും ഗോദ്ദയുമലഞ്ഞ്*
അടങ്ങാത്ത വിലാപമായി,
വൈദേഹി

വിലങ്ങണിയാത്ത ചിന്തകളുമായ്
അവശേഷ വാല്മീകങ്ങളിൽ
മോക്ഷമാർഗം തേടുന്ന
മഹാകാവ്യമാകുന്നു, സീതായനം.

========

*സീതാമുർമു ഉൾപ്പെടെയുള്ള ആദിവാസി സമൂഹം നടത്തുന്ന ഭൂസംരക്ഷണസമരം നടക്കുന്ന സ്ഥലങ്ങൾ.

കവർ ഡിസൈൻ : വിത്സൺ ശാരദാ ആനന്ദ്