പൂമുഖം LITERATUREകവിത ഉദയം

പ്രഭാതം
നിവർന്നു നിരക്കവേ
എന്റെ ജാലകത്തുറസുകളിൽ
കതിർക്കൈകൾ നീട്ടി
കാലഹരണപ്പെട്ട മനസ്സിൽ
ഒന്നെത്തിനോക്കാൻ
വെമ്പുന്ന പകലോൻ!

മനസ്സ്
പ്രകാശവേഗവും കടന്ന്
ഓരോ രാത്രിയിലും
ആകാശത്തിനുമീതെ
സൂര്യനുമുമ്പേ
എത്രയോ പ്രകാശവർഷമകലെ
കുതിച്ചിരിക്കും.

വിഭജിക്കപ്പെട്ട നിറങ്ങളിൽ
മഴവില്ലുകൾ കണ്ടുകൊണ്ടേയിരിക്കും.

മഴവിൽക്കാഴ്ച്ചകൾ
സ്വപ്നങ്ങളിൽ
വസന്തമൊരുക്കുകയായിരിക്കും.

സൗന്ദര്യത്തെ
വർണ്ണിച്ചുവർണ്ണിച്ച്
വസന്തത്തിൽ ഗ്രീഷ്മത്തെ
ആഗിരണം
ചെയ്തുകൊണ്ടേയിരിക്കും.

അപ്പോൾ
സ്പഷ്ടമായ സൗന്ദര്യത്തെ
വിചിത്രമായ
ക്രമീകരണങ്ങളിൽ
പരിഷ്കരിച്ചുപരിഷ്കരിച്ച്
സങ്കീർണമായൊരു
കാലഹരണപ്പെടലിൽനിന്ന്
വലിച്ചു താഴെയിടാൻ
എത്തുന്നത്
ഉദിക്കുന്ന സൂര്യനായിരിക്കും.

കവർ : സി പി ജോൺസൺ

Comments
Print Friendly, PDF & Email

You may also like