പൂമുഖം LITERATUREകവിത “3”

ഞാനും
അവനും
അവളും

അവളുടെ വീട്ടിലെത്തിയതായിരുന്നു.

അവനെയോര്‍ത്ത് അവള്‍ കരയാന്‍ തുടങ്ങി.

ഇത്ര നാളായിട്ടും
മരിച്ചുപോയിട്ടും
അവളവനെ മറക്കാത്തതില്‍
ഞാനത്ഭുതപ്പെട്ടു.

പ്രേമത്തെ സംശയിക്കാത്തതെന്ത്?
മറവിയിലേക്ക് വറ്റിയ എത്രയെത്ര പുഴകള്‍തന്നെയുണ്ട്‌?
അവള്‍ക്ക് അറിയാത്തതല്ലല്ലോ.

ഞാനവളെ എന്‍റെ അരികിലിരുത്തി.
അവളെ ഉമ്മവെച്ചു.

അവളുടെ വീട്ടിലേക്കുള്ള
വഴിയിലെ പൂക്കള്‍, വഴിയിലെ പക്ഷികള്‍
വഴിയിലെ ഏകാന്തത, എല്ലാം
എനിക്ക് പ്രിയപ്പെട്ടതായി.

ചിലപ്പോള്‍, ചിലപ്പോള്‍ മാത്രം
അവനെന്നെ നോക്കി.

രാത്രികളില്‍ പെട്ടെന്ന് തെളിയുന്ന
ഒരു കീറ് ആകാശം – ഞാന്‍
മനസ്സില്‍ പറഞ്ഞു.

നരകങ്ങള്‍ തൊടാതെ ഞാനും.

രണ്ടു പേരുടെ പ്രണയം ഭൂമിയെ ഇത്രമേല്‍
തുലഞ്ഞതാക്കുമോ?

ഞാന്‍ ചൂളം കുത്താന്‍ തുടങ്ങി.

ചിലപ്പോള്‍, ചിലപ്പോള്‍ മാത്രം
അവനെന്നെ നോക്കി.

ഇപ്പോള്‍ അവളുടെ കിടക്കയില്‍
അവള്‍ക്കരികില്‍ കിടക്കുമ്പോള്‍

ഈ പാതി രാത്രിയിലും, ഇത്ര നേരവും
കുളിമുറിയില്‍ അവനെന്തു ചെയ്യുന്നു എന്ന് ചോദിച്ച്,
ഞങ്ങള്‍, അവളും ഞാനും
ചിരിച്ചു.

ഒച്ചയുണ്ടാക്കാതെ.
തേങ്ങലുകള്‍ ഒളിപ്പിച്ച്.

00

കവർ: സി . പി . ജോൺസൺ

Comments
Print Friendly, PDF & Email

You may also like