പൂമുഖം CINEMA ഈ. മ. യൗ. – എവിടെയാണ് ഇതിൽ സിനിമ?

ഈ. മ. യൗ. – എവിടെയാണ് ഇതിൽ സിനിമ?

eeemaa

(42 കൊല്ലം ലോകസിനിമകൾ കാണുകയും, അവയെപ്പറ്റി എഴുതുകയും. ചെയ്തതിന്‍റേയും ഇന്ത്യൻ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്‍റെ ചരിത്രം പുസ്തക രൂപത്തിൽ ആക്കിയതിന്‍റേയും ബലത്തിലാണ് ഈ കുറിപ്പ് എഴുതുന്നത്. )

. മ. യൗ. എന്ന സിനിമ കണ്ടു കഴിഞ്ഞ്, സംവിധായകനായ ലിജോ ജോസ് പെല്ലിശേരിയോട് ഞാന്‍ ചോദിച്ചു. ഇതിൽ എവിടെയാണ് ലത്തീൻ കത്തോലിക്കരുടെ ജീവിതത്തെപ്പറ്റിയുള്ള ഡോക്യുമെന്‍ററി അവസാനിക്കുന്നതും, നിങ്ങളുടെ സിനിമ തുടങ്ങുന്നതും? ആദ്ദേഹം എന്നെ നോക്കി- ചോദ്യം ആവർത്തിക്കാൻ പറഞ്ഞു. ഞാൻ വീണ്ടും ചോദിച്ചു അദ്ദേഹത്തിന് മറുപടിയില്ലായിരുന്നു. ഇത്, ലിജോ ജോസിന്‍റെ മാത്രമല്ല, നല്ല സിനിമ എന്ന പേരിൽ ഇറങ്ങുന്ന മിക്ക ആധുനികസിനിമകളുടേയും സംവിധായകരുടെ പ്രശ്‌നമാണ്- ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍, ലോകം ശ്രദ്ധിക്കുന്ന, നല്ല മലയാള സിനിമയുടെ തന്നെ പ്രശ്നമാണ്.

സിനിമയിലൂടെ നിര്‍മ്മിച്ചെടുക്കുന്ന ‘പച്ചജീവിതാ’ഖ്യാനത്തിനപ്പുറം അവർക്കു ചലച്ചിത്രപരമായി, കലാപരമായി, സാമൂഹ്യമായി,എന്തെങ്കിലും പറയുവാനുണ്ടോ എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് നമുക്ക് കിട്ടാതെ പോകുന്നത്. ഈ ഉത്തരം തന്നെ ആണ്, ഒരുസിനിമയിലെ നല്ലതോ, ചീത്തയോ ആക്കുന്നത്.
സിനിമ, ഒരു സാംസ്‌കാരിക ഉല്പന്നമാണെന്ന ബോദ്ധ്യത്തിൽ ആണ് ഈ എഴുത്ത്.. അത് കൊണ്ട് തന്നെ ഇതിന് സാധാരണ സിനിമ , അതായത് ഇവിടെ, ബോക്സ് ഓഫീസിനെ ലക്ഷ്യമാക്കി, അവാർഡിനെ ലക്ഷ്യമാക്കി പടച്ചു വിടുന്ന സിനിമയുടെ അളവുകോൽ അല്ല ഉപയോഗിക്കുന്നത്. നല്ല സിനിമ ഒരു നല്ല ചെറുകഥ പോലെ, നോവൽ പോലെ, കവിത പോലെ, ശിൽപം പോലെ, നമ്മെ, സഹൃദയരെ, മാനുഷിക-സൗന്ദര്യ- സാമൂഹ്യ-ജീവിത ബോധത്തിന്‍റെ ഉയർന്ന നിലയിലേക്ക് കൊണ്ടു പോകുന്ന ഒരു കലാകൃതി ആണെന്നാണെന്‍റെ വിശ്വാസം . അവിടെയാണ് ഈ.മ.യൗ. യെ പറ്റി എന്‍റെ ചോദ്യങ്ങൾ ഉയരുന്നത്. കൂടെ, ഈ സിനിമയെ വലിയ നിലയിൽ ആഘോഷിക്കുന്ന മലയാളിയുടെ ‘നല്ല സിനിമ’ ആസ്വാദനത്തെക്കുറിച്ചുള്ള ചോദ്യങ്ങളും.

eemayu 2
ലത്തീൻ കത്തോലിക്കരുടെ കഥ പറയുന്ന, ആദ്യ കലാസൃഷ്ടിയല്ല അല്ല ഈ.മ.യൗ. അവരുടെ ജീവിതത്തെ ‘പച്ചയായി’ കാണിക്കുന്നു എന്നാണ് ഒരു അവകാശവാദം. ഒരു ആകസ്മിക മരണത്തിലെ ദുരൂഹതകളിലൂടെ, നേർത്ത കഥാതന്തുവിനെ വികസിപ്പിച്ച്, എവിടെ, എങ്ങനെ അവസാനിപ്പിക്കണം എന്ന് അറിയാതെ, ഒരു അടികലശലിലും, അതുണ്ടാക്കുന്ന നാടകീയതയിലും എത്തിക്കുന്ന സിനിമ. ഈ നാടകീയ രംഗങ്ങൾ എല്ലാം കണ്ടു കഴിഞ്ഞ്, സ്വീഡിഷ് ചലച്ചിത്രകാരൻ ബെർഗ്മാന്‍റെ സിനിമകളിൽ നാം കണ്ടത് പോലെ ( അത് തന്നെ എന്ന് സംവിധായകനും പറയുന്നു) . അതിനെ ചില ” നസ്രാണിയുടെ, മരണാന്തരം ഉള്ള, അക്കരെയെ പറ്റിയുള്ള സങ്കല്പങ്ങൾ” സിനിമയുടെ കഥ കഴിഞ്ഞിട്ടും ഏച്ചു കെട്ടി വെച്ചിരിക്കുന്നു. അതും വളരെ കൃത്രിമമായി, ഞാൻ ബെർഗ്മാന് സിനിമ കണ്ടിട്ടുണ്ട് എന്ന മട്ടിൽ.
ഇതാണ് ലോക സിനിമ സി ഡി വീട്ടിലിരുന്നു കാണുന്നവർക്കുള്ള പ്രശ്നം. ഒരുതരം കെന്‍റക്കി ഫ്രൈഡ് ചിക്കൻ രുചി , നല്ല, വറുത്തരച്ച കോഴിക്കറിയുടേതല്ല. അതായത് നമ്മുടെ ആസ്വാദന ക്ഷമതയുടെ മുകളിൽ അടിച്ചേല്പ്പിക്കപെട്ട എന്തോ ഒന്ന് പോലെ, കൃത്രിമം. തികച്ചും അമച്വർ ചുവയുള്ള അവസാന ഭാഗം, വലിച്ചു മുറുക്കി കെട്ടി വെച്ചിരിക്കുന്നു. തുടക്കമാകട്ടെ, മരിച്ച കഥാപാത്രം മനസ്സിൽ കണ്ടത് പോലുള്ള ഒരു ശവഘോഷയാത്രയും. രണ്ടും മോരും മുതിരയും പോലെ ചേരാതെ നിൽക്കുന്നു.
മാത്രവുമല്ല ഒരു ലത്തീൻ കത്തോലിക്കൻ മരിച്ച വീട്ടിലെ ഒന്നര ദിവസം എന്ന മട്ടിൽ പോകുന്ന സിനിമയ്ക്ക് കൊടുത്തിരിക്കുന്ന നാടകീയ അന്ത്യം, സാമാന്യ ബുദ്ധിക്കു നിരക്കാത്തതാണ്. ഇങ്ങനെ ഒരു സിനിമയിൽ അല്ലാതെ, ഒരു കത്തോലിക്കനും, സ്വന്തം വീട്ടിൽ അപ്പന്‍റെ ശവം അടക്കുവാനുള്ള ഗതികേട്- അതും വികാരിയെ തല്ലിയിട്ട്, ഭ്രാന്തമായി, കൂടെ നിൽക്കുന്നവരെ നിരാകരിച്ച്- ഉണ്ടാകില്ല. ഇത് പോലെ ഒരു ശവമടക്കം, ഒരു സിനിമ പ്രേമി, ഇടതു രാഷ്‌ടീയക്കാരൻ സംവിധാനം ചെയ്തു അഭിനയിച്ച ‘ആറടി’ നമ്മൾ കണ്ടതാണ്. അതി ഭീകരമായ, ‘ആറടി’ എന്ന അമേച്ചർ സിനിമയുടേത് പോലെ തന്നെ ഈ.മ.യൗ. യുടെ അന്ത്യവും, സാമാന്യ ബുദ്ധിക്കു നിരക്കാത്തത് ആണ് എന്ന് പറയേണ്ടി വരും. കാരണം, കത്തോലിക്ക പള്ളികളുടെ സോഷ്യൽ ഡൈനാമിൿസ് മാത്രം നോക്കിയാൽ മതി- അവിടെ പള്ളിക്കും, പാതിരിക്കും ഇടയിൽ ഇന്ന് ഒട്ടേറെ രാഷ്‌ട്രീയ, അധികാരി, സ്ഥാപനങ്ങൾ നിരന്നു നിൽക്കുന്നുണ്ട് . അവരെ ഒക്കെ കടന്നിട്ടു വേണമല്ലോ, വികാരി, ‘ശവം അടക്കാൻ പറ്റില്ല’ എന്ന തന്‍റെ തീരുമാനം അടിച്ചേൽപ്പിക്കാൻ. എല്ലാ കല്യാണത്തിനും, ശവമടക്കിനും ഒരു എം ൽ എ യോ എം പിയോ വോട്ടർമാരെ കൂട്ടാൻ എത്തുന്ന സംസ്ഥാനത്താണ് ഒരു വികാരി ഈ അധികാരം കാണിക്കുന്നത് എന്നും ഓർക്കുക.

eemayau-arti.jpg.image.784.410-743

കഥ പോകട്ടെ. സിനിമയുടെ ആഖ്യാനത്തിലേക്കു നോക്കുക. താറാവിന്‍റെ കഴുത്ത്…., നാടൻ തല്ലു നടക്കുന്ന ചന്ത…., വൈകുന്നേരത്തെ അപ്പൻ – മകൻ ഒത്തു കൂടല്‍…. ഒക്കെയായി ഒരു ഡോക്യുമെന്‍ററിയുടെ സുഖം സംവിധായകൻ നമുക്ക് പകർന്നു തരുന്നു. ഇപ്പോൾ കേരളത്തിൽ ഹരമായി കൊണ്ടിരിക്കുന്ന സിങ്ക് സൗണ്ട് എന്ന ശബ്ദലേഖനവിദ്യയുടെ എല്ലാ നല്ല ഘടകങ്ങളും ഉപയോഗിച്ച് ആ ലത്തീൻ കത്തോലിക്കരെ ജീവനുള്ള നല്ല മനുഷ്യരായി സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നു. പക്ഷെ ഈ ശബ്ദങ്ങളൊക്കെ ഇത്ര ഭീകരമാണോ എന്ന് ഇടയ്ക്ക് തോന്നിപോകും. ഒരു നല്ല സിനിമക്കു വേണ്ട ശബ്ദ ഡിസൈൻ, കഥക്കു വേണ്ട ശബ്ദങ്ങൾ മാത്രം, തെരഞ്ഞെടുക്കുന്ന രീതി അദ്ദേഹത്തിന്  അന്യമാണോ  എന്ന് സംശയിച്ചുപോകും. ‘പച്ച ജീവിത’ ചിത്രീകരണത്തിന്‍റെ തിരക്കിനിടയില്‍ ഇങ്ങനെ പലതിനും  ഈ സിനിമയിൽ ശ്രദ്ധ കിട്ടാതെ പോയിരിക്കുന്നു. സിനിമയിലെ ക്ലൈമാക്സിൽ ഉള്ള മഴ ശ്രദ്ധിക്കു. നല്ല ഉഗ്രൻ മഴ …ഇത്രയും നല്ല മഴ ഒരു മലയാള സിനിമയിൽ ഞാൻ കണ്ടിട്ടില്ല. പക്ഷെ അത് സിനിമാറ്റിക് മഴയാണെന്നു ടൈറ്റിൽ കണ്ടപ്പോളാണ് മനസിലായത്. ഇങ്ങനെ പല ചെപ്പടി വിദ്യകളും പ്രയോഗിച്ച്  ഈ ‘പച്ച ജീവിത’ കഥയെ ഒന്ന് തീർത്ത് തന്ന് നമ്മളെ തീയേറ്ററിൽ നിന്ന് ഇറക്കി വിടാൻ അദ്ദേഹം സന്മനസ് കാട്ടുന്നു. ആകെപ്പാടെ ഒരു മുഴു നീള അമേച്വർ ഫിലിം. പക്ഷെ ലത്തീൻ കത്തോലിക്കരുടെ- അവർ സാധാരണക്കാർ ആണ്- ജീവിതം കാണേണ്ടവർക്കു അതാകാം…ചില മുരണ്ട കത്തോലിക്കാ പാതിരിയുടെ കുറ്റാന്വേഷണ കഥ കാണേണ്ടവർക്കു അതാകാം . ലോക്കൽ നേതാക്കള്‍, പോലീസ്, പലിശക്ക് കടം കൊടുക്കുന്നവർ, ശവപ്പെട്ടി കച്ചവടക്കാർ എന്നിവരുടെ ബന്ധം കാണേണ്ടവർക്ക് അങ്ങനെയും ആകാം. മാത്രവുമല്ല, ശവപ്പെട്ടി കച്ചവടക്കാരൻ , നേഴ്സ് , അവരുടെ ഭർത്താവ് , കുടിച്ചു ബോധമില്ലാതെ ഉറങ്ങുന്ന ഡോക്ടർ , അയാളുടെ ഭാര്യ, എന്നിവരെ , തികച്ചും ദയാദാക്ഷണ്യമില്ലാത്ത  അറുബോറന്മാരായി ചിത്രീകരിക്കേണ്ട ആവശ്യം എന്തായിരുന്നു എന്ന് എനിക്ക് ഇതുവരെ മനസിലായിട്ടില്ല . ഒരു പക്ഷെ ‘പച്ചയായ ‘ ജീവിതം ഊട്ടി ഉറപ്പിക്കാൻ ആയിരിക്കും, എന്ന് കരുതട്ടെ.

emy 1

എല്ലാം നല്ല പച്ചയായി, ‘ജനകീയമായി’ കാണിച്ചിരിക്കുന്നു. അവിടെയാണ്, നല്ല സിനിമ എന്ന് കേട്ട്, കാണുവാൻ പോയവർക്ക്‌ ഇതിൽ ‘സിനിമ’ –സംവിധായകന്‍റെ സിനിമ -പച്ച ജീവിതത്തിനപ്പുറം എവിടെ എന്ന ചോദ്യം ചോദിക്കേണ്ടിവരുന്നത്. പച്ചജീവിതം കാണിച്ച് എന്താണ് അദ്ദേഹം പറയാന്‍ ശ്രമിക്കുന്നത്?. അതിന്‍റെ ഉത്തരം നാം തന്നെ കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. ‘പച്ച ജീവിതം ‘ ചിത്രീകരിക്കുന്ന തത്രപ്പാടിൽ സംവിധായകൻ അത് മറന്നു പോയിരിക്കുന്നു.
ഈ സിനിമക്ക് കഴിഞ്ഞ വർഷത്തെ നല്ല സിനിമ എന്ന സർക്കാർ വക അവാർഡ് കൊടുത്തത്  എന്‍റെ സുഹൃത്തുക്കൾ ചേർന്നുള്ള ജൂറി ആണ്- അവരുടെ തന്നെ സിനിമകൾ വെച്ച് നോക്കുമ്പോൾ, തമ്മിൽ ഭേദം തൊമ്മൻ എന്ന അളവുകോൽ ഇവിടെ ഉപയോഗിച്ചു എന്ന് പറയേണ്ടി വരും. ‘പച്ചയായ ‘ ജീവിതം ഇത്രയും ഇല്ലെങ്കിലും, സിനിമ ഏറെ ഉണ്ടായിരുന്നു ‘ എസ് ദുര്‍ഗ’ എന്ന ചിത്രത്തിൽ. പക്ഷെ അവാർഡ് അതുകൊണ്ടു മാത്രമല്ലലോ കൊടുക്കുന്നത് എന്നും അനുമാനിക്കാം.

eeeeee

 

 

Comments
Print Friendly, PDF & Email

മുതിർന്ന മാധ്യമപ്രവര്‍ത്തകന്‍.ഫിനാൻഷ്യൽ എക്സ്പ്രസ്സ്, ഹിന്ദു ബിസിനസ് ലൈൻ, മാതൃഭൂമി എന്നിവയിൽ പ്രവർത്തിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ സ്ഥിരതാമസം. ഏതാനും പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

You may also like