പൂമുഖം Travelയാത്ര ഫ്രം റഷ്യ വിത്ത് ലവ് : ഒരു റഷ്യൻ യാത്ര (ഭാഗം 3)

ഫ്രം റഷ്യ വിത്ത് ലവ് : ഒരു റഷ്യൻ യാത്ര (ഭാഗം 3)

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

ഉപരോധങ്ങളിൽ കുലുങ്ങാത്ത റഷ്യ

മോസ്‌കോയിൽ ചെന്നിറങ്ങിയ എന്റെ ശ്രദ്ധ ആദ്യമായി ആകർഷിച്ചത് നല്ല നീണ്ട നഖങ്ങളാണ്, ഇളം നീല നിറത്തിലുള്ള നഖങ്ങൾ. എമിഗ്രെഷൻ ഓഫീസറുടേതു ആയിരുന്നു ആ നീണ്ട വിരലുകളിലെ നീണ്ട സുന്ദരമായ നഖങ്ങൾ. പിന്നെ റഷ്യയിലെങ്ങും നഖങ്ങൾ കണ്ടു, വിവിധ നിറങ്ങളിൽ ഉള്ളവ, മുത്തു പതിപ്പിച്ചവ. ഓരോ വിരലുകളിലും ഓരോ നിറത്തിലുള്ളവ. യുവതികൾ മുതൽ 80 കഴിഞ്ഞ വൃദ്ധകൾ വരെ അവരുടെ നഖങ്ങളെ സ്നേഹിക്കുന്നുണ്ടായിരുന്നു. ബാങ്ക് മാനേജർ മുതൽ മെട്രോയിലെ ടിക്കറ്റ് വിൽക്കാൻ ഇരിക്കുന്ന സ്ത്രീ വരെ, റെസ്റ്റോറന്റിലെ വെയിട്രസ് മുതൽ ഗ്രാമങ്ങളിൽ നിന്ന് വന്ന ടൂറിസ്റ്റു വരെ മനോഹരമായി നഖങ്ങളെ പരിപാലിച്ചിരുന്നു. ഒരു സമൂഹത്തിലെ സ്ത്രീകളുടെ അഭിവൃദ്ധി, വർഗപരമായ ഉന്നതി എന്നിവ അവരുടെ നഖങ്ങളിൽ നിന്ന് നിരീക്ഷിച്ചെടുക്കാം എന്നാണ് എന്റെ തോന്നൽ. മാനിക്യൂറും പെഡിക്യൂറും ചെയ്യാൻ സമയം ലഭിക്കുന്ന, അതിനു പണം ചിലവാക്കാൻ കഴിയുന്ന, നഖങ്ങൾ പരിപാലിക്കാതിരിക്കുന്നതു പല സമൂഹങ്ങളിലും വൃത്തിരാഹിത്യമായി പോലും കാണുമെന്നു കരുതുന്ന ഉപരി മധ്യ വർഗ്ഗ ജീവിതം.

മെട്രോ സ്റ്റേഷനിൽ പാട്ടു പാടുന്ന പെൺകുട്ടി

മോസ്കോയിലും സെന്റ് പീറ്റേഴ്‌സ് ബർഗ്ഗിലും ഞാൻ കണ്ടത് അങ്ങേയറ്റം ഫാഷനബിൾ ആയ ഒരു സമൂഹത്തെയാണ്. ലോകത്തിന്റെ ഫാഷൻ കാപ്പിറ്റൽ പാരീസ് അല്ല എന്ന് നിശ്ചയമായും പറയാൻ കഴിയുന്ന, റാമ്പ് വാക്കിലൂടെയെന്ന വണ്ണം നടന്നു നീങ്ങുന്ന യുവതീ യുവാക്കൾ. മോസ്‌കോയിൽ ഞാൻ കണ്ട മനുഷ്യരെ വെറും ഒരാഴ്ച ടൂറിസ്റ്റു ആയ ഞാൻ വർഗീകരിക്കുക ഇങ്ങനെയാണ്. ഏതാണ്ട് പത്തു ശതമാനം അതി സമ്പന്നർ, പിന്നെയൊരു 50 ശതമാനം മധ്യ വർഗ്ഗം ( ഈ മധ്യ വർഗ്ഗം നമ്മുടെ മധ്യ വർഗ്ഗത്തേക്കാൾ വളരെ വളരെ ഉയരത്തിലാണ് കേട്ടോ, മിക്കവാറും ആൾക്കൂട്ടങ്ങളിൽ ഏറ്റവും മോശമായി വസ്ത്രം ധരിച്ചിരുന്നത് ഞാനാണ്, നാണം തോന്നിക്കുന്ന തരത്തിൽ), മറ്റൊരു 30 ശതമാനം ഗ്രാമങ്ങളിൽ നിന്നും വരുന്ന കർഷക / ഫാക്ടറി തൊഴിലാളി ബാക്ക് ഗ്രൗണ്ടുകളിലും നിന്നും മറ്റുമുള്ള മനുഷ്യർ ( ഇവരെയും നമ്മുടെ തൊഴിലാളി വർഗ്ഗവുമായൊന്നും താരതമ്യം ചെയ്തു കളയരുത്), ഇനിയൊരു പത്തു ശതമാനം മോസ്‌കോ മനുഷ്യർ അയൽ രാജ്യങ്ങളിൽ നിന്ന് വരുന്ന റഷ്യൻ സ്പീക്കിങ് പോപ്പുലേഷൻ ആണ്. തജിക്കിസ്ഥാൻ, ഉസ്‌ബെക്കിസ്ഥാൻ, കിർഗിസ്ഥാൻ, കസാക്കിസ്ഥാൻ, തുർക്മെനിസ്ഥാൻ, യുക്രൈൻ, ബെലാറസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർ. എല്ലാം റഷ്യൻ സംസാരിക്കുന്നവർ. കൂട്ടത്തിൽ ഉയരവും സൗന്ദര്യവും കുറഞ്ഞവർ. ഒറ്റ നോട്ടത്തിൽ ശരിക്കും റഷ്യൻ അല്ലെന്നു അറിയാൻ കഴിയും. നമ്മുടെ നാട്ടിൽ ബംഗാളികൾ എന്ന് വിളിക്കപ്പെടുന്നവരെ പോലെ. ഫുഡ് ഡെലിവറി തുടങ്ങിയ ചെറു ചെറു ജോലികൾ ചെയ്യുന്നത് ഇവരാണ്. ഇവർ അവരുടേതായ കൂട്ടങ്ങളിലാണ് നടക്കുക. മലയാളികളുമായി ഇനിയും ഇഴുകിച്ചേരാത്ത ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ആളുകളെ പോലെ. തികച്ചും മറ്റൊരു സമൂഹം. ഈ പറഞ്ഞതിനർത്ഥം റഷ്യക്കാർ ഇത്തരം ചെറു ജോലികൾ ചെയ്യാറില്ല എന്നല്ല കേട്ടോ. എല്ലാത്തരം തൊഴിലുകളിലും റഷ്യക്കാരെ കാണാം. റെസ്റ്റോറന്റിലെ വെയിറ്റർ മുതൽ ഡെലിവറി ബോയ് വരെയും, ഹോട്ടൽ റിസപ്‌ഷനിസ്റ് മുതൽ ചെറിയ കടകളിലും മറ്റും പണിയെടുക്കുന്നവരെയും.

ഒരു ഭൂഗർഭ ഷോപ്പിംഗ് മാളിലെ മൂന്നാം നിലയിലെ ഫുഡ്കോർട്ട്

ഒരു ദിവസം ലോക്കൽ മാർക്കറ്റിലെ പച്ചക്കറിക്കടകളിലും മറ്റും കയറിയിറങ്ങി. ഒരു കിലോ തക്കാളിക്ക് 390 റൂബിൾ, നാട്ടിലേതിനേക്കാൾ വില വളരെ കൂടുതൽ. ( ഏതാണ്ട് ഇന്ത്യൻ രൂപയുടെ അതേ വിനിമയ നിരക്ക് ആണു റഷ്യൻ റൂബിളിന്റേത്) എല്ലാ സാധനങ്ങൾക്കും അത് പോലെ തന്നെ വിലകൂടുതലായി അനുഭവപ്പെട്ടു. ലോകത്തിലെ ഏറ്റവും വലിയ നഗരങ്ങളിൽ ഒന്നിൽ ആണ് ഞാൻ നിൽക്കുന്നത് എന്നത് മറന്നല്ല ഈ താരതമ്യം.

ഏറ്റവും അത്ഭുതത്തോടെ, സന്തോഷത്തോടെ കണ്ടത് റഷ്യയിലെ സ്ത്രീകൾ അനുഭവിക്കുന്ന സ്വാതന്ത്ര്യവും, തുല്യതയും, സാമ്പത്തിക ഉന്നതിയും സ്വയം പര്യാപ്തതയുമാണ്. എല്ലാ മേഖലകളിലും സ്ത്രീകളുടെ ആധിപത്യം തന്നെ കാണാം. ആദ്യം ശ്രദ്ധിച്ചത് ട്രാം ഡ്രൈവർമാരെയാണ്, ഏതാണ്ട് 90 ശതമാനം ട്രാം ഡ്രൈവർമാരും സ്ത്രീകളാണ്, അതും അമ്പതും അറുപതും വയസ്സ് പിന്നിട്ടവർ. സ്ത്രീകൾ ഒറ്റയ്ക്കും കൂട്ടായും രാത്രിയും പകലുകളും സ്വതന്ത്രരായി സഞ്ചരിക്കുന്നു. കോഫി ഷോപ്പുകളിലും റെസ്റ്റോറന്റുകളിലും ഒക്കെ ഒറ്റയ്ക്കും സ്ത്രീ സുഹൃത്തുക്കളോടൊപ്പം മാത്രവുമിരിക്കുന്ന, ഉറക്കെ ചിരിക്കുന്ന, ജീവിതം സ്വതന്ത്രമായി ആഘോഷിക്കുന്ന സ്ത്രീകൾ. റഷ്യയുടെ വിദൂര ഭാഗങ്ങളിൽ നിന്ന് വരുന്ന ടൂറിസ്റ്റുകളിൽ പോലും നല്ലൊരു ശതമാനം സ്ത്രീകൾ മാത്രമാണ്. ഒറ്റയ്ക്കും മറ്റു സ്ത്രീ സുഹൃത്തുക്കളോടൊപ്പവും വന്നു ഹോട്ടലുകളിൽ താമസിച്ചു നഗരം കാണാനിറങ്ങുന്നവർ. സ്ത്രീകൾ മാത്രമായി നടത്തുന്ന റസ്റ്റോറന്റുകൾ, മറ്റു ലോക്കൽ സ്ഥാപനങ്ങൾ ഒക്കെ കണ്ടു. ഒരു പക്ഷെ സമൂഹത്തെ ഡോമിനേറ്റ് ചെയ്യുന്നത് സ്ത്രീകൾ ആണെന്ന് തോന്നിക്കും വിധം, ധാരാളമായി.

സ്ത്രീകൾ നടത്തുന്ന ഒരു ടേക്ക് എവേ റെസ്റ്റോറന്റ്.

സെന്റ് പീറ്റേഴ്‌സ് ബർഗിൽ നിന്നും ഹൈ സ്പീഡ് ട്രെയിനിൽ മടങ്ങുമ്പോൾ ഒപ്പമിരുന്നത് ഏതാണ്ട് 75 കഴിഞ്ഞ രണ്ടു സ്ത്രീ സുഹൃത്തുക്കൾ ആയിരുന്നു, ഇംഗ്ലീഷ് പുസ്തകങ്ങൾ വായിച്ചിരുന്ന, പച്ചയും മഞ്ഞയും നിറത്തിൽ നഖങ്ങൾ പരിപാലിച്ചിരുന്ന അത്യന്താധുനിക അമ്മമാർ. നല്ല ഇംഗ്ളീഷിൽ ഞങ്ങൾ അൽപ നേരം സംസാരിച്ചിരുന്നു. ( റഷ്യയിൽ ഇംഗ്ലീഷ് സംസാരിക്കുന്നവരെ കണ്ടു കിട്ടുന്നത് അപൂർവ്വമാണ് എന്ന് നേരത്തെ പറഞ്ഞിരുന്നല്ലോ, എല്ലാ സൈൻ ബോർഡുകളും സ്ഥലപ്പേരുകളും കടകളുടെ പേരും ഒക്കെ റഷ്യനിൽ മാത്രമാണ്, റഷ്യൻ അറിയാത്ത ഒരാൾ നന്നായി ബുദ്ധിമുട്ടും. അവർക്ക് മറ്റൊരു ഭാഷ ആവശ്യമില്ല എന്നതാണ് കാരണം. ടൂറിസ്റ്റുകൾ പോലും 99 ശതമാനവും റഷ്യക്കാർ മാത്രമാണ്. മിക്കവാറും ടൂറിസ്റ്റു സ്പോട്ടുകളിൽ ഞാൻ മാത്രമായിരുന്നു ഒരിന്ത്യക്കാരൻ, ഒന്നോ രണ്ടോ തവണ മാത്രമാണ് മറ്റു ഇന്ത്യക്കാരെ കണ്ടത്, അപൂർവമായി ആഫ്രിക്കക്കാരെയും കണ്ടു. ഒരൊറ്റ ഇംഗ്ലീഷ് സ്പീക്കിങ് യൂറോപ്യനെയോ അമേരിക്കക്കാരനെയോ കണ്ടില്ല, ഉപരോധമാവും കാരണം)

യൂറോപ്പിലെ ഏതു നഗരത്തിൽ പോയാലും എണ്ണത്തിൽ വളരെ കുറവാണെങ്കിലും അതി ദരിദ്രരെ കാണാം. ലണ്ടൻ ട്യൂബിൽ ആയാലും പാരീസിലെ ഐഫൽ ടവറിനു കീഴിൽ ആയാലും അതാതു രാജ്യക്കാരായ ഭിക്ഷക്കാരെ കാണാം, നമ്മളോട് വന്നു പണം ചോദിക്കും. എന്നാൽ മോസ്‌കോയിൽ ഒരിടത്തു പോലും അങ്ങിനെയൊരു രംഗം കണ്ടില്ല. അങ്ങിനെയുണ്ടാകാൻ സാധ്യതയില്ലല്ലോ എന്ന ധാരണയിൽ നിരന്തരം അത്തരം കാഴ്ചകൾക്കായി കണ്ണ് പായിച്ചു കൊണ്ടിരുന്ന എനിക്ക് ഒടുവിൽ ഒരു ദിവസം ഒരു ട്രെയിനിൽ നിന്നിറങ്ങി വന്ന ഹൈലി ഫാഷനബിൾ ആയ ഒരു യുവതി, താരതമ്യേന ദരിദ്രനെന്നു തോന്നാവുന്ന ഒരു വൃദ്ധന് ട്രെയിനിൽ നിന്ന് കിട്ടിയ സാൻഡ്‌വിച്ച് കൈമാറുന്നത് കണ്ടു, അയാൾ അത്ഭുതത്തോടെ അത് വാങ്ങി. അല്പം കഴിഞ്ഞു അത് കഴിച്ചു കൊണ്ട് നടന്നു പോകുന്നത് കണ്ടു. മറ്റൊരിടത്തു ഒരു അവശ വൃദ്ധൻ റോഡരുകിലെ ഒരു ബെഞ്ചിൽ അല്പനേരത്തേക്കാകണം കിടന്നുറങ്ങുന്നതും. ഗ്രാമങ്ങളിലേക്ക് പോയപ്പോൾ ചെറു വീടുകൾ കണ്ടു ഒറ്റ നിലയിൽ പൈൻ മരങ്ങൾ കൊണ്ടുണ്ടാക്കിയ വീടുകൾ, ഇരു നിലയിലും അതേ ഡിസൈനുകളിലുള്ള വീടുകൾ കാണാം. തീരെ ചെറിയ വീടുകൾ പോലും അതിന്റെ പരിസര വൃത്തി കൊണ്ട് എന്നെ അത്ഭുതപ്പെടുത്തി.

റെഡ് സ്‌ക്വയറിൽ നിന്നൊരു ദൃശ്യം

ലോകത്തിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നാണ് മോസ്‌കോ. ലണ്ടനേക്കാളും പാരീസിനെക്കാളും, ന്യു യോർക്കിനെക്കാളും വലുത്. നൂറും ഇരുനൂറും വർഷമായ, ചരിത്ര പ്രസിദ്ധമായ നിർമ്മിതികൾ മാത്രമല്ല നഗരത്തിലുള്ളത് വളരെ ആധുനികം ആയ കെട്ടിടങ്ങളും ഒക്കെ കാണാം. പലയിടങ്ങളിലും നഗര ചത്വരങ്ങൾക്കടിയിൽ ഭൂഗർഭ മെട്രോയോട് ചേർന്ന് മൂന്നും നാലും നിലകളിൽ ഭൂമിക്ക് താഴേക്ക് നീണ്ടു പരന്നു കിടക്കുന്ന ഒന്നാംതരം ഷോപ്പിംഗ് മാളുകൾ കാണാം. ദുബായിലോ ലണ്ടനിലോ ഉള്ളവയെക്കാൾ മെച്ചമായവ. ആഴ്ചയിൽ അഞ്ചു ദിവസവും തൊഴിലിന്റെ ഭാഗമായി വിവിധ ഷോപ്പിംഗ് മാളുകൾ സന്ദർശിക്കാറുള്ള ഞാൻ റഷ്യയിലെ അണ്ടർഗ്രൗണ്ട് ഷോപ്പിംഗ് മാളുകൾ കണ്ടു അമ്പരന്നു പോയി. തിരികെ വന്നു ദോഹയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളിന്റെ ഡയറക്ടർക്ക് മോസ്കോയിലെ ഷോപ്പിംഗ് മാളുകളുടെ ഫോട്ടോകൾ കാട്ടിക്കൊടുത്തു കണ്ടു പഠിക്കൂ എന്ന് പറഞ്ഞു. ബ്രിട്ടീഷുകാരനായ, ലോകമെങ്ങും സഞ്ചരിച്ചിട്ടുള്ള അദ്ദേഹം ആ ഫോട്ടോകൾ കണ്ടു ഞെട്ടി. ഏതായാലും ഒരു വലിയ യുദ്ധമുണ്ടായാൽ റഷ്യക്കാർക്ക് സുരക്ഷിതരായിരിക്കാൻ ധാരാളം ഭൂഗർഭ അറകൾ ഇപ്പോൾ തന്നെ ഉണ്ട് എന്ന് മനസ്സിലായി.

ഉപരോധം റഷ്യയെ വലുതായി സഹായിച്ചു എന്നാണ് എന്റെ തോന്നൽ. അയൽ രാജ്യങ്ങളുടെ ഉപരോധം പണ്ട് ഖത്തറിന്റെ വികസനത്തിന് കാരണമായത് പോലെ. ഉപരോധം തുടങ്ങുന്നതിനു മുൻപ് വരെ ഞാൻ പണിയെടുക്കുന്ന സ്ഥാപനവും റഷ്യയിൽ 350 ൽ അധികം ഫാഷൻ / ഫുഡ് ചെയിനുകൾ നടത്തിയിരുന്നു. സ്റ്റാർബക്സ്, മദർകെയർ, ബോഡി ഷോപ്പ് തുടങ്ങിയ സ്ഥാപനങ്ങൾ. യുദ്ധം തുടങ്ങിയതും ഒറ്റ രാത്രി കൊണ്ട് അമേരിക്കൻ തീരുമാനപ്രകാരം ഇതെല്ലാം പൂട്ടി റഷ്യ വിടേണ്ടി വന്നു. എന്നാൽ വർഷങ്ങൾക്കു ശേഷം ഞാൻ കണ്ട റഷ്യയിൽ ഇതേ സ്ഥാപങ്ങളെല്ലാം ഉണ്ട്, മറ്റു പേരുകളിൽ എന്ന് മാത്രം. സ്റ്റാർ ബക്സ്, സ്റ്റാർസ് കോഫി ആയി മാറി, പച്ച നിറം ഓറഞ്ച് ആയി, അതേ കോഫി, അതേ ആമ്പിയൻസ്, അതേ സർവീസ്. കെ എഫ് സി പേര് മാറ്റിയതും കണ്ടു, അതേ ചിക്കൻ, അതേ ലുക്ക്, പേര് ഇപ്പോൾ റോസ്റ്റിക്സ്. കടയുടെ ഒരു മതിലിൽ ബോധപൂർവ്വമായ ഒരു അശ്രദ്ധ കണ്ടു. കെ എഫ് സി യുടെ സ്ഥാപകൻ കേണൽ സാണ്ടേഴ്സിന്റെ ഒരു സന്ദേശം, മായ്ക്കാൻ മറന്നത് പോലെ അവശേഷിപ്പിച്ചിരിക്കുന്നു, ഹെന്തൊരു മാർക്കറ്റിങ്, ഇത് ലത് തന്നെ എന്ന് ഇതിലും നന്നായി എങ്ങിനെ പറയാൻ.

ആർക്കു വേണം ബക്സ്

അതായത് മുൻപ് വിദേശ കോർപ്പറേറ്റുകളുടെ കൈവശമായിരുന്ന ഏതാണ്ടെല്ലാ ബിസിനസ്സുകളും ഇപ്പോൾ റഷ്യക്കാരുടേതു തന്നെയായി, അതാണ് ഉപരോധം കൊണ്ടുള്ള നേട്ടം. കഴിഞ്ഞ കുറെ വർഷങ്ങളായി റഷ്യൻ സമ്പദ് വ്യവസ്ഥ വളർച്ചയിലാണ്. 2023 ലും 2024 ലും റഷ്യയുടെ ജി ഡി പി വളർച്ച 4 ശതമാനത്തിലുമധികം ആയിരുന്നു, അമേരിക്കയെക്കാളും യൂറോപ്പിനേക്കാളും അധികം. റഷ്യ സ്വയം പര്യാപ്തമായ രാജ്യമാണ് എന്നതാണ് അതിന്റെ മുഖ്യ കാരണം. ഫുഡ്, എനർജി എന്നീ മേഖലകളിൽ സമ്പൂർണ്ണ സ്വയം പര്യാപ്തത. ഉപരോധം പോലുള്ള ഉമ്മാക്കികൾ ഒന്നും ബാധിക്കാത്ത രാജ്യം.

റഷ്യക്കാർക്കാർക്കെങ്കിലും അമേരിക്കൻ വിരോധം ഉണ്ടെന്നും തോന്നിയില്ല, വഴിയേ പോകുന്ന അഞ്ചിലൊരാൾ എങ്കിലും അമേരിക്കൻ ബ്രാൻഡഡ് ഷൂസോ, വസ്ത്രമോ ഒക്കെയാണ് ധരിച്ചിരിക്കുന്നത്. അതും പ്രോലിറ്റേറിയൻ സ്‌ക്വയറിൽ പോലും. വിപ്ലവം ശരിക്കും വഞ്ചിക്കപ്പെട്ടിരിക്കുന്നു സുഹൃത്തുക്കളെ, വഞ്ചിക്കപ്പെട്ടിരിക്കുന്നു.

അടുത്ത ലക്കത്തോടെ അവസാനിക്കുന്നു.

കവർ : വിൽസൺ ശാരദ ആനന്ദ്

Comments

You may also like

മലയാളനാട് വെബ് ജേർണൽ
മലയാളത്തിന്റെ മുഖപുസ്തകം.