പൂമുഖം LITERATUREകവിത രണ്ട് കവിതകൾ

രണ്ട് കവിതകൾ

സാരി

സാരിയിൽ സഞ്ചരിക്കുകയെന്നാൽ

ഇടുങ്ങിയ ഇടവഴികളിലൂടെ

ബൈക്കോടിക്കുന്നതുപോലെയാണ്

ഇരുവശവും ഉരയാതെ ഉരസാതെ

മുട്ടാതെ തട്ടാതെ

ഒരു വിദഗ്ദ്ധ സഞ്ചാരം

റിയർ വ്യൂ മിററും

ഇന്ഡിക്കേറ്ററുമൊക്കെ

കണ്ണും ചെവിയും കൂർപ്പിച്ച്

വലിഞ്ഞു കയറുന്നതിനെയൊക്കെ വെട്ടിച്ച്

അയഞ്ഞതിനെ വലിച്ചടുപ്പിച്ച് മറച്ച്

എത്ര ചരിച്ചും, മറച്ചുമാണ്

ഈ ഇടവഴി യാത്ര.

പ്രവാസ വേദന

എയർ പോർട്ടിലെ അവസാന ആലിംഗനത്തിലാണ്

അറ്റ്ലാന്റിക്കിന്റെ വ്യാപ്തിയറിഞ്ഞത്.

ഞങ്ങൾ അച്ചു തണ്ടിൽ നിന്നും വ്യതി ചലിച്ചത്

വീട്ടിൽ മുകളിലെ മുറിയിൽ മണവാട്ടി തവള കരഞ്ഞത്

നെഞ്ചിൻ പല ദിക്കുകളിൽ പ്രൊപ്പല്ലറുകൾ നിലച്ചത്

എയർ പോർട്ടിലെ അവസാന ആലിംഗനത്തിലാണ്

ബാഗേജുകൾക്ക് ഭാരം കൂടിയത്

ഹൃദയത്തിന്റെ ഓരോ കാണാ കോണും

നാഡീ ഞരമ്പുകളിൽ മറച്ചുവെച്ച വേദനകളും സ്കാൻ ചെയ്യപ്പെട്ടത്

പ്രിയപ്പെട്ടവരെയെല്ലാം മറ്റൊരു ഗ്രഹത്തിൽ കണ്ടുമുട്ടിയത്.

Comments

You may also like