ലോകത്തെ ഒന്നാമത്തെ സൈനിക ശക്തിയായ, ലോക പോലീസുകാരൻ എന്നു പലപ്പോഴും വിളിക്കപ്പെട്ടിരുന്ന അമേരിക്ക 2026 ജനുവരി 3 നു നേരം വെളുത്തപ്പോൾ ലോക കൊള്ളക്കാരനായി പരിവർത്തനപ്പെട്ടിരിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. ഇരുളിന്റെ മറവിൽ, യാതൊരു വിധ സൂചനയോ, നിയമപരമായ നീക്കങ്ങളോ, അന്താരാഷ്ട്ര ഇടപെടലോ അംഗീകാരമോ ഇല്ലാതെ ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തി, സൈനിക ശക്തിയിൽ ലോകത്ത് അമ്പതാം സ്ഥാനം പോലുമില്ലാത്ത ഒരു രാജ്യത്തെ ആക്രമിക്കുകയും ഇരുളിന്റെമറവിൽ ആ രാജ്യത്തിൻറെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിനെയും ഭാര്യയെയും തട്ടിക്കൊണ്ടു പോകുകയും ചെയ്തിരിക്കുന്നു.
ലോകത്തെ ഏറ്റവും വലിയ എണ്ണ ശേഖരമുള്ള രാജ്യമാണ് അമേരിക്കൻ സംസ്ഥാനമായ ടെക്സസിനേക്കാൾ അല്പംകൂടി വലിപ്പം മാത്രമുള്ള വെനിസ്വേല. 300 ബില്യൺ ബാരലിലധികം വരും അവരുടെ എണ്ണ ശേഖരം. ലോകത്തിന്റെയാകെ എണ്ണ ശേഖരത്തിന്റെ 17 ശതമാനം, സൗദി അറേബിയയെക്കാളും മുകളിൽ.
എന്നാൽ 1990 കളിൽ ഒരു ദിവസം 35 ലക്ഷം ബാരൽ എണ്ണ പ്രൊഡ്യുസ് ചെയ്തിരുന്ന വെനിസ്വേലയ്ക്കു ഇന്ന് ആകെ സാധിക്കുന്നത് ദിവസം നാലു ലക്ഷം ബാരൽ പ്രൊഡക്ഷൻ മാത്രമാണ്. ഒന്നിന് പിറകെ ഒന്നായ നിരവധി ഉപരോധങ്ങളിലൂടെ വെനിസ്വേലയെ ഞെക്കിക്കൊല്ലുകയായിരുന്നു അമേരിക്ക. ശരിക്കും വെനിസ്വെലയുടെ ദുര്യോഗം ആരംഭിക്കുന്നത് 1976 ലെ ഓയിൽ പ്രൊഡക്ഷൻ ദേശസാൽക്കരണത്തോടെയാണ്. അന്ന് വരെ വെനിസ്വെലയുടെ എണ്ണക്കച്ചവടം ഏതാണ്ട് പൂർണ്ണമായും രണ്ടു അമേരിക്കൻ കമ്പനികളുടെയും ഒരു ബ്രിട്ടീഷ് കുത്തകയുടെയും കൈകളിൽ ആയിരുന്നു. ദേശസാല്ക്കരണത്തോടെ പുറത്തു പോകേണ്ടി വന്ന അമേരിക്കൻ കമ്പനികൾ 90 കളിൽ സാമ്പത്തികനിക്ഷേപങ്ങളുടെ മറവിൽ വീണ്ടും രംഗ പ്രവേശം ചെയ്യുകയായിരുന്നു. വീണ്ടും പ്രശ്നങ്ങൾ തുടങ്ങുന്നത് രാജ്യത്ത് സോഷ്യലിസ്റ് പരിഷ്ക്കാരങ്ങൾക്ക് തുടക്കമിട്ട ഹ്യൂഗോ ഷാവേസ് 2006 ൽ എണ്ണയ്ക്ക് മേലുള്ള രാജ്യത്തിൻറെ നിയന്ത്രണം കൂടുതൽ കടുപ്പിച്ചപ്പോഴാണ്. സ്റ്റേറ്റ് ഏജൻസി ആയ PDVSA ക്കു കുറഞ്ഞത് 60 ശതമാനം ഷെയർ ഉണ്ടാകണമെന്ന ഷാവേസ് ഗവണ്മെന്റിന്റെ പുതിയ നയത്തോടെ ഷാവേസും വെനിസ്വേലയും അമേരിക്കൻ വിരുദ്ധരാകുകയായിരുന്നു. അമേരിക്കൻ നിയന്ത്രണങ്ങൾ മൂലം രാജ്യത്തിൻറെ സമ്പദ് വ്യവസ്ഥ തകർന്നു തുടങ്ങിയെങ്കിലും തന്റെ ജനപ്രിയ നടപടികളിലൂടെ ഷാവേസിന് ഒരു പരിധി വരെ അമേരിക്കൻ അധിനിവേശത്തെ അന്താരാഷ്ട്ര പിന്തുണയോടെ തടഞ്ഞു നിർത്താനായി. ഷാവേസിന്റെ കാല ശേഷം അധികാരത്തിലേറിയ, സായിബാബ ഭക്തൻ കൂടിയായ മഡൂറോയ്ക്ക്, ലോകരാഷ്ട്രീയത്തിലും വെനിസ്വെലയിലെ ജനങ്ങൾക്കിടയിലും ഷാവേസിനെ പോലെ സ്വാധീനം നില നിർത്താനായില്ല. അമേരിക്കൻ ഉപരോധങ്ങളിൽ പെട്ടു എണ്ണ കൊണ്ട് ലോകത്തേറ്റവും സമ്പന്നമായ രാജ്യം കൂടുതൽ കൂടുതൽ ദരിദ്രമായി. പഴയ സോവിയറ്റ് യൂണിയനിൽ നിന്ന് വാങ്ങിയ യുദ്ധ വിമാനങ്ങളും മറ്റും മെയിന്റനൻസ് പോലും ചെയ്യാനാകാതെ തുരുമ്പെടുത്തു. സൈനിക ശക്തി വളരെയധികം കുറഞ്ഞു. അങ്ങിനെ ദശകങ്ങൾ കൊണ്ട് എല്ലാ വിധത്തിലും ശ്വാസം മുട്ടിച്ചു മൃതാവസ്ഥയിലാക്കിയ വെനിസ്വേലയെ ആണു ഇന്നലെ അർദ്ധരാത്രി അമേരിക്ക എല്ലാ അന്താരാഷ്ട്ര നിയമങ്ങളും ലംഘിച്ചു കൊണ്ട് കടന്നാക്രമിച്ചതും രാജ്യത്തിൻറെ പ്രസിഡന്റിനെ തന്നെ തട്ടിക്കൊണ്ടു പോയതും.
ഇത് ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കാവുന്ന പകൽകൊള്ളയാണ്. ഇന്നിതേ വരെ യുണൈറ്റഡ് നേഷൻസ് ഒരക്ഷരം മിണ്ടിയിട്ടില്ല. ബ്രിട്ടനുൾപ്പെടെയുള്ള യൂറോപ്യൻരാജ്യങ്ങൾ കരുതലോടെയാണ് പ്രതികരിച്ചിരിക്കുന്നത്, അന്താരാഷ്ട്ര നിയമങ്ങൾ എല്ലാവരും പാലിക്കണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി എങ്ങും തൊടാതെ പറഞ്ഞിരിക്കുന്നു. എന്നാൽ ലാറ്റിനമേരിക്കൻ രാജ്യങ്ങൾ ശക്തമായി ഈ അമേരിക്കൻ ആക്രമണത്തെ അപലപിച്ചിട്ടുണ്ട്. അയൽ രാജ്യമായ കൊളംബിയൻ പ്രസിഡന്റ് ഇത് വെനിസ്വെലയുടെ പരമാധികാരത്തിനു നേരെയുള്ള ആക്രമണം മാത്രമല്ല മുഴുവൻ ലാറ്റിനമേരിക്കൻ രാജ്യങ്ങൾക്കും നേരെയുള്ള അധിനിവേശം കൂടി ആണെന്ന് പ്രതികരിച്ചിട്ടുണ്ട്. മെക്സിക്കോയും ബ്രസീലും ചിലിയും ക്യൂബയും ഒക്കെ അതിശക്തമായഭാഷയിൽ തന്നെ ഈ ലോക കൊള്ളക്കാരന്റെ അർദ്ധരാത്രി എണ്ണ വേട്ടയെ അപലപിച്ചിട്ടുണ്ട്. മേഖലയിൽ ഇത് അമേരിക്കക്കെതിരെയുള്ള കടുത്ത അവിശ്വാസത്തിനു കാരണമാകുന്നുണ്ട്.
എണ്ണയുടെ പേരിൽ പുതു വർഷത്തിന്റെ തുടക്കത്തിൽ തന്നെ പുതിയൊരു യുദ്ധം തുടങ്ങി വെക്കുകയാണ് ലോക പോലീസുകാരന്റെ കുപ്പായമഴിച്ചു വെച്ചു യാതൊരു ലജ്ജയുമില്ലാതെ ലോക കൊള്ളക്കാരന്റെ വസ്ത്രം ധരിച്ച അമേരിക്കൻ സാമ്രാജ്യത്വം. സാമ്പത്തിക പ്രതിസന്ധികളിൽ ആകെ ആടിയുലയുന്ന ലോക മുതലാളിത്തം യുദ്ധവും കൈയേറ്റവും പിടിച്ചു പറിയും മാർഗങ്ങളാക്കിയും തങ്ങളുടെ സമ്പദ് വ്യവസ്ഥകളെ രക്ഷിച്ചെടുക്കും എന്നു തന്നെയാണ് നമ്മോട് പറയുന്നത്. വരാനിരിക്കുന്നത് ശക്തന്റെ കാലം. ദുർബലർക്ക് യാതൊരു അന്താരഷ്ട്ര സുരക്ഷയും പ്രതീക്ഷിക്കേണ്ടതില്ലാത്ത കാലം.

















