പൂമുഖം Travelയാത്ര ഫ്രം റഷ്യ വിത്ത് ലവ് – ഒരു റഷ്യൻ യാത്ര (ഭാഗം 4)

ഫ്രം റഷ്യ വിത്ത് ലവ് – ഒരു റഷ്യൻ യാത്ര (ഭാഗം 4)

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

ദിമിത്രി മുതൽ ഇവാൻ വരെ

ഈ ചെറു യാത്രയിൽ പരിചയപ്പെട്ട കുറെ നല്ല മനുഷ്യരെ, റഷ്യക്കാരെ കുറിച്ച് പറഞ്ഞു കൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം.

ആദ്യ ദിനം മോസ്കോയിലെ ഹോട്ടലിലെത്തി ചെക്കിൻ ചെയ്തപ്പോൾ ഏതാണ്ട് വൈകുന്നേരം 5 മണിയായിരുന്നു. ഒന്ന് നഗരത്തിലൊക്കെ കറങ്ങി വരാം എന്ന് തീരുമാനിച്ചു പുറത്തേക്കിറങ്ങി. സൂര്യൻ അസ്തമിക്കുന്നത് ഏതാണ്ട് രാത്രി 11 മണിയോടെയാണ് സമ്മറിൽ. ധാരാളം സമയമുണ്ട്. റിസ്പഷനിലെ, മലയാളിയുടെ ശാലീനത തോന്നിപ്പിക്കുന്ന റഷ്യൻ യുവതിയോട് അടുത്തുള്ള മെട്രോ സ്റ്റേഷനിലേക്ക് എങ്ങിനെ പോകും എന്നന്വേഷിച്ചു. പുറത്തിറങ്ങി ഇടത്തേക്ക് ഏതാണ്ട് രണ്ടു മൂന്നു മിനിറ്റ്, പിന്നെ വലത്തേക്ക് തിരിഞ്ഞു 10 – 15 മിനിറ്റ് നടന്നാൽ ഒരുപാട് ആളുകൾ കൂട്ടം കൂടി നിൽക്കുന്ന വലിയൊരു സ്‌ക്വയർ കാണാമെന്നും അവിടെ വിവിധ റെയിൽവേ സ്റ്റേഷനുകൾ ഉണ്ടെന്നും അവർ പറഞ്ഞു തന്നു. വലത്തേക്ക് തിരിഞ്ഞതും റോഡിലൂടെ ഒരുപാട് ട്രാമുകളും ബസ്സുകളും മറ്റും പോകുന്നത് കണ്ടു. എന്റെ കൈയ്യിൽ ടിക്കറ്റില്ലല്ലോ, നടക്കുക തന്നെ അടുത്ത സ്‌ക്വയർ വരെ. നടന്നു ഞാൻ എത്തിയത് വിശാലമായ പാവെലെറ്റ്സ്‌കായ സ്‌ക്വയറിൽ ആണ്. ഒരു വലിയ ചത്വരത്തിനു ചുറ്റും നിറയെ കെട്ടിടങ്ങൾ, ഓരോന്നും ഓരോ റെയിൽവേ സ്റ്റേഷനുകൾ ആണ്, ദീർഘ ദൂര റെയിലുകൾ, സബർബൻ ട്രെയിനുകൾ, മെട്രോകൾ ഒക്കെ. സ്‌ക്വയറിനു ചുറ്റും ധാരാളം ട്രാമുകളും ബസ്സുകളും എല്ലാ സമയവും ഓടിക്കൊണ്ടിരിക്കുന്നു.

കൂട്ടത്തിൽ ഇംഗ്ലീഷ് സംസാരിക്കാൻ സാധ്യതയുണ്ടെന്ന് തോന്നിയ ഒരാളോട് എങ്ങിനെയാണ് റെഡ് സ്‌ക്വയറിലേക്ക് പോകുക എന്നന്വേഷിച്ചു. അയാൾ വളരെ ബുദ്ധി മുട്ടി ഇംഗ്ലീഷിൽ ഗ്രീൻ ലൈൻ മെട്രോയിൽ പോകാൻ ഉപദേശിച്ചു. പാവേലെറ്റ്സ്‌കായ സ്റ്റേഷനിൽ നിന്ന് രണ്ടാമത്തെ സ്റ്റേഷൻ ആണ് ടീട്രാനായ. അവിടെ ഇറങ്ങി വലത്തേക്ക് അൽപ്പം നടന്നപ്പോൾ അതാ മുന്നിൽ റെഡ് സ്‌ക്വയർ. ചിത്രങ്ങളിൽ മാത്രം കണ്ടിട്ടുള്ള മനോഹര നിർമ്മിതികൾ. അന്ന് റെഡ് സ്‌ക്വയറിൽ ഒരു പുസ്തകമേള നടക്കുകയാണ്, അവിടെ മുഴുവൻ പുസ്തകങ്ങളുടെ മണവും ശ്വസിച്ചു, ഓരോ പുസ്തക ശാലകളിലെയും തിരക്ക് കണ്ടു അമ്പരന്നു, ചുറ്റി നടന്നു.

പുസ്തകോത്സവത്തിന്റെ ഭാഗമായി വലിയൊരു സംഗീത നിശയും ഉണ്ടായിരുന്നു. ഞാനല്പനേരം അത് കേൾക്കാനിരുന്നു, സംഗീതത്തിനു ഭാഷയില്ലല്ലോ. എന്റെയടുത്ത സീറ്റിൽ ഏതാണ്ട് എഴുപതിനടുത്തു പ്രായമായ ഒരു റഷ്യൻ സ്ത്രീ വന്നിരുന്നു. സ്റ്റേജിൽ വയലിൻ വായിക്കുന്ന നിരവധി പേരിൽ ഒരാൾ അവരുടെ മകളോ ചെറു മകളോ ആണ്. അവർ വളരെ സന്തോഷത്തോടെ അവളെക്കുറിച്ചു എന്നോട് പറഞ്ഞു കൊണ്ടിരുന്നു, റഷ്യനിൽ. ഞാൻ തിരികെ അവരോട് മലയാളത്തിലും സംസാരിച്ചു. ഞങ്ങൾക്കിരുവർക്കും നന്നായി പരസ്പരം മനസ്സിലാകുന്നുണ്ടായിരുന്നു, അല്ലെങ്കിലും സന്തോഷം പങ്കു വെക്കാൻ ഭാഷയെന്തിന്. വലിയ സ്‌ക്രീനിൽ അവരുടെ മകളെ കാണുമ്പോഴെല്ലാം അവർ ചാടിയെഴുന്നേറ്റു, ഒപ്പം ഞാനും. അവരെ ഫോട്ടോകൾ എടുക്കാൻ സഹായിച്ചു.

പുസ്തകോത്സവത്തിലെ തിരക്ക്

നല്ലൊരു വൈകുന്നേരം പുസ്തകങ്ങളെയും സംഗീതത്തെയും സ്നേഹിക്കുന്ന മനുഷ്യരോടൊപ്പം ചെലവിട്ടു. അവിടെ നിന്ന് നടക്കുമ്പോൾ നന്നേ വിശന്നു തുടങ്ങിയിരുന്നു. രാത്രി ഒൻപത് മണി കഴിഞ്ഞു, സൂര്യൻ അസ്തമിക്കാൻ മടിച്ചു നിൽക്കുന്നു. റെഡ് സ്ക്വയറിലൂടെ നടക്കുമ്പോഴാണ് ഒരു കൃതിമ തടാകത്തിനു സമീപം നല്ലൊരു ഇറ്റാലിയൻ റെസ്റ്റോറന്റ് കണ്ടത്. ടൂറിസ്റ്റുകൾ ഫോട്ടോയെടുക്കാൻ തിക്കിത്തിരക്കുന്ന വലിയൊരു ഫൗണ്ടന്‌ സമീപം, റെസ്റ്റോറന്റിന് പുറത്തു മനോഹരമായി ടേബിളുകൾ സെറ്റ് ചെയ്തിരിക്കുന്നു. ഡിന്നർ അവിടെത്തന്നെയാകാം എന്ന് കരുതി. ഏതാണ്ട് ഇരുപതു വയസ്സ് തോന്നിക്കുന്ന ഊർജ്ജസ്വലനായ യുവാവ് മെനു കൊണ്ട് വെച്ചു. മുഴുവൻ റഷ്യനിൽ ആണ്. ഫോൺ തുറന്നു ഗൂഗിൾ ട്രാൻസ്‌ലേറ്റർ എടുത്തു വായിച്ചു നോക്കി, ഒരു ബീഫ് സ്ട്രോഗാണോഫും മാഷ്ഡ് പൊട്ടറ്റോയും ഓർഡർ ചെയ്തു. പയ്യൻ സാമാന്യം നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നുണ്ട്. ഞങ്ങൾ വലിയ കൂട്ടായി. ദിമിത്രി എന്നാണ് ആളുടെ പേര്.

രണ്ടു ദിവസം കഴിഞ്ഞു, ഉച്ച സമയത്ത് അല്പം അകലെയായിരുന്നിട്ടും ലഞ്ച് കഴിക്കാനായി ട്രെയിനിൽ കയറി അങ്ങോട്ടേക്ക് പോയി. ബീഫ് മാത്രമല്ല ദിമിത്രിയെയും ഇഷ്ടമായിരുന്നു. കഴിച്ചിറങ്ങുമ്പോൾ. നീ വീണ്ടും വരുമോ എന്ന് അവനെന്നോട് ചോദിച്ചു. ഇല്ല ഞാൻ നാളെ സെന്റ് പീറ്റേഴ്‌സ് ബർഗിലേക്ക് പോകും. പിന്നെ മടങ്ങി വരുമ്പോൾ ഇവിടേക്ക് വരാൻ സാധ്യതയില്ലെന്ന് പറഞ്ഞു. പിരിഞ്ഞു.

ദിമിത്രിയുമൊത്ത്

മണിക്കൂറുകൾക്കു ശേഷം ഒരുപാടു ദൂരം നടന്നു, മെട്രോയിൽ കയറിയിറങ്ങി, പിന്നെ ട്രാമിൽ കയറി ഹോട്ടലിൽ എത്തുമ്പോഴാണ് അറിയുന്നത് എന്റെ ഒരു ഫോൺ കളഞ്ഞു പോയിരിക്കുന്നു. റെസ്റ്റോറന്റിൽ വെച്ചു നഷ്ടപ്പെട്ടതാകാനാണ് ഇട. അത്ര ദൂരം ഇനി പോകുന്നത് തന്നെ ആലോചിക്കാൻ വയ്യ, പോയാൽ കിട്ടാൻ യാതൊരു സാധ്യതയുമില്ല. അത്രയേറെ തിരക്കുള്ള ഒരു ഫൗണ്ടന്‌ കീഴിൽ, തുറസ്സായ ഇടത്ത് ഒരു ടേബിളിൽ വെച്ചു പോന്നതാകണം, ഏതു വഴി പോക്കനും എടുത്തുകൊണ്ട് പോകാൻ കഴിയും. ഓഫീസ് ഫോൺ ആണ്. കമ്മ്യുണിക്കേഷൻ ഒക്കെ ആകെ പാടാകും. നല്ല ക്ഷീണമുണ്ടായിരുന്നെങ്കിലും വീണ്ടുമിറങ്ങി നടന്നു. ആദ്യം ട്രാമിൽ, പിന്നെ മെട്രോയിൽ, പിന്നെ വീണ്ടും നടത്ത. ഒടുവിൽ റെസ്റ്റോറന്റിൽ എത്തിയപ്പോൾ ദിമിത്രി അതാ ചിരിച്ചു കൊണ്ട് നിൽക്കുന്നു. ടേബിളിൽ മറന്നു വെച്ച ഫോൺ അയാളെടുത്ത് സൂക്ഷിച്ചു വെച്ചിരുന്നു. സെന്റ് പീറ്റേഴ്‌സ് ബർഗിൽ നിന്നും മടങ്ങി വന്ന, അവസാന ദിവസം സമയമില്ലാതിരുന്നിട്ടും ദിമിത്രിയെ കാണാൻ പോയി, സെന്റ് പീറ്റേഴ്‌സ് ബർഗിൽ നിന്ന് വാങ്ങിയ ഒരു ചെറു സമ്മാനവുമായി. അയാൾ റഷ്യയിലെങ്കിലും, അങ്ങ് അകലെയുള്ള സെന്റ് പീറ്റേഴ്‌സ് ബർഗ് കണ്ടിട്ടേയില്ലല്ലോ. മൂന്നാമതൊരിക്കൽ കൂടി അവിടെ നിന്ന് ബീഫ് സ്ട്രോഗാനോഫ് കഴിച്ചു. എന്തൊരു സ്വാദ്.

അതേ റെസ്റ്റോറന്റിൽ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോഴാണല്ലോ അകലെയേതോ ഗ്രാമത്തിൽ നിന്ന് മോസ്‌കോ കാണാൻ വന്ന റഷ്യൻ ദമ്പതികൾ ഓടി വന്നു ” യൂ ഇന്ത്യൻ ?” എന്ന് ചോദിച്ചു കൊണ്ട് എന്നെ കെട്ടിപ്പിടിച്ചതു. ഭർത്താവും ഭാര്യയും ഒരേ പോലെ എക്സൈറ്റഡ് ആയിരുന്നു. അവർ എന്തൊക്കെയോ റഷ്യനിൽ എന്നോട് ചോദിച്ചു ഞാൻ എന്തൊക്കെയോ പറഞ്ഞു, എനിക്കാകെ മനസ്സിലായത് രാജ് കപൂർ എന്ന പേര് മാത്രമാണ്. അവരുടെ സന്തോഷം വിവരിക്കാനാവുന്നതിലും അപ്പുറമായിരുന്നു. ഭർത്താവും ഭാര്യയും പല തവണ എന്നെ കെട്ടിപ്പിടിച്ചു. അവരുടെ മകൻ ഫോട്ടോകൾ എടുത്തു കൊണ്ടേയിരുന്നു.

രാജ് കപൂറിനെ കണ്ട ദമ്പതികൾ

ദസ്തയേവ്സ്കിയുടെ വീട്ടിലേക്കു യാത്ര ചെയ്യുമ്പോൾ ടാക്സി ഓടിച്ചിരുന്ന താജിക്കിസ്ഥാൻകാരനും ആവാരാ ഹൂം പാട്ടു പാടുകയും രാജ് കപൂർ, രാജ് കപൂർ എന്ന് ഇടയ്ക്കിടെ പറയുകയും ചെയ്തിരുന്നു. സിനിമ ദേശാന്തരങ്ങൾ കടന്നും മനുഷ്യരെ ഒന്നിപ്പിക്കും എന്ന് ഒരിക്കൽ കൂടി ബോധ്യമായി.

റഷ്യയിലെ പല ഗ്രാൻഡ് മാസ്റ്റർമാരെയും സൃഷ്ടിച്ച പ്രശസ്ത ചെസ്സ് ക്ലബ്ബ് കാണാൻ സോകോൾനിക്കി പാർക്കിൽ പോയപ്പോൾ പബ്ലിക് ടോയിലറ്റിൽ മൂത്രമൊഴിക്കാൻ വേണ്ട 50 റൂബിൾ തന്നു സഹായിച്ച അജ്ഞാത ചെസ്സ് കളിക്കാരനെയും സ്നേഹത്തോടെ ഓർക്കുന്നു. മൂത്രമൊഴിക്കാൻ മുട്ടി ഇനി പുട്ടിൻ വെടി വെച്ച് കൊന്നാലും സാരമില്ല ഏതെങ്കിലും മരമൂട്ടിൽ ആയാലും ഒന്നിന് പോകണമെന്ന അവസ്ഥയിലായ ഞാൻ പാർക്കിലെ പബ്ലിക് ടോയിലറ്റിൽ കയറാനാവാതെ കുഴങ്ങിയത് 50 റൂബിൾ കൈവശം ഇല്ലാത്തതു കൊണ്ടായിരുന്നില്ല, അത് ക്രെഡിറ്റ് കാർഡിൽ അടക്കണമെന്ന നിബന്ധന കൊണ്ടായിരുന്നു. നമ്മുടെ കാർഡുകൾ ഒന്നും (അമേരിക്കൻ ഉപരോധം മൂലം) റഷ്യയിൽ വർക്ക്‌ ചെയ്യില്ലല്ലോ. അജ്ഞാത സുഹൃത്ത് അയാളുടെ ബാങ്ക് കാർഡ് ഉപയോഗിച്ച് ടോയിലറ്റിന്റെ ഡോർ തുറന്നു തന്നപ്പോൾ ഞാൻ കൈയ്യിലിരുന്ന റൂബിൾ അയാൾക്ക് നീട്ടി, ഒരു കാരണവശാലും അയാൾ അത് വാങ്ങാൻ തയ്യാറായില്ല. അങ്ങിനെ ഞാൻ അജ്ഞാത റഷ്യൻ സുഹൃത്തിനു ഇപ്പോഴും അൻപത് റൂബിൾ കടക്കാരനാണ്.

റഷ്യൻ സ്നേഹം, കലർപ്പില്ലാതെ

എൻ്റെ റഷ്യൻ കടം 50 റൂബിളിൽ അവസാനിച്ചില്ല. മൊത്തം കടം 250 റൂബിൾ ആണ്. ആ കഥ കൂടി പറയേണ്ടതുണ്ട്. സെൻറ് പീറ്റേഴ്‌സ് ബർഗിലാണ് സംഭവം. മോസ്‌കോയിൽ നഗരത്തിന്റെ ഏതാണ്ട് നടുക്ക് ഒരു പാട് ലാൻഡ് മാർക്കുകൾക്കിടയിലായിരുന്നു ഞാൻ താമസിച്ചിരുന്ന ഹോട്ടൽ, ഏത് അർദ്ധരാത്രി വന്നിറങ്ങിയാലും കണ്ടു പിടിക്കാൻ കഴിയും. ട്രാമിൽ കയറി ഇറങ്ങാം. എന്നാൽ സെന്റ് പീറ്റേഴ്‌സ് ബർഗിൽ അങ്ങനെയായിരുന്നില്ല. നഗരത്തിൽ നിന്ന് മാറി ഒരു പുഴക്കരയിൽ ആയിരുന്നു ഹോട്ടൽ. ആദ്യ ദിവസം ഹോട്ടലിൽ ആരെയോ ഡ്രോപ്പ് ചെയ്യാനെത്തിയ ടാക്സിയിൽ കയറി നഗരത്തിലിറങ്ങി പിന്നെ മെട്രോയിലും ബസ്സിലുമൊക്കെയായി യാത്ര തുടർന്ന ഞാൻ വൈകുന്നേരം തിരികെ ഹോട്ടലിൽ പോകാനായി ഹോട്ടലിൽ നിന്ന് ഏറ്റവും അടുത്തുള്ള മെട്രോ സ്റ്റേഷനിൽ ഇറങ്ങിക്കഴിഞ്ഞപ്പോഴാണ് മനസ്സിലാക്കുന്നത് ഹോട്ടൽ ഏതു ദിശയിലേക്ക് ആണെന്ന് പോലും എനിക്കറിയില്ലെന്നത്. നഗരത്തിൽ നിന്നകലെയുള്ള ഹോട്ടലിലേക്ക് ട്രാമോ മറ്റോ ഇല്ല. ഒന്നോ രണ്ടോ ബസ്സ് സർവീസുകൾ ആണുള്ളത്. ആ ബസ്സുകളുടെ നമ്പറും എനിക്കറിയില്ല. നേരത്തെ പറഞ്ഞല്ലോ മോസ്കോയിലും സെന്റ് പീറ്റേഴ്‌സ് ബർഗിലുമൊന്നും വഴിയരുകിൽ നിന്നാൽ ദുബായും, ഖത്തറും പോലെ ടാക്സിയൊന്നും കിട്ടില്ല. ഒരു റഷ്യൻ ആപ്പ് വഴി വേണം ടാക്സി ബുക്ക് ചെയ്യാൻ. ആ ആപ്പ് എനിക്കില്ല താനും. എൻ്റെ കൈവശം ഹോട്ടലിന്റെ പേരും അഡ്രസും ഇംഗ്ലീഷിൽ പ്രിന്റ് ചെയ്ത പേപ്പറുണ്ട്. അതുമായി മെട്രോ സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങി റോഡിന്റെ നാലു വശവും പല പ്രാവശ്യം നടന്നു. മിക്ക ആളുകൾക്കും അത് വായിക്കാൻ അറിയില്ല, അറിയാവുന്നവർ ഏതെങ്കിലും ദിശ ചൂണ്ടിക്കാണിക്കും. അവിടെ ചെല്ലുമ്പോൾ മറ്റൊരാൾ തിരികെ പോകാൻ പറയും. ഒരു പകൽ മുഴുവൻ സെന്റ് പീറ്റേഴ്‌സ് ബർഗ് മുഴുവൻ ഒരുപാട് അലഞ്ഞു തിരിഞ്ഞു നടന്ന ഞാൻ ഇത് കൂടിയായപ്പോൾ അവശനായി. ഹോട്ടലിലേക്ക് വിളിക്കാൻ എൻ്റെ ഫോണുകളും വർക്ക് ചെയ്യില്ല, വിളിച്ചാലും അവിടെ ഇംഗ്ലീഷ് സംസാരിക്കുന്ന സ്റ്റാഫ് തന്നെയില്ല എന്ന് രാവിലെ കണ്ടതാണ്. എനിക്ക് ഹോട്ടൽ കണ്ടു പിടിക്കാൻ കഴിയില്ല എന്ന് ഭയമായി തുടങ്ങി.

ദൂരെ ദൂരെ ഒരു അജ്ഞാത നഗരത്തിൽ, ഭാഷയറിയാതെ, ഫോൺ ഉപയോഗിക്കാൻ കഴിയാതെ, എവിടെയാണ് താമസിക്കുന്നത് എന്ന് പോലും അറിയാതെ ക്ഷീണിതനായി ഞാൻ എങ്ങോട്ടെന്നില്ലാതെ നടക്കുകയാണ്. അപ്പോഴാണ് ഏതാണ്ട് 25 വയസ്സിൽ താഴെ മാത്രം പ്രായമുള്ള ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും സുന്ദരനായ അലക്സ് എന്ന റഷ്യൻ യുവാവ് എൻ്റെ മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. ഞാൻ അല്പം മുൻപ് കണ്ട ഏതോ റഷ്യൻ കൊട്ടാരത്തിൽ നിന്നിറങ്ങി വന്ന രാജകുമാരനെ പോലെ തോന്നിച്ചു അലക്സ്. അയാൾ എന്നോട് രാഹുൽ ഗാന്ധി തോറ്റു പോകുന്ന ഓക്സ്ഫോർഡ് ഇംഗ്ലീഷിൽ സംസാരിച്ചു. അയാളുടെ ഇംഗ്ലീഷ് കേട്ടു ഞാൻ ലജ്ജിച്ചു, കാൽനഖം കൊണ്ട് കളം വരച്ചു. ഇത്രേം നല്ല ഇംഗ്ലീഷ് നിങ്ങൾ എങ്ങിനെ സംസാരിക്കുന്നു എന്ന് ഞാനയാളോട് ചോദിച്ചു. വളരെ കൂടിയ സ്‌കൂളിൽ ആണ് പഠിച്ചത് എന്നയാൾ പറഞ്ഞു. ഞാൻ ഊഹിച്ചതു ശരി തന്നെ, ഡൂൺ സ്‌കൂളിലൊക്കെ പഠിച്ച ഒരു ചെറിയ രാജകുമാരൻ ആയിരിക്കണം കക്ഷി.

ഞങ്ങൾ ഒരുപാടു നേരം വഴിയരികിലെ ബസ് സ്റ്റോപ്പിൽ സംസാരിച്ചിരുന്നു. ടോൾസ്റ്റോയി മുതൽ ദസ്തയേവ്സ്കി വരെ ചർച്ചയായി. ദസ്തയേവ്സ്കിയെ കുറിച്ച് അയാൾ പറഞ്ഞത് “ He is a hard nut to crack” എന്നാണ്. അയാൾ ഇന്ത്യൻ ആത്മീയതയെ കുറിച്ച് സംസാരിച്ചു. ജിദ്ദു കൃഷ്ണമൂർത്തിയെ വായിച്ചു കിളി പോയി എന്ന് പറഞ്ഞു. രണ്ടു മനുഷ്യർ ഭൂഖണ്ഡാന്തര സൗഹൃദങ്ങൾ സ്ഥാപിക്കുകയായിരുന്നു ആ ബസ് സ്റ്റോപ്പിൽ. ഒടുവിൽ അലക്സ് എനിക്ക് അയാളുടെ ഫോണിൽ, ഓൺലൈൻ ആപ്പ് ഉപയോഗിച്ച് ടാക്സി ബുക്ക് ചെയ്തു തന്നു. കാറിൽ കയറി ഇരുന്നപ്പോഴാണ് ഹോട്ടൽ വരെ പോകാനുള്ള ടാക്സി നിരക്ക് ഏതാണ്ട് 200 റൂബിൾ അയാൾ ഓൺ ലൈനിൽ പേ ചെയ്തിട്ടുണ്ട് എന്നെന്നോട് പറഞ്ഞത്. ഞാൻ പണം കൊടുക്കാൻ ശ്രമിച്ചപ്പോൾ “ You are our guest” എന്ന് പറഞ്ഞു അയാൾ പുഞ്ചിരിച്ചു കൊണ്ട് നടന്നകന്നു. അങ്ങിനെ ഞാൻ റഷ്യക്ക് 250 റൂബിൾ കടക്കാരനായി.

സെയിന്റ് ഐസക്സ് ചർച്ച്

ഒരു കുഞ്ഞനുഭവം കൂടി പറഞ്ഞു കൊണ്ട് നമുക്ക് ഈ കുറിപ്പ് അവസാനിപ്പിക്കാം. സെന്റ് പീറ്റേഴ്‌സ് ബർഗ്ഗിലെ ഹോട്ടൽ മുറിയിൽ രാത്രി പത്തു മണി കഴിഞ്ഞിട്ടും സൂര്യനസ്തമിക്കാതിരിക്കുന്നതു കാണാനായി ബാൽക്കണിയിലേക്ക് ഇറങ്ങിയപ്പോഴാണ് അടുത്ത റൂമിലെ റഷ്യക്കാരൻ ഇവാനും പുറത്തേക്കിറങ്ങിയത്. ഞങ്ങൾ പരിചയപ്പെട്ടു. അയാൾ കുടുംബത്തെ ബാൽക്കണിയിലേക്ക് വിളിച്ചു എന്നെ പരിചയപ്പെടുത്തി. മകൾ അന്ന. മുറി ഇംഗ്ലീഷിൽ ആണ് സംസാരം, അകത്തു നിന്നു മകൾ ചില വാക്കുകൾ പറഞ്ഞു കൊടുക്കും. ഇന്നലെ എന്നുള്ളതിന് അയാൾ നാളെ എന്ന് പറഞ്ഞത് അന്നയെയും അന്നയുടെ അമ്മയെയും കുറെയേറെ നേരം കുടുകുടാ ചിരിപ്പിച്ചു. അയാൾ എന്നോട് നിങ്ങളുടെ രാജ്യം അയൽ രാജ്യമായ പാകിസ്ഥാനുമായി യുദ്ധത്തിലായിരുന്നില്ലേ, അതൊക്കെ കഴിഞ്ഞോ എന്ന് ചോദിച്ചു. യുദ്ധം കഴിഞ്ഞുവെന്നും എന്നാൽ യുദ്ധം ഉണ്ടാക്കിയ മുറിവ് ഇനിയും ഉണങ്ങിയിട്ടില്ലെന്നും സത്യത്തിൽ ശരിക്കും ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിൽ ശത്രുതയൊന്നുമില്ലെന്നും ഞങ്ങളൊക്കെ പണ്ട് സഹോദരങ്ങൾ ആയിരുന്നുവെന്നും ഇതൊക്കെ രാഷ്ട്ര വ്യവഹാരത്തിന്റെ ഭാഗമായി ഉണ്ടാകുന്നതാണെന്നും ഞാൻ പറഞ്ഞു. ഉടൻ അയാൾ അതെ, നോക്കൂ റഷ്യയിലും ഉക്രൈനിലും ഉള്ളവർ സഹോദരങ്ങൾ ആണ്. ഞങ്ങളുടെ ഒരുപാട് ബന്ധുക്കൾ ഉക്രൈനിലുണ്ട് എന്ന് എന്നോട് പറഞ്ഞു. ഇത് നമ്മുടെ യുദ്ധമല്ല, രാജ്യാതിർത്തികൾക്കു വേണ്ടിയുള്ള രാഷ്ട്രീയ യുദ്ധങ്ങളാണ് എന്ന് ഇവാൻ പറഞ്ഞു.

രണ്ടു മനുഷ്യർ, ഒരു കറുത്ത തെക്കേ ഇന്ത്യനും ഒരു വെളുത്ത, ഏതോ വിദൂര ഗ്രാമത്തിൽ നിന്നുവന്ന റഷ്യനും സൂര്യനസ്തമിക്കാത്ത ഒരു രാത്രിയിൽ, വിശാലമായ ആകാശത്തിന് കീഴിൽ, ഒരു അര മതിലിനാൽ മാത്രം വേർതിരിക്കപ്പെട്ട അവരവരുടെ ബാൽക്കണികളിലിരുന്നു ഹൃദയം പങ്കു വെക്കുകയായിരുന്നു. ഞങ്ങൾ നേരം വെളുക്കുവോളം എന്തൊക്കെയോ സംസാരിച്ചിരുന്നു. ഒരിക്കൽ രാജ്യാതിർത്തികൾ എല്ലാം മാഞ്ഞു പോകുമെന്ന് സ്വപ്നം കണ്ടു.

അവസാനിച്ചു

കവർ ഡിസൈൻ : വിൽസൺ ശാരദ ആനന്ദ്

You may also like

മലയാളനാട് വെബ് ജേർണൽ
മലയാളത്തിന്റെ മുഖപുസ്തകം.