പൂമുഖം LITERATUREകഥ ബഡായി ബാലേട്ടനും ഒരു ‘റൈറ്റും’

ബഡായി ബാലേട്ടനും ഒരു ‘റൈറ്റും’

 

തുക്കെ നീങ്ങിക്കൊണ്ടിരിക്കുന്ന ബസ്സിൽ കയറാൻ ഓടുമ്പോഴാണ് പിറകിൽ നിന്നൊരു വിളി..
“ഏയ് ഗോയിന്ദൻ മാഷേ.. നിങ്ങ ആട നിക്ക്പ്പാ.. ഒരു സൊകാര്യം പറയാനുണ്ട്..”
ഗോവിന്ദൻ മാഷ് തിരിഞ്ഞു നോക്കിയപ്പോൾ ബഡായി ബാലേട്ടൻ സ്പീഡിൽ വരുന്നു. ബാലേട്ടനെ നോക്കുമ്പോഴേക്കും ബസ്സ് വെങ്ങര മുക്ക് കയറ്റം കയറിയിരുന്നു.
“എന്താ ബാലാ അത്ര വല്യ സ്വകാര്യം..” ബസ്സ് മിസ്സായ നീരസത്തിൽ കിതച്ചു കൊണ്ടു വന്ന ബാലേട്ടനെ നോക്കി മാഷ് പതുക്കെ ചോദിച്ചു.
“നമ്മുടെ ബാബറി മസ്ജിദ് പൊളിച്ചു അല്ലെ..”
ഉച്ചത്തിലുള്ള സ്വകാര്യം കേട്ടിട്ട് ഗോവിന്ദന്‍ മാഷിനു ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.. മാഷിന്ടെ ചിരിയില്‍ ബസ്സ്‌ സ്റ്റോപ്പില്‍ ബാക്കിയുണ്ടായിരുന്നവരും പങ്കുചേര്ന്നു .
“അല്ല.. മാഷെങ്ങോട്ടാ…” വീണ്ടും ഉച്ചത്തിൽ ബാലേട്ടൻ.
ഞാനൊന്നു പഴയങ്ങാടി ട്രഷറി വരെ.. ബാലനോ?….”
ഒരു നിമിഷത്തെ മൗനത്തിന് ശേഷം ബാലേട്ടൻ കയ്യിൽ കെട്ടിയ വാച്ചിലേക്ക് നോക്കി പതുക്കെ പറഞ്ഞു..
“ഓ.. നേരം പോയി…. റൈറ്റ് ” പിന്നെ ഒന്നും മിണ്ടാതെ മുന്നോട്ടേക്ക് നടന്നു..
ഇത് ബാലേട്ടൻ. കുറേ ബാലേട്ടന്മാർ ഉള്ളതിനാൽ ബഡായി ബാലേട്ടൻ എന്നുപറഞ്ഞാൽ എല്ലാവർക്കും മനസ്സിലാകും.
കുറേകാലം മലായിയിൽ ആയിരുന്നതിനാൽ മലായി ബാലൻ എന്ന പേരിലായിരുന്നു ആദ്യകാലങ്ങളിൽ അറിയപ്പെട്ടിരുന്നത്. അവിടുത്തെ സായിപ്പിന്റെ വലം കൈയായിരുന്നു ബാലേട്ടൻ. അവിടുത്തെ കഥകൾ കേട്ട് കേട്ട് മലായി ബാലേട്ടനെ ബഡായി ബാലേട്ടൻ എന്ന് വിളിക്കാൻ തുടങ്ങി.
എന്തുപറഞ്ഞു കഴിഞ്ഞാലും ഒടുവിൽ ‘റൈറ്റ്’ എന്നുപറഞ്ഞാണ് നിർത്താറ്.
മലായിയിൽ നിന്നും വിരമിച്ച ശേഷം വീടിനോട് ചേർന്നുള്ള ചായക്കടയാണ് പ്രധാന വരുമാനമാർഗം. ചായ കൂട്ടുമ്പോഴും ബഡായിക്ക് ഒരു കുറവുമില്ല. ബഡായി ആണെകിലും കേൾക്കാൻ രസമുള്ളതിനാൽ ആൾക്കാർ ചായകുടിക്കാനുണ്ടാകും. അതുകൊണ്ടു തന്നെ ബഡായി പറയൽ സീരിയസ് ആയി എടുത്തിരിക്കുകയാണ് ബാലേട്ടൻ.
” നിങ്ങക്കൊക്കെ പൈസയെണ്ണിയാൽ കൈയ്യിലല്ലേ തയമ്പ്.. എനക്ക് നാവിലാ..”
“അതെങ്ങനെയാ ബാലേട്ടാ നാവിനു തയമ്പു വന്നത്…” സ്വാഭാവിക സംശയം മറച്ചു വെക്കാതെ അമ്പുക്കന്‍ ചോദിച്ചു..
“എടാ ചെക്കാ.. പൈസ എണ്ണുമ്പോൾ നാവില് തൊട്ടു കൈ നനക്കില്ലേ.. അങ്ങിനെ ഉണ്ടായതാ..റൈറ്റ്” ബാലേട്ടൻ സീരിയസായി..
ബാലേട്ടൻ എണ്ണിയ പൈസയുടെ കാര്യമാലോചിച്ച്അമ്പുക്കന് തല കറങ്ങി..
“അപ്പൊ നാവിനു തയമ്പാണെങ്കില്‍ വെരലിനു എന്തുന്നായിരിക്കും തയമ്പ്..” അമ്പുക്കന്‍ മനസ്സില്‍ വിചാരിച്ചു. കൂടുതൽ ആലോചിച്ചാൽ വട്ടാകുമെന്നോർത്ത് മിണ്ടാതിരുന്നു.
“നിനക്കറിയോ നാട്ടിലേക്ക് വരാൻ നേരം ചാക്ക് കണക്കിന് കോയിൻസ്സാ സായിപ്പ് സങ്കടത്തോടെ എനക്ക് തന്നത്. കപ്പലിന്റെ ഒരു ഭാഗം ചെരിയാൻ തുടങ്ങിയപ്പോൾ കുറേ ചാക്ക് കടലിലേക്കെറിഞ്ഞു”.. ബാലേട്ടൻ തുടർന്നു.
കൂടുതൽ ഇരുന്നാൽ ശരിയാവില്ല എന്നുതോന്നിയ അമ്പുക്കൻ പതുക്കെ സ്കൂട്ടായി..
വലിയ തിരക്കൊന്നും ഇല്ലാത്ത ചായപീടികയാണ് ബാലേട്ടൻടേത്.
അല്ലേലും ബാലേട്ടന് ഈ ചായപീടികയുടെ ആവശ്യമൊന്നുമില്ല ജീവിച്ചു പോകാന്.. മക്കൾ രണ്ടുപേരും ദുബായിലാണ്.
“ഇത് ബെറും ഡയിം പാസ്.. റൈറ്റ്” എന്നാണ് ബഡായി ബാലേട്ടൻ പറയുക.
ഒരു ദിവസം സ്കൂളിൽ നിന്നും വരികയായിരുന്ന രാജനെ ബാലേട്ടൻ അടുത്തു വിളിച്ചു.
“എടാ.മോനെ ഒന്നിങ്ങോട്ടു വാ.. സ്കൂളിൽ നിന്നും തളർന്നു വരുന്നതല്ലേ..ചായ കുടിച്ചു പോകാം..”
“വേണ്ട ബാലേട്ട.. അച്ഛനറിഞ്ഞാല് എന്നെ കൊല്ലും..” മനസ്സില മനസ്സോടെ പറഞ്ഞുവെങ്കിലും ബാലേട്ടന്റെ നിര്ബന്ധത്തില് ദുർബലനായ രാജൻ ഒരു ഒന്നൊന്നര വീഴ്ച വീണു.
അല്ലെങ്കിലും ഭക്ഷണകാര്യത്തിൽ നിർബന്ധിച്ചാൽ ദുർബലനാകുന്ന വിശപ്പിന്റെ അസുഖമുള്ള രാജൻ ദിവസേന വൈകുന്നേരം ബാലേട്ടന്റെ ചായയിലും പരിപ്പ് വടയിലും കൂട്ടത്തിൽ ബഡായിയിലും അഡിക്റ്റായി..
മാസാവസാനം ബാലേട്ടൻ ചായകുടിയുടെ കണക്കുമായി രാജന്ടെ വീട്ടിലേക്കു ചെന്നു.
കോലായില് ഗൌരവത്തോടെ പത്രം വായിച്ചുകൊണ്ടിരിക്കുന്ന രാജന്ടെ അച്ഛന്ടെ കയ്യിലേക്ക് ചായ കണക്കു കൊടുത്തിട്ട് ബടായി ബാലേട്ടന് മൊഴിഞ്ഞു..
“നാരായണാ.. നിങ്ങളെ മോൻ കുടിച്ച ചായ കണക്കാ ഇത്.. ഒരു അമ്പത് ഉറുപ്പ്യ എടുത്തേ…”
“ഓൻ, പീടീന്ന് ചായകുടിക്കാനോ.. എടാ രായാ.. ഇങ്ങോട്ട് വാ നായിന്റെ മോനെ..
നാരായണേട്ടന്റെ അട്ടഹാസം കേട്ട് രാജനോടൊപ്പം ബാലേട്ടനും ഒന്ന് നടുങ്ങി.
“നിനക്കെന്താടാ.. ഈട്ന്നു തിന്നാനൊന്നും കിട്ടുന്നില്ലേ..”
അടിക്കിടയില് രാജന് കരഞ്ഞു കൊണ്ട് പറഞ്ഞു..
“ഞാൻ പറഞ്ഞതാ.. ചായ വേണ്ട വേണ്ടാ എന്ന്… എന്നെ നിർബന്ധിച്ചു കുടിപ്പിക്കുന്നതാ..”
അമ്പതു രൂപ മുഖത്ത് വലിച്ചെറിഞ്ഞു കൊണ്ട് നാരായണേട്ടൻ ബാലേട്ടനോടു പറഞ്ഞു.
“ഇനി മേലില് ഇങ്ങത്താന് കണക്കും കൊണ്ട് എന്റെ അടുത്തു വന്നാല് നിന്ടെ ചായ പീടിയ ഞാൻ കത്തിക്കും..”
ഞാനൊന്നും അറിഞ്ഞില്ല എന്ന മട്ടിൽ “അപ്പോൾ റൈറ്റ്” എന്നും പറഞ്ഞുകൊണ്ട് കിട്ടിയ പണവുമായി ബാലേട്ടൻ നടന്നകന്നു..
രാജൻ പതിവ് ചായകുടി അതോടെ നിർത്തി.. കൂട്ടത്തിൽ അവിടെ എത്തുമ്പോൾ ബാലേട്ടനെ രൂക്ഷമായി നോക്കാനും മറന്നില്ല.
എങ്കിലും ബാലേട്ടൻ പതിവ് ബഡായി തുടർന്നു..
ബാലേട്ടന്റെ ചായകടയ്ക്ക് മുന്നിൽ വെച്ചാണ് മിക്ക വണ്ടികളും തിരിച്ചു പോകാറുള്ളത്.
ഒരു ദിവസം കല്ലിറക്കാൻ വന്ന ലോറി ഒരു വശത്തെ ലോഡു ഇറക്കിയതിനു ശേഷം തല തിരിക്കാൻ വേണ്ടി പിറകിലോട്ടെടുത്തപ്പോൾ ബാലേട്ടൻ അവിടെ എത്തി..
“നിങ്ങ പിറകിലേക്കെടുത്തോ .. ഞാൻ നോക്കി കൊള്ളാം..”
ബാലേട്ടൻ കൈവീശി ഉച്ചത്തിൽ “റൈറ്റ്.. റൈറ്റ് എന്ന് പറഞ്ഞു..”
ഡ്രൈവർ ബാലേട്ടന്റെ മുഴക്കമുള്ള റൈറ്റ് കേട്ട് പിറകിലോട്ടു ലോറി തിരിച്ചു..
ചായ പീടികയുടെ അടുത്ത് ലോറിയുടെ പിൻചക്രം എത്തിയപ്പോൾ നിർത്താൻ വേണ്ടി കൈ രണ്ടും ഉയർത്തി ബാലേട്ടൻ ഉച്ചത്തിൽ നീട്ടി പറഞ്ഞു…
“റൈ….റ്റ്…റ്റ്..റ്റ്….”
ബാലേട്ടന്റെ നീട്ടി വലിച്ചുള്ള ആ റൈറ്റിൽ ചായപീടികയുടെ മേൽക്കൂര ലോറിയുടെ മേൽക്കൂരയായി മാറി.
അപ്പോൾ അവിടെയുണ്ടായിരുന്ന ആരോ പറഞ്ഞു..
“ലോറി അവിടെ വെച്ചേക്ക്.. ബാലേട്ടന്റേത് ഇപ്പോൾ ഫൈവ് സ്റ്റാർ ചായകടയായി…”
ദേഷ്യം ഉള്ളിലൊതുക്കി ഡ്രൈവർ ബാലേട്ടനോടു പറഞ്ഞു..
“ബാലേട്ടാ.. ദയവു ചെയ്ത് ഇനി മേലിൽ ആരോടും ‘റൈറ്റ്’ പറയരുത്..”
“ശരി ‘റൈറ്റ്’…”

Comments
Print Friendly, PDF & Email

You may also like