പൂമുഖം അനുഭവം മാടപ്പീടിയയിലെ ഒക്കചങ്ങായിമാർ

മാടപ്പീടിയയിലെ ഒക്കചങ്ങായിമാർ

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

ഇങ്ങള് ഫെമിനിസ്റ്റ് ആല്ലേ

പത്തു വർഷങ്ങൾക്ക് ശേഷം കണ്ടു മുട്ടിയ ഒരു സുഹൃത്താണ്. അവളെയും, എസ്സെക്സിലെ കോൾചെസ്റ്ററിൽ അവൾ വാങ്ങിച്ച പുതിയ വീടും ചുറ്റുപാടും കാണാൻ പോയതായിരുന്നു കഴിഞ്ഞ ആഴ്ച. കോവിഡ് രണ്ടാം തരംഗം അവസാനിച്ചു മൂന്നാം തരംഗം തുടങ്ങുന്നതിനു മുമ്പുള്ള ലോക്ക്ഡൌൺ ഇടവേളയിൽ കഴിയുന്നത്ര കൂട്ടുകാരെ കാണുക എന്ന ആഗ്രഹത്തിന്റെ ഭാഗമായാണ് ജൂലിയസ് സീസറിന്റെ നേതൃത്വത്തിൽ റോമൻ പട്ടാളം 55 BC യിൽ പടയോട്ടം നടത്തിയ കോൾചെസ്റ്റർ പട്ടണത്തിൽ എത്തിയത്.

വര – പ്രസാദ്‌

ഉറ്റ സുഹൃത്തിന്റെ വീട്ടിലെത്തി, ചീസ് നിറച്ച ‘അതിമ്യാരക’മായ ദോശ വയറു നിറയെ കഴിച്ചു സോഫയിൽ സൊറ പറഞ്ഞിരിക്കുകയായിരുന്നു ഞങ്ങൾ.

പല പല വിശേഷങ്ങളും പറയുന്നതിനിടയിൽ എഴുത്തിനെ കുറിച്ച് ചോദിച്ചപ്പോൾ ഞാനവൾക്ക് “തേങ്ങ” എന്ന ഒരിക്കലും പ്രസിദ്ധീകരിച്ചിട്ടില്ലാത്ത, ഭാവിയിലും സാധ്യത ഒട്ടുമേ ഇല്ലാത്ത ഒരു കുഞ്ഞു കവിത വായിച്ചു കൊടുക്കുകയായിരുന്നു . പ്രസിദ്ധീകരിക്കാത്ത രചനകൾ വായിച്ചു മുറിവേൽപ്പിക്കാൻ എനിക്കുമുണ്ടൊരു സുഹൃദ് വലയം.

ഈ വായന മൂലമുള്ള മുറിവേൽക്കൽ മൂലം ദിനം തോറും കോവിഡ് പോസിറ്റീവ് നിരക്കിലേക്കാൾ കൂടുതൽ സുഹൃത്തുക്കളെ നഷ്ടപ്പെട്ടേക്കാമെങ്കിലുംഎഡിറ്ററുടെ കൈയ്യും കാലും പിടിച്ചു പ്രസിദ്ധീകരിക്കുന്നതിനേക്കാൾ എളുപ്പമാണല്ലോ പുതിയ സുഹൃത്തുക്കളെ ഉണ്ടാക്കൽ. ഒരു ചായയിലും കടിയിലും കാര്യം ഒതുങ്ങും.

“അവൾ
ചിറ്റൂളിമുളകിൽ അമരുമ്പോൾ ചാരിത്രവതിയാകും.
വെള്ളുള്ളി ചേരുമ്പോൾ വശംവദയാകും.
കാന്താരിയെങ്ങാനും കലർന്നാൽ രോഷം കൊണ്ട് പുകയും.

അമ്മിക്കല്ലിൽ പറ്റിപ്പിടിച്ചാൽ വാശിക്കാരിയാകും.
അമ്മിക്കുട്ടിയിൽ നിന്നും വിട്ടു മാറാൻ കൂട്ടാക്കാതെ
ശാഠ്യക്കാരിയാകും.
ഇടയ്ക്കിടെ എന്തിനും പോന്ന താന്തോന്നിയാകും.

പിന്നെ,
ഇതാണ് ഞാൻ
വേണേൽ എടുത്തോ
വേണ്ടെങ്കിൽ വേണ്ടാ
എന്ന് ധാർഷ്‌ട്യത്തിൻറെ മൂർത്ത ഭാവമാകും.”

ധാർഷ്ഠ്യ എന്ന വാക്കിൽ എത്തിയപ്പോൾ അപ്രതീക്ഷിതമായി ഉയർന്ന ചോദ്യമാണ്

“ഇങ്ങൾ ഫെമിനിസ്റ്റ് ആല്ലേ ?”

കവിത വായിക്കുമ്പോൾ ഇടയ്ക്കു വെച്ചു നിർത്തേണ്ടി വന്നതിലെ അസ്വാരസ്യം നിമിഷനേരം കൊണ്ട് അണ പൊട്ടി ഒഴുകുന്ന പൊട്ടിച്ചിരിയായി മാറി. അതേ, എന്ന് ഒരല്പം സങ്കോചത്തോടെ അറിയിച്ചു.

“പണ്ട് ഇങ്ങനെ ഒന്നും അല്ലേനല്ലോ.. ഇതെപ്പോ സംഭവിച്ചു! ” അവൾ

പണ്ടും ഇത്തിരി ഉണ്ടായിരുന്നു എന്ന് ഞാൻ. തുടക്കം മാടപ്പീടിയയിൽ ആണ്. എല്ലാറ്റിന്റെയും തുടക്കം തലശ്ശേരിയിലെ വയലളം ദേശം കോടിയേരി അംശമായ മാടപീടിയയിൽ ആണല്ലോ.

അതായത്….. എന്റെ ഉപ്പാക്ക് ഒരു അമേരിക്കൻ അനന്തരവൻ ഉണ്ട്. ഉപ്പാന്റെ കണ്ണിലുണ്ണി, എന്റെ കണ്ണിലെ കരട്, ദുഷ്മൻ ദുഷ്മൻ. ഏകദേശം ഒരു എട്ടു വയസ്സായപ്പോൾ ശ്രദ്ധിക്കാൻ തുടങ്ങിയതാണ് ഇവർ തമ്മിലുള്ള തികച്ചും അനാവശ്യമായ, എന്നാലോ ദിനം പ്രതി ശക്തിയാർജ്ജിച്ചു വരുന്ന കൂച്ച് (ബന്ധം ). ഈ കൂച്ച് തന്നെയാണ് എന്റെ ആഗ്രഹങ്ങൾക്ക് കൂച്ച് വിലങ്ങായതും.

റിമാ കല്ലിങ്കലിന്റെ ഫെമിനിസത്തിന്റെ തുടക്കം പൊരിച്ച മീൻ ആണെങ്കിൽ എന്റെ തുടക്കം മാടപ്പീടിയയിലും നങ്ങാറത്ത് പീടിയയിലും ഗുമ്ട്ടിയിലും തലങ്ങും വിലങ്ങും ഇവർ നടത്തിയ യാത്രകളാണ്. എവിടെയും ഇവർ ഒരുമിച്ച്. ഒക്കചങ്ങായിമാർ എന്ന് പറയും നമ്മുടെ നാട്ടിൽ.

ഞാൻ സൈലന്റ് വാലിയിൽ എത്തുന്നതിനു മുമ്പ് കാലിഫോണിയയിലെ സിലികോൺ വാലിയിൽ ജാടശിരോമണിയായി വിലസിയ ഇവന് അവിടെ എത്തുന്നതിനും എത്രയോ മുൻപ് നമ്മുടെ ലോക്കൽ മാടപ്പീടിയവാലിയിൽ വളരെ ഉയർന്ന സ്ഥാനമായിരുന്നു.

ഇതിനു ദേർ ഈസ്‌ എ ബ്ലഡി റീസൺ..നമ്മുടെ തറവാട്ടിൽ ആറു ആങ്ങളമാർക്ക് കൂടി രണ്ട് അനന്തരവന്മാരേ ഉളളൂ, അതിലൊന്നാണ് ഇവൻ. (അവനെ നമുക്ക് ചുക്കു എന്ന് വിളിക്കാം, പ്രതിയോഗിയല്ലേ? വളരെ മോശപ്പെട്ട പേര് കൊടുക്കുമ്പോൾ കിട്ടുന്ന നിഗൂഢമായ ആനന്ദം എന്തിനു കളയണം. ബട്ട്‌ വൈ?)

പ്രത്യേകിച്ച് ഒന്നും ചെയ്യാതെ തന്നെ ഒരു അനന്തരവൻ ആയി ജനിച്ചത് കൊണ്ട് ജനനത്തോടൊപ്പം ഫ്രീ ആയിട്ട് അവനീ ഉയർന്ന സ്ഥാനം. വിം വാങ്ങുമ്പോൾ സ്‌ക്രബ് ഫ്രീ ആയി കിട്ടുന്നത് പോലെ.

തറവാട്ടിലെ ചിന്നപെങ്കിടാങ്ങൾക്ക് ഇതത്ര പിടിച്ചില്ല. പ്രത്യേകിച്ച് എനിക്ക്. അതിനു കുറേ കാരണങ്ങൾ ഉണ്ട്. മെനി ബ്ലഡി റീസൺസ്.

എനിക്ക് പോകാൻ താല്പര്യം ഉള്ള സ്ഥലത്തൊക്കെ ഇവനാണ് ഉപ്പാന്റെ ഒക്കചങ്ങായി.
ബന്ധു വീടുകളിൽ, ടൗണിൽ, സിനിമയ്ക്ക്.

ബന്ധു വീട്ടിൽ പോയി അൽസയും മുട്ടമാലയും മട്ടൻ ബിരിയാണിയും, പൊരിച്ച മീനും സുലൈമാനും ഓരോന്നായി ഭക്ഷിച്ചു, ഓരോന്നിനോടും വേണ്ടുവോളവും അതിലധികവും നീതി പുലർത്തിയ ശേഷം തിരിച്ചു വന്നു തറവാടായ പറമ്പത്തെ കോലായിൽ കാലും നീട്ടി ഇരുന്ന് രണ്ടാളുടെയും കിസ പറച്ചിൽ കേൾക്കുമ്പോൾ തുടങ്ങും, ബഷീറിന്റെ വാക്കുകൾ കടമെടുത്തു പറയുകയാണെങ്കിൽ, ഈ വിനീത ചരിത്രകാരിയുടെ അരിശം. നിക്കാഹിനും ഇവൻ തന്നെ കൂട്ട്.

ഒരു ഞായറാഴ്ച രാവിലെ മംഗല ദിവസം, മടിഞ്ഞു മടിഞ്ഞു വരാന്തയിലെ കൊട്ട കസേരയിൽ ചായ കുടിച്ചു ഇരിക്കുന്ന ചുക്കൂ എന്ന ഒക്കചങ്ങായിയോട് കല്യാണത്തിനു സമയമായി എന്ന് തിരക്ക് കൂട്ടിയ ഉപ്പാനെ ഞാൻ തെല്ലൊരു അലോസരത്തോടെ നോക്കി.

രാവിലെ തന്നെ തുടങ്ങിയല്ലോ അമ്മാവനും മരുമോനും വേട്ട്രയാടൽ വിളയാടൽ.

നിക്കാഹ് ആണുങ്ങളുടെ പരിപാടി ആണ്, കുറേ ആണുങ്ങൾ സ്റ്റേജിൽ ഇരുന്ന് വിലസുന്നത് കാണാൻ ഞാനില്ല എന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് ഞാൻ ആ ഞായറാഴ്ച മോഡേൺ ആയി സൂർത്തുക്കളെ, മോഡേൺ ആയി.

അങ്ങനെ ബന്ധുവീടുകൾ, മംഗലം, എന്തിനധികം പറയുന്നു, മരണവീട്ടിലും ഇവൻ! ഒരിക്കൽ മരണവീട്ടിൽ കൊണ്ട് പോയിട്ട് ഉപ്പ ഒക്കചങ്ങായിനോട് ചോദിച്ചു, നീ എന്താ ഇങ്ങനെ ആരോടും മിണ്ടാണ്ടിരിക്കുന്നെ ?

“എനിക്കീ വീട്ടിൽ ഒരൊറ്റ ആളെയേ അറിയുള്ളൂ, അയാൾ മരിച്ചു പോയി, പിന്നെ ഞാൻ ആരോടാ മിണ്ടുക?”

ഇത് കേട്ടപ്പോൾ എനിക്ക് പെരുവിരലിൽ നിന്നും അരിശം ഇഞ്ച് ബൈ ഇഞ്ച് മോളിലോട്ടു ഇരച്ചു കയറി. ജീവിച്ചിരിക്കുന്നവരെ അറിയുന്ന എന്നെ വീട്ടിൽ വെച്ച്, മരിച്ചാളെ മാത്രം അറിയുന്ന ഇവനെ ആരെങ്കിലും കൂടെ കൊണ്ട് പോവ്വോ ?

മാടപ്പീടിയയിലെ പ്രധാന വാർഷിക ഉത്സവമായിരുന്ന ഗൾഫിൽ നിന്നും വരുന്ന ആപ്പമാർക്കുള്ള വരവേൽപ്പിനും അവൻ തന്നെ ഉപ്പാന്റെ കൂട്ട്. എന്റെ ആത്മാർത്ഥ ശത്രു !

ഇവരുടെ വരവും പോക്കും ചർച്ചകളും ജനൽക്കമ്പികളിൽകൂടിയും തട്ടുമ്പുറത്തു ഇരുന്നിട്ടും ശ്രദ്ധിക്കാറുണ്ടായിരുന്ന എനിക്ക് അനുദിനം ഒരു പ്രത്യേക തരത്തിലുള്ള തിക്കുമുട്ട് അനുഭവപ്പെട്ടു.

വര – പ്രസാദ്‌

എന്ന് മാത്രമല്ല, പ്രായം കൂടുന്തോറും പ്രശ്നങ്ങളും കൂടി.നമ്മുടെ തറവാടായ പറമ്പത്തെ വരാന്തയിൽ പല വിഷയങ്ങളും ചർച്ചയ്ക്കു എടുക്കുമായിരുന്നു.ഇതിനെക്കുറിച്ചുള്ള അഭിപ്രായങ്ങളൊക്കെ ഉപ്പ ചുക്കൂനോടാ ചോദിക്യ. എന്നോടൊന്നും ചോദിക്കൂല.

നാലുമണിച്ചായയോടൊപ്പം കോഴിയടയും ഉന്നക്കായും മിന്നൽ വേഗത്തിൽ വെച്ചു കാച്ചിക്കൊണ്ട് ബോസ്റ്റൻ ടീ പാർട്ടിയെപ്പറ്റിയുള്ള ചുക്കുവിന്റെ അഭിപ്രായം ഉപ്പ ആരായും.

ബോസ്നിയയിലെ വംശഹത്യ, ആഭ്യന്തരയുദ്ധത്തിനെ പറ്റി ചുക്കുവിന്റെ അഭിപ്രായം എന്തു?
രവാണ്ടയിലെ ഹുട്ടു വംശജറും ട്യൂട്സി വംശജരും തമ്മിലുള്ള കലാപം, ഇതിൽ ഒക്ക ചങ്ങായീന്റെ ചേതോവികാരങ്ങൾ എന്തൊക്കെ?

നാല് പാളികളുള്ള വാതിലിൽ ചാഞ്ഞു വരാന്തയിലേക്ക് ഏന്തിനോക്കുന്ന ഈ പാർശ്വവൽക്കരിക്കപ്പെട്ട എനിക്കുമുണ്ട് ഇതിനെക്കുറിച്ചെല്ലാം അഭിപ്രായം. അത്യാവശ്യം പത്രം വായിക്കും ഞാനും.പക്ഷെ അതാർക്കും കേൾക്കണ്ട. കാരണം ഞാൻ ഒക്കചങ്ങായി അല്ലല്ലോ.

തലശ്ശേരി ടൗണിൽ പോകാൻ വേണ്ടി മാടപ്പീടിയയിൽ നിന്നും പെരിങ്ങത്തൂർ തലശ്ശേരി ബസ്സിൽ കയറുന്നതിനു പകരം തലശ്ശേരി പെരിങ്ങത്തൂർ ബസ്സിൽ കയറി പെരിങ്ങത്തൂർ എത്തിയവനാ ഈ ചുക്കു!വില്ലേജ് ഓഫീസിൽ ഒരു സർട്ടിഫിക്കറ്റ് കിട്ടാൻ വൈകിയപ്പോൾ ‘നിങ്ങൾക്ക് എത്രെയാ കൈക്കൂലി വേണ്ടത് ‘എന്ന് ചോദിച്ചു തഹസീൽദാറിന്റെ ഗെറ്റ് ഔട്ട്‌ സ്വയം ചോദിച്ചു വാങ്ങിച്ചവനാണ് ലോ ലവൻ അക്ക ചിക്കു !ഏടെ പോയാലും നന്ന അലമ്പാക്കീട്ടെ വരൂ.

ഈ കൊടും മിടുക്കനോടാണ് ലോക സാമ്പത്തിക മാന്ദ്യം എന്ന് തീരും എന്ന തരത്തിലുള്ള ചോദ്യങ്ങൾ ഉപ്പ ചോദിക്കുന്നത്. ഒരറ്റമില്ലാത്ത ചർച്ചകൾ നടത്തുന്നത്.

അവനെക്കാളും മൂത്തവളായ, എന്ത് അഭിപ്രായം പറയാനും തയ്യാറായി നിൽക്കുന്ന എന്നെ ആർക്കും വേണ്ട.

ഇപ്പോഴും വലിയ മാറ്റമൊന്നുമില്ല. അവന്റെ അഭിപ്രായപ്രകടനം കണ്ടു ക്ഷീണിച്ച ഞാൻ
ഇപ്പോ അവൻ നാട്ടിലുള്ളപ്പോൾ നാട്ടിൽ പോകാറില്ല.

മിനിഞ്ഞാന്ന് ഞാനവനെ വിളിച്ചു അന്വേഷിച്ചു, ഇനി എന്നാ നാട്ടിൽ പൊന്നേ ?

ഡിസംബറിലാണ്, ജെബിക്കും കൂടി അപ്പൊ വരാൻ പറ്റിയെങ്കിൽ നന്നായിരുന്നു എന്നവൻ.

എടാ ചെക്കാ,കൊസറകൊള്ളി, കൊശവൻ കശ്‌മലാ, നീ നാട്ടിൽ പോകുന്ന സമയത്തു പോകാതിരിക്കാനാ ഞാനിത് ചോദിക്കുന്നത്).

ഡിസംബറിൽ വന്നിട്ട് വേണം ആഗോള സാമ്പത്തിക മേഖലയെ കുറിച്ചുള്ള നിന്റെ ഒടുക്കത്തെ അഭിപ്രായപ്രകടനം ഇനിയും കേ ട്ടിരിക്കാൻ! അതിനു ഇനി എന്നെ കിട്ടൂലാ.

ചിലപ്പോൾ കോവിഡ് വാക്‌സിനെ പറ്റി വരെ എഞ്ചിനീയർ ആയ നിന്നോട് ഉപ്പ അഭിപ്രായം ചോദിക്കും.

‘അല്ലാ, ഞാൻ അല്ലേ ഡോക്ടർ, ഇതു എന്നോടല്ലേ ചോദിക്കേണ്ടത് ‘എന്ന് ഞാൻ ചോദിച്ചാൽ ഉപ്പ പറയും” അത് പറഞ്ഞിട്ട് കാര്യമില്ല, എല്ലാ കാര്യത്തിലും ആണുങ്ങൾക്ക്, പ്രത്യേകിച്ച് ചുക്കുവിന് പെണ്ണുങ്ങളെക്കാളും സാമാന്യ ബോധമുണ്ട് “

വരൂല ഞാൻ ഡിസംബറിൽ. ഇനിയിപ്പോ നീ കോവിഡിനെ പറ്റി വാചാലൻ ആകുന്നതും
കൂടി കാണാൻ വയ്യപ്പാ…

ഇത്രയും അനുഭവങ്ങൾ ഈ വിനീത ചരിത്രകാരിയുടെ മനസ്സിൽ ഫെമിനിസത്തിന്റെ വിത്ത് പാകി അനന്തരം തഴച്ചു വളർന്നതിൽ അത്ഭുതം കൂറാൻ വകുപ്പുണ്ടോ എന്ന് വായനക്കാരോട് ആരായാൻ ആഗ്രഹിക്കുന്നു.

എന്നിരുന്നാലും, മനസ്സിലുള്ള അങ്ങിങ്ങായി ഒറ്റയ്ക്കും തറ്റയ്ക്കും തോന്നിയ അരിശം എന്നല്ലാതെ, തുല്യമായ അംഗീകാരം ആഗ്രഹിക്കുന്നതിന്റെ പേരാണ് ഫെമിനിസം എന്നൊന്നും അന്നറിയില്ലായിരുന്നു.

ഇരുപതുകളിലാണെങ്കിൽ ഫെമിനിസം എന്ന വാക്ക് കേട്ടാൽ പേടിയായിരുന്നു. ആണുങ്ങളെ നോക്കി അങ്ങേയറ്റം ദേഷ്യത്തോടെ ഉറക്കെ ഉറക്കെ ആക്രോശിക്കുന്ന സ്ത്രീ ആയിരുന്നു മനസ്സിൽ.

പിന്നെയാണ് മനസ്സിലായത്, ഫെമിനിസം ജീവിതത്തെ വളരെ സരസവും ലളിതവും ആക്കുന്ന ഒരു ഏർപ്പാടാണെന്ന്.

ഞാൻ ഒരു അസാധാരണ സ്ത്രീയല്ല, സാധാരണ മാത്രം, എനിക്കും ഉണ്ട് പരിമിതികൾ എന്ന് ലാഘവത്തോടെ പറയാൻ നമ്മെ സഹായിക്കുന്ന ഒരു ഇസമാണെന്ന്.

ഇന്നെനിക്ക് തീരെ വയ്യാ ഭക്ഷണം ഉണ്ടാക്കാൻ, ഫ്രിഡ്ജിൽ ഉള്ളത് ചൂടാക്കി കഴിക്കാം അല്ലെങ്കിൽ പുറത്തു നിന്നും വാങ്ങാം എന്ന് കുറ്റബോധമില്ലാതെ പറയാൻ സഹായിക്കുന്ന ഒരു ഇസം.

കുട്ടികളുടെ പുറകെയുള്ള നിരന്തരമായ ഓട്ടം കുറച്ചു അവരെ സ്വയം പര്യാപ്തരാക്കാൻ സഹായിക്കുന്ന ഒരു ഇസമാണെന്ന്.

ഒറ്റയ്ക്ക് യാത്ര പോകുമ്പോൾ ‘അയ്യോ അപ്പൊ ഭർത്താവും കുട്ടികളും ?’എന്ന ചോദ്യത്തിന് നേരെ ‘കുട്ടികൾക്ക് രണ്ട് പേർക്കും വയസ്സ് പത്തു കഴിഞ്ഞു, ഭർത്താവിന് മൂന്ന് വട്ടം പ്രായപൂർത്തിയായി, അവർക്കു കുറച്ചു ദിവസം ഞാനില്ലെന്നു വെച്ച് ഒന്നും പറ്റില്ല’ എന്ന ഉത്തരം തൊടുത്തു വിടാൻ നമ്മെ സഹായിക്കുന്ന ഇസം.

എങ്കിലും ഞാൻ വിശേഷിപ്പിക്കപ്പെടാൻ ആഗ്രഹിക്കുന്നത് ഒരു ഫെമിനിസ്റ്റ് ആയിട്ടല്ല.

കെ ജി ജോർജിന്റെ, കാലാതീതമായി സഞ്ചരിച്ച ‘ആദാമിന്റെ വാരിയെല്ല്’ എന്ന സിനിമയിൽ പല തരത്തിലുള്ള കുടുക്കിൽ നിന്നും മോചിതരായ സ്ത്രീകൾ അവസാന രംഗത്തിൽ കാമറ തട്ടിത്തെറിപ്പിച്ചു ഓടുന്ന ഒരു രംഗമുണ്ട്. കാമറ തട്ടിത്തെറിപ്പിച്ച ആ സ്ത്രീയായിട്ടാണ് ഞാൻ അറിയപ്പെടാൻ ആഗ്രഹിക്കുന്നത്.

Comments
Print Friendly, PDF & Email

You may also like