1997 ലാണ് ഞാൻ കെ. ജെ. ബേബിയെ നേരിൽ കാണുന്നത്. അതിന് മുൻപ് ബേബി രചിച്ചു അദ്ദേഹം തന്നെ സംവിധാനം ചെയ്ത് അവതരിപ്പിച്ച നാടുഗദ്ദിക നാടകം കണ്ടിട്ടുണ്ട്. കേരളത്തിലെ ഗോത്രജനതയുടെ ജീവിതവും ആ ജനത ജീവിക്കുന്ന ആവാസവ്യവസ്ഥയും അവർ നേരിടുന്ന അതിതീവ്ര ചൂഷണവും സസൂക്ഷ്മം മനസ്സിലാക്കിയതിന്‍റെ പ്രതിഫലനമാണ് ആ നാടകം. ഗദ്ദിക ഗോത്ര ജനതയുടെ ഒരാചാരമാണ്. മന്ത്രവാദചടങ്ങ്. തങ്ങളുടെ കുലം, വ്യക്തികൾ, വീട് തുടങ്ങിയവയെ ഭൂത-പ്രേത പിശാചുക്കളിൽ നിന്നും രക്ഷിക്കാനായി നടത്തുന്ന ചടങ്ങ്. ഈ ചടങ്ങ് നാടകത്തിലേക്ക് രൂപപ്പെടുത്തുമ്പോൾ ഭൂത-പ്രേത പിശാചുക്കൾക്ക് പകരം അധികാരവർഗ്ഗം വരുന്നു. കാടിന്‍റെ സ്പന്ദനവും തണുപ്പും കുളിരും അനുഭവിച്ച് കാട്ടിലെ കായ്കനികളും ഭക്ഷിച്ച്, സ്വതസിദ്ധമായ കലയും സംസ്കാരവും ആചാരസംഹിതകളുമായി ജീവിക്കുന്ന ഗോത്ര ജനതയുടെ ജീവിതം പിൽക്കാലത്ത് പലരുടേയും കുടിയേറ്റങ്ങളാൽ, അധികാര വർഗ്ഗത്തിന്റെ മനുഷ്യത്വരഹിതമായ നിയമങ്ങളാൽ താളം തെറ്റുന്നു. പുറംലോകം അവരുടെ യാതന അറിഞ്ഞില്ല. അറിയാൻ ശ്രമിച്ചതുമില്ല. അറിയാൻ ശ്രമിക്കുകയും അവരോടൊപ്പം ജീവിക്കുകയും ചെയ്തവർ അധികംപേരില്ല. ബേബിയുടെ പ്രസക്തി അവിടെയാണ്. തന്‍റെ ജീവിതം കാടിന്‍റെ മക്കൾക്കായി അദ്ദേഹം മാറ്റിവെച്ചു. 1980 കളിൽ രചിച്ച “നാടുഗദ്ദിക” നാടകത്തിന്‍റെ പ്രമേയം ഗോത്രജനതയുടെ നടുക്കുന്ന ജീവിത പരിസരങ്ങളാണ്. ഗോത്രജനതയിൽപ്പെട്ട പതിനെട്ടോളം കലാകാരന്മാരെ ഉൾപ്പെടുത്തി പ്രസ്തുത നാടകം കേരളം മുഴുവൻ അവതരിപ്പിച്ചു. അതേവരെയുള്ള മലയാളനാടകവേദിക്ക് പരിചിതമായിരുന്നില്ല നാടുഗദ്ദികയുടെ ആവിഷ്കാരരീതി. 1981 ൽ നാടുഗദ്ദിക പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്യുന്നിടത്തോളം തീവ്രമായിരുന്നു അതിന്‍റെ പ്രമേയം.
ഒരു പക്ഷെ മലയാള നാടകവേദിയുടെ തുടർച്ച എണ്ണുമ്പോൾ അതിന്‍റെ ഇടയിലല്ല ഈ നാടകത്തിന്‍റെ സ്ഥാനം. വേറിട്ട ഒരു തുടക്കമായി അടയാളപ്പെടേണ്ടതാണത്. പ്രത്യേകിച്ച് നാടകത്തിന്റെ സൂക്ഷ്മസവിശേഷതകളായ ഭാഷയും നടനവും. അതിനു ശേഷമാണ് ഗോത്രജനതയുടെ ജീവസ്പന്ദനമായി മാറിയ “മാവേലി മൻറം” നോവൽ അദ്ദേഹം രചിക്കുന്നത്. അതിന് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. മിക്കവാറും അക്കാദമി അവാർഡ് നേടിയ ഒരാൾ വരേണ്ട വേദിയിലൊന്നും ബേബി വന്നതേയില്ല. തന്‍റെ ലോകം എഴുത്തിന്‍റെ തെളിമയിൽ വർദ്ധിതമാവേണ്ടതല്ലെന്നും മറിച്ച് ഗോത്രജീവിതവുമായി ഒന്നിച്ചു പോകേണ്ടതാണെന്നും അദ്ദേഹം വിശ്വസിച്ചു. അതുപോലെ ജീവിച്ചു.
“കനവ്” സ്വന്തം കിനാവിനപ്പുറത്തേക്ക് യാഥാർത്ഥ്യമാക്കി അദ്ദേഹം. ഗോത്രജീവിതത്തിനായി ഭരണകൂടം ഒരുപാട് ചെലവഴിച്ചു. എന്നാൽ തന്‍റെ സസൂക്ഷ്മ പരിശോധനയിലും കാഴ്ച്ചയിലും കണ്ടെത്തിയ വ്യത്യസ്തമായ ഒരു വിദ്യാഭ്യാസക്രമം ‘കനവ്’ എന്ന ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ ബേബി സാക്ഷാൽക്കാരിച്ചു. അവിടെ സാമ്പ്രദായിക വിദ്യാഭ്യാസ രീതികള്‍ അദ്ദേഹം തൃണവൽഗണിച്ചു. അതിനപ്പുറം ഒരു കുട്ടിയുടെ വളർച്ചയ്ക്ക് ആവശ്യമായതെന്തോ അതദ്ദേഹം തേടിപ്പിടിക്കുകയും അത് തന്‍റെ വിദ്യാലയത്തിലെ കുട്ടികള്‍ക്ക് നല്കുകയും ചെയ്തു. അതിനായി തന്‍റെ കുടുംബത്തെ മുഴുവൻ അതേ കനവിൽ തളച്ചിട്ടു.
ബേബിയുടെ ആ വിദ്യാലയം ഒരു കൂട്ടായ്മയായിരുന്നു. ആറ് അദ്ധ്യാപകരും അറുപത്തഞ്ച് കുട്ടികളും ആണ് തുടക്കത്തിൽ. അദ്ധ്യാപകർ മുഴുവൻ സമയവും അവിടെത്തന്നെ. ചോല നായ്ക്കരുടെയും പണിയരുടെയും കുട്ടികൾക്കൊപ്പം ബേബിയുടെയും കുട്ടികൾ സ്വാതന്ത്ര്യ അഭിവാഞ്ഛയുള്ളവരായി അവിടെ വളർന്നു. എല്ലാ ജോലികളും അദ്ധ്യാപകരും വിദ്യാർത്ഥികളും ഒന്നിച്ചു ചെയ്തു. കനവ് വളർന്നു. സമൂഹത്തിൽ ചർച്ച ചെയ്യപ്പെട്ടു. കനവിൽ നിന്ന് ഗോത്രസമൂഹത്തിൽ നിന്നുള്ള ലീല സന്തോഷിനെപ്പോലെയുള്ളവർ മുന്നോട്ട് വരികയുണ്ടായി.
തന്‍റെ സ്ഥാപനം നിഴലിനപ്പുറം ഒരു യാഥാർത്ഥ്യമായി വളർന്ന് പന്തലിച്ചപ്പോൾ അദ്ദേഹം പതിയെ നിഷ്ക്രമിച്ചു. അതിനു ശേഷമുള്ള ബേബിയുടെ ജീവിതം അധികമാരും അറിയാത്തതായിരുന്നു. പൊതുവേദിയിൽ ബേബിയുണ്ടായിരുന്നില്ല. ബേബി എവിടെ ജീവിക്കുന്നു എന്നു പോലും തെളിവ് തരാത്ത രൂപത്തിൽ അദ്ദേഹം മാറി നിന്നു. എഴുത്തുകളിൽ സജീവമായി എന്നു പറയാന്‍ പറ്റില്ലെങ്കിലും എഴുത്തും ചിന്തകളും ആ മനുഷ്യൻ തുടർന്നു. ഗുഡ് ബൈ മലബാര്‍, ബെസ്പൂർക്കാന എന്നീ കൃതികൾ ആ സമയത്തുണ്ടായതാണ്.
1997 ൽ ഞങ്ങൾ നടത്തിയ സംഭാഷണങ്ങളെ ആധാരമാക്കി എഴുതിയ “കനവിന്‍റെ കനവ്” എന്ന ലേഖനം ‘സമകാലിക മലയാള’ത്തിൽ വന്നിരുന്നു. എന്നാൽ അതിനു ശേഷം ബേബിയെ കാണാനോ, ഭാര്യ ഷേർലി ടീച്ചർ മരിച്ചപ്പോൾ അദ്ദേഹത്തെ സമാശ്വസിപ്പിക്കാനോ എനിക്ക് കഴിഞ്ഞില്ല. അല്ലെങ്കിൽ ഇത്ര പെട്ടെന്ന് അദ്ദേഹം പോകുമെന്ന് ആരും കരുതിയതുമില്ലല്ലോ. അത്രമേൽ ഇച്ഛാശക്തിയുള്ള ഒരു മനുഷ്യൻ സ്വന്തം ജീവിതം കുറച്ചു കത്തുകള്‍ എഴുതി വെച്ച് മതിയാക്കുമെന്ന് ആര് കരുതാൻ.
ഇതെഴുതുമ്പോൾ മകൾ ശാന്തിപ്രിയ ബാവുൾ സംഗീതം ആലപിച്ച് സ്വന്തം പിതാവിന്‍റെ ഭൌതിക ശരീരം വൈദ്യുതിശ്മശാനത്തിലേക്ക് അനുഗമിക്കുന്നത് കാണുകയുണ്ടായി. മറ്റൊരു മരണവും നമ്മിൽ പകരാത്ത ഒരനുഭവം. വേറിട്ടതും വേദനാജനകവുമായ ഒരു യാത്രാമൊഴി. അതത്രയും ബേബിയെ സ്നേഹിക്കുന്നവരുടെ ചങ്കിലേക്ക് തറയ്ക്കുന്ന നോവുകളാണ്.
കവർ: വിൽസൺ ശാരദ ആനന്ദ്