പൂമുഖം LITERATUREകവിത പുഴമീനുകൾ കാണുന്ന കടൽ സ്വപ്‌നങ്ങൾ

പുഴമീനുകൾ കാണുന്ന കടൽ സ്വപ്‌നങ്ങൾ

ഓരോ രാത്രിയിലും ഉറക്കിന്റെയും, ഉണർവിന്റെയും ഇടനാഴിയിൽ
തെരുവിൽ കഴിയുന്നവരെല്ലാം
പുഴമീനുകൾ കടല് സ്വപ്നം കാണും പോലെ
വീട് സ്വപ്നം കാണുന്നു

ഒരിക്കലും നീന്തിയിട്ടില്ലാത്ത കടലിലേക്ക് പുഴ മീൻ നീന്തുന്നത് കണക്കെ
ചിന്തകളതിന്റെ ഗോവണി കയറുന്നു

ചിരപരിചിതമായ അലകളെ തിരകളെന്ന് മൊഴിമാറ്റം ചെയ്യുന്നത് പോലെ
കുടിലിന്റെ കുടുസുകളെ
അകങ്ങളായി വിവർത്തനം ചെയ്യുന്നു

പായലുകളെ പവിഴപുറ്റുകളെന്നും
വെള്ളാരം കല്ലുകളെ മുത്തുകളെന്നും
മാറ്റി എഴുതിയ മീൻ കവിതയിലെപ്പോലെ
തട്ടുകളും, മൂലപ്പലകക ളും, കാർബോർഡ് പെട്ടികളും
അലമാരയും, ഷെൽഫും, മേശയുമായി
മാറ്റി എഴുതപ്പെടുന്നു

ചാക്ക് വിരിച്ച വിസ്തറുകൾ പുതു പുത്തൻ സ്പോഞ്ച് കിടക്കകൾ വിരിച്ച കട്ടിലുകളിലേക്ക് നിറം മാറ്റുന്നു

നിരത്തു വക്കിൽ കണ്ട പൂച്ചെടികൾ
ബാൽക്കണിയിലെ ചട്ടിയിലേക്ക് അധിനിവേശം നടത്തുന്നു

പുഴമീനുകളുടെ കടൽ സ്വപനത്തിലെ
വരൾച്ചയും, പ്രളയവും പോലെ
തെരുവിൽ കഴിയുന്നവരുടെ സ്വപ്നത്തിൽ വരച്ച വീടുകളിലെല്ലാം കാണും
തെരുവിന്റെ പൊട്ടും പൊടിയും കൊണ്ട്
വരച്ച
വിശപ്പും, അവഗണനയും.

കവർ : ആദിത്യ സായീഷ്

Comments
Print Friendly, PDF & Email

You may also like