അതിൻ്റെ പെൻ്റുലം
മരിച്ച ജനനേന്ദ്രിയം പോലെ
നിശ്ചലം തൂങ്ങിക്കിടന്നു.
കഴിഞ്ഞ സംഗരത്തിൻ്റെ
നിണപ്പടർച്ചയിൽ
കാഴ്ചയിൽനിന്നു പിൻതിരിഞ്ഞോടുന്ന
കുതിരകൾ
ക്ലോക്കിൻ്റെ ഡയലിനുള്ളിലൂടെ
ചുവരു തുളച്ച് അപ്രത്യക്ഷരായി.
മരിച്ച പടയാളികൾ
തോക്കിൻകുഴലിലൂടെ തുറിച്ചു നോക്കി.
കാൽക്കീഴിലേക്കുതിർന്നുകൊണ്ടിരുന്ന
ഒഴിഞ്ഞ കാട്രിഡ്ജുകൾ
ക്ഷമയോടെ എണ്ണിപ്പെറുക്കി.
എൻ്റെ നിറകണ്ണുകളെ കാറ്റു തടവി.
മാഞ്ഞുപോകുന്ന ലക്ഷ്യങ്ങളുടെ പേരിൽ
എന്നോടൊപ്പം വിതുമ്പി.
അവയുടെ പിച്ചളക്ലർപ്പിൽ
അമ്മയുടെ മുലനക്കിയനിമിഷം
മുളച്ചു വന്നു.
നൂറ്റാണ്ടിനിപ്പുറവും
ദൈവത്തിൻ്റെ വാതിൽക്കൽ
തിരക്കുന്നവരുടെ കൂട്ടത്തിൽനിന്നു മാറി
അപരാജിതനായി
ചൂണ്ടുവിരൽ
തോക്കിൻകുഴൽ പോലെ നീട്ടിപ്പിടിച്ച്
തീക്കണ്ണനായ മുത്തശ്ശൻ
ശമിയ്ക്കാത്ത വീര്യം കൊണ്ട്
ഉദ്ധൃത സൂര്യനേപ്പോലെ
എൻ്റെ മരവിച്ച സ്മരണയെ
ചൂടോടെ തൊടുന്നു.
കാലം പലദിക്കിലേക്കു പായുന്നു
ഏറെ മുന്നോട്ട്
അതിലേറെ പിന്നോട്ട്.
മകനെന്നോട് കഥ
കേൾക്കുന്നു
നിമിഷത്തിൽ തഴച്ചുപൊന്തി
തോക്കുകൾ അതു പറയുന്നു:
To slay the lion in his den
ഉണർന്നു മിടിക്കുന്ന
സമയത്തിൻ്റെ ഊഞ്ഞാലാട്ടം
ആകാശച്ചെരുവിൽ തെളിയുന്നു
സ്വപ്നത്തിൽ തോറ്റ്
ഉണർവിൽ പിടക്കുമ്പോൾ
ചിതറിയ ദൃശ്യം മണ്ണു തൊടുന്നു.
അതിൻ്റെ പ്രതിബിംബത്തിൻ്റെ ശബ്ദം
അതിൻ്റെ മുഴങ്ങുന്ന പ്രതിധ്വനി.
പഴയ ക്ലോക്കിൻ്റെ പെൻഡുലം
പറഞ്ഞപോലെത്തന്നെ നിശ്ചലം.
0
കവർ: വിൽസൺ ശാരദ ആനന്ദ്
സ്വദേശം പാലക്കാട് ജില്ലയിലെ വാടാനാം കുറുശ്ശി. കൃതികൾ: നിശ്ചലം,അമര താരകം, ആടുകളുടെ വാതിൽ (കവിതാ സമാഹാരം), കിനാവനം (കുട്ടികൾക്കുള്ള നോവൽ)
ഇടശ്ശേരി അവാർഡും പൂർണ്ണ - ആർ.രാമചന്ദ്രൻ കവിതാ പുരസ്കാരവും നേടിയിട്ടുണ്ട്.
കവിതകൾ മാതൃഭൂമി, ഭാഷാപോഷിണി, ജയകേരളം, സമകാലീന മലയാളം, കലാകൗമുദി, ദേശാഭിമാനി, മാധ്യമം മുതലായ പ്രമുഖ പ്രസിദ്ധികരണങ്ങളിൽ വന്നിട്ടുണ്ട്.
കവിതകളുടെ ഇഗ്ലീഷ് പരിഭാഷകൾ
ഇന്ത്യൻ ലിറ്ററേച്ചറും, മലയാളം ലിറ്റററി സർവ്വേയും, മ്യൂസ് ഇന്ത്യയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
തിരൂർ തുഞ്ചൻ സ്മാരകത്തിലെ മാനുസ്ക്രിപ്റ്റ് റിസോഴ്സ് സെന്ററിൽ (നാഷണൽ മാനുസ്ക്രിപ്റ്റ് മിഷൻ) സ്കോളറായി ജോലി നോക്കിയിട്ടുണ്ട് .

















