കുറെ വൈകിയാണ് ‘കല്യാണിയുടെയും ദാക്ഷായണിയുടെയും കത’ വായിക്കുന്നത്. വൈകിയത് മനഃപൂർവ്വമായിരുന്നു. ഒത്തിരി കൊണ്ടാടപ്പെടുന്ന പുസ്‌തകങ്ങൾ ഇത്തിരി സംശയത്തോടെയാണ് വായിക്കാറ്. ‘കതാകാരി’യുടെ മറ്റൊരു കഥ പോലും വായിച്ചിട്ടില്ല എന്നതും വായനയെ വൈകിപ്പിക്കാൻ കാരണമായി. എന്നാൽ ‘കത’യുടെ വായന വിസ്മയിപ്പിക്കുന്ന അനുഭവമായി എന്നതാണ് നേര് . അത്രയ്ക്ക് പരിചിതമല്ലാത്ത കണ്ണൂർ ഭാഷയും പത്തമ്പതു വർഷം മുന്നത്തെ കാലവും ഒന്നും ഒരു തടസ്സമായല്ല, മറിച്ച് വായനയെ സന്തോഷകരമാക്കുന്ന അനുഭവമായാണ് മാറിയത്. മലയാള നോവൽ കൂടുതൽ ഭംഗിപ്പെടുന്നത് നേരിട്ടറിയുകയായിരുന്നു.
‘ആത്രേയകം’ വന്നപ്പോൾ അതുകൊണ്ട് വായന വൈകിയില്ല. ‘കത’ തന്ന വിസ്മയം അല്ല പുതിയ പ്രമേയവും മിഴിവാർന്ന ആഖ്യാനവും നൽകിയ ചാരുതയായിരുന്നു വായനയുടെ സാഫല്യം. മറ്റൊരു മഹാഭാരത കഥാ വ്യാഖ്യാനം കൂടി എന്ന സാധാരണത്വത്തെ ആത്രേയകം അതിലംഘിക്കുന്നത് പ്രമേയ പരിചരണത്തിലെ സൂക്ഷ്‌മതയാൽ തന്നെയാണ്.

Cover: Mathrubhumi Books
ഹിംസയും അധിനിവേശവും ക്രൗര്യവും പകപോക്കലുകളും നിറഞ്ഞ ഹസ്തിനപുരത്തിനും പാഞ്ചാലത്തിനും ഇന്ദ്രപ്രസ്ഥത്തിനും എല്ലാം സ്വാഭാവികമായും പുരുഷാധിപത്യത്തിൻ്റെ പ്രതീകങ്ങളാവാതെ വയ്യ. അംബയുടെ പ്രതികാരമോ കൃഷ്ണയുടെ വസ്ത്രാക്ഷേപത്തിനുള്ള ഉത്തരമോ ഗാന്ധാരിയുടെ ശാപമോ ഒക്കെ കഥാകാലക്ഷേപസംഘത്തിന് പാടിപ്പറയാനുള്ളവ മാത്രമാണ്, ഒന്നും പുരുഷാധിപത്യമൂല്യങ്ങൾക്കെതിരെയുള്ള ചോദ്യചിഹ്നങ്ങളേയല്ല. ഹിംസയുടെയും സാമ്രാജ്യത്തമോഹത്തിൻ്റെയും തുടർക്കഥകളിൽ പുരുഷാധിപത്യ രാജ്യങ്ങളുടെ പ്രതിനിധികളും കർത്താക്കളിൽ തന്നെ ചിലരും സ്ത്രീകൾ ആയെന്നും വരാം. കുന്തിയുടെ കുശാഗ്ര ബുദ്ധിയ്ക്ക് വേറെ അർത്ഥമൊന്നുമില്ല.
കേട്ടു പരിചയിച്ച മഹാഭാരത കഥയ്ക്ക് മലയാളത്തിൽ തന്നെ, മനോഹരമായ ഒരു കാവ്യ നോവൽ വ്യാഖ്യാനം ഉണ്ടായിട്ടുണ്ട്. ഷിജ വക്കത്തിൻ്റെ ‘ശിഖണ്ഡിനി’ ഇനിയും വേണ്ട രീതിയിൽ ചർച്ച ചെയ്യപ്പെട്ടില്ല എന്നതാണ് സത്യം. രാജശ്രീയുടെ നോവൽ ആകട്ടെ വ്യതിരിക്തമാവുന്നത്, ടിപ്പിക്കൽ ആയിപ്പോവുമായിരുന്ന ഫെമിനിസ്റ്റ് ആഖ്യാനത്തെ ‘ആത്രേയകം’ എന്ന ഭൂമികയുടെ സൃഷ്ടിയിലൂടെ പുതിയൊരു തലത്തിലേക്ക് ഉയർത്തുന്നു എന്നതിനാലാണ്.
ആത്രേയകം പോലെ ഒരു ഭൂമികയെ കണ്ടെത്തുന്നതിലൂടെയും അതിൻ്റെ ഭാഗധേയം നിർണയിക്കാൻ നിരമിത്രനെന്ന മൂന്നാം ലിംഗക്കാരനെ ( ?) (നാം ഇന്നോളം ശിഖണ്ഡിയെന്നോ ശിഖണ്ഡിനിയെന്നോ അവഹേളനം നിറഞ്ഞ സ്വരത്തിൽ പരിചയപ്പെട്ടു പോന്ന അതേ ആൾ തന്നെ ) നിയോഗിക്കുന്നതിലൂടെയും രാജശ്രീ മുന്നോട്ടു വയ്ക്കുന്നത് സ്ത്രൈണ രാഷ്ട്രീയത്തിൻ്റെ ഒരു ഭൂമികയെ വരച്ചിടൽ തന്നെയാവണം. സ്ത്രീയുടെയും പുരുഷൻ്റെയും ജീവിതം നിഷേധിക്കപ്പെടുന്ന ഒരാൾക്കല്ലാതെ മറ്റാർക്കാണ്, സ്ത്രീ പോലും പുരുഷാധിപത്യ മൂല്യങ്ങളുടെ സംരക്ഷകരാവാൻ വിധിക്കപ്പെടുന്ന ഹിംസാക്രാന്തമായ ഈ ലോകത്ത് അങ്ങനെയല്ലാത്ത ഒരു തുരുത്തിൻ്റെ വിധിയെ നിർണയിക്കുന്ന പ്രതീകമാവാൻ കഴിയുക! ദശാർണ്ണ രാജകുമാരി, ഉലൂപി, ചിത്രാംഗദ, ഹിഡിംബി ഇങ്ങനെ നോവൽ പുതിയ രൂപത്തിൽ അവതരിപ്പിക്കുന്ന സ്ത്രീ കഥാപാത്രങ്ങളുടെ മിഴിവ് സാധ്യമാക്കുന്നതു പൊലും നിരമിത്ര /ൻ എന്ന കഥാപാത്രമാണ് എന്നു പറയാമെന്നു തോന്നുന്നു.
ആത്രേയകം പുറന്തള്ളപ്പെട്ടവരുടെ, രോഗികളുടെ, മുറിവേറ്റവരുടെ അഭയകേന്ദ്രമാണ്. ശിഖണ്ഡിനിയെ ശിഖണ്ഡിയാക്കുന്ന കാട്ടു വൈദ്യത്തിനെപ്പറ്റി രാജസ്ഥാൻ നാടോടിപ്പാട്ടിൽ പരാമർശമുണ്ട് എന്ന് വായിച്ചിട്ടുണ്ട് ( യക്ഷൻ്റെ പൗരുഷം കടം കൊണ്ടെന്ന കഥാകാലക്ഷേപക്കാരുടെ പാട്ട് പണ്ടേ ആദിവാസികൾ ചോദ്യം ചെയ്തിട്ടുണ്ട് എന്ന് അർത്ഥം). സ്ത്രീയുടെയോ പുരുഷൻ്റെയോ വൈകാരിക ലോകം നിഷേധിക്കപ്പെടുന്ന നിരമിത്രൻ (നിരമിത്ര) അഭയാർത്ഥിയായും ചികിത്സാർത്ഥവും എത്തിച്ചേരുന്ന ആത്രേയകത്തെ അയാൾ മനസാ വരിക്കുന്നത് സ്വാഭാവികമായ ഒരു സ്വീകരിക്കൽ ആണ്. അധികാരത്തിൻ്റെ ലോകം ഹിംസയുടെയും പകയുടെയും ആയിരിക്കെ അതിൻ്റെ ഭാഗമാവുക അയാളുടെ ‘ പൗരുഷ രാഹിത്യ ‘ ത്തിന് ചേർന്നതല്ലല്ലോ. ഇളയെപ്പോലെ ഒരു കഥാ പാത്രത്തെ സൃഷ്‌ടിച്ചു കൊണ്ടാണ് രാജശ്രീ ‘ആത്രേയക’ മെന്ന സങ്കല്പ ഭൂമികയെ അഹിംസയുടെയും കരുണയുടെയും നിറവാർന്ന സ്‌ത്രൈണ രാഷ്ട്രീയ ലോകമാക്കി നിലനിർത്തുന്നത്.
‘പൗരുഷത്തിൻ്റെ അഭാവം’ കൊണ്ട് കരുണയും ആർദ്രതയും നിറഞ്ഞു പോകുന്ന നിരമിത്രൻ്റെ ജീവിതത്തിലെ ആകുലതകൾ മനുഷ്യാവസ്ഥയുടെ എക്കാലത്തെയും ദൈന്യതകൾ കൂടിയാണ്. കൃത്രിമമായ ഫെമിനിസ്റ്റ് മുദ്രാവാക്യങ്ങളിലേക്ക് കൂപ്പു കുത്താതെ മനുഷ്യാവസ്ഥയുടെ ദൈന്യതയിലേക്കു കൂടി ആത്രേയകം വെളിച്ചം പായിക്കുന്നു.

ഫീച്ചർ കവർ : സുധീർ Ma
പന്തളത്തിനടുത്ത് കുരമ്പാല സ്വദേശി. ഗണിതശാസ്ത്രത്തിലും പൊളിറ്റക്കല്‍ സയന്‍സിലും ബിരുദ/ബിരുദാനന്തര ബിരുദങ്ങള്‍. മുംബയില്‍ റയില്‍വേയില്‍ ജോലി. ചര്‍ച്ച്ഗേറ്റില്‍ താമസം. ആനുകാലികങ്ങളില്‍ കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

















