ഒരു തിര
ഉയർന്നുയർന്ന്
ഇരുകൈകളായിപ്പിരിഞ്ഞ്
മേഘത്തെപ്പിടിച്ച്
ഒലുമ്പിപ്പിഴിഞ്ഞ്
താഴോട്ട്
നീലത്തിൽ മുങ്ങി വെളുത്ത നുരകളായിപ്പിരിഞ്ഞ്
മണലിൻ്റെ കാല്ക്കലേക്ക്.
കരയുടെ ദൃഷ്ടി അവസാനിക്കുന്നിടത്ത്
ചുവന്ന മത്സ്യങ്ങൾ
വായുവിൽ പറ്റിപ്പിടിച്ച്
വാനിലൂടെ നീന്തുന്നു.
ഇരമ്പുന്ന ഇളക്കത്തിൻമേൽ
ഒരു പക്ഷി
അതിൻ്റെ താക്കോൽക്കൂട്ടം
ഉടഞ്ഞ തിരയിലേക്കാഴ്ത്തുന്നു.
കവർ : സി പി ജോൺസൻ
സ്വദേശം പാലക്കാട് ജില്ലയിലെ വാടാനാം കുറുശ്ശി. കൃതികൾ: നിശ്ചലം,അമര താരകം, ആടുകളുടെ വാതിൽ (കവിതാ സമാഹാരം), കിനാവനം (കുട്ടികൾക്കുള്ള നോവൽ)
ഇടശ്ശേരി അവാർഡും പൂർണ്ണ - ആർ.രാമചന്ദ്രൻ കവിതാ പുരസ്കാരവും നേടിയിട്ടുണ്ട്.
കവിതകൾ മാതൃഭൂമി, ഭാഷാപോഷിണി, ജയകേരളം, സമകാലീന മലയാളം, കലാകൗമുദി, ദേശാഭിമാനി, മാധ്യമം മുതലായ പ്രമുഖ പ്രസിദ്ധികരണങ്ങളിൽ വന്നിട്ടുണ്ട്.
കവിതകളുടെ ഇഗ്ലീഷ് പരിഭാഷകൾ
ഇന്ത്യൻ ലിറ്ററേച്ചറും, മലയാളം ലിറ്റററി സർവ്വേയും, മ്യൂസ് ഇന്ത്യയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
തിരൂർ തുഞ്ചൻ സ്മാരകത്തിലെ മാനുസ്ക്രിപ്റ്റ് റിസോഴ്സ് സെന്ററിൽ (നാഷണൽ മാനുസ്ക്രിപ്റ്റ് മിഷൻ) സ്കോളറായി ജോലി നോക്കിയിട്ടുണ്ട് .

















