പൂമുഖം LITERATUREകവിത സ്വന്തം ചിത്രം വരയ്ക്കുമ്പോൾ

സ്വന്തം ചിത്രം വരയ്ക്കുമ്പോൾ

അരികിലാരുമില്ലാത്ത നേരം
ഓർമയിൽ നിന്നെന്നെ കടലാസിലേക്ക്
പകർത്താൻ ശ്രമിച്ചു!

മുഖം വരയ്ക്കാൻ തുടങ്ങുമ്പോൾ
മുഖം കുനിച്ചു നിൽക്കേണ്ടിവന്ന

നിരാശകൾ കണ്ണുകളിൽ നിറഞ്ഞു!
കാതു വരയ്ക്കുമ്പോളതിൽ
കുത്തുവാക്കുകളുടെ
മുള്ളുകൾ തറഞ്ഞു!

കനവുകൾ നീന്തിത്തുടിക്കട്ടെ
മത്‍സ്യമായ്
കണ്ണുകൾക്ക് കടലാഴങ്ങൾ
നൽകി

നിറവേറാതെപോയ
സ്വപ്നമൊക്കെയുമതിൽ
ചിപ്പിക്കുള്ളിലെ
മുത്തു പോലെ തിളങ്ങുന്നു!

കൈകൾ വരയ്ക്കുമ്പോൾ
കൈവിട്ടുപോയതൊക്കെയും
കൈക്കലാക്കുവാനുള്ള മോഹം
കൈകൾരണ്ട്പോരെന്ന് പറഞ്ഞു,
രണ്ടെണ്ണമധികംവരഞ്ഞു!

നെഞ്ചു വരയുമ്പോളതിനുള്ളിൽ
പ്രണയം കൂട്ടിലകപ്പെട്ട കിളിയായി
ചിറകിട്ടടിക്കുന്നു!

കാലുകൾ വരയുമ്പോൾ
കനൽപഥങ്ങളിൽ നടന്നു
വെന്തതിൻചൂര്

ചുറ്റിലും
പരക്കുന്നു!
പഴുപ്പിച്ചു മൂർച്ചകൂട്ടിയ
ഇരുമ്പായുധം പോലെ
വിരലുകൾ ജ്വലിക്കുന്നു!

ചിത്രം
പൂർത്തിയാക്കുംമുൻപേ
കാലുകൾ നെഞ്ചിലേക്ക് മടക്കിവച്ച് ,
കൈകൾ നാലും
ചിറകുകളായി വീശിയൊരു പക്ഷി
അകലേക്ക്‌ പറന്നു പോകുന്നു.

കവര്‍: വിത്സണ്‍ ശാരദ ആനന്ദ്‌

Comments

You may also like