പൂമുഖം LITERATUREകവിത നമ്മൾ പ്രണയികൾ

നമ്മൾ പ്രണയികൾ

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

കൂടെയുള്ളവരൊക്കെ ഉറങ്ങിക്കഴിഞ്ഞാൽ പാതിരാത്രിയിൽ എനിക്ക് കൈകളിൽ തണുപ്പ് തോന്നിത്തുടങ്ങും
പുൽനാമ്പുകൾപോലെ
തൂവൽ പൊടിച്ചു പൊന്തും
രണ്ട് കൈകളും തൂവൽ കൊണ്ട് നിറയുമ്പോഴേക്കും ഞാനൊരു പക്ഷിയായി മാറും
ജനവാതിൽ പഴുതിലൂടെ അരിച്ചിറങ്ങുന്ന വെളിച്ചത്തിലേക്ക് പാറിപ്പറക്കും

പറന്നു, പറന്നു ഞാനെത്രയോ തവണ നിന്റെ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ വന്നിരുന്നിട്ടുണ്ട്

ഉണക്കാനിട്ട നിന്റെ വസ്ത്രങ്ങളിൽ കൊക്കുരസിയിട്ടുണ്ട്

എല്ലാ പറക്കങ്ങൾക്ക് മുൻപും
എന്റെ സ്വപ്നങ്ങളിൽ
നിന്റെ മുറിയുടെ തുറന്നിട്ട ജനൽ വാതിലുകളുണ്ടായിരുന്നു

ഒരിക്കലും നിന്റെ
മുറിയുടെ വാതിലുകൾ തുറന്നു കാണാനെനിക്ക് ഭാഗ്യമുണ്ടായില്ല

ഉണങ്ങാനിട്ട വസ്ത്രങ്ങളും,
ഫ്‌ളവർ ബേസിലെ വാടാത്ത ചെടിയും,
പൊടി പിടിക്കാത്ത
ജനൽ ചില്ലുകളും
നീ അവിടെ ഉണ്ടെന്നതിന് തെളിവായിരുന്നു

നീ വർഷങ്ങൾക്ക് മുൻപ് മരിച്ചു പോയെന്നും അവിടെ വേറെ ആരോ ആണ് താമസമെന്നും
തെളിവ് സഹിതം ഒരാളിന്നലെ സമർത്ഥിച്ചു

നിനക്ക് വേണ്ടി ഇന്നും
എന്റെ കൈകളിൽ തൂവലുകൾ മുളക്കുന്നു

എന്റെ സ്വപ്നത്തിൽ നിന്റെ മുറിയുടെ തുറന്ന
ജനൽ വാതിലുകളാണിപ്പോൾ


ജനവാതിലുകൾ തുറന്നിട്ടുണ്ടെങ്കിൽ
ഞാൻ നിന്നെ പ്രതീക്ഷിച്ചു മുറിയിൽ പ്രവേശിക്കും
നീ അവിടെ തന്നെ ഉണ്ടാകും എന്നെനിക്കുറപ്പുണ്ട്
മരിച്ചു പോയത് കൊണ്ട് നീയവിടെയില്ലാതിരിക്കാൻ
നമ്മളൊന്നിച്ചു ജീവിച്ചവരല്ലല്ലോ
പ്രണയിക്കുന്നവരല്ലേ.

കവർ : ജ്യോത്സ്ന വിത്സൺ

Comments
Print Friendly, PDF & Email

You may also like