“ജീവിതത്തിനു ഒരുപാട് കുഴമറിച്ചിലുകളുണ്ട് സഖാവേ, നാമറിയാതെ നമ്മെയപ്പടി ഉടച്ചു വാർത്ത് കളയുന്ന ഒരുതരം മാസ്മരിക ശക്തി. ഈ പുത്തൻ അതിഭൌതിക വാദികളൊക്കെ പറയുന്ന പോലുള്ള ചില സംഗതികൾ. ഒരുവേള സ്വയമുൾക്കൊള്ളാൻ പോലും പ്രയാസം തോന്നുന്ന മാറ്റങ്ങൾ. എനിക്കങ്ങനെ തോന്നിയിട്ടുണ്ട്, ഞാനെത്ര മാറിപ്പോയെന്ന്, ചിന്തയിൽ, പ്രവർത്തികളിൽ, സംസാരത്തിൽ ശീലങ്ങളിൽ പെരുമാറ്റത്തിൽ അങ്ങനെ അടിമുടി പഴയ എന്നെ പറിച്ചെറിഞ്ഞു കളഞ്ഞിരിക്കുന്നു കാലം. ഇപ്പോൾ ചിലപ്പോഴൊക്കെ പഴയ ചില കൂട്ടുകാരുടെ ആശ്ചര്യങ്ങളിൽ ഭൂതകാലം എന്നെ നോക്കി ചിരിക്കാറുണ്ട്, അപ്പോഴാണു ഞാൻ ഒരുപാട് മാറി എന്ന് എനിക്ക് തന്നെ അനുഭവപ്പെടുന്നത് . “ സുധീർ പറഞ്ഞു നിർത്തിയ നിശബ്ദതയെ ആകാശം ഒരു ഇടിമുരൾച്ച കൊണ്ട് പൂരിപ്പിച്ചു. ഒരു ചെറുമിന്നൽ അവരെ വിണ്ടും ലോകത്തിനു കാട്ടിക്കൊടുത്തു. അവർക്ക് മുകളിൽ വിരിഞ്ഞു നിന്ന ആകാശം ചില ചെറുതുള്ളികൾ അനുഗ്രഹിച്ചെന്നോണം അവർക്ക് മേൽ വീഴ്ത്തി.
യോഗം ആരംഭിക്കുമ്പോൾത്തന്നെ സൂര്യൻ ചാഞ്ഞു തുടങ്ങിയിരുന്നു , കഴിയുമ്പോഴേയ്ക്കും ഇരുട്ടിനു നന്നായി കട്ടികൂടിയിട്ടുണ്ടായിരുന്നു, പോരാത്തതിനു മഴയുടെ പുറപ്പാടും. അഞ്ചു മണിയ്ക്കെന്ന് സമയം പറഞ്ഞാലും, ആറു മണിക്കേ എല്ലാവരും എത്തൂ, എത്തിയാൽ തന്നെ മറ്റു പല വർത്തമാനങ്ങളും കുശലങ്ങളും കഴിയുമ്പോൾ പിന്നെയും വൈകും. പക്ഷേ സമയം പറഞ്ഞാൽ അതിനെത്തണമെന്ന് നിർബന്ധക്കാരാണു, സഖാവ് ജയദേവനും, സഖാവ് സുധീറും. അവിടെ അവർ തമ്മിലുള്ള സാമ്യം അവസാനിക്കുന്നു, പിന്നെ പറയാവുന്നത് പ്രത്യയശാസ്ത്രത്തോട് രണ്ട് പേർക്കുമുള്ള കൂറ് മാത്രമാണു. രണ്ട് തലമുറകളെ പ്രതിനിധീകരിക്കുന്നവരാണു അവർ. ഒരാൾ ഇന്ത്യയൊന്നാകെ വിപ്ലവത്തിരമാലകൾ ആഞ്ഞടിച്ചുയർന്ന , യുവാക്കളുടെ സിരകളിൽ ലഹരി പോൽ വിപ്ലവം നുരഞ്ഞ വസന്തകാലത്തിന്‍റെ പരാജിതനായ എന്നാൽ തളരാത്ത പ്രതിനിധി, മറ്റെയാൾ അതേ വിപ്ലവവും, ആവേശവും കാലഹരണപ്പെട്ട , സ്വാർത്ഥത്തിനുമപ്പുറത്തേയ്ക്ക് ചിന്തകൾ പടരാത്ത പുതിയ കാലത്തിന്‍റെ പ്രതിനിധിയും.
അവരുടേത് ഒരു ചെറിയ സംഘടനയാണ്, പല തുറകളിൽ നിന്ന്, അനുഭവങ്ങളും ആർജ്ജിച്ചെടുത്ത അറിവുകളും പേറി, നിലവിലുള്ള ജീർണ്ണതകളോടും, യാഥാസ്ഥിതികതകളോടും കലഹിച്ചു പുറത്ത് വന്നവർ. അതിൽ പല തരക്കാരും പ്രായക്കാരുമുണ്ട്, ജയദേവനെപ്പോലെ വർഷങ്ങളുടെ പോരാട്ട പാരമ്പര്യമുള്ളവരും, സുധീറിനെപ്പോലെ താരതമ്യേന തുടക്കക്കാരും, സുധാകരനെപ്പോലെ പാർട്ടിയോടൊപ്പം സ്വന്തം പാർട്ടിക്കുടുംബം കൂടെ വിട്ടവരും, ദേവനെപ്പോലെ ഇപ്പോഴും പഴയ പാർട്ടിയുടെ സ്ഥാപനങ്ങളിലൊന്നിൽ തന്നെ ജോലി ചെയ്യുന്നവരും. ചുരുങ്ങിയ കാലത്തിനുള്ളിൽത്തന്നെ ചുറുചുറുക്കുള്ള , പോരാട്ടവീര്യമുള്ള , വ്യത്യസ്തരായ ഒരു സംഘടന എന്ന പേരു നേടിയെടുക്കാൻ അവർക്ക് സാധിച്ചു. അതിൽ വലിയൊരു പങ്ക് ജയദേവനുണ്ടായിരുന്നു, നഗരം മുഴുവൻ, പലപ്പോഴും നഗരത്തിനു പുറത്തും , മറ്റു ജില്ലകളിലും അങ്ങനെ അറിയാനിടവരുന്ന പ്രശ്നങ്ങളിലൊക്കെ ഓടി നടന്ന് ഇടപെട്ടും പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും സംഘടിപ്പിച്ചും വാടകയ്ക്കെടുക്കുന്ന ചെറിയൊരു മെഗാഫോണിൽ പ്രസംഗിച്ചും കവിത ചൊല്ലിയും അയാൾ നിറഞ്ഞു നിന്നു, ഒപ്പം സംഘടനയിൽ മറ്റംഗങ്ങളും കഴിയുന്ന വിധത്തിൽ അയാളെ പിന്തുണച്ചു. സത്യത്തിൽ അയാളുടെ പഴയ ക്ഷുഭിതയൌവ്വനത്തിന്‍റെ അവശേഷിക്കുന്ന കനലുകളുടെ, ഏറെ നാൾ ചാരം മൂടിക്കിടന്ന, ഒരിക്കലും കെടാതിരുന്ന , ആ കനലുകളുടെ ഊർജ്ജമായിരുന്നു അത്.
സുധീർ ഒരു സാദാ മധ്യവർഗ്ഗ, കുടുംബത്തിലെ കുട്ടിയാണ്, അച്ഛന്‍റെ പോലീസ് ചിട്ടകൾ സ്വാധീനിച്ച ബാല്യം, പക്ഷേ കൌമാരത്തിലേയ്ക്ക് കാലെടുത്ത് വച്ചയുടൻ കുതറാൻ തുടങ്ങി. ചുറ്റുമുള്ള ഇഷ്ടക്കേടുകളോട് ഏറ്റവും രൂക്ഷമായി, അക്രമാത്മകമായി പ്രതികരിക്കുക എന്നതായിരുന്നു ആ കൌമാരക്കാരന്‍റെ ശീലം, പിന്നീട് ഒരു വിദ്യാർത്ഥി സംഘടനയിൽ അംഗമായിരുന്നപ്പോൾ ഇതേ അക്രമാത്മകത അവർ നന്നായി ഉപയോഗപ്പെടുത്തി. എത്രത്തോളം നിഷേധിയായിരിക്കുമ്പോഴും പഠനത്തിൽ വീഴ്ചവരുത്താതിരിക്കാൻ ശ്രദ്ധിച്ചിരുന്ന സുധീർ പക്ഷെ ഡിഗ്രി ഫൈനൽ പരീക്ഷയ്ക്ക് ഒരു മാസം മുമ്പ് കോളേജിൽ നിന്ന് പുറത്താക്കപ്പെട്ടു, പാർട്ടിയും അവനെ തള്ളിപ്പറഞ്ഞു, ചെയ്യാത്ത കുറ്റത്തിന്. അവിടെ തീരേണ്ടതായിരുന്നു, സുധീറെന്ന ചെറുപ്പക്കാരന്‍റെ നല്ല ജീവിതം, ഒന്നുകിൽ ഒരു പൂർണ്ണമായ തെമ്മാടിയായി മാറാമായിരുന്ന സുധീർ , അവിശ്വസനീയമാം വിധം സൌമ്യമായ തന്‍റെ പിതാവിന്‍റെ ഇടപെടൽ കൊണ്ടാണു തിരിച്ച് പഠനത്തിലേയ്ക്ക് വന്നത്. നേരത്തെ നല്ല വായനാശീലമുണ്ടായിരുന്ന അവൻ കൂടുതൽ ആഴത്തിൽ വായിക്കാൻ തുടങ്ങി, ഒന്നെന്ന് തൊട്ട് പഠനം തുടങ്ങി, ഇപ്പോൾ യൂണിവേഴ്സിറ്റിയിൽ പിജി വിദ്യാർത്ഥിയായിരിക്കുന്നു. ഇടയ്ക്ക് യൂണിവേഴ്സിറ്റിയിലെ ഒരു സംഭവത്തിൽ ഇടപെട്ട വക്കീൽ സുഹ്രുത്ത് വഴിയാണ്, സുധീർ സംഘടനയിലേയ്ക്കെത്തിയത്. സംഘടനയിലെത്തി അധികം വൈകാതെ തന്നെ ജയദേവനുമായി സഹോദരതുല്യമായ അടുപ്പത്തിലാവുകയും ചെയ്തു.
രാത്രി പടരുകയായിരുന്നു, മഴയും. ജയദേവനു തന്‍റെ നാട്ടിലേയ്ക്ക് തിരിച്ചു പോകാനുള്ള ബസ് നേരത്തേ തന്നെ പോയിക്കാണും. അന്ന് സുധീറിന്‍റെ വീട്ടിൽ തങ്ങാമെന്ന് നേരത്തേ പറഞ്ഞത് കൊണ്ട് അക്കാര്യത്തിൽ ഉത്കണ്‍ഠപ്പെടേണ്ടതുമില്ലായിരുന്നു.
“സഖാവിനു ആ പോലീസുകാരനെ ഇപ്പോഴും ഓർമ്മയുണ്ടോ?” സുധീറിന്‍റെ അപ്രതീക്ഷിതമായ ചോദ്യം ജയദേവനെ ഒന്നുലച്ചു. ഉള്ളിൽ കുഴിച്ചു മൂടിയ ഭൂതകാലത്തിലെ കനലുകൾ കണ്ണുകളിൽ ഒന്നാളി, ഒരു നിമിഷനേരത്തേയ്ക്ക് മാത്രം. വീണ്ടും അവിടെ സൌമ്യത നിറഞ്ഞു, പക്ഷേ പകയോ, അതിന്‍റെ നിരാസമോ എന്ന് തിരിച്ചറിയാനാകാത്ത ശബ്ദത്തിൽ അയാൾ മുരണ്ടു “ഉണ്ട്”. ആഴത്തിലുള്ള ഓർമ്മകളിൽ സ്വയം പെട്ടുപോയതുകൊണ്ടാവാം, സുധീറിന്‍റെ ഭാവപ്പകർച്ച ജയദേവൻ കണ്ടില്ല. അയാൾ അന്നത്തെ ആ സമരഭൂവിലായിരുന്നു, ആദിവാസി കയ്യേറ്റങ്ങളെ സർക്കാർ തല്ലിയൊതുക്കിയ ആ ദിവസം അയാൾ പാർട്ടിയ്ക്ക് വേണ്ടി അവിടെയുണ്ടായിരുന്നു. ഒപ്പം ഗർഭിണിയായ ഭാര്യയും സഖാവുമായ ആനിയും, അയാളും പാർട്ടിയും ആയവസ്ഥയിൽ പോകേണ്ട എന്ന് പറഞ്ഞിട്ടും കേൾക്കാതെ ആ ഉശിരൻ സമരത്തിൽ പങ്ക് ചേരാൻ അവളും ചാടിയിറങ്ങി. തുടക്കം മുതലേ ആവേശം നിറഞ്ഞ സമരം , അക്രമത്തിലേയ്ക്ക് തിരിഞ്ഞത് പെട്ടെന്നായിരുന്നു, പ്രകോപനത്തിനു കാത്തു നിന്ന പോലീസ് അവർക്കിടയിലേയ്ക്കിരച്ച് കയറി, നേരത്തേ നോട്ടപ്പുള്ളിയായിരുന്ന, ജയദേവനെ തല്ലിയൊതുക്കാൻ അവർക്ക് രഹസ്യനിർദ്ദേശങ്ങളുണ്ടായിരുന്നു. ലാത്തി കൊണ്ടും , കൈകൊണ്ടുമുള്ള അടിയേറ്റു ചോരയോലിപ്പിച്ച നിന്ന ജയദേവനെ മറ്റു സഖാക്കളോടൊപ്പം ആനിയും പൊതിഞ്ഞു നിന്നു. അവളെ പിടിച്ചു മാറ്റാൻ വന്ന വനിതാപോലീസുകാർക്കെതിരെ ഒരു പെൺപുലിയെപ്പോലെ അവൾ ചീറി, മുഖത്ത് തുപ്പി .അപ്പോഴാണ് അതിലൊരു പോലീസുകാരൻ ആനിയെ ചവിട്ടിയത്, ഒന്നോ രണ്ടോ തവണയല്ല, അരിശം തീരുന്ന വരെ നിലത്തിട്ട് അയാളവളെ ചവിട്ടിക്കൂട്ടി, കൂടെയുള്ളവർ തടഞ്ഞിട്ടു പോലും എന്തോ ഉന്മാദാവസ്ഥയിലെന്നോണം, അലറിവിളിച്ചു കൊണ്ട് അയാളത് തുടർന്നു. രക്തം വാർന്ന് അവശനിലയിലാണ്, ആനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്, അധികം വൈകാതെ അവൾ മരിച്ചു. അപ്പോഴും അബോധാവസ്ഥയിൽ കിടന്നിരുന്ന ജയദേവനെ അറിയിക്കാതെ പാർട്ടിയുടെ തന്നെ കാർമ്മികത്വത്തിൽ സംസ്കാരം നടന്നു, എന്നെന്നും ചില്ലിട്ട് തൂക്കാൻ പാർട്ടിയാപ്പീസിൽ ഒരു വനിത രക്തസാക്ഷിയുമായി. കുറച്ചു കാലം കേസും ബഹളവുമൊക്കെ നടന്നെങ്കിലും പിന്നീട് എല്ലാം ശാന്തമായി കുറേക്കാലം സസ്പെൻഷനിലും പിന്നെ കുറേക്കാലം ലീവിലുമായിരുന്ന ആ പോലീസുകാരൻ ഇപ്പോഴെവിടെയാണെന്ന് പോലും ആർക്കുമറിയില്ല.
“നമുക്ക് പോവാം സഖാവേ, മഴ കുറഞ്ഞു” , ജയദേവൻ ഓർമ്മകളിൽ നിന്നുണർന്നു. എങ്കിലും അപ്പോഴും ആരോ പിടിച്ചു വലിക്കുന്ന പോലെ, അയാൾ സുധീറിനു പിന്നാലെ നടന്നു. സുധീറിന്‍റെ വീടെത്തിയപ്പോഴേയ്ക്കും നന്നായി ഇരുട്ടിയിരുന്നു, ആ കുഗ്രാമത്തിനു ചേർന്ന വിധം, ഒരു ചെറിയ പഴയ വീട് അവരെ സ്വാഗതം ചെയ്തു. തൊട്ടടുത്തുള്ള കുളത്തിൽ നിന്നും കുളിച്ചു വന്നപ്പോഴേയ്ക്കും അമ്മ അവർക്ക് മുന്നിൽ ചൂട് ചോറും മുളകിട്ട മീൻ കറിയും നിരത്തി. ജയദേവൻ സുധീറിന്‍റെ അച്ഛനെ അന്വേഷിച്ചു , അച്ഛൻ കിടക്കുകയാണെന്ന് അമ്മയും മകനും ഒരേ സ്വരത്തിലാണു പറഞ്ഞത്. ഭക്ഷണം കഴിക്കുന്നതിനിടയിലും ഒരു റിട്ടയേഡ് സർക്കാർ ജീവനക്കാരന്‍റെ വീടിനു ഇത്രയും ലാളിത്യമോ എന്ന് ജയദേവൻ അദ്ഭുതപ്പെടുന്നുണ്ടായിരുന്നു.
കാലത്ത് എഴുന്നേറ്റ് , അപ്പവും തലേന്നത്തെ മീൻ കറിയും കഴിച്ച് ഇറങ്ങാനൊരുങ്ങുമ്പോൾ ജയദേവൻ വീണ്ടും അച്ഛനെ അന്വേഷിച്ചു. സുധീർ അച്ഛൻ കിടക്കുന്ന റൂം കാണിച്ചു കൊടുത്തു. കഴിഞ്ഞ കുറേ വർഷങ്ങളായി തളർന്നു കിടപ്പാണ് അവൻ പറഞ്ഞു. ജയദേവൻ അകത്തേയ്ക്ക് കയറി, കട്ടിലിൽ കിടക്കുന്ന ശോഷിച്ച രൂപത്തെ നോക്കി, നോട്ടം കണ്ണുകളിലെത്തിയപ്പോൾ ഒരു മിന്നൽ പോലെ അയാളുടെ കണ്ണുകൾ ജ്വലിച്ചു, മുഷ്ടി ചുരുട്ടി,മുന്നോട്ടാഞ്ഞു. ആ മുഖം മരിച്ചാലും മറക്കാനാവാത്ത വിധം അയാളുടെ മനസ്സിൽ കൊത്തിവച്ചിരിക്കയായിരുന്നു. പക്ഷേ കട്ടിലിൽ കിടക്കുന്ന ആ രൂപത്തിന്‍റെ കണ്ണുകളിൽ നിന്ന് രണ്ട് വശത്തേയ്ക്കും ഒഴുകിയിറങ്ങിയ നീർച്ചാലുകളും, വിതുമ്പുന്ന ചുണ്ടുകളും ഒപ്പം തീർച്ചയായും മനസ്സിൽ തെളിഞ്ഞ സുധീറിന്‍റെ മുഖവും അയാളെ പിന്തിരിപ്പിച്ചു. അയാൾ പതുക്കെ അടുത്തു ചെന്നു , കിഴവൻ, ഒരുപക്ഷേ അയാൾക്കത്രയും പ്രായമൊന്നുമില്ലെന്നും വരാം, ജയദേവനോട് ഇരിക്കാൻ ആംഗ്യം കാണിച്ചു, ഉള്ളുപുകയുന്ന രോഷവും, ഒന്നും ചെയ്യാനാവാതെ പോകുന്നതിലുള്ള സങ്കടവും ഉള്ളിലൊതുക്കി ജയദേവൻ ഇരുന്നു.
ആ പഴയ പോലീസുകാരൻ ദയനിയമാം വണ്ണം കഴുത്ത് തിരിച്ച് എന്തോ ആംഗ്യം കാട്ടി, അവ്യക്തമായി എന്തോ പറഞ്ഞു. മനസ്സിലായത് വച്ച് ജയദേവൻ അയാളുടെ തലയിണയ്ക്കടിയിൽ നിന്നും ഒരു പഴയ കത്ത് പുറത്തെടുത്തു. അത് ഒരർത്ഥത്തിൽ , ഒരാത്മഹത്യാക്കുറിപ്പായിരുന്നു, മരിക്കാനുറച്ച ഒരാൾ എന്നാൽ അതിനു കഴിയാതെ പോയ ഒരുവൻ ജയദേവനെ സംബോധന ചെയ്തുകൊണ്ടെഴുതിയ കത്ത്. അതിലെ വരികളിൽ പോലീസുകാരനാവാൻ ആഗ്രഹിക്കാതെ പക്ഷേ നിവൃത്തികേടു കൊണ്ട് അതായിപ്പോയവന്‍റെ നിസ്സഹായമായ ഒത്തുതീർപ്പുകളൂണ്ടായിരുന്നു, പരിശീലനകാലത്ത് തുടങ്ങി സർവ്വീസിലുടനീളം കേള്‍ക്കുന്ന തെറികളുണ്ടായിരുന്നു, മാനുഷികമായ എന്തും കഴിവുകേടായി വ്യാഖ്യാനിക്കുന്ന അതിന്‍റെ പേരിൽ നിരന്തരം പരിഹസിക്കപ്പെടുന്ന ഒരുവന്‍റെ ആത്മസങ്കടങ്ങളുണ്ടായിരുന്ന, സ്വമേധയാ തെരെഞ്ഞെടുക്കാത്ത ഒരു നിമിഷത്തിൽ പ്രകോപിതനായിപ്പോയവന്‍റെ കുറ്റബോധമുണ്ടായിരുന്നു. മരണം കൊണ്ട് മാപ്പ് ചോദിച്ചെഴുതിയ ഒരു കത്ത്. എന്നിട്ടും എന്തെല്ലാമോ കാരണങ്ങളാൽ മരിക്കാതെ ഈയൊരു നിമിഷത്തിനു വേണ്ടി കാത്തുകിടക്കേണ്ടി വന്ന ആ മനുഷ്യന്‍റെ കിടപ്പ് ജയദേവനെ തൊട്ടു ,അയാൾ സ്വയം കണ്ണുകൾ തുടച്ചു, പിന്നെ ആ മനുഷ്യന്‍റേതും . ആ കൈകൾ കൂട്ടിപ്പിടിച്ചു , കണ്ണുകളിൽ കുറച്ച് നേരം നോക്കിനിന്നു, പിന്നെ, പിടിച്ച കൈകൾ ഒന്നുകൂടെ മുറുക്കി, വീണ്ടും നിറഞ്ഞ കണ്ണുകൾ കൊണ്ട് നിശബ്ദമായി യാത്രപറഞ്ഞ് അയാൾ പുറത്തേക്കിറങ്ങി.
പുറത്ത് വാതിലിന്‍റെ വശത്തെ ചുമരു ചാരി സുധീറുണ്ടായിരുന്നു, അവന്‍റെ കണ്ണിൽ നിന്നും ധാരയായി കണ്ണുനീരൊഴുകി, അകത്ത് അമ്മ കണ്ണുകൾ തുടയ്ക്കുന്നു. “ നമുക്കിറങ്ങാം സഖാവേ, വൈകണ്ട” ഇടറിയ ശബ്ദത്തിൽ പറഞ്ഞു കൊണ്ട് സുധീർ ഇറങ്ങി നടന്നു. പിറകെ തിരിഞ്ഞു നോക്കാതെ ജയദേവനും, ദൂരെ പൂത്ത് നിന്നൊരു ചെമ്പകം ഒന്നിച്ച് നീങ്ങുന്ന ആ സഖാക്കളെ നോക്കി നിന്നു, കാലം രണ്ട് വഴിയ്ക്ക് ഒരുമിച്ച് ചേർത്ത ആ ഇരകളെ.