ദേശിയ ഇടതു പാര്‍ട്ടികള്‍ക്കും ഈ തെരഞ്ഞെടുപ്പ് നിര്‍ണ്ണായകമാകും, കോണ്‍ഗ്രസ് പാര്‍ട്ടിയെക്കാളും. കാരണം ഒരു ജയം, ഇന്നത്തെ ചുറ്റുപാടില്‍, ഇടതന്മാരെ ദേശീയമായി നിവര്‍ന്നു നില്ക്കാന്‍ സഹായിക്കും. പരാജയം, പടുകുഴിയിലേക്കുള്ള ചൂണ്ട് പലകയുമാകും ഇന്നത്തെ അവസ്ഥയില്‍, കോണ്‍ഗ്രസിന് പരാജയം പുതുമയാവില്ല.. ബി. ജെ പിക്കാവട്ടെ, ഒരു സീറ്റിലെ ജയം പോലും സ്വന്തം ഹിന്ദുത്വ രാഷ്ടീയത്തെ സാധൂകരിക്കുന്ന നേട്ടമാകും. .
ഈ സാഹചര്യത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് നോക്കിക്കാണുന്ന ആര്‍ക്കും മനസിലാകുന്ന ഒരു കാര്യം, ഒരു പാര്‍ട്ടിയുടെ പരിപാടികളും, അതിന്‍റെ നേതാക്കളുടെ, ആ പരിപാടി നടപ്പാക്കാനുള്ള പ്രാപ്തിയും തമ്മില്‍ ഒരുപാട് അകലം ഉണ്ട് എന്നുള്ളതാണ്. പൊതുവെ എല്ലാവര്‍ക്കും സമ്മതമായ വികസനം എന്ന പരിപാടിപോലും, ആരുടെയെങ്കിലും കൈയില്‍ സുരക്ഷിതമാണ് എന്ന് വോട്ടര്‍മാര്‍ കരുതുന്നില്ല .
കോണ്‍ഗ്രസിന്‍റെ വികസനം, നേതാക്കളുടെ വികസനത്തില്‍ കൂടിയേ വരൂ എന്ന് അവരുടെ ഇതേവരെയുള്ള പ്രവര്‍ത്തനങ്ങള്‍ കാണിക്കുന്നു. ഇടതുകാരാകട്ടെ, സ്ഥിരം പല്ലവി ചില മേമ്പോടികളോടെ അവതരിപ്പിക്കുന്നേ ഉള്ളു. അവരുടെ ‘എല്ലാം ശരി ആകും’ എന്ന പരസ്യവാക്യം പോലെ ദുര്‍ബലം ആണതും. ബി.ജെ.പി അക്കൗണ്ട് തുറക്കാനാണോ–ഭരിക്കാന്‍ ആണോ ശ്രമിക്കുന്നത് എന്ന് ചിലപ്പോഴെങ്കിലും, ചിലര്‍ക്കെങ്കിലും സംശയം ഉണ്ടാകുന്നു. ഗുജറാത്ത് വികസനങ്ങളോ, അവരുടെ ഹിന്ദുത്വ അജണ്ടയോ മലയാളികള്‍ സീരിയസ് ആയി എടുത്തു എന്നതിന് ഇതുവരെ ഒരു തെളിവും ഇല്ല.
വലിയ പ്രതീക്ഷ നല്‍കുന്നവരായി നേതാക്കളില്‍ ആരെയും കാണുന്നില്ല.. ഐക്യ ജനാധിപത്യ മുന്നണി ജയിച്ചാല്‍ ഉമ്മന്‍ ചാണ്ടി തന്നെ മുഖ്യമന്ത്രി ആകുമെന്ന് ഉറപ്പില്ല. വികസന നായകന്‍ തന്നെ അറിയാവുന്ന എല്ലാ വികസന പദ്ധതികളും തുടങ്ങി–കേരളത്തെ 70 കളില്‍ നിന്ന് 80 കളിലേക്ക് കൊണ്ടുവരുന്നവ എന്ന്‍ സാമാന്യമായി പറയാം. 2010 കളിലേക്ക് ഇനിയും പോകാനുണ്ട് ബഹുദൂരം. ഇടതു മുന്നണിയുടെ പടക്കുതിര ആകട്ടെ 90 കഴിഞ്ഞെ ങ്കിലും ഇനിയും ഒരു അങ്കത്തിനു ബാല്യമുണ്ട് എന്ന വിശ്വാസത്തില്‍ ആണ്. തൊട്ടു പിന്നാലെ നടക്കുന്ന രണ്ടാം പടക്കുതിരയ്ക്ക്, എല്ലാം ശരി ആക്കാം എന്ന മട്ടും ഭാവവുമാണ്. ഹിന്ദുത്വക്കാര്‍ അധികാരത്തില്‍ എത്തുമെന്ന് ആരും കരുതുന്നില്ലെന്നത് കൊണ്ട് അവരെ നമ്മള്‍ ‘അക്കൗണ്ട് തുറക്കാന്‍’ വിടുന്നു.
ആകെപ്പാടെ ഇടതു വലതു നേതാക്കളെ നോക്കുമ്പോള്‍ തോന്നുന്നത്, ഇവര്‍ വന്നാൽ കേരളം 2000 ത്തിന് പുറകില്‍ തന്നെ ആയിരിക്കും എന്നാണ്. കാരണം, 2010 കളിലെ സമൂഹത്തേയോ സമ്പദ്ഘടനയേയോ മനസിലാക്കി ഒരു നവ കേരളത്തിന് വഴികാട്ടികള്‍ ആകാനുള്ള ശേഷിയും ശേമുഷിയും ഉണ്ടെന്നു ഇരുകൂട്ടരടേയും ഇതേവരെയുള്ള പ്രവര്‍ത്തനങ്ങളോ, ശൈലിയോ സൂചിപ്പിക്കുന്നില്ല. ഇത്രയും, ഇടതു വലതു വ്യത്യാസം ഇല്ലാതെ തന്നെ പറയാം .
ഇവരുടെ രാഷ്ടീയ നിലപാടുകളിലേയ്ക്ക് നോക്കാം. .കോണ്‍ഗ്രസ്സ് ദേശീയ രാഷ്ടീയത്തിലെ, കാലൊടിഞ്ഞ കുതിരയാണ്- കേരളത്തില്‍ ഒരുപക്ഷേ ജയിച്ചാലും അത് അവര്‍ക്ക് ഒരു നേര്‍ത്ത സന്തോഷത്തില്‍ കവിഞ്ഞ് ഒന്നും നല്‍കാന്‍ ഇടയില്ല. ശരിയായ അര്‍ത്ഥത്തില്‍ സന്തോഷിക്കാന്‍, രാജസ്ഥാനോ, മദ്ധ്യപ്രദേശോ വേണം. എന്നാല്‍ ഇടതു കക്ഷികളുടെ അവസ്ഥ അതല്ല. കേരളത്തിലെ ജയം അവര്‍ക്ക് ഒരര്‍ത്ഥത്തില്‍, മൂന്നില്‍ രണ്ടു വിജയം നല്‍കുന്നു. മൂന്നിടത്ത് ഭരിച്ചിരുന്ന അവര്‍ കേരള വിജയത്തോടെ ഒരു ത്രിപുരയില്‍ എന്ന അവസ്ഥയില്‍ നിന്ന് കേരളത്തില്‍ കൂടി എന്ന നിലയിലേയ്ക്ക് ഉയരുന്നു. ദേശീയ രാഷ്ട്രീയത്തില്‍ നിവര്‍ന്ന്‍ നില്‍ക്കാന്‍ ഇതവര്‍ക്ക് കെല്‍പ്പു നല്‍കും. ബംഗാളിലെ നല്ല പ്രകടനം വഴി, കൂടുതല്‍ അസംബ്ലി സീറ്റുകള്‍ കൂടി നേടാനായാല്‍ അവര്‍ക്ക് തങ്ങളുടെ വിപ്ലവ വീര്യം തെരഞ്ഞെടുപ്പില്‍ വീണ്ടെടുക്കാനാകുന്നു..
ബി.ജെ.പി.ക്ക് ആകട്ടെ ഒന്നും നഷ്ടപ്പെടാനില്ല. പൂജ്യത്തില്‍ നിന്നുള്ള എതു കയറ്റവും- അത് ഒന്നിലേയ്ക്കായാലും- സന്തോഷകരമാണല്ലോ!. അവര്‍ പറയുന്നത് ഈ ഒന്ന് 10 വരെ ആകുകയും, ഇടതു വലതു മുന്നണികള്‍ക്ക് ഭൂരിപക്ഷം ഇല്ലാതെ ആകുകയും ചെയ്താല്‍ കേന്ദ്രം, കേരളം ഭരിക്കും എന്നും കുമ്മനം, നിഴല്‍ മുഖ്യ മന്ത്രിയാകും എന്നത്രേ. കണ്ടറിയേണ്ട കാര്യം..
ഒന്ന് വ്യക്തമാണ് ഇടതിന്‍റെ ദേശിയ ഭാവി നിര്‍ണ്ണയിക്കുന്ന തെരഞ്ഞെടുപ്പായിരിക്കും ഇത്. കേരളത്തിലെ പരാജയം അവരുടെ ഭാവിയെ, ദേശിയ പ്രസക്തിയെ തന്നെ ബാധിക്കും. സി. പി ഐ യെ പോലെ ദേശീയപാര്‍ട്ടിയെന്നു പറയാനാവാത്ത, പ്രാദേശികപാര്‍ട്ടിയെന്നു വിളിക്കാവുന്ന ഒരു അവസ്ഥ, സി.പി.എമ്മിന് വിശേഷിച്ചും പ്രശ്നങ്ങള്‍ ഉണ്ടാക്കും . എന്നാൽ കോണ്‍ഗ്രസിനോ ബി. ജെ പിക്കോ അങ്ങനെ ഒരു അവസ്ഥ ഇല്ല . അത് കൊണ്ട് 1957 ലേത് പോലെ കമ്മ്യൂണിസ്റ്റ് ഭരണം വന്നില്ലെങ്കില്‍ ഈ പാര്‍ട്ടികളുടെ സ്ഥിതി ദയനീയം ആകും .
അങ്ങനെ സംഭവിച്ചാല്‍, കമ്മ്യുണിസ്റ്റുകാര്‍ക്ക് തെരഞ്ഞെടുപ്പിലൂടെയും അധികാരത്തില്‍ വരാനാകുമെന്ന് ലോകത്തിനു കാണിച്ചു കൊടുത്ത അതേ കേരളം, അതേ രീതിയില്‍ അതിനെ, പിഴുതെറിയാമെന്നും കാണിക്കുന്ന വലിയ സംഭവം ആയിരിക്കും അടുത്താഴ്ച നടക്കുന്നത്. കൂടെ കേരളത്തിലെ ലിബറല്‍ സാമൂഹിക നവോത്ഥാന പ്രസ്ഥാനങ്ങളുടെ ഭാവിയും നിര്‍ണ്ണയിക്കപ്പെടും . ഈ രാഷ്ടീയ സാമൂഹിക ലിറ്റ്മസ് ടെസ്റ്റുകള്‍, ചരിത്രത്തിന്‍റേയും ഭാഗഭാക്കാക്കുന്നു നമ്മളെ.