നിശ്ചല ദിവസത്തിൻ്റെ അറുതിയിൽ
കാറ്റും മഴയും മലകടന്നു വന്നു.
രാത്രി മുഴുവൻ അതിൽ മുങ്ങി നിന്നു.
മൂന്നാംനാൾ രാവിലെ
അതാ
മൺകുമിള പിളർന്ന്
ഒരു ജീവൻ
മിടിച്ചു പൊന്തുന്നു.
തീർച്ചയായും
അത്
മേഘങ്ങൾക്കപ്പുറത്തേക്ക്
വള്ളിത്തലനീട്ടുന്ന
സ്വപ്നപ്പൊടിപ്പ്.
അപാരതയിൽ
പടർന്ന്
തേൻപഴങ്ങൾ
കായ്ച്ച്
നിറഞ്ഞ ചന്തത്തിൽ
തിളങ്ങി നിൽക്കേണ്ട
ഉയിർപ്പ്.
അതു കാട്ടുന്ന വഴിയേ
ഉയർന്നു പോകുന്നു
ഉണർന്ന ചിറകുകളിൽ
അനന്തതയിലേക്ക് നമ്മൾ
സ്വദേശം പാലക്കാട് ജില്ലയിലെ വാടാനാം കുറുശ്ശി. കൃതികൾ: നിശ്ചലം,അമര താരകം, ആടുകളുടെ വാതിൽ (കവിതാ സമാഹാരം), കിനാവനം (കുട്ടികൾക്കുള്ള നോവൽ)
ഇടശ്ശേരി അവാർഡും പൂർണ്ണ - ആർ.രാമചന്ദ്രൻ കവിതാ പുരസ്കാരവും നേടിയിട്ടുണ്ട്.
കവിതകൾ മാതൃഭൂമി, ഭാഷാപോഷിണി, ജയകേരളം, സമകാലീന മലയാളം, കലാകൗമുദി, ദേശാഭിമാനി, മാധ്യമം മുതലായ പ്രമുഖ പ്രസിദ്ധികരണങ്ങളിൽ വന്നിട്ടുണ്ട്.
കവിതകളുടെ ഇഗ്ലീഷ് പരിഭാഷകൾ
ഇന്ത്യൻ ലിറ്ററേച്ചറും, മലയാളം ലിറ്റററി സർവ്വേയും, മ്യൂസ് ഇന്ത്യയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
തിരൂർ തുഞ്ചൻ സ്മാരകത്തിലെ മാനുസ്ക്രിപ്റ്റ് റിസോഴ്സ് സെന്ററിൽ (നാഷണൽ മാനുസ്ക്രിപ്റ്റ് മിഷൻ) സ്കോളറായി ജോലി നോക്കിയിട്ടുണ്ട് .

















