പൂമുഖം സ്മരണാഞ്ജലി ഗദ്ദർ : ജനകീയ കവിതയുടെ പോരാട്ട ചരിത്രം

ഗദ്ദർ : ജനകീയ കവിതയുടെ പോരാട്ട ചരിത്രം

ഗദ്ദർ ഒരു പോരാട്ട ഭൂമികയുടെ പേരാണെങ്കിൽ ആ പേരു സ്വീകരിച്ച ഗുമ്മഡി വിട്ടൽ റാവു കവിതയിലെ പോരാട്ടത്തിന്റെ പേരാണ്. എന്താണ് കവിത എന്നതിനു ഓരോ മനുഷ്യർക്കും ഓരോരോ ഉത്തരങ്ങളായിരിക്കും ഉണ്ടാവുക. എന്നാൽ ഗദ്ദർ എന്ന കവിയ്ക്ക് കവിതയെന്നാൽ സാധാരണ മനുഷ്യരുടെ ഉണർത്തു പാട്ടാണ്. നാടോടിപ്പാട്ടിന്റെ ഈണത്തിൽ അയാൾ നീതികേടിനെതിരെ ഗ്രാമങ്ങൾ തോറും പാടി നടന്നു. ആന്ധ്രയിലെയും തെലുങ്കാനയിലെയും ജനങ്ങൾ മാത്രമല്ല, മറ്റു ദക്ഷിണേന്ത്യയിലെ ഗ്രാമീണ ജനങ്ങൾ വരെ ആവേശപൂർവം അതേറ്റുപാടി. ആ പാട്ടുകളത്രയും അവരുടെ ജീവിതത്തെപറ്റിയുള്ളതായിരുന്നു. ചുവപ്പും കറുപ്പുമണിഞ്ഞ് ഒരു തുടിയും തംബോറും കൊണ്ട് പതിനായിരങ്ങളെ ഇളക്കി മറിക്കുബോൾ അയാൾ ജനകീയ കവിതയുടെ പോരാട്ട ചരിത്രത്തെ പകരം വെയ്ക്കാനാകാത്തവിധം വീണ്ടെടുക്കുകയായിരുന്നു.

നാടോടി വഴക്കങ്ങളുടെ ആസ്വാദന അനുശീലനം മാത്രമല്ല ആ കവിതകളെ ജനങ്ങൾ ഏറ്റെടുത്തതിന് കാരണമായിട്ടുള്ളത്. അവ ഉത്പാദിപ്പിച്ച ആന്തരികാർത്ഥങ്ങളുടെ മൂർച്ച, മർദ്ദിത മനുഷ്യരുടെ നിത്യ ജീവിതവുമായി ബന്ധപ്പെട്ടു നിന്നത് കൊണ്ട് കൂടിയാണ്. കവിതയെന്നാൽ കേവല സൗന്ദര്യ ഭാവനകൾ മാത്രമെന്ന പൊതു സങ്കല്പങ്ങളോടുള്ള വിഛേദനമാണത്. ഇതേ കാരണങ്ങൾ കൊണ്ടു തന്നെയാണ് 1997ൽ അജ്ഞാതനായ ഒരാൾ ഗദ്ദറിനെ വധിക്കാൻ ശ്രമിക്കുന്നത്. അന്ന് അദ്ദേഹത്തിന്റെ ദേഹത്ത് ആറു ബുള്ളറ്റ് തുളച്ചു കയറിയെങ്കിലും പോലീസുകാരുടെ ഭാഷയിലെ ആ ‘അജ്ഞാതന് ‘ ഗദ്ദറിനെ കൊല്ലാൻ കഴിഞ്ഞിരുന്നില്ല. നട്ടെല്ലിന്റെ പാർശ്വങ്ങളിൽ അദ്ദേഹം മരിക്കുന്നത് വരെ ആ വെടിയുണ്ടകളിലൊന്ന് കൂടെയുണ്ടായിരുന്നു. ജനങ്ങൾക്കുവേണ്ടി കവിതയെഴുതിയതിന്റെ പേരിൽ ശരീരത്തിൽ വെടിയുണ്ടയുമായി ജീവിച്ചു മരിച്ച മറ്റൊരു കവിയും ഇന്ത്യൻ ചരിത്രത്തിൽ വേറെയുണ്ടാകില്ല, വെടിയുണ്ടകളേക്കാൾ ഭരണകൂടത്തെ വിറപ്പിച്ച കവിതകളും.

ഏകീകൃത ആന്ധ്രപ്രദേശ് സംസ്ഥാനത്ത്, മേഡക് ജില്ലയിലെ തൂപ്രാനിലാണ് 1949- ൽ വിട്ടൽ റാവു എന്ന ഗദ്ദർ ജനിക്കുന്നത്. വിദ്യാർത്ഥി ജീവിത കാലത്ത് തന്നെ ദളിത്‌ രാഷ്ട്രീയത്തിൽ സജീവമായി ഇടപെടുകയും, ദളിത് പ്രശ്നങ്ങൾ ജനസമക്ഷം അവതരിപ്പിക്കാൻ ‘മഹാത്മാഗാന്ധി’ എന്ന നാടക ഗ്രൂപ്പ് ഉണ്ടാക്കി പ്രവർത്തിച്ചു പോരുകയും ചെയ്തിരുന്നു. ഹൈദരാബാദ് റീജിയണൽ എഞ്ചിയനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിയനിയറിംഗിൽ ബിരുദം നേടിയ ഗദ്ദർ 1975 മുതൽ 1984 വരെ കനറാ ബാങ്കിൽ ഉദ്യോഗസ്ഥനായിരുന്നു.

1980 കളുടെ ആദ്യം തന്നെ ഇദ്ദേഹം കൊണ്ട പള്ളി സീതാരമയ്യ നയിച്ച, നിരോധിത പീപ്പിൾസ് വാർ ഗ്രൂപ്പിലേക്ക് ആകൃഷ്ടനാകുന്നുണ്ട്. ആ മൂവ് മെന്റിന്റെ സാംസ്കാരിക മുഖമായി വിട്ടൽ റാവു വളരെ പെട്ടെന്ന് തന്നെ മാറിയിരുന്നു. അതിന്റ ഭാഗമായി ഗ്രാമങ്ങളിൽ നിന്നും ഗ്രാമങ്ങളിലേക്ക് തന്റെ ബുരകഥയുമായി സഞ്ചരിച്ചു. നൃത്തവും ഗാനവും കഥ പറച്ചിലും നാട്യവും ഒരുപോലെ സമ്മേളിക്കുന്ന ഒരു പുതിയ സംവാദ വേദിയായി ‘ബുര കഥാ’ രൂപത്തെ അദ്ദേഹം അഴിച്ച് പണിതു.

ഗദ്ദർ തന്റെ ജനാഭിമുഖ യാത്രകളിലൂടെയാണ് ഗ്രാമങ്ങളെ ഇളക്കിമറിച്ചത്. അദ്ദേഹം ഒളിവിലായിരിക്കുമ്പോഴും ജനങ്ങളുടെ ഇടയിൽ തന്നെ ആയിരുന്നു.
അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് തടവിൽ പാർപ്പിക്കാൻ മാത്രം ധൈര്യം അന്ന് ആന്ധ്ര ഭരിച്ച ഗവർണ്മെന്റുകൾക്ക് ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം.

ബാങ്കുജോലിയുടെ മധ്യവർഗ്ഗ സുരക്ഷിതത്വത്തിൽ ജീവിക്കാമായിരുന്നിട്ടും, വ്യക്തിപരമായ താല്പര്യങ്ങളെക്കാൾ തന്റെ ജനതയുടെ വിമോചന സ്വപ്നങ്ങൾക്ക് കവിതയിലൂടെ, പാട്ടിലൂടെ നിറം പകരാനാണ് അയാൾ തീരുമാനിച്ചത്. ആ വഴിയാണെങ്കിൽ ദുർഘടം പിടിച്ചതാണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. കേവലം ഒരു തപ്പും തുടിയുമായി നാടൻപാട്ടിലൂടെ നാലും അഞ്ചും മണിക്കൂറുകളോളം ജനലക്ഷങ്ങളെ ആവേശത്തിലാക്കാൻ ഗദ്ദറിനു കഴിഞ്ഞെങ്കിൽ അത് അരികുവവത്കരിക്കപ്പെട്ട മനുഷ്യരുടെ ആശയാഭിലാഷങ്ങളുടെ ആവിഷ്കരണമായതുകൊണ്ടാണ്. ആ നിലയിൽ ജനകീയ സർഗാത്മക പ്രവർത്തനം എന്തെന്ന് അദ്ദേഹം കാണിച്ചു തന്നു.

സാധാരണ ജനങ്ങളെ ഇത്രമാത്രം സ്വാധീനിക്കാൻ കഴിഞ്ഞ മറ്റൊരു ജനകീയ കവി ഇന്ത്യയുടെ ചരിത്രത്തിൽ വേറെയില്ല. വർഷങ്ങൾക്കു മുൻപ്‌ സംയുക്ത വിപ്ലവ സാംസ്കാരിക മുന്നണിയുടെ (AILRC) ആഭിമുഖ്യത്തിൽ ഗദ്ദർ കേരളത്തിൽ വന്നപ്പോൾ കവിത ചൊല്ലിയും പാട്ടു പാടിയും നൃത്തം വെച്ചും ജനങ്ങളെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചത് മറക്കാവതല്ല.

ജനങ്ങൾക്ക് വേണ്ടി ശബ്‌ദിക്കുന്ന എഴുത്തുകാരെയും ആക്ടിവിസ്റ്റുകളെയും നിശ്ശബ്ദരാക്കാനോ, കൊന്നുകളയാനോ ഭരണകൂടം ശ്രമിക്കുമെന്നത് ഇന്നു നമ്മളെ ഞെട്ടിപ്പിക്കുന്ന ഒരറിവല്ല. 97ൽ തനിക്കു നേരെ നടന്ന വധശ്രമത്തിനെതിരെ ആന്ധ്ര ഭരണകൂടത്തിന്റെ പങ്കിനെ ചൂണ്ടിക്കാട്ടി അദ്ദേഹം എന്നും സംസാരിച്ചിരുന്നു. പിന്നീട് ഭരണകൂടം തന്നെ ആ കേസ് അവസാനിപ്പിച്ചതിൽ അത്ഭുതവുമില്ല.

അംബേദ്കർ – മാർക്സിസ്റ്റ് ചിന്തകളിൽ വേരുകളുള്ള ഒരു പുതിയ മൂവ്മെന്റ് ഇന്ത്യയിൽ വളർന്നു വരണം എന്ന് ഗദ്ദർ അവസാനകാലത്ത് ആഗ്രഹിച്ചിരുന്നു. വിശേഷിച്ചും രോഹിത് വെമുലയുടെ ആത്മഹത്യക്ക് ശേഷം!

വിവിധ കമ്മ്യൂണിസ്റ്റു വിപ്ലവ സംഘടനകളുടെ സാംസ്കാരിക സംഘടനകളിൽ വ്യത്യസ്ത കാലങ്ങളിൽ അംഗങ്ങളാവുകയും പ്രവർത്തിക്കുകയും ചെയ്‌തെങ്കിലും ജീവിതത്തിന്റെ അവസാന കാലത്ത് ഗദ്ദർ ബുദ്ധമതം സ്വീകരിക്കുകയും ചില ദർഗ്ഗകളും ഗോത്രാചാര കേന്ദ്രങ്ങളും സന്ദർശിക്കുകയുമൊക്കെ ചെയ്തു എന്നത് സത്യമാണ്. അത് തെലുങ്കരല്ലാത്ത പത്രക്കാർക്ക് വലിയ വാർത്തയായി. മലയാള മാധ്യമങ്ങളും അതേറ്റു പിടിച്ചു. അപ്പോൾ പോലും ജനകീയ സമരങ്ങളോടും, മർദ്ദിത സമൂഹത്തിന്റെ രാഷ്ട്രീയ പ്രശ്നങ്ങളോടുമുള്ള നിലപാടിലും, ഇടപെടലിലും അദ്ദേഹം യാതൊരു മാറ്റവും വരുത്തിയിരുന്നില്ല.

അതെ സമയം വിപ്ലവ രാഷ്ട്രീയ സംഘടനകളിൽ നിന്നുള്ള പിന്മാറ്റ ചർച്ചകൾ വ്യക്തിപരം എന്നതുപോലെ സാമൂഹികവും രാഷ്ട്രീയവുമായ നിരവധി മാനങ്ങളുള്ളതാണ്. അതിലെ ശരി തെറ്റുകൾ തീർച്ചയായും മറ്റൊരു ചർച്ചയാണ്. എന്നാൽ ഒരു കാലഘട്ടത്തെ വിപ്ലവകരമായി പുനർനിർമ്മിക്കാൻ, ജനകീയ സാംസ്കാരിക പ്രതിരോധത്തിന്റെ ഒരു സർഗ്ഗാത്മക വഴിയൊരുക്കാൻ ഗദ്ദറിനു കഴിഞ്ഞിരിക്കുന്നു എന്നു നിസ്സംശയം പറയാം. ഗദ്ദർ എന്നും ഉയർത്തി പിടിച്ചത് ജനാഭിമുഖ രാഷ്ട്രീയമായിരുന്നു. അതു കൈമോശം വന്നവരുടെ പരിഹാസങ്ങൾ തള്ളിക്കളയാവുന്നതേയുള്ളൂ.

കവർ : ജ്യോതിസ് പരവൂർ

Comments
Print Friendly, PDF & Email

You may also like