പൂമുഖം LITERATURE സ്വിച്ച്മാൻ

ലോക പ്രശസ്ത കഥാകാരൻ ആയ ഹുവാൻ ഹൊസേ അറിയോളയുടെ സ്വിച്ച്മാൻ എന്ന കഥ വി. രവികുമാർ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നു. : സ്വിച്ച്മാൻ

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.
ിജനമായ സ്റ്റേഷനിൽ എത്തിയപ്പോഴേക്കും ആ വിദേശി കിതയ്ക്കുന്നുണ്ടായിരുന്നു. ആരും സഹായിക്കാൻ ഇല്ലാത്തതിനാൽ തനിക്കു തന്നെ ചുമക്കേണ്ടി വന്ന വലിയ പെട്ടി അയാളെ ശരിക്കും ക്ഷീണിപ്പിച്ചു കളഞ്ഞു. തൂവാലയെടുത്ത് മുഖം ഒപ്പിയിട്ട് ഒരു കൈ കണ്ണിനു മേൽ പിടിച്ച് വിദൂരതയിൽ പോയി ലയിക്കുന്ന പാളങ്ങളിലേക്കയാൾ നോക്കിനിന്നു. വിഷണ്ണനും ചിന്താധീനനുമായി അയാൾ വാച്ചിലേക്കു നോക്കി: ട്രെയിൻ പുറപ്പെടുമെന്നു പറഞ്ഞ നേരമായിരിക്കുന്നു.
ആരോ ഒരാൾ, അയാൾ എവിടെ നിന്നു പൊട്ടി വീണുവെന്ന് ദൈവത്തിനേ അറിയൂ, അയാളുടെ തോളത്ത് പതിയെ തട്ടി. അയാൾ തിരിഞ്ഞുനോക്കുമ്പോൾ കണ്ടത് റയിൽവേ ജീവനക്കാരനെപ്പോലെ തോന്നിക്കുന്ന ഉയരം കുറഞ്ഞ ഒരു വൃദ്ധനെയാണ്‌. അയാളുടെ കൈയിൽ ഒരു ചുവന്ന റാന്തൽ ഉണ്ടായിരുന്നു; പക്ഷേ ഒരു കളിപ്പാട്ടമെന്നു തോന്നിക്കുന്നത്ര ചെറുത്. ഒരു പുഞ്ചിരിയോടെ ആ വൃദ്ധൻ തന്നെ നോക്കുന്നതു കണ്ടപ്പോൾ വിദേശി ഉത്കണ്ഠയോടെ ചോദിച്ചു: “അല്ലാ, ട്രെയിൻ പൊയ്ക്കഴിഞ്ഞോ?”
“ഈ രാജ്യത്തു വന്നിട്ട് അധികനാളായിട്ടില്ലേ?”
“എനിക്കിപ്പോൾത്തന്നെ പോയാലേ പറ്റൂ; നാളെയെങ്കിലും എനിക്ക് ടീ-യിൽ എത്തണം.”
“കാര്യങ്ങളുടെ ഗതിയെ കുറിച്ച് നിങ്ങൾക്കു യാതൊന്നും അറിയില്ലെന്നത് വളരെ വ്യക്തമാണ്‌. നിങ്ങൾ ഉടനേ ചെയ്യേണ്ടത് ആ ഹോട്ടലിൽ പോയി മുറി കിട്ടുമോയെന്ന് നോക്കുകയാണ്‌.” എന്നിട്ടയാൾ കാഴ്ചയ്ക്കു വിചിത്രമായ, ചാരനിറത്തിലുള്ള , ഹോട്ടലിനേക്കാളേറെ ഒരു ജയിലിനെ ഓർമ്മിപ്പിക്കുന്ന ഒരു കെട്ടിടം ചൂണ്ടിക്കാണിച്ചു.
“താമസിക്കാൻ സ്ഥലമല്ല എനിക്കു വേണ്ടത്; എനിക്കു വേണ്ടത് ട്രെയിനാണ്‌.”
‘മുറി ഒഴിവുണ്ടെങ്കിൽ സമയം കളയാതെ പോയി എടുക്കെന്നേ; കിട്ടിയാൽ മാസവാടകയ്ക്കു തന്നെ എടുത്തോളൂ; പണം ലാഭിക്കാം, നിങ്ങൾക്കു കൂടുതൽ ശ്രദ്ധയും കിട്ടും.“
”നിങ്ങൾ എന്തു ഭ്രാന്താണ്‌ പറയുന്നത്? എനിക്കു നാളെ ടീ-യിൽ എത്തണം.“
”ഉള്ളതു പറഞ്ഞാൽ നിങ്ങളെ സ്വന്തം വിധിയ്ക്കു വിടുകയാണ്‌ ഞാൻ ചെയ്യേണ്ടത്. എന്നാല്ക്കൂടി എനിക്ക് നിങ്ങളോടു ചില വിവരങ്ങൾ പറയാനുണ്ട്.“
”പറഞ്ഞാലും-“
”റയില്പാതകളുടെ പേരിൽ പ്രസിദ്ധമാണ്‌ ഈ രാജ്യമെന്ന് നിങ്ങൾക്കറിയാമല്ലോ. അതെല്ലാം വേണ്ട വിധമൊന്നു ചിട്ടപ്പെടുത്താൻ  ഇതേ വരെ കഴിഞ്ഞിട്ടില്ല എന്നത് ശരി തന്നെ; എന്നാൽ സമയവിവരപ്പട്ടിക പ്രസിദ്ധപ്പെടുത്തുന്നതിലും ടിക്കറ്റ് വില്പനയിലും വൻ പുരോഗതി തന്നെ ഉണ്ടായിരിക്കുന്നു. റയിൽവേ ടൈം ടേബിളിൽ നാട്ടിലെ സകല പട്ടണങ്ങളുടെയും പേരുണ്ടാകും; ഏതു കാട്ടുമൂലയിലേക്കും അവർ ടിക്കറ്റ് തരും; ഇനി ബാക്കിയുള്ളത് ടൈം ടേബിളിൽ പറഞ്ഞിരിക്കുന്ന റൂട്ടുകളിലൂടെ വണ്ടിയോടുക എന്നതു മാത്രമാണ്‌; അതും സംഭവിക്കുമെന്നാണ്‌ ഈ രാജ്യവാസികൾ പ്രതീക്ഷിക്കുന്നത്. അതിനാൽ നടത്തിപ്പിൽ ഇപ്പോഴുള്ള അപാകതകൾ അവർ വക വച്ചു കൊടുക്കുകയാണ്‌, എന്തെങ്കിലും അതൃപ്തി പുറത്തു കാണിക്കുന്നതിൽ നിന്ന് ദേശാഭിമാനം അവരെ തടുക്കുകയും ചെയ്യുന്നു.“
”അതിരിക്കട്ടെ, ഈ നഗരത്തിലൂടെ ഏതെങ്കിലും ട്രെയിൻ ഓടുന്നുണ്ടോ?“
”ഉണ്ടെന്നു പറഞ്ഞാൽ അതത്ര ശരിയായിരിക്കില്ല. പാളങ്ങൾ ഇട്ടിട്ടുണ്ട്; അത് നിങ്ങൾ കാണുന്നുമുണ്ടല്ലോ. അവയുടെ സ്ഥിതി അത്ര മെച്ചമല്ലെന്നേയുള്ളു. ചില പട്ടണങ്ങളിൽ പാളങ്ങൾക്കു പകരം തറയിൽ ചോക്കു കൊണ്ടു വരച്ച രണ്ടു വരകളേയുണ്ടാവൂ. ഇപ്പോഴത്തെ അവസ്ഥയിൽ ഈ നഗരത്തിലൂടെ ഒരു ട്രെയിൻ കടന്നു പോകണമെന്നില്ല. എന്നാൽ അങ്ങനെ സംഭവിച്ചു കൂടെന്നുമില്ല. എത്രയോ ട്രെയിനുകൾ കടന്നുപോകുന്നത് എന്റെ ആയുസ്സിനിടയിൽ ഞാൻ കണ്ടിരിക്കുന്നു; അവയിൽ കയറിപ്പറ്റുന്നതിൽ വിജയിച്ച ചില യാത്രക്കാരെയും എനിക്കറിയാം. ശരിയായ മുഹൂർത്തം വരെ കാത്തു നില്ക്കാൻ നിങ്ങൾ സന്നദ്ധനാണെങ്കിൽ നിങ്ങളെ സുഖസമ്പൂർണ്ണമായ ഒന്നാന്തരമൊരു കോച്ചിൽ കയറ്റി വിടാനുള്ള ഭാഗ്യം എനിക്കു തന്നെ കിട്ടിയെന്നും വരാം.“
”ആ ട്രെയിനിൽ എനിക്ക് ടീ-യിൽ പോകാൻ പറ്റുമോ?“
”ഈ ടീ-യുടെ കാര്യത്തിൽ നിങ്ങൾക്കെന്താ ഇത്ര നിർബ്ബന്ധം? വണ്ടിയിൽ കയറിക്കൂടാൻ പറ്റിയാൽ അതുകൊണ്ടു തന്നെ നിങ്ങൾ തൃപ്തനായിക്കോളണം. ട്രെയിനിൽ കയറിക്കഴിഞ്ഞിട്ടായിരിക്കാം നിങ്ങളുടെ ജീവിതത്തിന്‌ എന്തെങ്കിലുമൊരു ലക്ഷ്യബോധം കൈവരുന്നത്; ടീ-യിലേക്കല്ല, മറ്റൊരിടത്തേക്കായാൽ അതുകൊണ്ടെന്തു വ്യത്യാസം വരാൻ?“
”പക്ഷേ എനിക്കു ടിക്കറ്റ് തന്നിരിക്കുന്നത് ടീ-യിലേക്കാണ്‌; അപ്പോൾ ന്യായമായും എന്നെ കൊണ്ടുപോകേണ്ടത് അങ്ങോട്ടായിരിക്കണമല്ലോ; അത് നിങ്ങൾ സമ്മതിക്കുമല്ലോ?“
”നിങ്ങൾ പറഞ്ഞതാണ്‌ ശരിയെന്ന് മിക്കവരും സമ്മതിച്ചുതരും. ആ ഹോട്ടലിൽ ചെന്നാൽ കാണാം, ഒരു മുൻകരുതലായി നൂറു കണക്കിനു ടിക്കറ്റ് വാങ്ങിവച്ചിരിക്കുന്നവരെ; പൊതുവേ പറഞ്ഞാൽ ദീർഘവീക്ഷണമുള്ളവർ സകല സ്റ്റേഷനിലേക്കുമുള്ള ടിക്കറ്റ് വാങ്ങിവച്ചിരിക്കും; ടിക്കറ്റ് വാങ്ങാനായി സമ്പാദ്യം മുഴുവൻ ചിലവഴിച്ചവർ തന്നെയുണ്ട്…“
”ഞാൻ കരുതിയത് ടീ-യിലേക്കു പോകാൻ ഒരു ടിക്കറ്റ് മതിയാകുമെന്നാണ്‌. ഇതു നോക്കൂ…“
”റയിൽവേയുടെ അടുത്ത പദ്ധതിയ്ക്കുള്ള പണം മുഴുവൻ മുടക്കുന്നത് ഒറ്റ വ്യക്തിയാണ്‌. എഞ്ചിനീയർമാർ ഇനിയും അംഗീകാരം കൊടുക്കാത്ത വൻതുരങ്കങ്ങളും പാലങ്ങളുമടങ്ങിയ ആ സർക്കുലർ റയിൽവേയ്ക്കായി അയാൾ ഭീമമായ മൂലധനം ഇറക്കിക്കഴിഞ്ഞു.“
”ടീ-യിലൂടെ പോകുന്ന ട്രെയിൻ, അതിപ്പോഴും ഓടുന്നുണ്ടോ?“
”ആ ഒരെണ്ണം മാത്രമല്ല, എത്രയോ ട്രെയിനുകൾ രാജ്യത്തോടുന്നുണ്ട്. ചിട്ടപ്പെടുത്തിയതും നിയതവുമായ ഒരു സേവനം പ്രതീക്ഷിക്കുന്നില്ലെങ്കിൽ യാത്രക്കാർക്ക് വല്ലപ്പോഴും അത് ഉപയോഗിക്കാവുന്നതുമാണ്‌. മറ്റൊരു വിധത്തിൽ പറഞ്ഞാൽ തനിയ്ക്കു പോകേണ്ട ഒരു സ്ഥലത്തേക്കുള്ള ട്രെയിനിൽ എപ്പോൾ കയറാൻ പറ്റുമെന്ന് ആരും പ്രതീക്ഷിക്കരുത്.“
”അതെന്താണങ്ങനെ?“
”നാട്ടുകാരെ സേവിക്കാനുള്ള വ്യഗ്രതയിൽ റയിൽവേ ചിലപ്പോൾ ചില സാഹസങ്ങൾ കാണിക്കാൻ നിർബന്ധിതരാവാറുണ്ട്. കടക്കാൻ പറ്റാത്തിടത്തു കൂടിയും അവർ ട്രെയിനുകൾ കടത്തിവിട്ടുവെന്നു വരും. പര്യടനസ്വഭാവമുള്ള അത്തരം ട്രെയിനുകൾ ഒരു യാത്രയ്ക്കു തന്നെ വർഷങ്ങൾ എടുക്കുന്നവയായിരിക്കും; ആ കാലയളവിനുള്ളിൽ യാത്രക്കാരുടെ ജീവിതത്തിൽ സുപ്രധാനമായ പരിവർത്തനങ്ങൾ സംഭവിച്ചു കൂടെന്നുമില്ല. മരണങ്ങളും അപൂർവ്വമല്ല. പക്ഷേ എല്ലാം മുൻകൂട്ടിക്കാണുന്ന അധികാരികൾ അത്തരം ട്രെയിനുകളിൽ ഒരു പള്ളിക്കോച്ചും ഒരു സിമിത്തേരിക്കോച്ചും കൂടി ഘടിപ്പിച്ചിരിക്കും. ടിക്കറ്റ് ചെക്കർമാർ എത്ര അഭിമാനത്തോടെയാണെന്നോ യാത്രക്കാരന്റെ മൃതദേഹം ആഡംബരസമന്വിതം സുഗന്ധലേപനം നടത്തി അയാളുടെ ടിക്കറ്റിൽ പറഞ്ഞിരിക്കുന്ന സ്റ്റേഷന്റെ പ്ളാറ്റ്ഫോമിൽ ഇറക്കിവയ്ക്കുന്നത്!ചില സ്മയത്ത് ഈ ട്രെയിനുകൾക്ക് ഒരു പാളം മാത്രമുള്ള റൂട്ടിലൂടെ പോകേണ്ടി വരും. അപ്പോൾ കോച്ചുകളുടെ ഒരു വശം സ്ലീപ്പറുകളിൽ ഇടിച്ച് വല്ലാതെ കുലുങ്ങും. ഒന്നാം ക്ളാസ്സ് യാത്രകാർക്ക് പക്ഷേ -റയിൽവേയുടെ ദീർഘവീക്ഷണത്തിന്‌ മറ്റൊരുദാഹരണം- പാളമുള്ള വശത്തായിരിക്കും സീറ്റ് കൊടുത്തിരിക്കുക. ചില ഭാഗത്ത് രണ്ടു പാളങ്ങളും കാണുകയില്ല. അവിടെപ്പിന്നെ എല്ലാ യാത്രക്കാരും ഒരേ പോലെ അനുഭവിക്കാതെ തരമില്ല. ഒടുവിൽ ഉരഞ്ഞും ഇടിച്ചും കുലുങ്ങിയും ട്രെയിൻ ആകെ പൊളിഞ്ഞു നശിക്കുകയും ചെയ്യും.“
”എന്റെ ദൈവമേ!“
”അറിയാമോ, ഇങ്ങനെ ഒരപകടത്തിൽ നിന്നാണ്‌ എഫ്- എന്ന ഗ്രാമം ഉണ്ടാകുന്നത്. മുന്നോട്ടു നീങ്ങാൻ പറ്റാത്തൊരിടത്ത് ട്രെയിൻ ചെന്നു നിന്നു. പൂഴിയിലുരഞ്ഞ് ചക്രങ്ങൾ തേഞ്ഞില്ലാതായിക്കഴിഞ്ഞിരുന്നു. അത്രയും കാലം ഒരുമിച്ചു കഴിയേണ്ടി വന്ന യാത്രക്കാർ കുശലപ്രശ്നങ്ങളിൽ തുടങ്ങി ഗാഢസൗഹൃദങ്ങളിലേക്കെത്തി; ചിലത് പ്രണയബന്ധങ്ങളുമായി. അതിന്റെ പരിണതഫലമാണ്‌ എഫ്-. ട്രെയിനിന്റെ തുരുമ്പെടുത്ത അവശിഷ്ടങ്ങൾ കളിപ്പാട്ടങ്ങളാക്കിയ കുസൃതിക്കുട്ടികൾ നിറഞ്ഞ, വളർന്നുവരുന്ന ഒരു പട്ടണം.“
”ദൈവത്തിനാണെ അത്തരം സാഹസത്തിനൊന്നും ഞാനില്ല!“
”നിങ്ങൾ കുറച്ചു കൂടി ധൈര്യം കാണിക്കണം; നിങ്ങൾ ഒരു വീരനായകനായെന്നുകൂടി വരാം. യാത്രക്കാർക്ക് അവരുടെ ധൈര്യവും ത്യാഗമനോഭാവവും കാണിക്കാനുള്ള അവസരങ്ങൾ കിട്ടാറില്ലെന്നു നിങ്ങൾ കരുതരുത്. അജ്ഞാതനാമാക്കളായ ഇരുന്നൂറു യാത്രക്കാർ ഞങ്ങളുടെ റയിൽവേചരിത്രത്തിൽ ഉജ്ജ്വലമായ ഒരദ്ധ്യായം എഴുതിച്ചേർത്ത ഒരു സന്ദർഭമുണ്ടായി. പുതിയൊരു പാതയുടെ പരീക്ഷണഓട്ടം നടത്തുന്ന സമയം; കോൺട്രാക്റ്റർ ഗുരുതരമായ ഒരു പിഴവു വരുത്തിയത് അവസാനനിമിഷമാണ്‌ എഞ്ചിനീയറുടെ ശ്രദ്ധയിൽ പെടുന്നത്: ഒരു കൊക്കയ്ക്കു മുകളിൽ ഉണ്ടാവേണ്ട പാലം അവിടെയില്ല. എഞ്ചിനീയർ എന്തു ചെയ്തു, യാത്ര അവിടെ അവസാനിപ്പിച്ച് ട്രെയിൻ പിന്നിലേക്കെടുക്കുന്നതിനു പകരം യാത്രക്കാരെ പറഞ്ഞിളക്കി മുന്നോട്ടു തന്നെ പോകുന്നതിന്‌ അവരുടെ സഹകരണം നേടിയെടുത്തു. അയാളുടെ നിർദ്ദേശപ്രകാരം ട്രെയിൻ കഷണങ്ങളാക്കി പൊളിച്ചടുക്കി യാത്രക്കാരെക്കൊണ്ടു തന്നെ ചുമപ്പിച്ച് മറുകരയെത്തിച്ചു; കുത്തിമറിഞ്ഞൊഴുകുന്ന ഒരു പുഴ അടിയിൽ ഉണ്ടായിരുന്നുവെന്നതാണ്‌ മറ്റൊരത്ഭുതം. ഈ പരിപാടി ഫലം കണ്ടതിൽ സന്തുഷ്ടരായ അധികാരികൾ പാലം പണി തന്നെ ഉപേക്ഷിക്കുകയും ഈ ഒരു പൊല്ലാപ്പു കൂടി സഹിക്കാൻ ധൈര്യം കാണിക്കുന്നവരുടെ യാത്രക്കൂലിയിൽ ആകർഷകമായ ഒരിളവ് കൊടുക്കാൻ തീരുമാനിക്കുകയുമാണുണ്ടായത്.“
”എനിക്കു നാളെ ടീ-യിൽ എത്തണമല്ലോ!“
”നല്ല കാര്യം! നിങ്ങൾ നിങ്ങളുടെ പരിപാടി വേണ്ടെന്നു വയ്ക്കുന്നില്ലെന്നത് എനിക്കിഷ്ടപ്പെട്ടു. ദൃഢനിശ്ചയമുള്ള ഒരാളാണ്‌ നിങ്ങളെന്ന് എനിക്കു വ്യക്തമായി. തല്ക്കാലം ഹോട്ടലിൽ ഒരു മുറിയെടുക്കുക, എന്നിട്ട് ഏതു ട്രെയിൻ ആദ്യം വരുന്നുവോ, അതിൽ കയറിക്കൂടുക. കാത്തു മുഷിഞ്ഞ യാത്രക്കാർ ട്രെയിൻ വരുന്ന സമയത്ത് ഹോട്ടലിൽ നിന്നിരച്ചിറങ്ങി ഒച്ചയും ബഹളവുമായി സ്റ്റേഷനിലേക്കോടും. അവരുടെ മര്യാദകേടും അച്ചടക്കമില്ലായ്മയും കൊണ്ട് അപകടങ്ങളും പതിവാണ്‌. വരി നിന്ന് കയറാൻ നോക്കുന്നതിനു പകരം പരസ്പരം ഇടിച്ചുമാറ്റാനാണ്‌ അവർ ശ്രമിക്കുക. ഒടുവിൽ ഒറ്റയാളും കയറാതെ വണ്ടി സ്റ്റേഷൻ വിട്ടു പോവും; യാത്രക്കാർ പ്ളാറ്റ്ഫോമിൽ തൂന്നുകൂടിക്കിടക്കുകയും ചെയ്യും. ക്ഷീണിച്ച്, അരിശം പൂണ്ട യാത്രക്കാർ പിന്നെ മര്യാദയില്ലാത്തതിന്റെ പേരിൽ പരസ്പരം പഴി പറഞ്ഞ് ഒടുവിൽ ഒരടികലശലിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിക്കും.“
”ഇതിലൊന്നും പോലീസുകാർ ഇടപെടാറില്ലേ?“
”ഓരോ സ്റ്റേഷനിലും പോലീസുകാരെ നിയോഗിക്കാൻ ഒരിക്കൽ ഒരു ശ്രമം ഉണ്ടായതാണ്‌. പക്ഷേ ട്രെയിനുകളുടെ പ്രവചിക്കാനാവാത്ത വരവും പോക്കും കാരണം ചെലവു കൂടിയതും ഉപയോഗശൂന്യവുമായ ഒരേർപ്പാടായി അതു മാറുകയാണുണ്ടായത്. അതിനു പുറമേ പോലീസുകാർ തങ്ങളുടെ തനിസ്വഭാവം കാണിക്കാനും തുടങ്ങി; കൈയിലുള്ളതെല്ലാം കോഴ കൊടുക്കുന്ന പണക്കാരായ യാത്രക്കാരെ മാത്രമേ അവർ ട്രെയിനിലേക്കു കടത്തിവിടുകയുള്ളു. ഇതിനു ശേഷമാണ്‌ ഭാവിയിലെ യാത്രക്കാരെ പരിശീലിപ്പിക്കാനായി ഒരു പ്രത്യേക സ്കൂൾ സ്ഥാപിക്കുന്നത്. നല്ല പെരുമാറ്റം പഠിക്കുന്നതിനും ശിഷ്ടജീവിതം ട്രെയിനിൽ കഴിച്ചുകൂട്ടുന്നതിനും വേണ്ട പരിശീലനം അവിടെ കിട്ടും. കുതിച്ചുപായുന്ന ഒരു ട്രെയിനിൽ കയറുന്നതിനുള്ള ശരിയായ രീതി യാത്രക്കാർക്ക് അവിടെ നിന്നു പഠിക്കാം; മറ്റു യാത്രക്കാർ ഇടിച്ചു വാരിയെല്ലു തകർക്കുന്നതൊഴിവാക്കാനായി ഒരു തരം കവചവും അവിടെ നല്കുന്നുണ്ട്.“
”അതിരിക്കട്ടെ, ട്രെയിനിൽ കയറിപ്പറ്റിക്കഴിഞ്ഞാൽ പിന്നെയൊന്നും പേടിക്കാനില്ലല്ലോ?“
”എന്നു വേണമെങ്കിൽ പറയാം. പക്ഷേ സ്റ്റേഷന്റെ കാര്യത്തിൽ നിങ്ങൾക്ക് നല്ല ശ്രദ്ധ വേണമെന്നാണ്‌ ഞാൻ പറയുക. ടീ-യിൽ എത്തി എന്നു നിങ്ങൾക്കു തോന്നാം; എന്നാൽ അതൊരു വിഭ്രമമായേക്കാനും മതി. ആളുകൾ തിങ്ങിനിറഞ്ഞ കോച്ചുകളിലെ ജീവിതം ഒന്നു ചിട്ടപ്പെടുത്തുന്നതിനായി ഔചിത്യപൂർവ്വമായ ചില നടപടികളെടുക്കാൻ റയിൽവേ നിർബന്ധിതമായിട്ടുണ്ട്. ഉദാഹരണത്തിന്‌, കാഴ്ചയ്ക്കു മാത്രമായിട്ടുള്ള ചില സ്റ്റേഷനുകളുണ്ട്: കാടിന്റെ നടുക്കാണവ; ഏതെങ്കിലും വലിയ നഗരത്തിന്റെ പേരുമായിരിക്കും. എന്നാൽ ഒരല്പം ശ്രദ്ധിച്ചാൽ മതി, കളി നിങ്ങൾക്കു മനസ്സിലാകും. നാടകത്തിനുപയോഗിക്കുന്ന സെറ്റുകളായിരിക്കുമവ; ആളുകൾ ഈർച്ചപ്പൊടി നിറച്ച ബൊമ്മകളും. മഴയും വെയിലും അവയിൽ പാടു വീഴ്ത്തിയിരിക്കുന്നത് നിങ്ങൾക്കു കണ്ടെത്താം. പക്ഷേ ചിലനേരത്തു നോക്കിയാൽ അവ യാഥാർത്ഥ്യത്തിന്റെ നേർപകർപ്പുകളുമായിരിക്കും; തീരാത്ത മടുപ്പിന്റെ പാടുകൾ അവയുടെ മുഖങ്ങളിൽ കാണാം.“
”എന്റെ ഭാഗ്യത്തിന്‌ ടീ- ഇവിടെ നിന്ന് അത്ര അകലത്തൊന്നുമല്ലല്ലോ.“
”ഇപ്പോഴേതായാലും നമുക്ക് നേരിട്ടുള്ള ട്രെയിനുകൾ ഒന്നുമില്ല. എന്നാല്ക്കൂടി നിങ്ങളുടെ ആഗ്രഹം പോലെ നാളെ നിങ്ങൾ ടീ-യിൽ എത്തിച്ചേർന്നുവെന്നും വരാം. പുറപ്പെട്ടാൽ പിന്നെ ലക്ഷ്യസ്ഥാനത്തു മാത്രം നിർത്തുന്ന ഒരു ട്രെയിനിനുള്ള സാദ്ധ്യത, മാനേജ്മെന്റ് അത്ര കാര്യക്ഷമമല്ലെങ്കില്ക്കൂടി, നമുക്ക് തള്ളിക്കളയാൻ പറ്റില്ല. എന്തൊക്കെയാണ്‌ നടക്കുന്നതെന്ന് ബോധമില്ലാത്ത ചില യാത്രക്കാരുണ്ട്: അവർ ടീ-യിലേക്ക് ഒരു ടിക്കറ്റെടുക്കും; എന്നിട്ട് ആദ്യം വരുന്ന ട്രെയിനിൽ കയറും; അടുത്ത ദിവസം ചെക്കർ വിളിച്ചുപറയുന്നതു കേൾക്കാം: ‘നമ്മൾ ടീ-യിലെത്തിയിരിക്കുന്നു.’ അതു കേട്ട പാതി ആളുകൾ അവിടെ ഇറങ്ങും; അവർ ഇറങ്ങിയത് ശരിക്കും ടീ-യിൽത്തന്നെയായിരിക്കുകയും ചെയ്യും.“
”അങ്ങനെയൊരു സംഗതി എന്റെ കാര്യത്തിലും സംഭവിക്കാൻ ഞാൻ എന്താണ്‌ ചെയ്യേണ്ടത്?“
”തീർച്ചയായും നിങ്ങളുടെ കാര്യത്തിലും അങ്ങനെയുണ്ടായെന്നു വരാം. പക്ഷേ അതുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോയെന്ന സംശയമേയുള്ളു. എന്തായാലും ഒന്നു ശ്രമിച്ചു നോക്കിക്കോളൂ. ടീ-യിൽ എത്തുമെന്നുള്ള ഉറച്ച വിശ്വാസവുമായി ട്രെയിനിൽ കയറുക. സഹയാത്രക്കാരോടു മിണ്ടാനൊന്നും നില്ക്കരുത്. തങ്ങളുടെ സഞ്ചാരകഥകൾ പറഞ്ഞ് അവർ നിങ്ങളുടെ മനസ്സിടിച്ചുവെന്നു വരാം; ഒരുവേള അവർ നിങ്ങളെ ഒറ്റിക്കൊടുത്തുവെന്നു തന്നെ വരാം.“
”നിങ്ങൾ എന്തൊക്കെയാണ്‌ പറയുന്നത്!“
”ഇപ്പോഴത്തെ പ്രത്യേക പരിതഃസ്ഥിതി കാരണം ട്രെയിൻ നിറയെ ചാരന്മാരാണ്‌. ഈ ചാരന്മാരാവട്ടെ (സ്വയം സന്നദ്ധരായി വന്നവരാണ്‌ മിക്കവരും), റയിൽവേക്കായി സ്വന്തം ജീവിതം തന്നെ സമർപ്പിച്ചവരുമാണ്‌. ചില നേരത്ത് നാം എന്താണ്‌ സംസാരിച്ചതെന്ന് നമുക്കു തന്നെ ഓർമ്മയുണ്ടാവില്ല; സംസാരിക്കാൻ വേണ്ടി മാത്രം നാം ചിലപ്പോൾ സംസാരിക്കാറുമുണ്ട്. പക്ഷേ എത്രയും ലളിതമായ ഒരു വാക്പ്രയോഗത്തിൽ പോലും ഇക്കൂട്ടർ നാം ഉദ്ദേശിക്കാത്ത അർത്ഥങ്ങൾ കണ്ടെത്തും; എത്ര നിർദ്ദോഷമായ ഒരു പ്രസ്താവത്തെപ്പോലും അവർ വളച്ചൊടിച്ച് വിപരീതാർത്ഥത്തിലാക്കും. എത്രയും ചെറിയൊരു ബുദ്ധിമോശം നിങ്ങളുടെ ഭാഗത്തു നിന്നുണ്ടാവേണ്ട താമസം, അവർ നേരേ വന്ന് നിങ്ങളെ അറസ്റ്റ് ചെയ്യുകയാണ്‌; ശിഷ്ടജീവിതം നിങ്ങൾക്ക് ഒരു ജയിൽ കോച്ചിൽ കഴിച്ചുകൂട്ടാം; എന്നു പറഞ്ഞാൽ കാട്ടിനു നടുവിൽ; അതായത്, നിങ്ങൾക്കപരിചിതമായ ഏതെങ്കിലും സ്റ്റേഷനിൽ നിങ്ങളെ തള്ളിയിറക്കിയിട്ടില്ല എങ്കിൽ. യാത്ര ചെയ്യുമ്പോൾ ജാഗ്രതയോടിരിക്കുക; ഭക്ഷണം എത്രയും കുറയ്ക്കുക; ടീ-യിൽ എത്തുമ്പോൾ പ്ളാറ്റ്ഫോമിൽ പരിചയമുള്ള മുഖമൊന്നും കണ്ടില്ലെങ്കിൽ അവിടെ ഇറങ്ങുകയുമരുത്.“
”പക്ഷേ എനിക്ക് ടീ-യിൽ ആരെയും അറിയില്ലല്ലോ.“
”അപ്പോൾ നിങ്ങൾ ശരിക്കും കരുതിയിരിക്കണം. വഴിയിൽ പല പ്രലോഭനങ്ങളും നിങ്ങളെ തേടിവരും, ഞാൻ പറഞ്ഞില്ലെന്നു വേണ്ട. ജനാലയിലൂടെ പുറത്തേക്കു നോക്കിയാൽ ഒരു മരീചികയുടെ കെണിയിൽ നിങ്ങൾ പെട്ടുപോയെന്നു വരാം. യാത്രക്കാരുടെ മനസ്സിൽ പലതരം മിഥ്യാദർശനങ്ങൾ സൃഷ്ടിക്കാൻ പറ്റിയ വിദഗ്ധമായ ഉപകരണങ്ങൾ ഘടിപ്പിച്ചവയാണ്‌ ട്രെയിനിന്റെ ജനാലകൾ. അവയുടെ മായാജാലത്തിൽ പെട്ടുപോകാൻ നിങ്ങൾ ദുർബലഹൃദയനാവണമെന്നൊന്നുമില്ല. എഞ്ചിനിൽ ഇരുന്നു തന്നെ പ്രവർത്തിപ്പിക്കാവുന്ന ചില ഉപകരണങ്ങൾ വഴി ഒച്ചയും ഇളക്കവും ഉണ്ടാക്കി ട്രെയിൻ നീങ്ങുകയാണെന്ന ഒരു പ്രതീതി സൃഷ്ടിക്കാൻ അവർക്കു കഴിയും. ഈ സമയത്തു പക്ഷേ, ട്രെയിൻ ആഴ്ചകൾ തുടർച്ചയായി ഒരു സ്ഥലത്തു തന്നെ കിടക്കുകയായിരിക്കും; കണ്ണാടിച്ചില്ലിലൂടെ പുറത്തേക്കു നോക്കുന്ന യാത്രക്കാരോ, മനം കവരുന്ന ഭൂഭാഗങ്ങൾ കടന്നുപോകുന്നതായി കാണുകയും ചെയ്യും.“
“ഇതൊക്കെക്കൊണ്ട് അവർ എന്താണുദ്ദേശിക്കുന്നത്?”
“അധികാരികൾ ഇതെല്ലാം ചെയ്യുന്നത് യാത്രക്കാരുടെ ഉത്കണ്ഠ കുറയ്ക്കുക, കഴിയുന്നിടത്തോളം യാത്രയോടു ബന്ധപ്പെട്ട മനോവ്യാപാരങ്ങൾ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ്‌. റയിൽവേ പ്രതീക്ഷിക്കുന്നതിതാണ്‌: യാത്രക്കാർ ഒരുനാൾ തങ്ങളുടെ വിധിയ്ക്കു കീഴടങ്ങുകയും സർവ്വശക്തമായ ഒരു മാനേജ്മെന്റിന്‌ തങ്ങളെത്തന്നെ സമർപ്പിക്കുകയും തങ്ങൾ എവിടെ നിന്നു വരുന്നുവെന്നോ എവിടെയ്ക്കു പോകുന്നുവെന്നോ ഉള്ള ബോധമൊക്കെ നശിച്ചവരായിത്തീരുകയും ചെയ്യും.”
“നിങ്ങളോ? നിങ്ങൾ വളരെയധികം യാത്ര ചെയ്തിട്ടുള്ള ആളായിരിക്കുമല്ലേ?”
“സാറേ, ഞാൻ വെറുമൊരു സ്വിച്ച്മാൻ മാത്രമാണ്‌. നേരു പറഞ്ഞാൽ പെൻഷൻ പറ്റിയ ഒരു സ്വിച്ച്മാൻ. ഞാൻ ഇടയ്ക്കൊക്കെ ഇവിടെ വരുന്നത് ആ പഴയ കാലമൊക്കെ ഒന്നോർമ്മിക്കാൻ മാത്രമാണ്‌. ഞാൻ ഇന്നേ വരെ ട്രെയിൻ യാത്ര ചെയ്തിട്ടില്ല; അങ്ങനെയൊരാഗ്രഹവും എനിക്കില്ല. എന്നാൽ യാത്രക്കാർ എന്നോടു കഥകൾ പറയാറുണ്ട്. ട്രെയിനുകൾ മുമ്പു പറഞ്ഞ എഫ്- അല്ലാതെ മറ്റു പല പട്ടണങ്ങളും  സൃഷ്ടിച്ചിട്ടുണ്ടെന്ന് എനിക്കറിയാം. ചില നേരത്ത് ട്രെയിൻ ജോലിക്കാർക്ക് ദുരൂഹമായ ചില ഉത്തരവുകൾ ലഭിക്കാറുണ്ട്. അപ്പോൾ അവർ യാത്രക്കാരെ പുറത്തേക്കിറങ്ങാൻ ക്ഷണിക്കും; ആ സ്ഥലത്തിന്റെ ഭംഗി ആസ്വദിക്കേണ്ടേ എന്നൊരു ന്യായമായിരിക്കും അവർ പറയുക. ഗുഹകളുണ്ട്, ജലപാതങ്ങളുണ്ട്, ചരിത്രാവശിഷ്ടങ്ങളുണ്ട് എന്നൊക്കെപ്പറഞ്ഞ് അവർ പ്രലോഭിപ്പിക്കും. ‘ഈ ഗുഹ കണ്ട് അത്ഭുതം കൊള്ളാൻ പതിനഞ്ചു മിനുട്ട്!’ ട്രെയിൻ കണ്ടക്റ്റർ സൗഹാർദ്ദത്തോടെ വിളിച്ചു പറയുന്നു; യാത്രക്കാർ ഇറങ്ങി അല്പമകലെയാവേണ്ട താമസം, ട്രെയിൻ കത്തിച്ചു വിടുകയായി.“
”യാത്രക്കാരുടെ ഗതിയോ?“
”കുറേ നേരം അവർ അവിടെയും ഇവിടെയുമൊക്കെ നൈരാശ്യത്തോടെ കറങ്ങി നടന്നുവെന്നു വരും; ഒടുവിൽ എല്ലാവരും ഒരുമിച്ചുകൂടി അവിടെ ഒരു കോളണി സ്ഥാപിക്കുകയും ചെയ്യും. നാഗരികതയിൽ നിന്ന് വളരെയകലെ കിടക്കുന്ന സ്ഥലങ്ങളിലാണ്‌ ഇത്തരം അനവസരത്തിലുള്ള സ്റ്റോപ്പുകൾ ഉണ്ടാവുക. പക്ഷേ ആവശ്യത്തിനുള്ള പ്രകൃതിവിഭവങ്ങൾ അവിടെ ഉണ്ടായിരിക്കും. ചെറുപ്പക്കാർ, പ്രത്യേകിച്ചും സ്ത്രീകളാണ്‌ ഇങ്ങനെ ഉപേക്ഷിക്കപ്പെടുന്നവരിൽ അധികവും. മനോഹരവും അജ്ഞാതവുമായ ഒരു സ്ഥലത്ത് ഒരു ചെറുപ്പക്കാരിയോടൊപ്പം ജീവിതാന്ത്യം കഴിക്കാൻ നിങ്ങൾക്കും ആഗ്രഹമുണ്ടാവില്ലേ?“
വൃദ്ധൻ അയാളെ നോക്കി കണ്ണിറുക്കി; എന്നിട്ട് ദയാമസൃണമായ ഒരു പുഞ്ചിരിയോടെ ഒരു കുസൃതിനോട്ടവുമായി അയാളെത്തന്നെ നോക്കിനിന്നു. ആ നിമിഷം അവ്യക്തമായ ഒരു ചൂളം വിളി അകലെ നിന്നു കേട്ടു. സ്വിച്ച്മാനാകട്ടെ, ഒന്നു ഞെട്ടിയിട്ട് കൈയിലിരുന്ന റാന്തൽ കൊണ്ട് നിയന്ത്രണം വിട്ട പോലെ ചില ചേഷ്ടകൾ കാണിക്കാൻ തുടങ്ങി.
”ട്രെയിനാണോ അത്?“
വൃദ്ധൻ ഒന്നും ശ്രദ്ധിക്കാതെ പാളങ്ങൾക്കു നടുവിലൂടെ ഓടുകയായിരുന്നു. കുറേ ദൂരം ചെന്നിട്ട് തിരിഞ്ഞു നിന്നുകൊണ്ട് അയാൾ ഇങ്ങനെ വിളിച്ചുപറഞ്ഞു: “നിങ്ങൾക്കു ഭാഗ്യമുണ്ട്! നാളെ നിങ്ങൾക്ക് നിങ്ങളുടെ ആ പേരു കേട്ട സ്റ്റേഷനിലെത്താം. അതിന്റെ പേരെന്താണെന്നാ പറഞ്ഞത്?”
“എക്സ്- !” യാത്രക്കാരൻ പറഞ്ഞു.
അതേ നിമിഷം ആ വൃദ്ധൻ തെളിഞ്ഞ പ്രഭാതത്തിൽ അലിഞ്ഞു ചേർന്നു. എന്നാൽ അയാളുടെ റാന്തൽ ട്രെയിനിനെ എതിരേല്ക്കാനായി ഒരു ചുവന്ന പൊട്ടു പോലെ പാളങ്ങൾക്കിടയിലൂടെ ഓടിയും ചാടിയും പൊയ്ക്കൊണ്ടിരുന്നു.
വിദൂരതയിൽ നിന്ന്  ആരവത്തോടെ ട്രെയിൻ വന്നടുക്കുകയായിരുന്നു.

hose

Juan Jose Arreola (1918-2001)- ബോർഹസിനെപ്പോലെ ചെറുകഥ എന്ന സാഹിത്യരൂപത്തോട് സമർപ്പിതചേതസ്സായിരുന്നു അറിയോളയും. ഒരു നോവൽ (La Feria)കൂടി എഴുതിയിട്ടുണ്ടെങ്കിലും അദ്ദേഹം ഓർമ്മിക്കപ്പെടുന്നത് Confabulario(1952) എന്ന കഥാസമാഹാരത്തിന്റെ പേരിലാണ്‌.

 
ഒരു മെക്സിക്കൻ കുടുംബത്തിലെ പതിന്നാലു മക്കളിൽ ഒരാളായി ജനിച്ച അറിയോളയ്ക്ക് എട്ടാമത്തെ വയസ്സിൽ പഠിത്തം നിർത്തേണ്ടി വന്നു. പിന്നീട് പല തരം ജോലികളിൽ ഏർപ്പെട്ട അദ്ദേഹം പത്രപ്രവർത്തനം, അദ്ധ്യാപനം, എഡിറ്റിംഗ് തുടങ്ങിയവയും പരീക്ഷിച്ചു. മെക്സിക്കോയിലും തുടർന്ന് ഫ്രാൻസിലും അഭിനയം പഠിച്ചതിനു ശേഷം പാരീസിലെ Comedie Francaiseൽ 1945-46ൽ ഒരു എക്സ്ട്ര ആവുകയും ചെയ്തിരുന്നു. പിന്നീട് മെക്സിക്കോയിൽ മടങ്ങിയെത്തി ഒരു പത്രസ്ഥാപനത്തിൽ എഡിറ്ററായി.
 
ഹാസ്യമാണ്‌ അറിയോളയുടെ എഴുത്തിന്റെ മുഖമുദ്ര. ആധുനികസാങ്കേതികവിദ്യയേയും അതിന്റെ രാക്ഷസീയമായ ഉപോല്പന്നങ്ങളേയും കളിയാക്കിക്കൊല്ലുന്നതിൽ ആനന്ദം കണ്ടിരുന്നപോലെ തന്നെ മതവിശ്വാസത്തെയും ദൈവവും മനുഷ്യനുമായുള്ള നീതിരഹിതമായ ബന്ധത്തെയും അദ്ദേഹം വിമർശിച്ചു.
 
ബോർഹസിനെപ്പോലെ അറിയോളയും ലേഖനകഥ (Essay-story)യുടെ വക്താവായിരുന്നു. “സ്വിച്ച്മാൻ” എന്ന ഈ കഥയാണ്‌ അദ്ദേഹത്തിന്റെ രചനാരീതിയെ പ്രതിനിധാനം ചെയ്യാൻ ഏറ്റവും ഉചിതം. ആളൊഴിഞ്ഞ ഒരു റയിൽവേ സ്റ്റേഷനിൽ എത്തിപ്പെടുന്ന ഒരു യാത്രക്കാരൻ ഒരിക്കലും വന്നുചേരാത്ത ഒരു ട്രെയിനിനായി മാസങ്ങൾ കാത്തിരിക്കുന്നു. ടൈം ടേബിളും റൂട്ടുകളും തീവണ്ടിമുറികളുടെ ജനാലകളിലൂടെ കാണുന്ന പുറത്തെ ഭൂദൃശ്യങ്ങൾ പോലും വ്യാജമാണെന്ന് പിന്നീടേ അയാൾക്ക് ബോദ്ധ്യമാകുന്നുള്ളു. മെക്സിക്കൻ റയിൽവേ സംവിധാനത്തിന്റെ വിമർശനമായി ചിലർ ഇതിനെ വായിക്കുന്നു; മറ്റു ചിലർ മെക്സിക്കൻ സമൂഹത്തിന്റെ ഒരു പരിഛേദമായും. രണ്ടും ശരി തന്നെ; ഒപ്പം ടെക്നോളജിയെ അമിതമായി ആശ്രയിക്കുന്ന ആധുനികസമൂഹത്തിന്റെയും ഈ പ്രപഞ്ചത്തിന്റെ തന്നെയും ഒരു അന്യാപദേശമായും ഇതിനെ കാണാം; ഒരു ബൃഹദ്സംവിധാനത്തിന്റെ പരിപാലനം ഏല്പിച്ചിരിക്കുന്നത് ഒരു സ്വിച്ച്മാനെയാണ്‌, അത്ര സമർത്ഥനല്ലാത്ത ഒരു മൈനർ ദൈവത്തെ!
Comments
Print Friendly, PDF & Email

മലയാളത്തിലെ ശ്രദ്ധേയനായ വിവര്‍ത്തകന്‍. ധാരാളം ലോകകൃതികളെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

You may also like