നിശ്ശബ്ദതയിലേക്കു വീണ്
പൊട്ടിത്തെറിച്ച വാക്കിൻ്റെ ചീളുകൾ
ആലിപ്പഴം പോലെ കാണാതായി.
മണ്ണിലമർന്ന കാല്പാടുകൾ
വെയിലിനെ പിൻതുടരുന്നു
വെളിച്ചം കടലിൽ കെടുന്ന നേരം
മണലിൽ വറ്റുന്നു
ജലോപരി
ഒരു തോന്നലായി നടന്നു പോകുന്ന നിഴൽ തിരകളിൽത്തുള്ളി
മേഘം തൊടുന്നു
ഉപ്പുപുരണ്ടു വന്ന ഉണക്കക്കാറ്റ് ചോദിച്ചു:
കാലങ്ങളായി
പുറപ്പെട്ട ഇടത്തിലേക്കു തന്നെ
തിടുക്കപ്പെടുന്ന ശരീരത്തിൽ നിന്ന്
ബന്ധിതമായ മിടിപ്പേ
നീ
സ്വതന്ത്രമാകാത്തതെന്ത്?
വിണ്ടുകീറി മണ്ണിലേക്ക് ദൃഷ്ടി ചൂണ്ടി
ശരീരം നെടുവീർപ്പുടച്ചു ചിരിയാക്കി.
ഇരുട്ടിൽ അലകളുണ്ടാക്കി
ആ ചിരി
നടത്തത്തെ ശകലങ്ങളായി പിൻതുടർന്നു.
കവർ : സുധീർ എം എ
സ്വദേശം പാലക്കാട് ജില്ലയിലെ വാടാനാം കുറുശ്ശി. കൃതികൾ: നിശ്ചലം,അമര താരകം, ആടുകളുടെ വാതിൽ (കവിതാ സമാഹാരം), കിനാവനം (കുട്ടികൾക്കുള്ള നോവൽ)
ഇടശ്ശേരി അവാർഡും പൂർണ്ണ - ആർ.രാമചന്ദ്രൻ കവിതാ പുരസ്കാരവും നേടിയിട്ടുണ്ട്.
കവിതകൾ മാതൃഭൂമി, ഭാഷാപോഷിണി, ജയകേരളം, സമകാലീന മലയാളം, കലാകൗമുദി, ദേശാഭിമാനി, മാധ്യമം മുതലായ പ്രമുഖ പ്രസിദ്ധികരണങ്ങളിൽ വന്നിട്ടുണ്ട്.
കവിതകളുടെ ഇഗ്ലീഷ് പരിഭാഷകൾ
ഇന്ത്യൻ ലിറ്ററേച്ചറും, മലയാളം ലിറ്റററി സർവ്വേയും, മ്യൂസ് ഇന്ത്യയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
തിരൂർ തുഞ്ചൻ സ്മാരകത്തിലെ മാനുസ്ക്രിപ്റ്റ് റിസോഴ്സ് സെന്ററിൽ (നാഷണൽ മാനുസ്ക്രിപ്റ്റ് മിഷൻ) സ്കോളറായി ജോലി നോക്കിയിട്ടുണ്ട് .

















